ജീവിതകഥ
യഹോവ ‘എന്റെ വഴികൾ നേരെയാക്കി’
ഒരിക്കൽ ചെറുപ്പക്കാരനായ ഒരു സഹോദരൻ എന്നോടു ചോദിച്ചു: “സഹോദരന് ഏറ്റവും ഇഷ്ടമുള്ള തിരുവെഴുത്ത് ഏതാണ്?” എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഞാൻ പറഞ്ഞു: “സുഭാഷിതങ്ങൾ 3-ന്റെ 5-ഉം 6-ഉം. അവിടെ പറയുന്നു: ‘പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുത്. എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക; അപ്പോൾ ദൈവം നിന്റെ വഴികൾ നേരെയാക്കും.’” അതെ, യഹോവ ശരിക്കും എന്റെ വഴികൾ നേരെയാക്കി. എങ്ങനെ?
ശരിയായ വഴി കണ്ടെത്താൻ മാതാപിതാക്കൾ എന്നെ സഹായിച്ചു
എന്റെ മാതാപിതാക്കൾ, വിവാഹിതരാകുന്നതിനു മുമ്പുതന്നെ 1920-കളിൽ സത്യം പഠിച്ചവരായിരുന്നു. 1939-ലാണ് ഞാൻ ജനിച്ചത്. ഇംഗ്ലണ്ടിൽ ആയിരുന്നു എന്റെ കുട്ടിക്കാലം. ചെറുപ്പംമുതലേ മാതാപിതാക്കൾ എന്നെ മീറ്റിങ്ങുകൾക്ക് കൊണ്ടുപോകുമായിരുന്നു. പിന്നീട് ഞാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേര് ചാർത്തി. സ്കൂളിലെ എന്റെ ആദ്യത്തെ നിയമനം നടത്തിയത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ചെറിയ കുട്ടിയായിരുന്നതുകൊണ്ട് പ്രസംഗപീഠത്തിനൊപ്പം എത്താൻ ഒരു പെട്ടിപ്പുറത്ത് കയറിനിന്നാണ് ഞാൻ പ്രസംഗം നടത്തിയത്. വെറും ആറു വയസ്സുണ്ടായിരുന്ന ഞാൻ മുന്നിലിരിക്കുന്ന വലിയവലിയ ആളുകളെ കണ്ടപ്പോൾ പേടിച്ചുപോയി.
എന്റെ പപ്പയുടെയും മമ്മിയുടെയും കൂടെ തെരുവ് സാക്ഷീകരണം ചെയ്യുന്നു
വയൽസേവനത്തിന് ഉപയോഗിക്കാനായി എന്റെ പപ്പ നമ്മുടെ സന്ദേശം ഒരു കാർഡിൽ ടൈപ്പ് ചെയ്തുതന്നു. എനിക്ക് എട്ടു വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ഒറ്റയ്ക്ക് ഒരു വീട്ടിൽ സാക്ഷീകരിക്കുന്നത്. ആ വീട്ടുകാരൻ ഞാൻ കാണിച്ച കാർഡ് വായിച്ചു. “ദൈവം സത്യവാൻ” എന്ന പുസ്തകം സ്വീകരിക്കുകയും ചെയ്തു. അപ്പോൾ എനിക്കുണ്ടായ സന്തോഷം! അക്കാര്യം പറയാനായി ഞാൻ പപ്പയുടെ അടുത്തേക്ക് അപ്പോൾത്തന്നെ ഓടിപ്പോയി. ശുശ്രൂഷയും മീറ്റിങ്ങുകളും എനിക്ക് വളരെ സന്തോഷം തന്നു. യഹോവയെ മുഴുസമയം സേവിക്കാനുള്ള ആഗ്രഹം അത് എന്നിൽ വളർത്തി.
പിന്നീട് പപ്പ എനിക്കുവേണ്ടി വീക്ഷാഗോപുരത്തിന്റെ ഒരു വരിസംഖ്യ എടുത്തു. ഓരോ ലക്കവും കിട്ടുമ്പോൾത്തന്നെ ഞാൻ അതീവതാത്പര്യത്തോടെ അത് വായിക്കുമായിരുന്നു. ബൈബിൾസത്യത്തോടുള്ള എന്റെ സ്നേഹം കൂടിക്കൂടി വന്നു. അതുപോലെ യഹോവയിലുള്ള എന്റെ ആശ്രയവും വർധിച്ചു. അങ്ങനെ ഞാൻ യഹോവയ്ക്കു സ്വയം സമർപ്പിച്ചു.
