പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—സെഫന്യാവ്
1. പ്രവാചകൻ എന്ന നിലയിൽ സെഫന്യാവ് സേവിച്ചപ്പോഴുള്ള സാഹചര്യം എന്തായിരുന്നു, അവൻ നമുക്കു നല്ല മാതൃക ആയിരിക്കുന്നത് എങ്ങനെ?
1 ബി.സി. ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബാൽ ആരാധന യെഹൂദയിൽ പരസ്യമായി നടന്നിരുന്ന കാലം. ദുഷ്ടരാജാവായ ആമോൻ കൊല്ലപ്പെട്ടിട്ട് അധികമായിട്ടില്ല. ഇപ്പോൾ യുവരാജാവായ യോശിയാവ് വാഴുന്നു. (2 ദിന. 33:21–34:1) ആ കാലത്ത് യഹോവ തന്റെ ന്യായവിധി സന്ദേശങ്ങൾ പ്രഖ്യാപിക്കാൻ സെഫന്യാവിനെ നിയോഗിച്ചു. സാധ്യതയനുസരിച്ച് രാജകുടുംബത്തിലെ അംഗമായിരുന്നെങ്കിലും സെഫന്യാവ് യഹൂദാ നേതൃത്വത്തിനെതിരെയുള്ള യഹോവയുടെ ന്യായവിധി സന്ദേശത്തിൽ വെള്ളം ചേർത്തില്ല. (സെഫ. 1:1; 3:1-4) സമാനമായി, സെഫന്യാവിന്റെ ധൈര്യം അനുകരിച്ചുകൊണ്ട് ആരാധനാകാര്യങ്ങളിൽ കുടുംബബന്ധങ്ങൾ നമ്മെ തെറ്റായ വിധത്തിൽ സ്വാധീനിക്കാൻ നാം അനുവദിക്കരുത്. (മത്താ. 10:34-37) സെഫന്യാവ് എന്തു സന്ദേശമാണ് പ്രഖ്യാപിച്ചത്, എന്തു ഫലത്തോടെ?
2. യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കുന്നതിനു നാം എന്തെല്ലാം നടപടികൾ എടുക്കണം?
2 യഹോവയെ അന്വേഷിക്കുക: യഹോവയുടെ കോപദിവസത്തിൽ വ്യക്തികളെ സംരക്ഷിക്കാൻ അവനു മാത്രമേ കഴിയൂ. അതുകൊണ്ട്, ശേഷിക്കുന്നിടത്തോളം സമയം അടിയന്തിരമായി യഹോവയെ അന്വേഷിക്കാനും നീതി അന്വേഷിക്കാനും സൗമ്യത അന്വേഷിക്കാനും സെഫന്യാവ് യഹൂദാജനത്തോട് ആവശ്യപ്പെട്ടു. (സെഫ. 2:2, 3) നമ്മുടെ നാളിലും ഇതു സത്യമാണ്. സെഫന്യാവിനെപ്പോലെ, യഹോവയെ അന്വേഷിക്കാൻ നാം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം നമ്മളും ഒരിക്കലും “യഹോവയെ വിട്ടു പിന്മാറാ”തിരിക്കാൻ ദൃഢനിശ്ചയം ചെയ്തുകൊണ്ട് പ്രവർത്തിക്കേണ്ടതുണ്ട്. (സെഫ. 1:6) കൂടാതെ ദൈവവചനം ശ്രദ്ധാപൂർവം പഠിച്ചുകൊണ്ടും വഴിനടത്തിപ്പിനായി പ്രാർഥിച്ചുകൊണ്ടും നാം യഹോവയെ അന്വേഷിക്കുന്നു. ധാർമികശുദ്ധിയുള്ള ജീവിതം നയിച്ചുകൊണ്ട് നാം നീതി അന്വേഷിക്കുന്നു. കീഴ്പെടൽ മനോഭാവം വളർത്തിക്കൊണ്ടും യഹോവയുടെ സംഘടനയുടെ നിർദേശങ്ങളോടു സത്വരം പ്രതികരിച്ചുകൊണ്ടും നാം സൗമ്യത അന്വേഷിക്കുന്നു.
3. ശുശ്രൂഷയിൽ നാം ക്രിയാത്മക മനോഭാവം നിലനിറുത്തേണ്ടത് എന്തുകൊണ്ട്?
3 ക്രിയാത്മക ഫലങ്ങൾ: സെഫന്യാവിന്റെ ന്യായവിധി സന്ദേശങ്ങൾ യഹൂദയിലെ ചിലരെയെങ്കിലും അനുകൂലമായി പ്രതികരിക്കാൻ പ്രചോദിപ്പിച്ചു, വിശേഷാൽ ബാലനായിരിക്കെതന്നെ യഹോവയെ അന്വേഷിക്കാൻ തുടങ്ങിയ യോശിയാവിനെ. പിന്നീട് അവൻ വിഗ്രാഹാരാധനക്കെതിരെ ശക്തമായ നടപടികൾ കൈക്കൊണ്ടു. (2 ദിന. 34:2-5) ഇന്ന് രാജ്യത്തിന്റെ ചില വിത്തുകൾ വഴിയരികെയും ചിലത് പാറ സ്ഥലത്തും ചിലത് മുള്ളിനിടയിലും വീഴുന്നെങ്കിലും, ചിലത് നല്ല മണ്ണിൽ വീഴുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നു. (മത്താ. 13:18-23) രാജ്യവിത്ത് വ്യാപിപ്പിക്കുന്നതിൽ തിരക്കുള്ളവർ ആയിരിക്കുന്നപക്ഷം യഹോവ തുടർന്നും നമ്മുടെ ശ്രമങ്ങളെ ആനുഗ്രഹിക്കും എന്നതിൽ ഉറപ്പുള്ളവരായിരിക്കാം.—സങ്കീ. 126:6.
4. നാം ‘യഹോവയ്ക്കായി കാത്തിരി’ക്കേണ്ടത് എന്തുകൊണ്ട്?
4 യഹോവ ഒരിക്കലും പ്രതികരിക്കുകയില്ലെന്ന് യഹൂദയിലുള്ള ചിലർ ചിന്തിച്ചു. എന്നാൽ, തന്റെ മഹാദിവസം അടുത്തിരിക്കുന്നുവെന്ന് യഹോവ ഉറപ്പു നൽകി. (സെഫ. 1:12, 14) അവനിൽ അഭയം പ്രാപിക്കുന്നവർ മാത്രമേ രക്ഷ കൈവരിക്കുകയുള്ളു. (സെഫ. 3:12, 17) ‘യഹോവയ്ക്കായി കാത്തിരിക്കവേ’ സഹാരാധകരോടൊപ്പം നമ്മുടെ മഹാദൈവത്തെ ഐക്യത്തിൽ സേവിക്കുന്നതിൽ ആനന്ദം കണ്ടെത്താം!—സെഫ. 3:8, 9.