പഠിപ്പിക്കൽപ്രാപ്തി വികസിപ്പിക്കാൻ 2015-ലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നമ്മെ സഹായിക്കുന്നു
1 സങ്കീർത്തനക്കാരനായ ദാവീദ് എഴുതി: “എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.” (സങ്കീ. 19:14) നമ്മുടെ വാക്കുകളും യഹോവയ്ക്ക് പ്രസാദകരമായിരിക്കാൻ നാം ആഗ്രഹിക്കുന്നു. സഭയിലും ശുശ്രൂഷയിലും സത്യം സംസാരിക്കുന്നതിനുള്ള പദവി നാം നിധിപോലെ കാണുന്നു. യഹോവ ശുശ്രൂഷയ്ക്കായി നമ്മെ ഒരുക്കുന്നതിന്റെ പല വിധങ്ങളിൽ ഒന്നാണ് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ. ലോകവ്യാപകമായി 1,11,000-ത്തിൽ അധികം സഭകളിൽ ഒരോ ആഴ്ചയും ഈ പരിശീലനം നടക്കുന്നു. ഗോളത്തിനുചുറ്റും എല്ലാ സാഹചര്യങ്ങളിലുമുള്ള സഹോദരീസഹോദരന്മാരെ സുവാർത്തയുടെ ശുശ്രൂഷകരായി യോഗ്യത പ്രാപിക്കാനും ബോധ്യത്തോടും നയത്തോടും ധൈര്യത്തോടും കൂടെ പഠിപ്പിക്കുന്നതിനും ഇത് സഹായിച്ചിട്ടുണ്ട്.—പ്രവൃ. 19:8; കൊലോ. 4:6.
2 രണ്ടായിരത്തിപ്പതിനഞ്ചിലെ സ്കൂൾ പട്ടികയിൽ ദൈവവചനത്തിന് ഒരു ആമുഖം, ചർച്ചക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ എന്നീ ചെറുപുസ്തകങ്ങളിലെ വിവരങ്ങളുണ്ടായിരിക്കും. കൂടാതെ, ബൈബിൾ വിശേഷാശയങ്ങളുടെയും നമ്പർ 1 നിയമനത്തിന്റെയും സമയം ചുരുക്കിയിരിക്കുന്നു. ഈ മാറ്റങ്ങളോടൊപ്പം സ്കൂളിലെ മറ്റു ഭാഗങ്ങൾ എങ്ങനെ അവതരിപ്പിക്കണം എന്നതിനുള്ള നിർദേശങ്ങളും താഴെ കൊടുത്തിരിക്കുന്നു.
3 ബൈബിൾ വിശേഷാശയങ്ങൾ: ഈ ഭാഗം നിർവഹിക്കാൻ നിയമനം ലഭിക്കുന്ന സഹോദരന്മാർ ബൈബിൾ വായനാഭാഗത്തുനിന്ന് രസകരവും പ്രായോഗികവുമായ ഒരു തിരുവെഴുത്താശയം രണ്ടു മിനിട്ടുകൊണ്ട് നടത്തണം. നല്ല തയ്യാറാകലുണ്ടെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽത്തന്നെ ഇത് നിർവഹിക്കാനാകും. അതിനുശേഷം, പതിവുപോലെ സഭയ്ക്ക് ആറു മിനിട്ടുകൊണ്ട് ബൈബിൾ വായനാഭാഗത്തുനിന്നും തങ്ങൾ കണ്ടെത്തിയ ആശയങ്ങൾ 30 സെക്കന്റിനുള്ളിൽ പറയാനാകും. 30 സെക്കന്റിനുള്ളിൽ അർഥവത്തായി അഭിപ്രായം പറയണമെങ്കിൽ ആത്മശിക്ഷണവും തയ്യാറാകലും കൂടിയേതീരൂ. അങ്ങനെ ചെയ്യുന്നപക്ഷം അത് നല്ല പരിശീലനമായിരിക്കും. അപ്പോൾ വ്യക്തിപരമായ ഗവേഷണത്തിൽ കണ്ടെത്തിയ അഭിപ്രായങ്ങൾ പറയാൻ അനേകർക്ക് സമയം കിട്ടുന്നു.
4 നമ്പർ 1 നിയമനം: ബൈബിൾ വായനയ്ക്കുള്ള സമയം മൂന്നു മിനിട്ടോ അതിൽ കുറവോ ആയി ചുരുക്കിയിരിക്കുന്നു. വായിക്കാനുള്ള വിവരങ്ങൾ കുറച്ചിരിക്കുന്നു. വായനാനിയമനം ലഭിക്കുന്നവർ പല തവണ ഉച്ചത്തിൽ വായിച്ച് പരിശീലിക്കുകയും ആശയങ്ങൾ സദസ്സിന് മനസ്സിലാകുംവിധം ശരിയായ ഉച്ചാരണത്തോടും നല്ല ഒഴുക്കോടും കൂടെ വായിക്കുകയും വേണം. നമ്മുടെ ആരാധനയിൽ വായന വളരെ പ്രധാനപ്പെട്ട ഒന്നായതിനാൽ യഹോവയുടെ ദാസന്മാരെല്ലാം നന്നായി വായിക്കാൻ ശ്രമിക്കണം. നമ്മുടെ കുട്ടികളിൽ അനേകർ നന്നായി വായിക്കുന്നതു കാണുന്നത് എത്ര സന്തോഷകരമാണ്! അങ്ങനെ നന്നായി വായിക്കാൻ കുട്ടികളെ സഹായിക്കുന്ന മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു.
