ചോദ്യപ്പെട്ടി
◼ സ്‌നാനത്തിന് അംഗീകാരം നൽകുന്നതിനു മുമ്പ് ഒരു പ്രസാധകൻ ഏത് അളവോളം യോഗങ്ങളിലും ശുശ്രൂഷയിലും പങ്കെടുക്കണം?
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് സ്‌നാനമേൽക്കുകയെന്നത്. അതുകൊണ്ടുതന്നെ സ്‌നാനത്തിനുള്ള അംഗീകാരം ലഭിക്കുന്നതിനു മുമ്പ് യഹോവ തന്നിൽനിന്ന് ആവശ്യപ്പെടുന്നതു സംബന്ധിച്ച് ആ വ്യക്തിക്കു ന്യായമായ അറിവുണ്ടായിരിക്കണം. കൂടാതെ ദൈവത്തിന്റെ നിർദേശങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള തന്റെ ആഗ്രഹം അതിനോടകം പ്രവൃത്തികളിലൂടെ തെളിയിച്ചിട്ടുമുണ്ടാകണം.
കൂടിവരവുകൾ ഉപേക്ഷിക്കരുതെന്നു ക്രിസ്‌ത്യാനികൾക്കു കല്‌പന നൽകിയിരിക്കുന്നു. അതുകൊണ്ട് സ്‌നാനമേൽക്കാൻ ആഗ്രഹിക്കുന്ന ഒരു പ്രസാധകൻ ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ ഉത്സാഹം കാണിക്കും. (എബ്രാ. 10:24, 25) അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് യോഗങ്ങളിൽ പങ്കുപറ്റുകയും ചെയ്‌തേക്കാം. ഒരു നിബന്ധനയല്ലെങ്കിൽപ്പോലും ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പേർ ചാർത്തിയിട്ടുണ്ടാകും.
സുവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും ഉള്ള നിയോഗവും ക്രിസ്‌ത്യാനികൾക്കുണ്ട്. അതുകൊണ്ട്, സ്‌നാനപ്പെടുന്നതിനു മുമ്പ് ഒരു പ്രസാധകൻ ക്രമമായി ശുശ്രൂഷയിൽ ഏർപ്പെടേണ്ടതാണ്. (മത്താ. 24:14; 28:19, 20) സ്‌നാനമേൽക്കുന്നതിനു മുമ്പ് എത്ര മാസം റിപ്പോർട്ടു ചെയ്യണം? ശുശ്രൂഷയിൽ ക്രമമായും തീക്ഷ്‌ണമായും പങ്കെടുക്കാൻ ദൃഢതീരുമാനമെടുത്തിരിക്കുന്നെന്നു തെളിയിക്കാൻ ആവശ്യമായ സമയം അനുവദിക്കണം. (സങ്കീ. 78:37) പ്രസാധകനായശേഷം സ്‌നാനമേൽക്കുന്നതിന് ഒരുപാടു നാൾ കാത്തിരിക്കേണ്ടതില്ല. ചിലപ്പോൾ ഏതാനും മാസങ്ങൾ മതിയാകും. എത്ര മണിക്കൂർ അദ്ദേഹം റിപ്പോർട്ടു ചെയ്യേണ്ടതുണ്ട്? അതിനു കൃത്യമായ നിയമങ്ങളില്ല. മൂപ്പന്മാർ ഓരോ പ്രസാധകന്റെയും സാഹചര്യങ്ങൾ കണക്കിലെടുക്കുകയും നല്ല ന്യായബോധവും സമനിലയും പ്രകടമാക്കുകയും ചെയ്യും.—ലൂക്കോ. 21:1-4.
സ്‌നാനാർഥിയുമായി ചർച്ച നടത്തുന്ന മൂപ്പന്മാർ (മൂപ്പന്മാർ കുറവുള്ള സഭകളിൽ ശുശ്രൂഷാദാസന്മാർ) ഓരോ വ്യക്തിയും വ്യത്യസ്‌തനാണെന്നു മനസ്സിൽപ്പിടിച്ചുകൊണ്ട് സ്‌നാനത്തിനു യോഗ്യതയുണ്ടോ എന്നു തീരുമാനിക്കാൻ നല്ല ന്യായബോധം ഉപയോഗിക്കും. യഹോവയുടെ സാക്ഷിയാകാൻ യഥാർഥത്തിൽ ആഗ്രഹമുണ്ടോ, യഹോവയുടെ സംഘടനയുടെ ഭാഗമായിരിക്കുന്നതും സുവാർത്ത പ്രസംഗിക്കുന്നതും ഒരു വിലയേറിയ പദവിയായി കാണുന്നുണ്ടോ എന്നീ കാര്യങ്ങൾ മൂപ്പന്മാർ വിലയിരുത്തും. എന്നാൽ, സ്‌നാനാർഥിയിൽനിന്ന് സ്‌നാനമേറ്റ അനുഭവസമ്പന്നരായ സുവിശേഷകരുടെ കഴിവും പ്രാപ്‌തിയും ആത്മീയപക്വതയും മൂപ്പന്മാർ പ്രതീക്ഷിക്കുകയില്ല. സ്‌നാനമേൽക്കാൻ യോഗ്യത നേടിയിട്ടില്ലെന്നു മനസ്സിലാകുന്നപക്ഷം അതിന്റെ തിരുവെഴുത്തുപരമായ കാരണം മൂപ്പന്മാർ സ്‌നാനാർഥിയെ ദയാപൂർവം അറിയിക്കുകയും ആവശ്യമായ ആത്മീയപിന്തുണ പ്രദാനം ചെയ്യുകയും വേണം.