പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—ആമോസ്
1. ആമോസിന്റെ മാതൃക നമുക്കു പ്രോത്സാഹനമായിരിക്കുന്നത് എങ്ങനെ?
1 സാമ്പത്തികമായും വിദ്യാഭ്യാസപരമായും എളിയ പശ്ചാത്തലമുള്ളതിനാൽ പ്രസംഗിക്കുന്നതിനു നിങ്ങൾക്ക് എന്നെങ്കിലും അപര്യാപ്തതാബോധം തോന്നിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ആമോസിന്റെ മാതൃകയിൽനിന്ന് ധൈര്യം നേടാനാകും. ഒരു ആട്ടിടയനും കൂലിവേലക്കാരനും ആയിരിക്കെ ഘനമേറിയ ഒരു സന്ദേശം അറിയിക്കാൻ യഹോവ അവനെ നിയോഗിച്ചു. (ആമോ. 1:1; 7:14, 15) ഇതുപോലെ, യഹോവ ഇന്നും എളിയവരെയും താഴ്ന്നവരെയും ഉപയോഗിക്കുന്നു. (1 കൊരി. 1:27-29) ശുശ്രൂഷയോടു ബന്ധപ്പെട്ട്, പ്രവാചകനായ ആമോസിൽനിന്നു മറ്റെന്തെല്ലാം പാഠങ്ങളാണു നമുക്കു പഠിക്കാനുള്ളത്?
2. ശുശ്രൂഷയിലെ എതിർപ്പിന്മധ്യേ എന്തുകൊണ്ട് നമുക്ക് ഉറച്ചുനിൽക്കാൻ കഴിയും?
2 എതിർപ്പിന്മധ്യേ ഉറച്ചുനിൽക്കുക: ഇസ്രായേലിലെ വടക്കെ പത്തുഗോത്രരാജ്യത്തിൽ കാളക്കുട്ടിയെ ആരാധിച്ചിരുന്ന അമസ്യാ പുരോഹിതൻ ആമോസിന്റെ പ്രവചനം കേട്ടപ്പോൾ ഫലത്തിൽ ഇപ്രകാരം തിരിച്ചടിച്ചു: ‘ശല്യം ചെയ്യാതെ! വീട്ടിൽ പോ! ഞങ്ങൾക്കു സ്വന്തം മതമുണ്ട്!’ (ആമോ. 7:12, 13) ആമോസിന്റെ വേല നിരോധിക്കാനായി, അമസ്യാവ് യൊരോബെയാം രാജാവിന്റെ മുമ്പാകെ പ്രവാചകന്റെ വാക്കുകൾ വളച്ചൊടിച്ച് അവതരിപ്പിച്ചു. (ആമോ. 7:7-11) എന്നാൽ ആമോസ് ഭയപ്പെട്ടില്ല. ഇന്നും ചില വൈദികർ യഹോവയുടെ ജനത്തെ പീഡിപ്പിക്കാനായി രാഷ്ട്രീയസ്വാധീനം ഉപയോഗിക്കുന്നു. എന്നിരുന്നാലും നമുക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കുകയില്ല എന്നു യഹോവ ഉറപ്പു നൽകുന്നു.—യെശ. 54:17.
3. ഇന്നു നാം ഘോഷിക്കുന്ന സന്ദേശത്തിൽ ഏതു രണ്ടു കാര്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്?
3 ദൈവത്തിന്റെ ന്യായവിധിയും ഭാവി അനുഗ്രഹങ്ങളും ഘോഷിക്കുക: ഇസ്രായേലിലെ പത്തുഗോത്രരാജ്യത്തിനെതിരെ ന്യായവിധി പ്രവചിച്ചെങ്കിലും പുനഃസ്ഥിതീകരണത്തെയും അനേകം അനുഗ്രഹങ്ങളെയും കുറിച്ചുള്ള യഹോവയുടെ വാഗ്ദാനവും ആമോസ് തന്റെ നാമം വഹിക്കുന്ന പുസ്തകത്തിന്റെ ഉപസംഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. (ആമോ. 9:13-15) ദൈവത്തിന്റെ വരാൻപോകുന്ന “ന്യായവിധി ദിവസത്തെ”ക്കുറിച്ചു നമ്മളും പ്രസംഗിക്കുന്നു, പക്ഷേ നാം പ്രഖ്യാപിക്കേണ്ട “രാജ്യത്തിന്റെ ഈ സുവിശേഷ”ത്തിന്റെ ഒരു വശം മാത്രമാണ് ഇത്. (2 പത്രോ. 3:7; മത്താ. 24:14) അർമ്മഗെദ്ദോനിൽ യഹോവ ദുഷ്ടന്മാരെ നശിപ്പിക്കുന്നതു പറുദീസാഭൂമിക്കു വഴിയൊരുക്കും.—സങ്കീ. 37:34.
4. നമുക്ക് യഹോവയുടെ ഇഷ്ടം നിവർത്തിക്കാനാകും എന്നതിൽ എന്ത് ഉറപ്പാണുള്ളത്?
4 അനേകം എതിരാളികളുള്ള ഈ ലോകത്തിൽ രാജ്യസന്ദേശം പ്രസംഗിക്കുക എന്നത് യഹോവയോടുള്ള നമ്മുടെ സമർപ്പണത്തിന്റെയും അവന്റെ ഇഷ്ടം ചെയ്യാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെയും ഒരു പരിശോധനതന്നെയാണ്. (യോഹ. 15:19) എന്നിരുന്നാലും വെറും സാധാരണക്കാരനായ ആമോസിനെ സഹായിച്ചതുപോലെ തന്റെ ഇഷ്ടം നിറവേറ്റുന്നതിൽ തുടരാൻ യഹോവ നമ്മെയും സഹായിക്കുമെന്നതിൽ ഉറപ്പുണ്ടായിരിക്കാം.—2 കൊരി. 3:5.