പഠനലേഖനം 32
ഗീതം 44 എളിയവന്റെ പ്രാർഥന
എല്ലാവരും മാനസാന്തരപ്പെടാൻ യഹോവ ആഗ്രഹിക്കുന്നു
‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ യഹോവ ആഗ്രഹിക്കുന്നു.’—2 പത്രോ. 3:9.
ഉദ്ദേശ്യം
എന്താണു മാനസാന്തരമെന്നും മാനസാന്തരപ്പെടേണ്ടത് എന്തുകൊണ്ടെന്നും മാനസാന്തരപ്പെടാൻ യഹോവ ആളുകളെ സഹായിച്ചത് എങ്ങനെയെന്നും ഈ ലേഖനത്തിൽ പഠിക്കും.
1. മാനസാന്തരപ്പെടുന്നതിൽ എന്താണ് ഉൾപ്പെടുന്നത്?
നമ്മൾ ഒരു തെറ്റു ചെയ്താൽ മാനസാന്തരപ്പെടേണ്ടത് അഥവാ പശ്ചാത്തപിക്കേണ്ടതു പ്രധാനമാണ്. തെറ്റു ചെയ്ത ഒരു വ്യക്തി തെറ്റിനെക്കുറിച്ചുള്ള തന്റെ മനോഭാവത്തിനു മാറ്റം വരുത്തുന്നതും ആ തെറ്റ് ആവർത്തിക്കാതിരിക്കുന്നതും ഇനി ഒരിക്കലും അങ്ങനെ ഒരു തെറ്റു ചെയ്യില്ലെന്ന് ഉറച്ച തീരുമാനമെടുക്കുന്നതും ആണ് അതിൽ ഉൾപ്പെടുന്നത്.—ബൈബിൾ പദാവലിയിൽ “പശ്ചാത്താപം” കാണുക.
2. നമ്മളെല്ലാം മാനസാന്തരത്തെക്കുറിച്ച് പഠിക്കേണ്ടത് എന്തുകൊണ്ട്? (നെഹമ്യ 8:9-11)
2 നമ്മളെല്ലാം മാനസാന്തരത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. കാരണം നമ്മൾ ദിവസവും പാപം ചെയ്യുന്നു. ആദാമിന്റെയും ഹവ്വയുടെയും മക്കളായ നമുക്കു പാപവും മരണവും കൈമാറിക്കിട്ടിയിരിക്കുന്നു. (റോമ. 3:23; 5:12) നമ്മൾ ആരും അതിൽനിന്ന് ഒഴിവുള്ളവരല്ല. നല്ല വിശ്വാസമുണ്ടായിരുന്ന അപ്പോസ്തലനായ പൗലോസിനുപോലും പാപത്തിന് എതിരെ പോരാടേണ്ടതുണ്ടായിരുന്നു. (റോമ. 7:21-24) അതിന്റെ അർഥം നമ്മുടെ പാപത്തെക്കുറിച്ച് ഓർത്ത് നമ്മൾ എപ്പോഴും വിഷമിച്ചിരിക്കണം എന്നാണോ? അല്ല. യഹോവ കരുണയുള്ള ദൈവമാണ്. നമ്മളെല്ലാം സന്തോഷത്തോടെയിരിക്കണമെന്നാണ് യഹോവയുടെ ആഗ്രഹം. നെഹമ്യയുടെ കാലത്തെ ജൂതന്മാരെക്കുറിച്ച് ചിന്തിക്കുക. (നെഹമ്യ 8:9-11 വായിക്കുക.) ചെയ്ത തെറ്റുകളെക്കുറിച്ച് ഓർത്ത് സങ്കടപ്പെട്ടിരിക്കുന്നതിനു പകരം, തന്നെ അവർ സന്തോഷത്തോടെ ആരാധിക്കാനാണ് യഹോവ ആഗ്രഹിച്ചത്. മാനസാന്തരപ്പെടുകയാണെങ്കിൽ നമുക്കു സന്തോഷം ലഭിക്കുമെന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ടാണ് യഹോവ മാനസാന്തരത്തെക്കുറിച്ച് നമ്മളെ പഠിപ്പിക്കുന്നത്. നമ്മൾ മാനസാന്തരപ്പെടുന്നെങ്കിൽ കരുണയുള്ള പിതാവ് നമ്മളോടു ക്ഷമിക്കുമെന്ന് ഉറപ്പാണ്.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 ഈ ലേഖനത്തിൽ നമ്മൾ മാനസാന്തരത്തെക്കുറിച്ച് പ്രധാനമായും മൂന്നു കാര്യങ്ങളാണു പഠിക്കുന്നത്: (1) മാനസാന്തരത്തെക്കുറിച്ച് യഹോവ ഇസ്രായേല്യരെ എന്താണു പഠിപ്പിച്ചത്? (2) മാനസാന്തരപ്പെടാൻ യഹോവ എങ്ങനെയാണ് ആളുകളെ സഹായിക്കുന്നത്? (3) മാനസാന്തരത്തെക്കുറിച്ച് യേശു തന്റെ അനുഗാമികളെ എന്താണു പഠിപ്പിച്ചത്?
