ക്രിസ്ത്യാനികളായി ജീവിക്കാം
ഒരു പ്രകൃതിദുരന്തത്തിനു ശേഷം എങ്ങനെ സഹായം കൊടുക്കാം?
പ്രകൃതിദുരന്തങ്ങൾ ഇന്ന് ഒരു തുടർക്കഥയാകുകയാണ്. ഒരു ദുരന്തമുണ്ടായിക്കഴിഞ്ഞാൽ സംഘടിതമായി വേണം ദുരിതാശ്വാസപ്രവർത്തനങ്ങൾ ക്രമീകരിക്കാൻ. അതിനുവേണ്ടി, ഭരണസംഘം ഓരോ ബ്രാഞ്ചിലും ഒരു ദുരിതാശ്വാസ ഡിപ്പാർട്ടുമെന്റ് ക്രമീകരിച്ചിട്ടുണ്ട്.
ഒരു ദുരന്തമുണ്ടായെന്ന് അറിഞ്ഞാൽ, പ്രചാരകർക്ക് എന്തു സഹായം വേണമെന്ന് അറിയാൻ ഉടനെതന്നെ ആ ഡിപ്പാർട്ടുമെന്റ് പ്രാദേശികമൂപ്പന്മാരുമായി ബന്ധപ്പെടും. നാശനഷ്ടങ്ങളും കേടുപാടുകളും അവിടെയുള്ള പ്രചാരകർക്കു പരിഹരിക്കാൻ കഴിയുന്നതിനും അപ്പുറമാണെങ്കിൽ, നേതൃത്വമെടുക്കാൻ യോഗ്യതയുള്ള സഹോദരന്മാരെ ബ്രാഞ്ചോഫീസ് നിയമിക്കും. ആ സഹോദരന്മാർക്കു സ്വമേധാസേവകരുടെ സഹായം വേണ്ടിവന്നേക്കാം. ആവശ്യമുള്ള സാധനങ്ങൾ സംഭാവനയായി ലഭിക്കുമോ എന്നും അവർ അന്വേഷിക്കും. അല്ലെങ്കിൽ സാധനങ്ങൾ വിലകൊടുത്ത് വാങ്ങിയിട്ട് അതു വിതരണം ചെയ്തേക്കാം.
ഇങ്ങനെ സംഘടിതമായി കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. സഹോദരങ്ങൾ കാര്യങ്ങൾ സ്വന്തമായി ഏറ്റെടുത്ത് ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന ആശയക്കുഴപ്പവും പണനഷ്ടവും അതിലൂടെ ഒഴിവാക്കാം. ഒരേ കാര്യങ്ങൾതന്നെ പലർ ചെയ്യുന്നതും ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങുന്നതും ഒഴിവാക്കാം.
ദുരിതാശ്വാസപ്രവർത്തനത്തിന് എത്ര ചെലവ് വരും, എത്ര സ്വമേധാസേവകരെ ആവശ്യമുണ്ട് എന്നെല്ലാം തീരുമാനിക്കുന്നത് ബ്രാഞ്ച് നിയമിക്കുന്ന സഹോദരങ്ങളാണ്. അവർ ആ പ്രദേശത്തെ അധികാരികളുമായി ബന്ധപ്പെട്ടേക്കാം, നമ്മുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പലപ്പോഴും അധികാരികൾക്കു നമ്മളെ സഹായിക്കാനാകും. അതുകൊണ്ട് ആവശ്യപ്പെടുന്നില്ലെങ്കിൽ, ദുരിതാശ്വാസത്തിനു പണം ശേഖരിക്കാനോ സാധനങ്ങൾ അയച്ചുകൊടുക്കാനോ ദുരന്തബാധിതപ്രദേശങ്ങളിലേക്കു പോയി സഹായിക്കാനോ വ്യക്തികൾ മുൻകൈയെടുക്കരുത്.
എങ്കിലും ഒരു ദുരന്തമുണ്ടായാൽ, നമുക്ക് സ്വാഭാവികമായും സഹായിക്കാൻ തോന്നും. (എബ്ര 13:16) കാരണം നമ്മൾ സഹോദരങ്ങളെ സ്നേഹിക്കുന്നു. നമുക്ക് എന്തു ചെയ്യാനാകും? നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം, ദുരിതം അനുഭവിക്കുന്നവർക്കും അവരെ സഹായിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കുക എന്നതാണ്. ലോകവ്യാപകവേലയ്ക്കുവേണ്ടി നമുക്കു സംഭാവനകളും കൊടുക്കാം. ഭരണസംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചോഫീസുകൾക്കാണ്, ഈ സംഭാവനകളൊക്കെ ഏറ്റവും നന്നായി എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് തീരുമാനിക്കാനാകുന്നത്. നേരിട്ട് സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, പ്രാദേശിക ഡിസൈൻ/നിർമാണ സ്വമേധാസേവനത്തിനുള്ള അപേക്ഷ (DC-50) പൂരിപ്പിച്ചുകൊണ്ട് നിങ്ങളുടെ സന്നദ്ധത അറിയിക്കാം.
ബ്രസീലിൽ നാശം വിതച്ച പ്രളയം എന്ന വീഡിയോ കാണുക, എന്നിട്ട് പിൻവരുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുക:
2020-ൽ ബ്രസീലിൽ ഉണ്ടായ പ്രളയത്തെത്തുടർന്ന് യഹോവയുടെ സാക്ഷികൾ നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നിങ്ങൾക്ക് ഏറ്റവും മതിപ്പു തോന്നുന്നത് എന്താണ്?