1950-ൽ ന്യൂയോർക്കിൽവെച്ച് നടന്ന ‘ദിവ്യാധിപത്യ വർധന’ സമ്മേളനത്തിന് ഞങ്ങളുടെ കുടുംബം പോയി. ആഗസ്റ്റ് 3 വ്യാഴാഴ്ചത്തെ സമ്മേളനപരിപാടിയുടെ ആധാരവിഷയം “മിഷനറിദിവസം” എന്നായിരുന്നു. അക്കാലത്ത് ഭരണസംഘാംഗമായി സേവിച്ച ക്യാരി ബാർബർ സഹോദരൻ അന്നേ ദിവസം സ്നാനപ്രസംഗം നടത്തി. പ്രസംഗത്തിന്റെ അവസാനം എഴുന്നേറ്റുനിന്ന സഹോദരങ്ങളുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. സഹോദരൻ ചോദിച്ച രണ്ടു ചോദ്യങ്ങൾക്കും ഞാൻ “ഉവ്വ്” എന്ന് ഉത്തരം പറഞ്ഞു. എനിക്ക് അന്ന് 11 വയസ്സേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഞാനെടുത്തത് വളരെ പ്രധാനപ്പെട്ട ഒരു പടിയാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ വെള്ളത്തിൽ ഇറങ്ങുന്ന കാര്യം ഓർത്തപ്പോൾ എനിക്ക് പേടി തോന്നി. കാരണം എനിക്ക് നീന്തൽ അറിയില്ലായിരുന്നു. എനിക്ക് കൂട്ടായി അങ്കിൾ എന്റെകൂടെ സ്നാനക്കുളത്തിലേക്ക് വന്നു. ഒരു കുഴപ്പവും പറ്റില്ല എന്നു പറഞ്ഞ് അങ്കിൾ എന്നെ ആശ്വസിപ്പിച്ചു. ഞാൻ പേടിച്ചതുപോലെ ഒന്നും നടന്നില്ല. എല്ലാം പെട്ടെന്നു കഴിഞ്ഞു. സത്യം പറഞ്ഞാൽ, എന്റെ കാൽ കുളത്തിന്റെ അടിയിൽ തൊട്ടതുപോലുമില്ല. ഒരു സഹോദരൻ എന്നെ സ്നാനപ്പെടുത്തി. ആ സഹോദരൻ വേറൊരു സഹോദരന്റെ കൈയിൽ എന്നെ കൊടുത്തു. അദ്ദേഹം എന്നെ കരയ്ക്ക് എത്തിച്ചു. സുപ്രധാനമായ ആ ദിവസംമുതൽ ഇന്നുവരെ യഹോവ എന്റെ വഴികൾ നേരെയാക്കിയിരിക്കുന്നു.
യഹോവയിൽ ആശ്രയിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു
സ്കൂൾപഠനത്തിനു ശേഷം എനിക്ക് മുൻനിരസേവനം ചെയ്യാനായിരുന്നു ആഗ്രഹം. പക്ഷേ, ഉന്നതവിദ്യാഭ്യാസത്തിനു പോകാൻ അധ്യാപകർ എന്നെ പ്രോത്സാഹിപ്പിച്ചു. അവരുടെ സമ്മർദത്തിനു വഴങ്ങി ഞാൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു. പക്ഷേ പഠനത്തിൽ പൂർണശ്രദ്ധ കൊടുത്താൽ എനിക്കു സത്യത്തിൽ ഉറച്ചുനിൽക്കാൻ കഴിയില്ലെന്ന് പെട്ടെന്നുതന്നെ മനസ്സിലായി. അതുകൊണ്ട് ഞാൻ പഠനം നിറുത്താൻ തീരുമാനിച്ചു. ഞാൻ ഈ വിഷയത്തെക്കുറിച്ച് യഹോവയോടു പ്രാർഥിച്ചു. ഒന്നാം വർഷത്തിന്റെ അവസാനം ഞാൻ പഠനം നിറുത്തുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കത്തു കൊടുത്തു. യഹോവയിൽ പൂർണവിശ്വാസം അർപ്പിച്ചുകൊണ്ട് ഞാൻ ഉടനെതന്നെ മുൻനിരസേവനം തുടങ്ങി.