മാനസാന്തരത്തെക്കുറിച്ച് യഹോവ ഇസ്രായേല്യരെ എന്താണു പഠിപ്പിച്ചത്?
4. മാനസാന്തരത്തെക്കുറിച്ച് ഇസ്രായേൽ ജനതയെ യഹോവ എന്താണു പഠിപ്പിച്ചത്?
4 യഹോവ ഇസ്രായേല്യരെ തന്റെ ജനതയായി തിരഞ്ഞെടുത്തപ്പോൾ അവരുമായി ഒരു ഉടമ്പടി ചെയ്തു. യഹോവ കൊടുത്ത നിയമങ്ങൾ അവർ അനുസരിക്കുകയാണെങ്കിൽ യഹോവ അവരെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമായിരുന്നു. ആ നിയമങ്ങളുടെ കാര്യത്തിൽ ഇങ്ങനെ ഒരു ഉറപ്പും കൊടുത്തു: “ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ഈ കല്പന അത്ര ബുദ്ധിമുട്ടുള്ളതല്ല; അതു നിങ്ങളുടെ എത്തുപാടിന് അതീതവുമല്ല.” (ആവ. 30:11, 16) എന്നാൽ വേറെ ദൈവങ്ങളെ ആരാധിക്കുകയും മറ്റും ചെയ്തുകൊണ്ട് അവർ യഹോവയെ ധിക്കരിക്കുകയാണെങ്കിൽ യഹോവ തന്റെ സംരക്ഷണം പിൻവലിക്കുകയും അവർ കഷ്ടപ്പെടേണ്ടിവരുകയും ചെയ്യുമായിരുന്നു. അതിന്റെ അർഥം യഹോവ അവരെ പൂർണമായി ഉപേക്ഷിക്കുമായിരുന്നു എന്നല്ല. അവർക്കു ദൈവമായ ‘യഹോവയിലേക്കു തിരിയാനും ദൈവത്തിന്റെ വാക്കുകളെല്ലാം അനുസരിക്കാനും’ കഴിയുമായിരുന്നു. (ആവ. 30:1-3, 17-20) മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവർക്കു മാനസാന്തരപ്പെടാൻ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്താൽ യഹോവ അവരോട് അടുക്കുകയും അവരെ വീണ്ടും അനുഗ്രഹിക്കുകയും ചെയ്യും.
5. തന്റെ ജനതയെ ഉപേക്ഷിച്ചിട്ടില്ലെന്ന് യഹോവ എങ്ങനെയാണു തെളിയിച്ചത്? (2 രാജാക്കന്മാർ 17:13, 14)
5 ഇസ്രായേൽ ജനത യഹോവയോടു വീണ്ടുംവീണ്ടും ധിക്കാരം കാണിച്ചു. അവർ വിഗ്രഹങ്ങളെ ആരാധിക്കുക മാത്രമല്ല, മോശമായ മറ്റു പല കാര്യങ്ങളും ചെയ്തു. അതിന്റെ ഫലമായി അവർക്കു ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നു. എന്നാൽ അവർ വഴിതെറ്റിപ്പോയിട്ടും യഹോവ അവരെ ഉപേക്ഷിച്ചില്ല. മാനസാന്തരപ്പെട്ട് തിരിഞ്ഞുവരാൻ അവരെ സഹായിക്കുന്നതിന് യഹോവ വീണ്ടുംവീണ്ടും പ്രവാചകന്മാരെ അവരുടെ അടുത്തേക്ക് അയച്ചു.—2 രാജാക്കന്മാർ 17:13, 14 വായിക്കുക.
6. മാനസാന്തരപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്റെ ജനത്തെ പഠിപ്പിക്കാൻ യഹോവ പ്രവാചകന്മാരെ എങ്ങനെയാണ് ഉപയോഗിച്ചത്? (ചിത്രവും കാണുക.)