5 നമ്പർ 2 നിയമനം: ഇത് സഹോദരിമാർക്കു നിയമിച്ചുകൊടുക്കേണ്ട അഞ്ചു മിനിട്ട് അവതരണമാണ്. നിയമിതവിഷയംതന്നെ ഉപയോഗിക്കണം. ദൈവവചനത്തിന് ഒരു ആമുഖം അല്ലെങ്കിൽ ചർച്ചക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ എന്ന ചെറുപുസ്തകത്തിലെ വിഷയമാണ് നിയമനമെങ്കിൽ, അത് ശുശ്രൂഷയിലായിരുന്നാൽ എന്നപോലെ പ്രദേശത്തിനിണങ്ങുന്ന വിധത്തിൽ നടത്തേണ്ടതാണ്. ഒരു ബൈബിൾ കഥാപാത്രത്തെ ആസ്പദമാക്കിയാണ് നിയമനമെങ്കിൽ, വിദ്യാർഥി ബൈബിളിൽനിന്ന് ആ കഥാപാത്രത്തെക്കുറിച്ചു ഗവേഷണം ചെയ്ത് പഠിച്ച് അനുയോജ്യമായ വാക്യങ്ങൾ തിരഞ്ഞെടുത്തുകൊണ്ട് ആ വ്യക്തിയിൽനിന്ന് നമുക്കുള്ള പാഠം എന്താണെന്ന് വിവരിക്കണം. വിഷയത്തിനു യോജിക്കുന്ന കൂടുതലായ വാക്യങ്ങളും ഉൾപ്പെടുത്താവുന്നതാണ്. സ്കൂൾ മേൽവിചാരകൻ ഒരു സഹായിയെ നിയമിക്കും.
6 നമ്പർ 3 നിയമനം: ഇത് ഒരു സഹോദരനോ സഹോദരിക്കോ നിയമിച്ചുകൊടുക്കാവുന്ന അഞ്ചു മിനിട്ട് അവതരണമാണ്. സഹോദരിക്കാണ് നിയമിച്ചുകൊടുക്കുന്നതെങ്കിൽ അത് നമ്പർ 2 നിയമനംപോലെ നടത്തണം. ബൈബിൾ കഥാപാത്രത്തെ ആസ്പദമാക്കി ഒരു സഹോദരനാണ് നിയമനം നടത്തുന്നതെങ്കിൽ അത് പ്രസംഗരൂപത്തിലായിരിക്കണം. വിദ്യാർഥി അനുയോജ്യമായ വാക്യങ്ങൾ തിരഞ്ഞെടുത്ത് നിയമിതവിഷയം വികസിപ്പിക്കുകയും ആ കഥാപാത്രത്തിൽനിന്ന് നമുക്കുള്ള പാഠം എന്താണെന്ന് വിവരിക്കുകയും വേണം.
7 സഹോദരന്മാർക്കുള്ള നമ്പർ 3 നിയമനത്തിന്റെ പുതിയ സവിശേഷത: ദൈവവചനത്തിന് ഒരു ആമുഖം അല്ലെങ്കിൽ ചർച്ചക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ എന്ന ചെറുപുസ്തകത്തിലെ വിഷയമാണ് നിയമനമെങ്കിൽ, അത് കുടുംബാരാധനയിലോ ശുശ്രൂഷയിലോ നടത്തുന്നതുപോലെ ആയിരിക്കണം. സാധാരണഗതിയിൽ, സഹായി, രംഗസംവിധാനം എന്നിവ നിയമിച്ചു നൽകുന്നത് സ്കൂൾ മേൽവിചാരകനാണ്. സഹായി, വിദ്യാർഥിയുടെ കുടുംബാംഗമോ സഭയിലെ മറ്റൊരു സഹോദരനോ ആയിരിക്കണം. വിഷയത്തിന് അനുയോജ്യമായ കൂടുതലായ വാക്യങ്ങളും അവതരണത്തിൽ ഉപയോഗിക്കാം. ഇടയ്ക്കിടെ ഈ ഭാഗം നിർവ്വഹിക്കാൻ ഒരു മൂപ്പനെ നിയമിക്കാവുന്നതാണ്. മൂപ്പന്മാർക്ക് സ്വയം രംഗസംവിധാനവും സഹായിയെയും തിരഞ്ഞെടുക്കാം. മൂപ്പന്മാർ കുടുംബാംഗവുമൊത്തോ മറ്റൊരു സഹോദരനൊത്തോ അവതരണം നടത്തുമ്പോൾ പഠിപ്പിക്കൽകല കണ്ട് സഭ പ്രോത്സാഹിതരാകും എന്നതിൽ സംശയമില്ല.