എനിക്ക് കൂടെ പ്രവർത്തിക്കാൻ കഴിയുന്ന അനുഭവപരിചയമുള്ള ഒരു മുൻനിരസേവകന്റെ പേര് നിർദേശിക്കാമോ എന്ന് ഞാൻ ലണ്ടൻ ബഥേലിലെ സഹോദരങ്ങളോട് ചോദിച്ചു. അവർ ബെർട്ട് വെയ്സി സഹോദരന്റെ പേര് നിർദേശിച്ചു. അങ്ങനെ 1957 ജൂലൈയിൽ വെല്ലിങ്ബോറോ പട്ടണത്തിൽ ഞാൻ മുഴുസമയസേവനം ആരംഭിച്ചു. ബെർട്ട് വെയ്സി സഹോദരൻ എനിക്ക് ഒരു വഴികാട്ടിയെപ്പോലെയായി. സന്തോഷവാർത്ത അറിയിക്കുന്നതിൽ നല്ല തീക്ഷ്ണതയുണ്ടായിരുന്ന ആ സഹോദരൻ പ്രസംഗപ്രവർത്തനത്തിന് നല്ല ഒരു പട്ടികയുണ്ടാക്കാൻ എന്നെ സഹായിച്ചു. ആ സഭയിൽ പ്രായമുള്ള ആറു സഹോദരിമാരും വെയ്സി സഹോദരനും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ മീറ്റിങ്ങുകൾക്കും തയ്യാറായതും പങ്കുപറ്റിയതും യഹോവയിലുള്ള ആശ്രയം ശക്തമാക്കാനും എന്റെ വിശ്വാസം തുറന്നുപ്രകടിപ്പിക്കാനും എനിക്ക് അവസരം നൽകി.
സൈനികസേവനത്തിൽ ചേരാത്തതിന്റെ പേരിൽ കുറച്ചുനാൾ ഞാൻ തടവിൽ കഴിഞ്ഞു. അതു കഴിഞ്ഞ് ബാർബറ എന്ന പ്രത്യേക മുൻനിരസേവികയെ ഞാൻ പരിചയപ്പെട്ടു. 1959-ൽ ഞങ്ങൾ വിവാഹിതരായി. എവിടെ നിയമനം കിട്ടിയാലും പോകാൻ ഞങ്ങൾ തയ്യാറായിരുന്നു. ആദ്യം ഞങ്ങൾക്ക് നിയമനം കിട്ടിയത് ഇംഗ്ലണ്ടിന്റെ വടക്കുപടിഞ്ഞാറുള്ള ലാങ്ക്ഷയറിലായിരുന്നു. പിന്നെ, 1961 ജനുവരിയിൽ ലണ്ടൻ ബഥേലിൽവെച്ച് നടന്ന ഒരു മാസത്തെ രാജ്യശുശ്രൂഷാസ്കൂളിലേക്കുള്ള ക്ഷണം എനിക്ക് കിട്ടി. എന്നെ അതിശയിപ്പിച്ചുകൊണ്ട് ആ കോഴ്സിന്റെ അവസാനം സഞ്ചാരവേലയിലേക്ക് എന്നെ നിയമിച്ചു. ബർമിങ്ഹാമിലെ അനുഭവപരിചയമുള്ള ഒരു സഞ്ചാരമേൽവിചാരകനിൽനിന്നും എനിക്ക് രണ്ടാഴ്ചത്തെ പരിശീലനം കിട്ടി. ബാർബറയ്ക്കും എന്റെകൂടെ പോരാൻ പറ്റി. പിന്നീട് ഞങ്ങൾ ഞങ്ങളുടെ നിയമിതപ്രദേശങ്ങളിലേക്ക് തിരിച്ചുപോയി. ലാങ്ക്ഷയറും ചെഷയറും ആയിരുന്നു ആ പ്രദേശങ്ങൾ.
യഹോവയിൽ ആശ്രയിച്ചത് വെറുതെയായില്ല
1962 ഓഗസ്റ്റിൽ ഞങ്ങൾ അവധിയിലായിരുന്ന സമയത്ത് ബ്രാഞ്ചോഫീസിൽനിന്നും ഞങ്ങൾക്ക് ഒരു കത്ത് കിട്ടി. അതിൽ ഗിലെയാദ് സ്കൂളിലേക്കുള്ള അപേക്ഷാഫോമും ഉണ്ടായിരുന്നു. ഈ വിഷയത്തെക്കുറിച്ച് ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു. പിന്നീട് ഞാനും ബാർബറയും കൂടെ ആ അപേക്ഷാഫോം പൂരിപ്പിച്ച് ബ്രാഞ്ച് ആവശ്യപ്പെട്ടതുപോലെ പെട്ടെന്നുതന്നെ തിരിച്ച് അയച്ചു. അഞ്ചു മാസത്തിനു ശേഷം ഞങ്ങൾ ഗിലെയാദിന്റെ 38-ാമത്തെ ക്ലാസിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെ ബ്രൂക്ലിനിലേക്ക് പോയി. പത്തു മാസത്തെ ഒരു ബൈബിൾ വിദ്യാഭ്യാസപരിപാടിയായിരുന്നു അത്.
