ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ ശിക്ഷണത്തോടു യോജിച്ച് പ്രവർത്തിക്കുന്നത് സ്നേഹത്തിന്റെ തെളിവാണ്
പശ്ചാത്താപമില്ലാത്ത തെറ്റുകാരെ പുറത്താക്കുന്നത് സഭയെ സംരക്ഷിക്കും, അത് അവർക്കുള്ള ഒരു ശിക്ഷണവുമാണ്. (1കൊ 5:6, 11) യഹോവ കൊടുക്കുന്ന ശിക്ഷണത്തോടു നമ്മളും യോജിച്ച് പ്രവർത്തിക്കുന്നെങ്കിൽ, അത് സ്നേഹത്തിന്റെ തെളിവാണ്. പുറത്താക്കൽ അടുത്ത കുടുംബാംഗങ്ങൾക്കും നീതിന്യായക്കമ്മിറ്റിയിലെ സഹോദരങ്ങൾക്കും ഒരുപാട് വിഷമമുണ്ടാക്കുന്ന സ്ഥിതിക്ക് അത് എങ്ങനെ ശരിയാകും എന്നു നമ്മൾ ചിന്തിച്ചേക്കാം.
ഏറ്റവും പ്രധാനമായി, നമ്മൾ യഹോവയുടെ സത്പേരിനോടും ശുദ്ധി സംബന്ധിച്ച ദൈവികനിലവാരങ്ങളോടും സ്നേഹം കാണിക്കുന്നു. (1പത്ര 1:14-16) അതുപോലെ, പുറത്താക്കിയ വ്യക്തിയോടും ഉള്ള സ്നേഹമാണ് അത്. കാരണം, ശിക്ഷണം വേദനാകരമാണെങ്കിലും അതു ‘നീതി എന്ന സമാധാനഫലം നൽകും.’ (എബ്ര 12:5, 6, 11) പുറത്താക്കപ്പെടുകയോ നിസ്സഹവസിക്കുകയോ ചെയ്ത ഒരു വ്യക്തിയുമായി നമ്മൾ സമ്പർക്കത്തിൽ വന്നാൽ, യഹോവയുടെ ശിക്ഷണത്തിനു തടയിടുകയായിരിക്കും. ഓർക്കുക, യഹോവ തന്റെ ജനത്തിനു ‘ന്യായമായ തോതിലാണ്’ ശിക്ഷണം കൊടുക്കുന്നത്. (യിര 30:11) പുറത്താക്കപ്പെട്ട വ്യക്തി തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ നമുക്ക് യഹോവയുടെ ശിക്ഷണത്തോടു യോജിച്ച് പ്രവർത്തിക്കാം, ആത്മീയകാര്യങ്ങളിൽ നമുക്കു ക്രമമായി ഏർപ്പെടുകയും ചെയ്യാം.—യശ 1:16-18; 55:7.
ഒറ്റ ഹൃദയത്തോടെ വിശ്വസ്തത പാലിക്കുക എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
തങ്ങളുടെ ഒരു മകൻ അല്ലെങ്കിൽ മകൾ യഹോവയെ വിട്ടുപോകുന്നതു കാണുമ്പോൾ മാതാപിതാക്കൾക്ക് എത്രത്തോളം വേദന തോന്നും?
വിശ്വസ്തരായ കുടുംബാംഗങ്ങളെ സഭയ്ക്ക് എങ്ങനെ പിന്തുണയ്ക്കാം?
കുടുംബത്തോടുള്ള വിശ്വസ്തതയെക്കാൾ പ്രധാനം യഹോവയോടുള്ള വിശ്വസ്തതയാണെന്ന് ഏതു ബൈബിൾവിവരണം നമ്മളെ പഠിപ്പിക്കുന്നു?
കുടുംബത്തോടുള്ള വിശ്വസ്തതയെക്കാൾ നമുക്ക് എങ്ങനെ യഹോവയോടുള്ള വിശ്വസ്തതയ്ക്കു പ്രാധാന്യം കൊടുക്കാം?