8 ബുദ്ധിയുപദേശം: സ്കൂൾ മേൽവിചാരകൻ ഓരോ നിയമനം കഴിയുമ്പോഴും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകത്തിൽനിന്ന് രണ്ടു മിനിട്ട് സമയംകൊണ്ട് അവതരണത്തിന്റെ നല്ല വശങ്ങൾ എടുത്തുപറഞ്ഞ് വിദ്യാർഥിയെ പ്രശംസിക്കും. ഒരു വിദ്യാർഥിയെ ക്ഷണിക്കുമ്പോൾ ഏതു പ്രസംഗഗുണമാണു നോക്കുന്നതെന്ന് സ്കൂൾ മേൽവിചാരകൻ സ്റ്റേജിൽനിന്ന് സദസ്സിനോടു പറയില്ല. എന്നാൽ നിയമനത്തിനു ശേഷം അദ്ദേഹം ഏതു പ്രസംഗഗുണമാണ് വിദ്യാർഥിക്കു നിയമിച്ചുകൊടുത്തിരുന്നത് എന്ന് അറിയിക്കും. വിദ്യാർഥിയെ ആത്മാർഥമായി അഭിനന്ദിക്കും. നോക്കിക്കൊണ്ടിരുന്ന ഗുണത്തിന്റെ ഒരു വശം വിദ്യാർഥി എങ്ങനെ നന്നായി ചെയ്തെന്നു പ്രത്യേകം എടുത്തുപറയും. കൂടാതെ ഈ ഗുണത്തിന്റെ മറ്റ് ഏതു വശം ശ്രദ്ധിക്കണമെന്നും അത് എന്തു പ്രയോജനം കൈവരുത്തുമെന്നും ദയാപൂർവം വിദ്യാർഥിയോടു പറയും.
9 ഓരോ വിദ്യാർഥിക്കുംവേണ്ട ബുദ്ധിയുപദേശ ഫാറം ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 79 മുതൽ 81 വരെയുള്ള പേജുകളിൽ കാണാം. വിദ്യാർഥി നിയമനം നിർവഹിച്ചശേഷം അദ്ദേഹത്തിന്റെ പുസ്തകത്തിൽ തീയതി രേഖപ്പെടുത്തുന്നതിന്, നിയമിതഗുണത്തിന്റെ അഭ്യാസം ചെയ്തോ എന്നു സ്വകാര്യമായി ചോദിക്കുക. യോഗത്തിനു ശേഷമോ മറ്റൊരു സമയത്തോ കൂടുതൽ സഹായകമായ നിർദേശങ്ങളും അഭിനന്ദനങ്ങളും നൽകാം. സ്കൂളിലൂടെ വ്യക്തിപരമായി ലഭിക്കുന്ന പരിശീലനം ആത്മീയമായി പുരോഗമിക്കാനുള്ള സഹായമായി ഓരോ വിദ്യാർഥിയും കാണേണ്ടതാണ്.—1 തിമൊ. 4:15.
10 ഒരു വിദ്യാർഥി തന്റെ നിയമനത്തിന് കൂടുതൽ സമയം എടുക്കുന്നെങ്കിൽ സ്കൂൾ മേൽവിചാരകനോ സഹായിക്കോ ബെല്ലുപയോഗിച്ചോ കൈകൊണ്ട് പതുക്കെ തട്ടി ശബ്ദമുണ്ടാക്കിക്കൊണ്ടോ സമയം കഴിഞ്ഞിരിക്കുന്നു എന്ന സൂചന വിദ്യാർഥിക്കു കൊടുക്കാം. അപ്പോൾ വിദ്യാർഥി താൻ പറഞ്ഞുകൊണ്ടിരിക്കുന്ന വാചകം പൂർത്തിയാക്കി നിയമനം അവസാനിപ്പിക്കണം.—ശുശ്രൂഷാസ്കൂൾ പുസ്തകം, പേ.282, ഖ.4 കാണുക.
11 യോഗ്യതയുള്ള എല്ലാവരെയും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ചേരാൻ പ്രോത്സാഹിപ്പിക്കുക. (ശുശ്രൂഷാസ്കൂൾ പുസ്തകം, പേ.282, ഖ.6 കാണുക.) സ്കൂളിൽനിന്ന് ലഭിക്കുന്ന വിദ്യാഭ്യാസം യഹോവയുടെ ജനത്തെ ബോധ്യത്തോടും അഭിമാനത്തോടും സ്നേഹത്തോടും കൂടെ ദൈവരാജ്യസുവാർത്ത പ്രസംഗിക്കാനും പഠിപ്പിക്കാനും പ്രാപ്തരാക്കുന്നു. ദിവ്യാധിപത്യ വിദ്യാഭ്യാസം പ്രയോജനപ്പെടുത്തുന്നവരുടെ സ്തുതികൾ യഹോവയെ സന്തോഷിപ്പിക്കുമെന്നതിൽ സംശയമില്ല.—സങ്കീ. 148:12, 13; യെശ. 50:4.
ബുദ്ധിയുപദേശം സ്വീകരിച്ച് ബാധകമാക്കി പുരോഗതി നേടുക