ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—വ്യക്തിപരമായ താത്പര്യം കാണിച്ചുകൊണ്ട്
എന്തുകൊണ്ട് പ്രധാനം: യേശു ആളുകളെ വ്യക്തികളായി കാണുകയും അവരിൽ സ്നേഹപൂർവം താത്പര്യം എടുക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഒരിക്കൽ യേശു ബധിരനായ ഒരു വ്യക്തിയുടെ അസ്വസ്ഥത മനസ്സിലാക്കി അവനെ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിറുത്തി സ്വകാര്യമായാണ് സുഖപ്പെടുത്തിയത്. (മർക്കോ. 7:31-35) തന്റെ ശിഷ്യന്മാരുടെ പരിമിതികൾ തിരിച്ചറിഞ്ഞ് കൂടുതലായ വിവരങ്ങളാൽ ഭാരപ്പെടുത്താതെ അവൻ അവരോടു പരിഗണന കാണിച്ചു. (യോഹ. 16:12) എന്തിന്, ഇപ്പോൾ സ്വർഗീയസ്ഥാനത്ത് ആയിരിക്കുമ്പോൾപ്പോലും യേശു വ്യക്തിപരമായ താത്പര്യം കാണിക്കുന്നു. (2 തിമൊ. 4:17) യേശുവിന്റെ അനുഗാമികളെന്ന നിലയിൽ നാം അവനെ അനുകരിക്കേണ്ടതാണ്. (1 പത്രോ. 2:21; 1 യോഹ. 3:16, 18) അതിനുപുറമേ, വീട്ടുകാരന്റെ പ്രത്യേക സാഹചര്യങ്ങൾ, താത്പര്യങ്ങൾ, ഉത്കണ്ഠകൾ എന്നിവ കണക്കിലെടുത്ത് അദ്ദേഹത്തോടു പരിഗണന കാണിക്കുന്നെങ്കിൽ ശുശ്രൂഷയിൽ നാം കൂടുതൽ ഫലപ്രദരായിരിക്കും. നാം വെറും സന്ദേശവാഹകരോ പ്രസിദ്ധീകരണം കൊടുക്കുന്നവരോ അല്ല മറിച്ച് വ്യക്തിപരമായ താത്പര്യം കാണിക്കുന്നവരാണ് എന്നു മനസ്സിലാക്കുമ്പോൾ അദ്ദേഹം നന്നായി ശ്രദ്ധിച്ചേക്കാം.
ഇത് എങ്ങനെ ചെയ്യാം:
• നന്നായി തയ്യാറാകുക, സ്വാഭാവികതയോടെ സംസാരിക്കുക, പുഞ്ചിരിച്ചുകൊണ്ട് സൗഹാർദപരമായി ഇടപെടുക.
• നിരീക്ഷകരായിരിക്കുക. അദ്ദേഹത്തിനു കുട്ടികളുണ്ടോ? ഓമനമൃഗങ്ങളുള്ളതായോ പൂന്തോട്ടം പരിപാലിക്കുന്നതായോ നിങ്ങൾ കണ്ടോ? ഏതു മതത്തിൽപ്പെട്ട ആളാണ്? സാഹചര്യമനുസരിച്ച് മുഖവുരയ്ക്കു മാറ്റം വരുത്തുക.
• അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കുക, ശ്രദ്ധാപൂർവം കേൾക്കുക. നിങ്ങൾ ശ്രദ്ധിക്കുന്നുവെന്ന് അദ്ദേഹത്തിനു ബോധ്യം വരണം. അദ്ദേഹത്തിന്റെ അഭിപ്രായത്തെ ആത്മാർഥമായി അഭിനന്ദിക്കുക. തർക്കം ഒഴിവാക്കുക.
• വഴക്കമുള്ളവരായിരിക്കുക. അദ്ദേഹത്തിന്റെ വികാരങ്ങളും താത്പര്യങ്ങളും കണക്കിലെടുത്ത് അവതരണത്തിൽ മാറ്റങ്ങൾ വരുത്തുക. നമ്മുടെ ലഘുലേഖകൾ, ലഘുപത്രികകൾ, മാസികകൾ എന്നിവ വ്യത്യസ്തതരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ ഇതു നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ എളുപ്പമായിരിക്കും. തിരക്കിലായിരിക്കുന്നതുപോലുള്ള ഏതെങ്കിലും സാഹചര്യത്തിലാണ് വീട്ടുകാരനെങ്കിൽ അത് മാനിച്ച് അവതരണം ചുരുക്കുക.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
• വീട്ടുകാരൻ പറയുന്നതിനു ചേർച്ചയിൽ പ്രസാധകൻ തന്റെ മറുപടിയിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ അവതരണങ്ങൾ കുടുംബാരാധനയിലോ ശുശ്രൂഷയ്ക്കിടെ പങ്കാളിയുമൊത്തോ പരിശീലിക്കുക.
• വ്യക്തികളിൽ എങ്ങനെ താത്പര്യം പ്രകടിപ്പിക്കാമെന്ന് ചർച്ചയിലൂടെയോ അവതരണത്തിലൂടെയോ വയൽസേവനയോഗത്തിൽ പരിശീലിക്കുക.