ഗിലെയാദിൽ ഞങ്ങൾ ദൈവവചനത്തെയും സംഘടനയെയും കുറിച്ച് മാത്രമല്ല പഠിച്ചത്, ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങൾ യഹോവയെ എങ്ങനെയാണു സേവിക്കുന്നതെന്നും മനസ്സിലാക്കാനായി. എനിക്ക് അന്ന് 24-ഉം ബാർബറയ്ക്ക് 23-ഉം ആയിരുന്നു പ്രായം. മറ്റു വിദ്യാർഥികളിൽനിന്ന് ഞങ്ങൾക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഞങ്ങളുടെ ഒരു അധ്യാപകനായ ഫ്രെഡ് റസ്ക് സഹോദരന്റെകൂടെ എല്ലാ ദിവസവും ബഥേലിൽ ഒരു നിയമനം ചെയ്യാൻ എനിക്ക് അവസരം കിട്ടി. ഉചിതമായ രീതിയിൽ, അതായത് തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ ബുദ്ധിയുപദേശം കൊടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തിൽനിന്ന് പഠിച്ചു. നേഥൻ നോർ, ഫ്രഡെറിക് ഫ്രാൻസ്, കാൾ ക്ലൈൻ തുടങ്ങിയ അനുഭവസമ്പന്നരായ സഹോദരങ്ങൾ കോഴ്സിനിടെ പ്രസംഗങ്ങൾ നടത്തി. താഴ്മയുടെ കാര്യത്തിൽ നല്ല മാതൃകയായിരുന്ന എ. എച്ച്. മാക്മില്ലൻ സഹോദരനിൽനിന്നും വിദ്യാർഥികൾ ധാരാളം കാര്യങ്ങൾ പഠിച്ചു. 1914 മുതൽ 1919-ന്റെ തുടക്കംവരെയുള്ള പരിശോധനാകാലഘട്ടത്തിൽ യഹോവ എങ്ങനെയാണ് തന്റെ ജനത്തെ വഴിനടത്തിയതെന്ന് അദ്ദേഹം വിവരിച്ചു.
പുതിയൊരു നിയമനം
എന്നെയും ബാർബറയെയും ഗിലെയാദ് ക്ലാസ് തീരാറായപ്പോൾ ആഫ്രിക്കയിലെ ബുറുണ്ടിയിലേക്കായിരിക്കും നിയമിക്കുക എന്ന് നോർ സഹോദരൻ പറഞ്ഞു. ഞങ്ങൾ നേരെ പോയത് ബഥേലിലെ ലൈബ്രറിയിലേക്കാണ്. ബുറുണ്ടിയിൽ അപ്പോൾ എത്ര പ്രചാരകരുണ്ട് എന്ന് അറിയാൻ ഞങ്ങൾ വാർഷികപുസ്തകം നോക്കി. ആ രാജ്യത്ത് ഒറ്റ പ്രചാരകർ പോലുമില്ല എന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. ഞങ്ങൾക്ക് ഒരു പരിചയവുമില്ലാത്ത ഒരു ഭൂഖണ്ഡത്തിലെ, രാജ്യവിത്ത് ഇതേവരെ വിതച്ചിട്ടില്ലാത്ത ഒരു പ്രദേശത്തേക്കായിരുന്നു ഞങ്ങൾക്ക് പോകേണ്ടത്. ഞങ്ങൾക്ക് വല്ലാത്ത ടെൻഷൻ തോന്നി. പ്രാർഥനയാണ് മനസ്സിനെ ശാന്തമാക്കാൻ ഞങ്ങളെ സഹായിച്ചത്.
ഞങ്ങളുടെ പുതിയ നിയമനസ്ഥലത്ത് കാര്യങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. കാലാവസ്ഥ, സംസ്കാരം, ഭാഷ അങ്ങനെയെല്ലാം. ഞങ്ങൾ ഫ്രഞ്ച് ഭാഷ പഠിക്കണമായിരുന്നു. പറ്റിയ ഒരു താമസസ്ഥലം കണ്ടുപിടിക്കുന്നതും പ്രശ്നമായിരുന്നു. ഞങ്ങൾ ബുറുണ്ടിയിലെത്തി രണ്ടു ദിവസം കഴിഞ്ഞ് ഗിലെയാദിൽ ഞങ്ങളുടെ സഹപാഠിയായിരുന്ന ഹാരി അർനോൾഡ് സഹോദരൻ ഞങ്ങളെ വന്ന് കണ്ടു. തന്റെ നിയമനസ്ഥലമായ സാംബിയയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അദ്ദേഹം. ഒരു വീട് കണ്ടുപിടിക്കാൻ ഹാരി ഞങ്ങളെ സഹായിച്ചു. അതായി ഞങ്ങളുടെ ആദ്യത്തെ മിഷനറിഭവനം. പക്ഷേ പെട്ടെന്നുതന്നെ യഹോവയുടെ സാക്ഷികളെക്കുറിച്ച് യാതൊന്നും അറിയാത്ത ഗവൺമെന്റ് അധികാരികൾ ഞങ്ങളുടെ പ്രവർത്തനത്തെ എതിർക്കാൻ തുടങ്ങി. പ്രവർത്തനാനുമതി ഇല്ലാതെ ഞങ്ങൾക്ക് അവിടെ തുടരാൻ കഴിയില്ലെന്ന് അധികാരികൾ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് ആകെ സങ്കടമായി. കാരണം ഞങ്ങൾ അവിടത്തെ സേവനം ഒന്ന് ആസ്വദിച്ച് വരികയായിരുന്നു. പക്ഷേ, ഇപ്പോൾ ഞങ്ങൾക്ക് അവിടം വിട്ട് മറ്റൊരു രാജ്യത്തേക്ക് പോകേണ്ടിവന്നു, യുഗാണ്ടയിലേക്ക്.
ഒരു വിസയില്ലാതെ യുഗാണ്ടയിലേക്കു പോകാൻ ഞങ്ങൾക്ക് വളരെ ടെൻഷനായിരുന്നു. എങ്കിലും ഞങ്ങൾ യഹോവയിൽ ആശ്രയിച്ചു. യുഗാണ്ടയിലെ ആവശ്യം അധികമുള്ള ഒരു സ്ഥലത്ത് സേവിച്ചിരുന്ന കാനഡയിൽനിന്നുള്ള ഒരു സഹോദരൻ ആ സമയത്ത് ഞങ്ങളെ സഹായിച്ചു. ഇമിഗ്രേഷൻ ഓഫീസറിനോട് ഞങ്ങളുടെ സാഹചര്യം വിശദീകരിക്കാൻ അദ്ദേഹത്തിനായി. ഏതാനും മാസത്തേക്ക് അവിടെ താമസിക്കാൻ ആ ഓഫീസർ അനുവദിച്ചു. ആ സമയംകൊണ്ട് ആ രാജ്യത്ത് താമസിക്കാനുള്ള നിയമപരമായ അനുമതി ഞങ്ങൾ നേടണമായിരുന്നു. ഈ സംഭവം യഹോവ ഞങ്ങളുടെകൂടെയുണ്ടെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി.
ബുറുണ്ടിപോലെയല്ലായിരുന്നു യുഗാണ്ട. അവിടെ പ്രസംഗപ്രവർത്തനം അപ്പോൾത്തന്നെ നടക്കുന്നുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് രാജ്യത്ത് എല്ലായിടത്തുംകൂടെ 28 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലീഷ് സംസാരിക്കുന്ന ധാരാളം പേരെ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു. എന്നാൽ താത്പര്യം കാണിക്കുന്നവരെ പുരോഗമിക്കാൻ സഹായിക്കണമെങ്കിൽ ഒരു പ്രാദേശികഭാഷയെങ്കിലും പഠിക്കണമെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ പ്രവർത്തിച്ചിരുന്ന കംപാലയിൽ കൂടുതൽ ആളുകളും സംസാരിച്ചിരുന്നത് ലുഗാണ്ട ഭാഷയായിരുന്നു. അതുകൊണ്ട്, ആ ഭാഷ പഠിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഭാഷ വശത്താക്കാൻ വർഷങ്ങളെടുത്തു. എങ്കിലും ശുശ്രൂഷ ഫലപ്രദമായി ചെയ്യാൻ അത് ഒത്തിരി സഹായിച്ചു. ബൈബിൾവിദ്യാർഥികളുടെ ആവശ്യങ്ങൾ മനസിലാക്കി അവരെ ആത്മീയമായി സഹായിക്കാൻ അങ്ങനെ ഞങ്ങൾക്ക് കഴിഞ്ഞു. അപ്പോൾ അവർ ഞങ്ങളോടും അവരുടെ ഉള്ളു തുറക്കാൻ തുടങ്ങി. പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് എന്താണു തോന്നുന്നതെന്നും അവർ തുറന്നുപറഞ്ഞു.
മറ്റൊരു നിയമനം
യുഗാണ്ടയിലൂടെയുള്ള ഞങ്ങളുടെ യാത്രകൾക്കിടെ
സത്യത്തോട് അനുകൂലമായി പ്രതികരിക്കുന്ന താഴ്മയുള്ള ആളുകളെ കണ്ടെത്തുന്നതിന്റെ സന്തോഷത്തോടൊപ്പം മറ്റൊരു സന്തോഷവുംകൂടെ ഞങ്ങളെ തേടിയെത്തി. അത് സഞ്ചാരവേലയായിരുന്നു. രാജ്യം മുഴുവൻ ഞങ്ങളുടെ പ്രദേശമായിരുന്നു. കെനിയ ബ്രാഞ്ചിന്റെ നിർദേശമനുസരിച്ച് പ്രത്യേക മുൻനിരസേവകരുടെ ആവശ്യം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങൾ അന്വേഷിച്ചുകൊണ്ട് ഞങ്ങൾ യുഗാണ്ട മുഴുവൻ സഞ്ചരിച്ചു. സാക്ഷികളെ മുമ്പ് പരിചയമില്ലാത്ത പലരും ഞങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്തു. ചിലർ ഭക്ഷണം ഉണ്ടാക്കി തരുകപോലും ചെയ്തു. ഞങ്ങളെ അതിശയിപ്പിച്ച ചില അനുഭവങ്ങളായിരുന്നു അതൊക്കെ.
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപായ സെയ്ഷെൽസിലേക്കുള്ള യാത്രയായിരുന്നു അടുത്തത്. കംപാലയിൽനിന്ന് കെനിയൻ തുറമുഖമായ മുമ്പാസെയിലേക്ക് രണ്ടു ദിവസം ട്രെയിൻ യാത്ര, അവിടെനിന്ന് കപ്പലിൽ സെയ്ഷെൽസിലേക്ക്. പിന്നീട് 1965 മുതൽ 1972 വരെ സെയ്ഷെൽസിലെ സർക്കിട്ട് സന്ദർശനങ്ങളിൽ ബാർബറയ്ക്കും എന്നോടൊപ്പം പോരാൻ കഴിഞ്ഞു. രണ്ടു പ്രചാരകർ മാത്രമുണ്ടായിരുന്ന ആ പ്രദേശത്ത് ഒരു ഗ്രൂപ്പുണ്ടായി, അതു പിന്നീട് ഒരു സഭയായി വളർന്നു. എന്റെ നിയമനത്തിന്റെ ഭാഗമായി ഞാൻ എറിട്രിയ, ഇത്യോപ്യ, സുഡാൻ എന്നീ രാജ്യങ്ങളിലേക്കും യാത്ര ചെയ്തു. അവിടത്തെ സഹോദരങ്ങളെയും കണ്ടു.
ഒരു സൈനിക അട്ടിമറിയെത്തുടർന്ന് യുഗാണ്ടയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ പെട്ടെന്ന് മാറിമറിഞ്ഞു. പിന്നീടുള്ള വർഷങ്ങൾ ഭീതിയുടെ കാലങ്ങളായിരുന്നു. ‘സീസർക്കുള്ളതു സീസർക്കു കൊടുക്കുക’ എന്ന ബൈബിളിന്റെ ഉപദേശം അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനം ആ സമയത്ത് ഞാൻ ശരിക്കും മനസ്സിലാക്കി. (മർക്കോ. 12:17) ഒരു സമയത്ത് യുഗാണ്ടയിലുള്ള വിദേശികളെല്ലാം തങ്ങൾ താമസിക്കുന്നതിന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഒരു നിയമം വന്നു. ഒട്ടും വൈകിക്കാതെ ഞങ്ങൾ അത് അനുസരിച്ചു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഞാനും ഒരു മിഷനറിയും കംപാലയിലൂടെ വണ്ടി ഓടിച്ച് പോകുമ്പോൾ രഹസ്യപ്പോലീസ് ഞങ്ങളെ സമീപിച്ചു. ഞങ്ങളുടെ ഹൃദയം പടപടാന്ന് ഇടിക്കാൻ തുടങ്ങി. ചാരന്മാരാണെന്ന് ആരോപിച്ച് അവർ ഞങ്ങളെ പ്രധാന പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞങ്ങൾ സമാധാനപരമായി മിഷനറിവേല ചെയ്യുന്നവരാണെന്ന് അവരോടു പറഞ്ഞു. ഞങ്ങൾ നേരത്തേതന്നെ പോലീസ് സ്റ്റേഷനിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അവർ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ഞങ്ങളെ അറസ്റ്റ് ചെയ്ത് മിഷനറിഭവനത്തിന് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഓഫീസർക്ക് ഞങ്ങൾ പേര് രജിസ്റ്റർ ചെയ്തതാണെന്ന് അറിയാമായിരുന്നു. ഞങ്ങളെ കൂട്ടിക്കൊണ്ടുചെന്ന പോലീസ് ഉദ്യോഗസ്ഥനോട് ഞങ്ങളെ വിട്ടയയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോൾ ഞങ്ങൾക്ക് വലിയ ആശ്വാസമായി.
അക്കാലത്ത് പട്ടാളക്കാർ വഴി തടഞ്ഞ് കൂടെക്കൂടെ പരിശോധന നടത്തുമായിരുന്നു. ആ സമയത്തൊക്കെ വലിയ പേടി തോന്നുമായിരുന്നു. പ്രത്യേകിച്ചും, പട്ടാളക്കാർ മദ്യപിച്ചാണ് നിൽക്കുന്നതെങ്കിൽ. ഓരോ തവണയും ഞങ്ങൾ പ്രാർഥിക്കും. അവർ ഞങ്ങളെ കടത്തിവിടുമ്പോൾ എന്ത് ആശ്വാസമാണ് തോന്നിയിരുന്നത് എന്നോ! പക്ഷേ ഞങ്ങളെ സങ്കടപ്പെടുത്തിക്കൊണ്ട് യുഗാണ്ടയിലുള്ള എല്ലാ വിദേശമിഷനറിമാരും അവിടംവിട്ട് പോകണമെന്ന് 1973-ൽ നിയമം വന്നു.
അബിജാനിലെ കോറ്റ്-ഡീ ഐവോർ ബ്രാഞ്ചിൽ നമ്മുടെ രാജ്യ ശുശ്രൂഷയുടെ പകർപ്പ് ഉണ്ടാക്കുന്നു
അങ്ങനെ ഞങ്ങൾക്ക് പുതിയ സ്ഥലത്തേക്ക് നിയമനം കിട്ടി. പശ്ചിമ ആഫ്രിക്കയിലെ കോറ്റ്-ഡീ ഐവോറിലേക്ക്. പുതിയൊരു സംസ്കാരം, ഫ്രഞ്ച് ഭാഷയിലേക്ക് ഒരു മടക്കയാത്ര, പല നാടുകളിൽനിന്നുള്ള മിഷനറിമാരോടൊത്തുള്ള ജീവിതം, ഇതെല്ലാമാണ് ഞങ്ങളെ അവിടെ കാത്തിരുന്നത്. പക്ഷേ അവിടെയുള്ള ആത്മാർഥഹൃദയരായ താഴ്മയുള്ള ആളുകൾ സന്തോഷവാർത്തയോട് പെട്ടെന്നു പ്രതികരിക്കുന്നത് കണ്ടപ്പോൾ ശരിക്കും യഹോവ ഞങ്ങളെ വഴി നയിക്കുകയായിരുന്നു എന്ന് ഞങ്ങൾക്കു മനസ്സിലായി. യഹോവ ഒരിക്കൽക്കൂടി ഞങ്ങളുടെ വഴികൾ നേരെയാക്കി.
അങ്ങനെയിരിക്കെ ബാർബറയ്ക്ക് ക്യാൻസറാണെന്ന് കണ്ടെത്തി. വിദഗ്ധചികിത്സയ്ക്കായി ഞങ്ങൾ പല തവണ യൂറോപ്പിൽ പോയി. എങ്കിലും 1983 ആയപ്പോഴേക്കും ആഫ്രിക്കയിലെ ഞങ്ങളുടെ നിയമനത്തിൽ തുടരാനാകില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾക്ക് രണ്ടു പേർക്കും വല്ലാത്ത നിരാശ തോന്നി.
സാഹചര്യങ്ങളിൽ വന്ന മാറ്റം
ലണ്ടൻ ബ്രാഞ്ചിൽ സേവിച്ചുകൊണ്ടിരിക്കെ ബാർബറയുടെ രോഗം മൂർച്ഛിച്ചു. വൈകാതെ, അവൾ മരണമടഞ്ഞു. ആ സമയത്തെല്ലാം ബഥേൽകുടുംബം വലിയൊരു പിന്തുണയായിരുന്നു. ആ സാഹചര്യവുമായി പൊരുത്തപ്പെടാനും തുടർന്നും യഹോവയിൽ ആശ്രയിക്കാനും പ്രത്യേകിച്ചും ഒരു ദമ്പതികൾ എന്നെ വളരെയധികം സഹായിച്ചു. പിന്നീട് ബഥേലിൽ കമ്മ്യൂട്ടറായി സേവിക്കുന്ന (പോയിവന്ന് സേവിക്കുന്നയാൾ) ആൻ എന്ന സഹോദരിയെ ഞാൻ പരിചയപ്പെട്ടു. മുമ്പ് സഹോദരി ഒരു പ്രത്യേക മുൻനിരസേവികയായിരുന്നു. യഹോവയോടു സ്നേഹമുണ്ടായിരുന്ന ഒരു ആത്മീയവ്യക്തിയായിരുന്നു അവൾ. 1989-ൽ ഞങ്ങൾ വിവാഹിതരായി. അന്നുമുതൽ ഞങ്ങൾ ഒരുമിച്ച് ബഥേലിൽ സേവിക്കുന്നു.
ആനും ഞാനും ബ്രിട്ടനിലെ പുതിയ ബഥേൽ കെട്ടിടം പണിയുന്ന സ്ഥലത്ത്
1995 മുതൽ 2018 വരെ ഒരു ലോകാസ്ഥാന പ്രതിനിധിയായി (മുമ്പ് മേഖലാ മേൽവിചാരകൻ എന്ന് അറിയപ്പെട്ടിരുന്നു) സേവിക്കാൻ എനിക്ക് കഴിഞ്ഞു, 60 വ്യത്യസ്തരാജ്യങ്ങൾ സന്ദർശിച്ചു. ഓരോ സ്ഥലത്തും വ്യത്യസ്ത സാഹചര്യങ്ങളിലുള്ള തന്റെ ദാസരെ യഹോവ സഹായിക്കുന്നത് എനിക്ക് കണ്ടറിയാൻ കഴിഞ്ഞു.
ഞാൻ നേരത്തേ സേവിച്ചിരുന്ന ആഫ്രിക്കയിലേക്ക് ഒരു ലോകാസ്ഥാനപ്രതിനിധിയായി 2017-ൽ ഞാൻ പോയി. ബുറുണ്ടിയിലെ സഹോദരങ്ങൾക്ക് ആനിനെ പരിചയപ്പെടുത്തിക്കൊടുക്കാൻ എനിക്ക് കഴിഞ്ഞു. അവിടെ പുതുതായി സത്യം പഠിച്ചവരുടെ എണ്ണം കണ്ട് ഞങ്ങൾക്ക് വളരെ സന്തോഷമായി. 1964-ൽ ഞങ്ങൾ വീടുതോറുമുള്ള സാക്ഷീകരണം നടത്തിയ ഒരു പ്രദേശത്ത് ഇപ്പോൾ ഒരു ബഥേൽഭവനമുണ്ട്. ഇന്ന് ആ രാജ്യത്ത് 15,500-ലധികം പ്രചാരകരുമുണ്ട്.
2018-ൽ ഞാൻ സന്ദർശിക്കേണ്ട രാജ്യങ്ങളുടെ ലിസ്റ്റ് കിട്ടിയപ്പോൾ എനിക്ക് വളരെ സന്തോഷമായി. കാരണം ആ കൂട്ടത്തിൽ കോറ്റ്-ഡീ ഐവോറും ഉണ്ടായിരുന്നു. തലസ്ഥാനനഗരമായ അബിജാനിൽ എത്തിയപ്പോൾ ആ പഴയ കാലത്തിലേക്ക് ഞാൻ തിരിച്ചുപോയി. അവിടത്തെ ബഥേലിൽ ഞങ്ങൾക്ക് കിട്ടിയ മുറിയുടെ അടുത്ത് താമസിക്കുന്നത് ആരാണെന്ന് അറിയാൻ ഞാൻ ടെലിഫോൺ ലിസ്റ്റ് എടുത്തുനോക്കി. സോസു എന്നൊരു സഹോദരൻ ആയിരുന്നു അത്. പണ്ട് ഞാൻ അബിജാനിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹമാണല്ലോ നഗരമേൽവിചാരകനായി സേവിച്ചിരുന്നത് എന്ന് ഞാൻ ഓർത്തു. പക്ഷേ ആ മുറിയിൽ ഉണ്ടായിരുന്നത് അദ്ദേഹമല്ലായിരുന്നു, അദ്ദേഹത്തിന്റെ മകനായിരുന്നു.
യഹോവ തന്റെ വാക്ക് പാലിച്ചിരിക്കുന്നു. എന്റെ ജീവിതത്തിലുണ്ടായ പലപല കഷ്ടതകളിൽനിന്ന് എനിക്ക് ഒരു കാര്യം ഉറപ്പിച്ച് പറയാനാകും: നമ്മൾ യഹോവയിൽ ആശ്രയിച്ചാൽ യഹോവ നമ്മുടെ വഴികളെ നേരെയാക്കും. പുതിയ ലോകത്തിലെ ഒരിക്കലും അവസാനിക്കാത്ത കൂടുതൽ ശോഭയുള്ള വഴിയിലൂടെ സഞ്ചരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.—സുഭാ. 4:18.