6 തന്നോട് അനുസരണക്കേടു കാണിച്ച ആ ജനതയ്ക്ക് മുന്നറിയിപ്പു നൽകാനും അവരെ തിരുത്താനും യഹോവ വീണ്ടുംവീണ്ടും പ്രവാചകന്മാരെ ഉപയോഗിച്ചതിന്റെ ചില ഉദാഹരണങ്ങൾ നോക്കുക. ഇസ്രായേൽ ജനതയോട് ഇങ്ങനെ പറയാൻ യഹോവ യിരെമ്യയോടു പറഞ്ഞു: “വിശ്വാസവഞ്ചന കാണിച്ച ഇസ്രായേലേ, മടങ്ങിവരൂ. . . . ഞാൻ വിശ്വസ്തനാണല്ലോ. അതുകൊണ്ട് കോപത്തോടെ നിന്നെ നോക്കില്ല. . . . ഞാൻ എന്നെന്നും കോപം വെച്ചുകൊണ്ടിരിക്കില്ല. നീ നിന്റെ കുറ്റം സമ്മതിച്ചാൽ മാത്രം മതി; കാരണം, നീ നിന്റെ ദൈവമായ യഹോവയെ ധിക്കരിച്ചു.” (യിരെ. 3:12, 13) യോവേൽ പ്രവാചകനിലൂടെ യഹോവ പറഞ്ഞത് ഇതാണ്: “നിങ്ങൾ പൂർണഹൃദയത്തോടെ തിരികെ വരൂ.” (യോവേ. 2:12, 13) യഹോവ യശയ്യയിലൂടെ അവരോടു പറഞ്ഞു: “നിങ്ങളെത്തന്നെ . . . കഴുകി വെടിപ്പാക്കുക; എന്റെ മുന്നിൽനിന്ന് നിങ്ങളുടെ ദുഷ്ചെയ്തികൾ നീക്കിക്കളയുക; തിന്മ പ്രവർത്തിക്കുന്നതു മതിയാക്കുക.” (യശ. 1:16-19) യഹസ്കേലിലൂടെ യഹോവ തന്റെ ജനത്തോട് ഇങ്ങനെ ചോദിച്ചു: “‘ഒരു ദുഷ്ടൻ മരിക്കുമ്പോൾ ഞാൻ അൽപ്പമെങ്കിലും സന്തോഷിക്കുമെന്നു തോന്നുന്നുണ്ടോ?’ . . . അവൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിച്ചിരിക്കാനല്ലേ ഞാൻ ആഗ്രഹിക്കുന്നത്? . . . ആരുടെയും മരണത്തിൽ ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല. . . . അതുകൊണ്ട് പിന്തിരിയൂ! അങ്ങനെ, ജീവിച്ചിരിക്കൂ!” (യഹ. 18:23, 32) ആളുകൾ മാനസാന്തരപ്പെടുന്നതു കാണുമ്പോൾ യഹോവ സന്തോഷിക്കുന്നു. കാരണം അവർ എന്നും ജീവിച്ചിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ‘ആളുകൾ മാനസാന്തരപ്പെട്ട് വരട്ടെ, എന്നിട്ട് അവരെ സഹായിക്കാം’ എന്നു ചിന്തിച്ച് യഹോവ വെറുതേ കാത്തിരിക്കുകയല്ല. അതിന്റെ മറ്റു ചില ഉദാഹരണങ്ങൾ നമുക്കു നോക്കാം.
വഴിതെറ്റിപ്പോയ തന്റെ ജനത്തെ മാനസാന്തരത്തിലേക്കു നയിക്കാൻ യഹോവ കൂടെക്കൂടെ പ്രവാചകന്മാരെ ഉപയോഗിച്ചു (6-7 ഖണ്ഡികകൾ കാണുക)
7. ഹോശേയ പ്രവാചകന്റെയും ഭാര്യയുടെയും വിവരണത്തിലൂടെ യഹോവ എന്താണു തന്റെ ജനത്തെ പഠിപ്പിച്ചത്?
7 ഹോശേയ പ്രവാചകന്റെ ഭാര്യയായ ഗോമറിന്റെ ജീവിതത്തെ ഉദാഹരണമായി ഉപയോഗിച്ചുകൊണ്ട് യഹോവ തന്റെ ജനത്തെ എന്താണു പഠിപ്പിച്ചതെന്നു നോക്കുക. വ്യഭിചാരം ചെയ്ത അവൾ പിന്നീട് ഹോശേയയെ ഉപേക്ഷിച്ച് മറ്റു പുരുഷന്മാരുടെകൂടെ പോയി. യഹോവ അപ്പോൾ എന്തു ചെയ്തു? ഹൃദയങ്ങൾ അറിയുന്ന യഹോവ ഹോശേയയോടു പറഞ്ഞു: ‘ഇസ്രായേൽ ജനം അന്യദൈവങ്ങളിലേക്കു തിരിഞ്ഞപ്പോഴും യഹോവ അവരെ സ്നേഹിച്ചു. അതുപോലെ മറ്റൊരു പുരുഷനെ സ്നേഹിച്ച് വ്യഭിചാരം ചെയ്യുന്ന ആ സ്ത്രീയെ നീ ഒരിക്കൽക്കൂടി സ്നേഹിക്കുക.’ (ഹോശേ. 3:1; സുഭാ. 16:2) ഹോശേയയുടെ ഭാര്യ അപ്പോഴും ഗുരുതരമായ തെറ്റിൽ തുടരുകയായിരുന്നു. എന്നിട്ടും യഹോവ ഹോശേയയോട്, അവളെ സഹായിക്കാൻ മുൻകൈയെടുക്കാനും അവളോടു ക്ഷമിച്ച് അവളെ തിരികെ ഭാര്യയായി സ്വീകരിക്കാനും ആവശ്യപ്പെട്ടു.a ഇതിലൂടെ ധിക്കാരികളായ തന്റെ ജനത്തെ താൻ എങ്ങനെയാണു കാണുന്നതെന്ന് യഹോവ പഠിപ്പിക്കുകയായിരുന്നു. അവർ ഗുരുതരമായ തെറ്റുകൾ ചെയ്യുന്നുണ്ടായിരുന്നെങ്കിലും യഹോവ അപ്പോഴും അവരെ സ്നേഹിച്ചു. പശ്ചാത്തപിച്ച് തിരിഞ്ഞുവരാൻ അവരെ സഹായിക്കുന്നതിന് യഹോവ പല തവണ പ്രവാചകന്മാരെ അവരുടെ അടുത്തേക്ക് അയച്ചു. “ഹൃദയങ്ങളെ പരിശോധിക്കുന്ന” യഹോവ ഗുരുതരമായ തെറ്റു ചെയ്യുന്ന ഒരാളെ സഹായിക്കാനും മാനസാന്തരത്തിലേക്കു നയിക്കാനും ശ്രമിക്കുമെന്ന് ഈ ദൃഷ്ടാന്തം പഠിപ്പിക്കുന്നു. (സുഭാ. 17:3) യഹോവ എങ്ങനെയാണ് അതു ചെയ്യുന്നതെന്നു നമുക്കു വിശദമായി നോക്കാം.
മാനസാന്തരപ്പെടാൻ യഹോവ എങ്ങനെയാണ് ആളുകളെ സഹായിക്കുന്നത്?
8. കയീനെ മാനസാന്തരത്തിലേക്കു നയിക്കാൻ യഹോവ എന്തു ചെയ്തു? (ഉൽപത്തി 4:3-7) (ചിത്രവും കാണുക.)
8 ആദാമിന്റെയും ഹവ്വയുടെയും മൂത്ത മകനായിരുന്നു കയീൻ. തെറ്റു ചെയ്യാനുള്ള ചായ്വ് കയീനു മാതാപിതാക്കളിൽനിന്ന് കിട്ടി. കൂടാതെ, ബൈബിളിൽ കയീനെക്കുറിച്ച് പറയുന്നത് അയാളുടെ ‘പ്രവൃത്തികൾ ദുഷ്ടത നിറഞ്ഞതായിരുന്നു’ എന്നാണ്. (1 യോഹ. 3:12) അതുകൊണ്ടായിരിക്കാം യഹോവ ‘കയീനിലും കയീന്റെ യാഗത്തിലും പ്രസാദിക്കാതിരുന്നത്.’ തന്റെ സ്വഭാവത്തിനു മാറ്റം വരുത്തുന്നതിനു പകരം കയീൻ ‘വല്ലാതെ കോപിക്കുകയും കയീന്റെ മുഖം വാടുകയും ചെയ്തു.’ അപ്പോൾ യഹോവ എന്താണു ചെയ്തത്? യഹോവ കയീനോടു ദയയോടെ സംസാരിച്ചു. (ഉൽപത്തി 4:3-7 വായിക്കുക.) നല്ലതു ചെയ്താൽ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് യഹോവ പറഞ്ഞു. അതോടൊപ്പം കോപം വെച്ചുകൊണ്ടിരുന്നാൽ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു. എന്നാൽ കയീൻ ആ വാക്കുകൾ ശ്രദ്ധിക്കാൻ തയ്യാറായില്ല. മാനസാന്തരപ്പെടാനുള്ള സഹായം യഹോവ നൽകിയെങ്കിലും കയീൻ അതു തള്ളിക്കളഞ്ഞു. കയീൻ അങ്ങനെ ചെയ്തതുകൊണ്ട്, മാനസാന്തരപ്പെടാൻ ഇനി ആരെയും സഹായിക്കേണ്ടാ എന്ന് യഹോവ തീരുമാനിച്ചോ? ഒരിക്കലുമില്ല.
മാനസാന്തരത്തിലേക്കു വരാനും അങ്ങനെ യഹോവയുടെ അനുഗ്രഹം നേടാനും കയീനെ സഹായിക്കാൻ യഹോവ ശ്രമിച്ചു (8-ാം ഖണ്ഡിക കാണുക)
9. മാനസാന്തരപ്പെടാൻ യഹോവ ദാവീദിനെ എങ്ങനെയാണു സഹായിച്ചത്?
9 യഹോവ ദാവീദ് രാജാവിനെ വളരെയധികം സ്നേഹിച്ചു. “എന്റെ മനസ്സിന് ഇണങ്ങിയ ഒരാൾ” എന്നുപോലും യഹോവ ദാവീദിനെക്കുറിച്ച് പറഞ്ഞു. (പ്രവൃ. 13:22) എന്നാൽ ദാവീദ് വ്യഭിചാരവും കൊലപാതകവും പോലുള്ള ഗുരുതരമായ പല തെറ്റുകളും ചെയ്തു. മോശയിലൂടെ കൊടുത്ത നിയമമനുസരിച്ചാണെങ്കിൽ, ദാവീദ് മരിക്കേണ്ടതായിരുന്നു. (ലേവ്യ 20:10; സംഖ്യ 35:31) പക്ഷേ യഹോവ ദാവീദിനെ സഹായിക്കാൻ തയ്യാറായി.b ദാവീദ് പശ്ചാത്താപത്തിന്റെ ഒരു ലക്ഷണംപോലും കാണിക്കാതിരുന്നിട്ടും യഹോവ നാഥാൻ പ്രവാചകനെ ദാവീദിന്റെ അടുത്തേക്ക് അയച്ചു. ദാവീദിന്റെ ഹൃദയത്തെ തൊടുന്ന ഒരു ദൃഷ്ടാന്തം അദ്ദേഹം ഉപയോഗിച്ചു. യഹോവയെ താൻ വളരെയധികം വേദനിപ്പിച്ചെന്നു മനസ്സിലാക്കിയ ദാവീദ് പശ്ചാത്തപിക്കാൻ തയ്യാറായി. (2 ശമു. 12:1-14) താൻ ചെയ്ത തെറ്റിനെക്കുറിച്ച് തനിക്ക് എത്രത്തോളം പശ്ചാത്താപമുണ്ടെന്നു തെളിയിക്കുന്ന ഒരു സങ്കീർത്തനം ദാവീദ് എഴുതി. (സങ്കീ. 51, മേലെഴുത്ത്) തെറ്റു ചെയ്ത ഒരുപാടു പേർക്ക് 51-ാം സങ്കീർത്തനം വലിയ ആശ്വാസമായിരുന്നിട്ടുണ്ട്. അത് അവരെ മാനസാന്തരത്തിലേക്കു നയിക്കുകയും ചെയ്തിരിക്കുന്നു. തന്റെ പ്രിയദാസനായ ദാവീദിനെ മാനസാന്തരത്തിലേക്കു നയിക്കാൻ യഹോവ സ്നേഹത്തോടെ സഹായിച്ചതിൽ നമുക്കു സന്തോഷം തോന്നുന്നില്ലേ?
10. പാപികളോടു ക്ഷമയോടെ ഇടപെടാനും അവരുടെ തെറ്റുകൾ ക്ഷമിക്കാനും ഉള്ള യഹോവയുടെ മനസ്സൊരുക്കത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്?
10 യഹോവ എല്ലാ തരം പാപങ്ങളും വെറുക്കുന്നു. (സങ്കീ. 5:4, 5) എങ്കിലും യഹോവ നമ്മളെയെല്ലാം സ്നേഹിക്കുന്നതുകൊണ്ട് നമുക്ക് എന്തെങ്കിലും തെറ്റുകൾ പറ്റിയാലും നമ്മളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. എത്ര ഗുരുതരമായ തെറ്റു ചെയ്തവർ ആണെങ്കിൽപ്പോലും മാനസാന്തരപ്പെടാനും തന്നോടു കൂടുതൽ അടുക്കാനും അവരെ സഹായിക്കാൻ യഹോവ എപ്പോഴും ശ്രമിക്കുന്നു. അത് എത്ര ആശ്വാസമാണല്ലേ? ക്ഷമയോടെ ഇടപെടാനും തെറ്റുകൾ ക്ഷമിക്കാനും ഉള്ള യഹോവയുടെ മനസ്സൊരുക്കത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വിശ്വസ്തരായി തുടരാനും, അഥവാ ഒരു തെറ്റു സംഭവിച്ചാലും പെട്ടെന്നുതന്നെ മാനസാന്തരപ്പെടാനും നമുക്കു തോന്നും. മാനസാന്തരത്തെക്കുറിച്ച് യേശു തന്റെ അനുഗാമികളെ എന്താണു പഠിപ്പിച്ചതെന്ന് ഇനി നോക്കാം.
മാനസാന്തരത്തെക്കുറിച്ച് യേശു തന്റെ അനുഗാമികളെ എന്താണു പഠിപ്പിച്ചത്?
11-12. തെറ്റു ചെയ്യുന്ന ഒരാളോടു ക്ഷമിക്കാൻ തന്റെ പിതാവിന്റെ താത്പര്യത്തെക്കുറിച്ച് യേശു എന്താണു പഠിപ്പിച്ചത്? (പുറംതാളിലെ ചിത്രവും കാണുക.)
11 മിശിഹ ഭൂമിയിൽ വരാനുള്ള സമയമായപ്പോൾ മാനസാന്തരപ്പെടാൻ യഹോവ സ്നാപകയോഹന്നാനെ ഉപയോഗിച്ച് തന്റെ ജനത്തെ പ്രോത്സാഹിപ്പിച്ചു. ഇനി യേശു ശുശ്രൂഷ തുടങ്ങിയപ്പോഴും, മാനസാന്തരപ്പെടേണ്ടത് എത്ര പ്രധാനമാണെന്നു പഠിപ്പിച്ചു.—മത്താ. 3:1, 2; 4:17.
12 നമുക്കു തെറ്റുകൾ പറ്റിയാൽ നമ്മളോടു ക്ഷമിക്കാൻ യഹോവയ്ക്ക് എത്രമാത്രം താത്പര്യമുണ്ടെന്ന്, ഭൂമിയിലായിരുന്നപ്പോൾ യേശു പഠിപ്പിച്ചു. അതിനുവേണ്ടി യേശു ധൂർത്തപുത്രന്റെ ദൃഷ്ടാന്തകഥ ഉപയോഗിച്ചു. ആ ചെറുപ്പക്കാരൻ വീടു വിട്ടുപോയി, കുറെക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു. എന്നാൽ സുബോധമുണ്ടായപ്പോൾ അവൻ വീട്ടിലേക്കു മടങ്ങിവന്നു. അപ്പോൾ അവന്റെ അപ്പൻ എന്തു ചെയ്തു? “ദൂരെവെച്ചുതന്നെ അപ്പൻ അവനെ തിരിച്ചറിഞ്ഞു. മനസ്സ് അലിഞ്ഞ് അപ്പൻ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ച് സ്നേഹത്തോടെ ചുംബിച്ചു” എന്നു യേശു പറഞ്ഞു. അപ്പൻ തന്നോടു ക്ഷമിക്കുമെന്ന് ആ മകൻ ഒരിക്കലും കരുതിയില്ല. അതുകൊണ്ട് ഒരു കൂലിക്കാരനായെങ്കിലും തന്നെ ആ വീട്ടിൽ നിറുത്താമോ എന്നാണ് അവൻ ചോദിച്ചത്. എന്നാൽ അപ്പൻ അങ്ങനെയല്ല ചിന്തിച്ചത്. “എന്റെ ഈ മകൻ” എന്നു പറഞ്ഞ് അവനെ തന്റെ കുടുംബത്തിലേക്കു വീണ്ടും സ്വീകരിക്കുകയാണു ചെയ്തത്. “ഇവനെ കാണാതെപോയിരുന്നു, ഇപ്പോൾ കണ്ടുകിട്ടി” എന്ന് അപ്പൻ പറഞ്ഞു. (ലൂക്കോ. 15:11-32) യേശു സ്വർഗത്തിലായിരുന്ന സമയത്ത്, മാനസാന്തരപ്പെടുന്ന പാപികളോടു തന്റെ പിതാവ് അനുകമ്പയോടെ ഇടപെടുന്നതും അവരുടെ തെറ്റുകൾ പെട്ടെന്നു ക്ഷമിക്കുന്നതും കണ്ടിട്ടുണ്ട്. നമ്മുടെ പിതാവായ യഹോവ എത്ര കരുണയോടെയാണു പാപികളോട് ഇടപെടുന്നതെന്ന് ആ ദൃഷ്ടാന്തകഥ കാണിക്കുന്നില്ലേ? അതു നമുക്ക് എത്ര ആശ്വാസമാണ്!
ധൂർത്തപുത്രനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥയിലെ പിതാവ് വഴിതെറ്റിപ്പോയ തന്റെ മകൻ മടങ്ങിവരുന്നതു കണ്ടപ്പോൾ അവനെ കെട്ടിപ്പിടിക്കാനായി ഓടിച്ചെല്ലുന്നു. (11-12 ഖണ്ഡികകൾ കാണുക)
13-14. മാനസാന്തരപ്പെടുന്നതിനെക്കുറിച്ച് അപ്പോസ്തലനായ പത്രോസ് എന്താണു പഠിച്ചത്, അദ്ദേഹം അതെക്കുറിച്ച് മറ്റുള്ളവരെ എന്താണു പഠിപ്പിച്ചത്? (ചിത്രവും കാണുക.)
13 മാനസാന്തരപ്പെടുന്ന പാപികളോട് യഹോവ ക്ഷമിക്കുന്നതിനെക്കുറിച്ചുള്ള ചില പ്രധാനപ്പെട്ട പാഠങ്ങൾ അപ്പോസ്തലനായ പത്രോസ് യേശുവിൽനിന്ന് പഠിച്ചു. പത്രോസ് പല തെറ്റുകളും ചെയ്തു. അപ്പോഴെല്ലാം യേശു ക്ഷമിക്കാൻ തയ്യാറായി. ഉദാഹരണത്തിന്, തന്റെ കർത്താവിനെ അറിയില്ലെന്നു പത്രോസ് മൂന്നു പ്രാവശ്യം പറഞ്ഞു. തനിക്കു പറ്റിപ്പോയതിനെക്കുറിച്ച് ഓർത്ത് പത്രോസിന് അതിയായ ദുഃഖം തോന്നി. (മത്താ. 26:34, 35, 69-75) എന്നാൽ പുനരുത്ഥാനപ്പെട്ട യേശു പത്രോസിനെ കാണാൻ ചെന്നു, സാധ്യതയനുസരിച്ച് പത്രോസ് ഒറ്റയ്ക്കായിരുന്നപ്പോൾ. (ലൂക്കോ. 24:33, 34; 1 കൊരി. 15:3-5) പത്രോസിനു പശ്ചാത്താപമുണ്ടെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് താൻ അദ്ദേഹത്തോടു ക്ഷമിച്ചെന്ന് ഉറപ്പു കൊടുക്കാൻ യേശു ആഗ്രഹിച്ചു.
14 മാനസാന്തരപ്പെടുന്നതിനെക്കുറിച്ചും തെറ്റുകൾ ക്ഷമിച്ചുകിട്ടുന്നതിനെക്കുറിച്ചും സ്വന്തം അനുഭവത്തിൽനിന്ന് പത്രോസിന് ആളുകളെ പഠിപ്പിക്കാനായി. പെന്തിക്കോസ്ത് ഉത്സവത്തെത്തുടർന്ന് പത്രോസ് ജൂതന്മാരുടെ ഒരു കൂട്ടത്തോടു പ്രസംഗിക്കുമ്പോൾ അവർ മിശിഹയെയാണു കൊന്നുകളഞ്ഞതെന്നു വിശദീകരിച്ചു. എന്നിട്ടും അദ്ദേഹം സ്നേഹത്തോടെ അവരോട് പറഞ്ഞു: ‘നിങ്ങളുടെ പാപങ്ങൾ മായ്ച്ചുകിട്ടാൻ മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയുക; അപ്പോൾ യഹോവ ഉന്മേഷകാലങ്ങൾ നൽകും.’ (പ്രവൃ. 3:14, 15, 17, 19) പശ്ചാത്താപം ദൈവത്തിലേക്കു തിരിഞ്ഞുവരാൻ ഒരാളെ പ്രേരിപ്പിക്കുമെന്നു പത്രോസ് ഇവിടെ പറഞ്ഞു. അങ്ങനെയുള്ള ഒരാൾ തന്റെ തെറ്റായ ചിന്തകൾക്കും പ്രവൃത്തികൾക്കും മാറ്റം വരുത്തി ദൈവത്തിന് ഇഷ്ടമുള്ള ഒരു ജീവിതരീതി തിരഞ്ഞെടുക്കും. കൂടാതെ, യഹോവ അവരുടെ പാപങ്ങൾ മായ്ച്ചുകളയും, അതായത്, അവരുടെ തെറ്റുകൾ പൂർണമായി ക്ഷമിക്കും എന്നും പത്രോസ് പറഞ്ഞു. വർഷങ്ങൾക്കു ശേഷം പത്രോസ് ക്രിസ്ത്യാനികൾക്ക് ഈ ഉറപ്പും കൊടുത്തു: ‘യഹോവ ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോടു ക്ഷമ കാണിക്കുകയാണ്.’ (2 പത്രോ. 3:9) ഗുരുതരമായ തെറ്റുകൾ ചെയ്താൽപ്പോലും നമ്മൾ മാനസാന്തരപ്പെടുന്നെങ്കിൽ യഹോവ നമ്മളോടു പൂർണമായി ക്ഷമിക്കും എന്നറിയുന്നത് എത്ര ആശ്വാസമാണ്!
താൻ ക്ഷമിച്ചെന്നു യേശു സ്നേഹത്തോടെ, പശ്ചാത്തപിച്ച പത്രോസിന് ഉറപ്പു കൊടുത്തു (13-14 ഖണ്ഡികകൾ കാണുക)
15-16. (എ) പാപികളായ മനുഷ്യരോടു ക്ഷമിക്കുന്നതിനെക്കുറിച്ച് അപ്പോസ്തലനായ പൗലോസിന് എങ്ങനെയാണു പഠിക്കാനായത്? (1 തിമൊഥെയൊസ് 1:12-15) (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
15 ഒരുപാടു തെറ്റുകൾ ചെയ്ത വ്യക്തിയായിരുന്നു തർസൊസുകാരനായ ശൗൽ. ക്രിസ്തുവിന്റെ അനുഗാമികളെ അദ്ദേഹം ക്രൂരമായി ഉപദ്രവിച്ചു. (പ്രവൃ. 7:58–8:3) അദ്ദേഹം ഒരിക്കലും മാറ്റം വരുത്തില്ലെന്നു മിക്ക ക്രിസ്ത്യാനികളും ചിന്തിച്ചുകാണും. എന്നാൽ ശൗലിനു പശ്ചാത്തപിച്ച് മാറ്റംവരുത്താൻ കഴിയുമെന്നു യേശുവിന് അറിയാമായിരുന്നു. ശൗലിന്റെ നല്ല ഗുണങ്ങൾ യേശുവും യഹോവയും ശ്രദ്ധിച്ചു. യേശു പറഞ്ഞു: “ജനതകളുടെ . . . മുമ്പാകെ എന്റെ പേര് വഹിക്കാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാണ് ആ മനുഷ്യൻ.” (പ്രവൃ. 9:15) ശൗലിനെ മാനസാന്തരത്തിലേക്കു നയിക്കാൻ യേശു ഒരു അത്ഭുതംപോലും പ്രവർത്തിച്ചു. (പ്രവൃ. 9:1-9, 17-20) തന്നോടു കാണിച്ച കരുണയ്ക്കും ദയയ്ക്കും താൻ എത്ര നന്ദിയുള്ളവനാണെന്ന് ഒരു ക്രിസ്ത്യാനിയായിത്തീർന്നശേഷം ശൗൽ (പിന്നീട് അപ്പോസ്തലനായ പൗലോസ് എന്ന് അറിയപ്പെട്ടു.) പലപ്പോഴും പറഞ്ഞു. (1 തിമൊഥെയൊസ് 1:12-15 വായിക്കുക.) ‘ദൈവം കനിവ് കാണിക്കുന്നതു നിന്നെ മാനസാന്തരത്തിലേക്കു നയിക്കാനാണ്’ എന്ന് അദ്ദേഹം ആളുകളെ പഠിപ്പിച്ചു.—റോമ. 2:4.
16 അധാർമിക പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ കൊരിന്തുസഭയിൽ തുടരുന്നതായി പൗലോസ് ഒരിക്കൽ അറിഞ്ഞു. അദ്ദേഹം ആ പ്രശ്നം കൈകാര്യം ചെയ്ത വിധത്തിൽനിന്ന് ശിക്ഷണം നൽകുമ്പോൾ യഹോവ എങ്ങനെയാണു സ്നേഹം കാണിക്കുന്നതെന്നും മാനസാന്തരപ്പെടുമ്പോൾ എങ്ങനെയാണു കരുണ കാണിക്കുന്നതെന്നും മനസ്സിലാക്കാം. കൊരിന്തുസഭയിൽ എന്താണു സംഭവിച്ചത് എന്നതിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ നമ്മൾ വിശദമായി പഠിക്കും.
ഗീതം 33 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക
a ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നു. നിരപരാധിയായ ഇണ വ്യഭിചാരം ചെയ്ത ആളുടെ കൂടെത്തന്നെ തുടരണമെന്ന് യഹോവ ഇന്ന് ആവശ്യപ്പെടുന്നില്ല. ആഗ്രഹിക്കുന്നെങ്കിൽ നിരപരാധിയായ ഇണയ്ക്ക് വിവാഹമോചനം നേടാമെന്ന് യഹോവ സ്നേഹത്തോടെ തന്റെ പുത്രനിലൂടെ നമ്മളെ പഠിപ്പിക്കുന്നു.—മത്താ. 5:32; 19:9.
b 2012 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 21-23 പേജുകളിലെ “ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സ്—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രസക്തി” എന്ന ലേഖനത്തിന്റെ 3-10 ഖണ്ഡികകൾ കാണുക.