പ്രവാചകന്മാരുടെ മാതൃക അനുകരിക്കുക—നഹൂം
1. നഹൂമിന്റെ പുസ്തകത്തിൽനിന്ന് നാം എന്തു പഠിക്കുന്നു?
1 നഹൂമിന്റെ പ്രവചനങ്ങൾ രണ്ടു കാര്യങ്ങൾ വ്യക്തമാക്കുന്നു. (1) യഹോവ ശത്രുക്കൾക്കെതിരെ പ്രതികാരം ചെയ്യും. (2) എതിരാളികൾ എത്ര ഉഗ്രന്മാരാണെങ്കിലും യഹോവയെ എതിർത്തുനിൽക്കാനാകില്ല. പുരാതന നിനെവേയിലെ അവശിഷ്ടങ്ങൾ ഇതിന് തെളിവു നൽകുന്നു. (നഹൂം 1:2, 6) നഹൂമിന്റെ പ്രവചനം പഠിക്കുന്നതിലൂടെ ശുശ്രൂഷയിൽ ബാധകമാക്കാവുന്ന വിവരങ്ങൾ നമുക്കു ലഭിക്കുന്നു.
2. നമ്മുടെ സന്ദേശം എങ്ങനെ പ്രചോദനാത്മകമാക്കാം?
2 ആശ്വാസവും പ്രത്യാശയും ലഭിക്കുന്നു: ഒറ്റ നോട്ടത്തിൽ നഹൂമിന്റെ പുസ്തകം പുരാതന അസീറിയയുടെ തലസ്ഥാനമായ നിനെവേയുടെ നാശത്തെക്കുറിച്ചുള്ള ഒരു പ്രഖ്യാപനം മാത്രമായി തോന്നിയേക്കാം. (നഹൂം 1:1; 3:7) എന്നാൽ ഈ പ്രഖ്യാപനം യഹോവയുടെ ജനത്തിന് സന്തോഷിക്കാൻ വക നൽകി. നഹൂം എന്ന പേരിന്റെ അർഥം “ആശ്വാസകൻ” എന്നാണ്. ഇതു സൂചിപ്പിക്കുന്നതുപോലെ തങ്ങളുടെ ശത്രു പെട്ടെന്നുതന്നെ ഇല്ലാതാകുമെന്ന് യഹൂദന്മാരെ നഹൂം ബോധ്യപ്പെടുത്തി. യഹോവ “കഷ്ടദിവസത്തിൽ ശരണവും ആകുന്നു” എന്ന് നഹൂം ഉറപ്പു നൽകി. (നഹൂം 1:7) നാം പ്രസംഗിക്കുമ്പോൾ, യഹോവയിൽ ശരണം പ്രാപിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നമുക്കും സുവാർത്ത അറിയിക്കാം.—നഹൂം 1:15.
3. നഹൂമിനെ അനുകരിച്ചുകൊണ്ട് ഉദാഹരണങ്ങളും ദൃഷ്ടാന്തങ്ങളും നമുക്ക് എങ്ങനെ ഉപയോഗിക്കാം?
3 ഉദാഹരണങ്ങളും ദൃഷ്ടാന്തങ്ങളും ഉപയോഗിക്കുക: ഈജിപ്റ്റിലെ നഗരമായ തിബ്സ്നെ (നോ-അമ്മോൻ) മുമ്പ് അസീറിയക്കാർതന്നെ നശിപ്പിച്ചു. അതുമായി നിനവേയുടെ നാശത്തെ താരതമ്യം ചെയ്യാൻ യഹോവ നഹൂമിനെ നിശ്വസ്തനാക്കി. (നഹൂം 3:8-10) ഈ ദുഷ്ടവ്യവസ്ഥിതിക്ക് നാശം വരുത്തിക്കൊണ്ട് യഹോവ തന്റെ വാക്കു പൂർണമായി പാലിക്കുമെന്ന് കാണിക്കാനായി നമുക്കു ബൈബിൾപ്രവചനങ്ങൾ ഉപയോഗിക്കാനാകും. ബാബിലോന്യരും മേദ്യരും ബി.സി. 632-ൽ നിനെവേക്കെതിരെ വന്നപ്പോൾ സംഭവിച്ചത് ഒരു ഉദാഹരണമാണ്. യഹോവ ഒരു വന്മഴ പെയ്യിച്ചതിനാൽ ടൈഗ്രിസ് നദി കവിഞ്ഞൊഴുകുകയും അങ്ങനെ, അജയ്യമെന്നു തോന്നിയ നഗരമതിലുകളുടെ ചില ഭാഗങ്ങൾ നിലം പൊത്തുകയും ചെയ്തു. ഫലമോ? യഹോവ പ്രവചിച്ചതുപോലെ നിനവേ പെട്ടെന്നുതന്നെ കീഴടങ്ങി.—നഹൂം 1:8; 2:6.
4. ശുശ്രൂഷയിൽ വ്യക്തവും മനസ്സിലാകുന്ന വിധത്തിലും എങ്ങനെ സംസാരിക്കാനാകും?
4 വ്യക്തവും മനസ്സിലാകുന്നതും: നഹൂമിന്റെ എഴുത്ത് വിവരണങ്ങളും നാടകീയതയും നിറഞ്ഞതായിരുന്നു. അവന്റെ ആശയങ്ങൾ വ്യക്തമായിരുന്നു. (നഹൂം 1:14; 3:1) ഇതുപോലെ നാമും എളുപ്പം മനസ്സിലാകുന്ന വിധത്തിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. (1 കൊരി. 14:9) ആദ്യസന്ദർശനത്തിൽത്തന്നെ നമ്മുടെ ഉദ്ദേശ്യം വ്യക്തമാക്കുക. വ്യക്തികളോടൊപ്പം ബൈബിൾ പഠിക്കുമ്പോൾ യഹോവയിലും അവന്റെ വചനത്തിലും വിശ്വാസം വളർത്തിയെടുക്കാനും പഠിച്ച കാര്യങ്ങൾ ബാധകമാക്കാനും അവരെ സഹായിക്കുക.—റോമ. 10:14.
5. നഹൂമിന്റെ പ്രവചനം എന്ത് ഉറപ്പു നൽകുന്നു?
5 യഹോവയുടെ പ്രവചനം ഉറപ്പായും നിവർത്തിയേറും എന്ന നഹൂമിന്റെ വിശ്വാസം നഹൂം എന്ന പുസ്തകത്തിൽ വ്യക്തമാണ്. സാത്താന്യലോകത്തിന്റെ അന്ത്യം സമീപിക്കവെ, “കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല” എന്ന ദിവ്യപ്രഖ്യാപനത്തിൽ നമുക്ക് ആശ്വാസം കണ്ടെത്താം—നഹൂം 1:9.