‘സമഗ്രമായി സാക്ഷീകരിക്കുക’
1. പൗലോസ് ശുശ്രൂഷയിൽ എന്തു മാതൃക വെച്ചു?
1 “നിന്റെ ശുശ്രൂഷ പൂർണമായി നിറവേറ്റുക.” (2 തിമൊ. 4:5) ശുദ്ധമായ ഒരു മനസ്സാക്ഷിയോടെ ഈ ഉദ്ബോധനം തിമൊഥെയൊസിന് നൽകാൻ അപ്പൊസ്തലനായ പൗലോസിനു കഴിഞ്ഞു. എ.ഡി. 47 മുതൽ 56 വരെയുള്ള വർഷങ്ങളിൽ മൂന്ന് മിഷനറിയാത്രകളാണ് പൗലോസ് നടത്തിയത്. പൗലോസ് ‘സമ്പൂർണമായി’ അഥവാ സമഗ്രമായി സാക്ഷീകരിച്ചതിനെക്കുറിച്ച് പ്രവൃത്തികളുടെ പുസ്തകത്തിൽ പല പരാമർശങ്ങളുണ്ട്. (പ്രവൃ. 23:11; 28:23) നമ്മുടെ ഈ നാളിൽ സമഗ്രസാക്ഷ്യം നൽകാൻ നമുക്ക് എങ്ങനെ സാധിക്കും?
2. വീടുതോറും പ്രവർത്തിക്കുമ്പോൾ സമഗ്രസാക്ഷ്യം നൽകാൻ എങ്ങനെ കഴിയും?
2 വീടുതോറും: സുവാർത്ത കേൾക്കാൻ അവസരം ലഭിച്ചിട്ടില്ലാത്തവരെ കണ്ടെത്തണമെങ്കിൽ അവർ വീട്ടിലുള്ളപ്പോൾ അവരെ സന്ദർശിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, വൈകുന്നേരങ്ങളിലോ വാരാന്തങ്ങളിലോ ആയിരിക്കാം ഗൃഹനാഥൻ വീട്ടിലുണ്ടാകുക. സഭയുടെ പ്രദേശത്ത് കൂടെക്കൂടെ പ്രവർത്തിക്കാത്ത സ്ഥലങ്ങളിൽ സാക്ഷീകരിക്കുന്നെങ്കിൽ താത്പര്യമുള്ള ചിലരെയെങ്കിലും കണ്ടെത്താൻ നമുക്ക് കഴിയും. ഓരോ വീട്ടിലെയും ഒരാളോടെങ്കിലും സംസാരിക്കാൻ നാം ശ്രമിക്കണം. അതിനായി ആളില്ലാഭവനങ്ങൾ തുടർച്ചയായി സന്ദർശിക്കേണ്ടതുണ്ട്. എന്നാൽ ആ വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിക്കുന്നില്ലെങ്കിലോ? കത്തോ ടെലിഫോണോ ഉപയോഗിച്ച് സാക്ഷീകരിക്കുന്നെങ്കിൽ നല്ല ഫലം ലഭിച്ചേക്കാം.
3. പരസ്യമായും അനൗപചാരികമായും സാക്ഷീകരിക്കാനുള്ള ഏതെല്ലാം അവസരങ്ങളാണ് നിങ്ങൾക്കുള്ളത്?
3 പരസ്യമായും അനൗപചാരികമായും: ശ്രദ്ധിക്കാൻ മനസ്സുള്ള എല്ലാവർക്കും യഹോവയുടെ ദാസന്മാർ ബൈബിളിൽനിന്നുള്ള “ജ്ഞാനം” പകർന്നുകൊടുക്കുന്നു. അതിനുള്ള അവസരങ്ങൾ അവർക്ക് ‘തെരുവിലും’ ‘ചന്തസ്ഥലത്തും’ ലഭിച്ചേക്കാം. [സുഭാ. (സദൃ.) 1:20, 21, പി.ഒ.സി.] അനുദിന കാര്യാദികളിൽ ഏർപ്പെടുമ്പോൾ സാക്ഷീകരിക്കാനുള്ള അവസരങ്ങൾ നാം പരമാവധി പ്രയോജനപ്പെടുത്താറുണ്ടോ? “വചനഘോഷണത്തിൽ മുഴുകി”യിരിക്കുകയാണെന്ന് നാം തെളിയിക്കുന്നുണ്ടോ? (പ്രവൃ. 18:5) അങ്ങനെ ചെയ്യുന്നെങ്കിൽ, “സമഗ്രമായി സാക്ഷീകരിക്കാ”നുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് നാം.—പ്രവൃ. 10:42; 17:17; 20:20, 21, 24.
4. സമഗ്രസാക്ഷ്യം നൽകാൻ പ്രാർഥനയും ധ്യാനവും സഹായിക്കുന്നത് എങ്ങനെ?
4 ചിലപ്പോഴൊക്കെ, നമ്മുടെ ബലഹീനതകളോ ലജ്ജാശീലമോ നിമിത്തം സാക്ഷീകരിക്കുന്നതിൽനിന്ന് നാം പിന്മാറിനിന്നേക്കാം. യഹോവയ്ക്ക് നമ്മുടെ പരിമിതികൾ മനസ്സിലാകും എന്നതിൽ സംശയമില്ല. (സങ്കീ. 103:14) എന്നിരുന്നാലും, അത്തരം സാഹചര്യങ്ങളുണ്ടാകുമ്പോൾ സാക്ഷീകരിക്കാനുള്ള ധൈര്യത്തിനായി പ്രാർഥിക്കുക. (പ്രവൃ. 4:29, 31) ദൈവവചനം വ്യക്തിപരമായി പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ സുവാർത്തയുടെ ശ്രേഷ്ഠതയെക്കുറിച്ച് ചിന്തിക്കുക; സുവാർത്തയെ കൂടുതൽ വിലമതിക്കാൻ അത് നമ്മെ സഹായിക്കും. (ഫിലി. 3:8) അതിന്റെ പ്രയോജനമോ? തീക്ഷ്ണതയോടെ സാക്ഷീകരിക്കാൻ നമുക്കാകും!
5. യോവേൽ പ്രവചനത്തിന്റെ നിവൃത്തിയിൽ ഒരു പങ്കുവഹിക്കാൻ നമുക്ക് എങ്ങനെ കഴിയും?
5 യഹോവയുടെ വലുതും ഭയങ്കരവും ആയ ദിവസം വരുന്നതിനുമുമ്പ് ദൈവജനം ‘നേരെ മുന്നോട്ടു നീങ്ങുമെന്നും’ പ്രസംഗവേലയിൽനിന്ന് തങ്ങളെ തടയാൻ യാതൊന്നിനെയും അനുവദിക്കില്ലെന്നും യോവേൽ പ്രവചനം മുൻകൂട്ടിപ്പറഞ്ഞു. (യോവേ. 2:2, 7-9, ന്യൂ ഇൻഡ്യ ഭാഷാന്തരം) ഒരിക്കലും ആവർത്തിക്കപ്പെടാത്ത ഈ വേലയിൽ പരമാവധി പ്രവർത്തിക്കാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം!