പഠനലേഖനം 40
ഗീതം 30 എന്റെ പിതാവ്, എന്റെ ദൈവവും സ്നേഹിതനും
യഹോവ ‘ഹൃദയം തകർന്നവരെ സുഖപ്പെടുത്തുന്നു’
“ഹൃദയം തകർന്നവരെ ദൈവം സുഖപ്പെടുത്തുന്നു; അവരുടെ മുറിവുകൾ വെച്ചുകെട്ടുന്നു.”—സങ്കീ. 147:3.
ഉദ്ദേശ്യം
സങ്കടപ്പെട്ട് ഹൃദയം തകർന്നിരിക്കുന്നവരെക്കുറിച്ച് യഹോവ വളരെയധികം ചിന്തയുള്ളവനാണ്. യഹോവ എങ്ങനെയാണു നമ്മളെ ആശ്വസിപ്പിക്കുന്നതെന്നും മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ നമ്മളെ സഹായിക്കുന്നതെന്നും ഈ ലേഖനത്തിൽ പഠിക്കും.
1. തന്റെ ദാസന്മാരെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നത്?
ഭൂമിയിലെ തന്റെ വിശ്വസ്തദാസരിൽ ഓരോരുത്തരും കടന്നുപോകുന്ന സാഹചര്യങ്ങൾ യഹോവ ശ്രദ്ധിക്കുന്നുണ്ട്. നമുക്ക് എപ്പോഴാണു സന്തോഷം തോന്നുന്നത്, എപ്പോഴാണു നമ്മൾ സങ്കടപ്പെട്ടിരിക്കുന്നത് എന്നെല്ലാം യഹോവ അറിയുന്നു. (സങ്കീ. 37:18) മനസ്സ് വല്ലാതെ വേദനിച്ചിരിക്കുന്ന സമയത്തും, കഴിവിന്റെ പരമാവധി ദൈവത്തെ സേവിക്കാൻ നമ്മൾ ശ്രമിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷം തോന്നുന്നുണ്ടാകും! എന്നാൽ അതുമാത്രമല്ല, നമ്മളെ സഹായിക്കാനും ആശ്വസിപ്പിക്കാനും യഹോവ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.
2. ഹൃദയം തകർന്നിരിക്കുന്നവർക്കുവേണ്ടി യഹോവ എന്തു ചെയ്യും, അതിൽനിന്ന് പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം?
2 സങ്കീർത്തനം 147:3-ൽ യഹോവ ഹൃദയം തകർന്നവരുടെ “മുറിവുകൾ വെച്ചുകെട്ടുന്നു” എന്നു പറഞ്ഞിരിക്കുന്നു. മനസ്സിനു മുറിവേറ്റവരെ യഹോവ എത്ര സ്നേഹത്തോടെയാണു പരിപാലിക്കുന്നതെന്ന് ഈ വാക്യം നന്നായി കാണിച്ചുതരുന്നു. ആ സ്നേഹത്തിൽനിന്ന് പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം? അതു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. മുറിവേറ്റ ഒരു വ്യക്തി പെട്ടെന്നു സുഖപ്പെടുന്നതിനു വിദഗ്ധനായ ഒരു ഡോക്ടർക്കു പലതും ചെയ്യാനാകും. പക്ഷേ ആ വ്യക്തിക്കു മുഴുവൻ പ്രയോജനവും കിട്ടണമെങ്കിൽ ഡോക്ടർ പറയുന്നതെല്ലാം അദ്ദേഹം അനുസരിക്കേണ്ടതുണ്ട്. അതുപോലെ, വൈകാരികമായി സുഖപ്പെടുന്നതിന് ഒരാൾ യഹോവ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണം. ഈ ലേഖനത്തിൽ, അങ്ങനെയുള്ളവരോടു തന്റെ വചനത്തിലൂടെ യഹോവ എന്താണു പറയുന്നതെന്നു നമ്മൾ കാണും. സ്നേഹത്തോടെ ദൈവം നൽകുന്ന ആ നിർദേശങ്ങൾ നമുക്ക് എങ്ങനെ അനുസരിക്കാമെന്നും പഠിക്കും.
നമ്മൾ വിലപ്പെട്ടവരാണെന്ന് യഹോവ ഉറപ്പുതരുന്നു
3. തങ്ങൾ വിലകെട്ടവരാണെന്നു ചിലർക്കു തോന്നിപ്പോകുന്നത് എന്തുകൊണ്ട്?
3 സ്നേഹമില്ലാത്ത ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ആളുകൾ മോശമായി ഇടപെടുന്നതുകൊണ്ട് പലർക്കും തങ്ങൾ വിലയില്ലാത്തവരാണെന്ന തോന്നലുണ്ട്. ഹെലൻa എന്ന സഹോദരി ഇങ്ങനെ പറയുന്നു: “എന്റെ മാതാപിതാക്കൾ എന്നെ ഒട്ടും സ്നേഹിച്ചിട്ടില്ല. ഡാഡി വളരെ ക്രൂരമായിട്ടാണ് എന്നോട് ഇടപെട്ടിരുന്നത്. ഞാൻ ഒന്നിനും കൊള്ളാത്തവളാണെന്ന് എന്നും പറയുമായിരുന്നു.” ഹെലനെപ്പോലെ നിങ്ങൾക്കും മോശം പെരുമാറ്റമോ കൂടെക്കൂടെയുള്ള കുറ്റപ്പെടുത്തലോ നേരിട്ടിട്ടുണ്ടാകാം. അല്ലെങ്കിൽ നിങ്ങൾ വിലയില്ലാത്തവരാണ് എന്ന തോന്നൽ ആരെങ്കിലും നിങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ നിങ്ങളെ ആരെങ്കിലും ശരിക്കും സ്നേഹിക്കുന്നുണ്ടെന്നു വിശ്വസിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാം.
4. സങ്കീർത്തനം 34:18 അനുസരിച്ച് യഹോവ നമുക്ക് എന്ത് ഉറപ്പുതരുന്നു?
4 മറ്റുള്ളവർ നിങ്ങളോടു മോശമായി പെരുമാറിയിട്ടുണ്ടെങ്കിലും, യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും വിലപ്പെട്ടവരായി കാണുന്നുണ്ടെന്നും ഉറപ്പുണ്ടായിരിക്കുക. “യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്.” (സങ്കീർത്തനം 34:18 വായിക്കുക.) വിഷമിച്ച്, ‘മനസ്സ് തകർന്നിരിക്കുമ്പോഴും’ നിങ്ങൾക്ക് ഓർക്കാനാകുന്ന ഒന്നുണ്ട്: യഹോവ നിങ്ങളുടെ നല്ല ഗുണങ്ങൾ കണ്ട് നിങ്ങളെ തന്നിലേക്ക് ആകർഷിച്ചതാണ് എന്ന കാര്യം. (യോഹ. 6:44) ദൈവം നിങ്ങളെ സഹായിക്കാൻ എപ്പോഴും തയ്യാറാണ്. കാരണം, നിങ്ങൾ യഹോവയ്ക്ക് അത്രയ്ക്കു വിലപ്പെട്ടവരാണ്.
5. ആളുകൾ വിലയില്ലാത്തവരായി കണ്ടവരോടു യേശു ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം?
5 യഹോവയ്ക്കു നമ്മളോട് എന്താണു തോന്നുന്നതെന്നു മനസ്സിലാക്കാൻ യേശു ഭൂമിയിലായിരുന്ന സമയത്ത് മറ്റുള്ളവരോട് ഇടപെട്ട വിധം നോക്കിയാൽ മതി. ആളുകൾ തീരെ വിലയില്ലാത്തവരായി കണ്ടവരോടു യേശു വളരെ ദയയോടെ ഇടപെട്ടു. (മത്താ. 9:9-12) ഒരിക്കൽ വലിയൊരു രോഗത്താൽ വിഷമിച്ചിരുന്ന ഒരു സ്ത്രീ, സുഖപ്പെടുമെന്ന പ്രതീക്ഷയോടെ യേശുവിന്റെ വസ്ത്രത്തിൽ തൊട്ടു. അപ്പോൾ യേശു അവളെ ആശ്വസിപ്പിക്കുകയും അവളുടെ വിശ്വാസത്തെ അഭിനന്ദിക്കുകയും ചെയ്തു. (മർക്കോ. 5:25-34) പിതാവിന്റെ വ്യക്തിത്വമാണ് യേശു അങ്ങനെതന്നെ പ്രതിഫലിപ്പിച്ചത്. (യോഹ. 14:9) അതുകൊണ്ട് യഹോവയ്ക്കു നിങ്ങൾ വിലപ്പെട്ടവരാണെന്ന് ഉറപ്പുണ്ടായിരിക്കുക. ദൈവത്തോടു നിങ്ങൾ കാണിക്കുന്ന വിശ്വാസവും സ്നേഹവും പോലുള്ള നല്ല ഗുണങ്ങൾ ദൈവം തീർച്ചയായും ശ്രദ്ധിക്കുന്നുണ്ട്.
6. വിലകെട്ടവരാണെന്ന തോന്നലിനെ മറികടക്കാൻ ഒരാൾക്ക് എന്തു ചെയ്യാം?
6 വിലകെട്ടവരാണെന്ന തോന്നൽ നിങ്ങളുടെ ഉള്ളിൽ മാറാതെ നിൽക്കുന്നെങ്കിൽ എന്തു ചെയ്യാനാകും? യഹോവയ്ക്കു നിങ്ങൾ വിലപ്പെട്ടവരാണെന്ന് ഉറപ്പുതരുന്ന തിരുവെഴുത്തുകൾ വായിക്കുകയും അതെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക.b (സങ്കീ. 94:19) ഒരു ലക്ഷ്യംവെച്ചിട്ട് അതിൽ എത്തിച്ചേരാൻ പരാജയപ്പെടുകയോ മറ്റുള്ളവരുടെ അത്രയും ചെയ്യാൻ പറ്റാതെവരുകയോ ചെയ്യുമ്പോൾ നിങ്ങൾക്കു നിരാശ തോന്നിയേക്കാം. പക്ഷേ സ്വയം കുറ്റപ്പെടുത്തരുത്. യഹോവ നിങ്ങളിൽനിന്ന് ന്യായമായതേ പ്രതീക്ഷിക്കുന്നുള്ളൂ എന്ന് ഓർക്കുക. (സങ്കീ. 103:13, 14) നിങ്ങൾക്കു മറ്റുള്ളവരിൽനിന്ന് ക്രൂരമായ പെരുമാറ്റം സഹിക്കേണ്ടിവന്നിട്ടുണ്ടെങ്കിൽ, അങ്ങനെ സംഭവിച്ചതു നിങ്ങളുടെ കുറ്റംകൊണ്ടാണെന്നു ചിന്തിക്കരുത്. യഹോവ ഒരിക്കലും അങ്ങനെ ചിന്തിക്കുന്നില്ല. യഹോവ കുറ്റം വിധിക്കുന്നതു നിങ്ങളോടു മോശമായി പെരുമാറിയ ആളെയാണ്, അല്ലാതെ നിങ്ങളെ അല്ല. (1 പത്രോ. 3:12) കുട്ടിയായിരുന്നപ്പോൾ ക്രൂരമായ പെരുമാറ്റത്തിന് ഇരയായ സാന്ദ്ര പറയുന്നു: “യഹോവ എന്നിൽ കാണുന്ന നല്ല ഗുണങ്ങൾ തിരിച്ചറിയാൻ എന്നെയും സഹായിക്കണേ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കാറുണ്ട്.”
7. നമ്മുടെ മുൻകാല ജീവിതാനുഭവങ്ങൾ യഹോവയുടെ സേവനത്തിൽ എങ്ങനെ നന്നായി ഉപയോഗിക്കാം?
7 മറ്റുള്ളവരെ സഹായിക്കുന്നതിനുവേണ്ടി യഹോവയ്ക്കു നിങ്ങളെ ഉപയോഗിക്കാനാകും. പ്രസംഗപ്രവർത്തനത്തിൽ തന്റെ സഹപ്രവർത്തകരായിരിക്കാനുള്ള വലിയ അവസരം യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്നു. (1 കൊരി. 3:9) നിങ്ങൾ ബുദ്ധിമുട്ടുള്ള പല സാഹചര്യങ്ങളിലൂടെ കടന്നുപോയതുകൊണ്ട് അതേ സാഹചര്യത്തിലായിരിക്കുന്ന മറ്റുള്ളവർക്ക് എന്താണു തോന്നുന്നതെന്നു നിങ്ങൾക്ക് എളുപ്പം മനസ്സിലാകും. അതുകൊണ്ടുതന്നെ അവരെ സഹായിക്കാൻ നിങ്ങൾക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാനാകും. മുമ്പ് കണ്ട ഹെലൻ യഹോവയുടെയും സഹോദരങ്ങളുടെയും സഹായം സ്വീകരിച്ചു. ഇപ്പോൾ ഹെലനു മറ്റുള്ളവരെ സഹായിക്കാനാകുന്നുണ്ട്. സഹോദരി പറയുന്നു: “വിലയില്ലാത്തവളാണെന്ന തോന്നൽ എനിക്ക് എപ്പോഴുമുണ്ടായിരുന്നു. എന്നാൽ എന്നെ സ്നേഹിക്കുന്നവരുണ്ടെന്നും മറ്റുള്ളവർക്ക് എന്നെക്കൊണ്ട് ഉപകാരമുണ്ടെന്നും എനിക്കു തോന്നാൻ യഹോവ ഇടയാക്കി.” ഹെലൻ ഇപ്പോൾ സന്തോഷത്തോടെ സാധാരണ മുൻനിരസേവനം ചെയ്യുന്നു.
യഹോവ ക്ഷമിച്ചെന്നു നമ്മൾ അംഗീകരിക്കാൻ യഹോവ ആഗ്രഹിക്കുന്നു
8. യശയ്യ 1:18-ൽ യഹോവ നമുക്ക് എന്ത് ഉറപ്പു നൽകിയിരിക്കുന്നു?
8 യഹോവയുടെ ദാസരിൽ ചിലർ, ചെയ്തുപോയ തെറ്റുകൾ ഓർത്ത് കുറ്റബോധത്താൽ നീറുന്നവരാണ്. സ്നാനപ്പെടുന്നതിനു മുമ്പോ അതിനു ശേഷമോപോലും അവർ തെറ്റുകൾ ചെയ്തിട്ടുണ്ടാകാം. പക്ഷേ നമ്മൾ ഒരു കാര്യം എപ്പോഴും ഓർക്കണം: നമ്മളെ യഹോവ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ടും നമ്മളോടു ക്ഷമിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും ആണ് മോചനവില എന്ന സമ്മാനം നൽകിയിരിക്കുന്നത്. ആ സമ്മാനം നമ്മൾ സ്വീകരിക്കാൻതന്നെയാണ് യഹോവ ആഗ്രഹിക്കുന്നത്. നമ്മൾ യഹോവയുമായി ‘കാര്യങ്ങൾ പറഞ്ഞ് നേരെയാക്കിക്കഴിഞ്ഞാൽ’c പിന്നെ ഒരിക്കലും നമ്മുടെ തെറ്റുകൾ ഓർത്തുവെക്കില്ല എന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. (യശയ്യ 1:18 വായിക്കുക.) നമ്മൾ ചെയ്തുപോയ തെറ്റുകൾ യഹോവ പൂർണമായും മറന്നുകളയുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണല്ലേ? അതേസമയം, നമ്മൾ ചെയ്ത നല്ല കാര്യങ്ങൾ യഹോവ ഒരിക്കലും മറക്കുകയുമില്ല.—സങ്കീ. 103:9, 12; എബ്രാ. 6:10.
9. കഴിഞ്ഞ കാലത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കാതെ ഇപ്പോഴത്തെയും ഭാവിയിലെയും കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
9 മുമ്പ് ചെയ്ത തെറ്റുകളെക്കുറിച്ച് ഓർത്ത് വല്ലാത്ത വിഷമം തോന്നുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം? മുമ്പ് ചെയ്തുപോയ കാര്യങ്ങളെക്കുറിച്ചല്ല, പകരം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഭാവിയിൽ ചെയ്യാനാകുന്നതിനെക്കുറിച്ചും ചിന്തിക്കാൻ ശ്രമിക്കുക. ഇക്കാര്യത്തിൽ അപ്പോസ്തലനായ പൗലോസ് നല്ലൊരു മാതൃകയാണ്. മുമ്പ് ക്രിസ്ത്യാനികളെ ക്രൂരമായി ഉപദ്രവിച്ചതിനെക്കുറിച്ച് ഓർത്ത് പൗലോസിനു കുറ്റബോധം തോന്നിയിട്ടുണ്ട്. പക്ഷേ, യഹോവ തന്നോടു ക്ഷമിച്ചെന്നു പൗലോസിന് ഉറപ്പായിരുന്നു. (1 തിമൊ. 1:12-15) അദ്ദേഹം പിന്നെയും താൻ ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നോ? ഒരിക്കലുമില്ല. ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് താൻ നേടിയെടുത്ത കാര്യങ്ങളൊക്കെ വിട്ടുകളഞ്ഞതുപോലെതന്നെ അദ്ദേഹം തന്റെ മുൻകാലതെറ്റുകളും വിട്ടുകളഞ്ഞു. (ഫിലി. 3:4-8, 13-15) എന്നിട്ടു പൗലോസ്, താൻ അപ്പോൾ ചെയ്തുകൊണ്ടിരുന്ന ശുശ്രൂഷ തീക്ഷ്ണതയോടെ ചെയ്യുകയും ഭാവിയിലേക്ക് ആകാംക്ഷയോടെ നോക്കുകയും ചെയ്തു. നിങ്ങൾക്കും പൗലോസിനെ അനുകരിക്കാം. കഴിഞ്ഞുപോയതിനെ മാറ്റാൻ നിങ്ങൾക്കാകില്ല. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് യഹോവയെ സ്തുതിക്കാനും സന്തോഷിപ്പിക്കാനും പറ്റും. അതുപോലെ ഭാവിയിലേക്കായി യഹോവ നൽകിയിരിക്കുന്ന വാഗ്ദാനങ്ങളെക്കുറിച്ച് ചിന്തിക്കാനുമാകും.
10. നമ്മൾ മുമ്പ് ചെയ്ത ചില കാര്യങ്ങൾ മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നമുക്ക് എന്തു ചെയ്യാം?
10 നിങ്ങൾ ചെയ്തുപോയ ഒരു കാര്യം മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഓർത്ത് നിങ്ങളുടെ മനസ്സ് വല്ലാതെ വിഷമിക്കുന്നുണ്ടാകാം. എങ്കിൽ എന്തു സഹായിക്കും? അവർക്കുണ്ടായ വേദന കുറയ്ക്കാൻ നിങ്ങൾക്കു ചെയ്യാനാകുന്നതൊക്കെ ചെയ്യുക. അതിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നത് ഉൾപ്പെടും. (2 കൊരി. 7:11) ഇനി, നമ്മൾ കാരണം വേദന അനുഭവിക്കേണ്ടിവന്നവരെ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുക. സഹിച്ചുനിൽക്കാനും മനസ്സമാധാനം വീണ്ടെടുക്കാനും നിങ്ങളെയും അവരെയും സഹായിക്കാൻ യഹോവയ്ക്കാകും.
11. പ്രവാചകനായ യോനയുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ചിത്രവും കാണുക.)
11 ചെയ്തുപോയ തെറ്റുകളിൽനിന്ന് പാഠം പഠിക്കുക; എന്നിട്ട് യഹോവ തരുന്ന ഏതൊരു നിയമനവും ചെയ്യാൻ തയ്യാറാകുക. യോന പ്രവാചകന്റെ ജീവിതം അതാണു നമ്മളെ പഠിപ്പിക്കുന്നത്. യഹോവ പറഞ്ഞതനുസരിച്ച് നിനെവെയിലേക്കു പോകുന്നതിനു പകരം, യോന നേരെ എതിർദിശയിലേക്ക് ഓടിപ്പോയി. അതിന് യഹോവ യോനയെ ശിക്ഷിച്ചു. അദ്ദേഹം തനിക്കു പറ്റിയ തെറ്റിൽനിന്ന് പാഠം പഠിക്കുകയും ചെയ്തു. (യോന 1:1-4, 15-17; 2:7-10) ഒരു തെറ്റു ചെയ്തെന്ന് ഓർത്ത്, യഹോവ യോനയെ പ്രവാചകനായി ഉപയോഗിക്കുന്നതു നിറുത്തിയോ? ഇല്ല. നിനെവെയിലേക്കു പോകാൻ ദൈവം അദ്ദേഹത്തിന് ഒരു അവസരംകൂടെ കൊടുത്തു. ഇത്തവണ യോന പെട്ടെന്നുതന്നെ അനുസരിച്ചു. ചെയ്തുപോയ തെറ്റിനെക്കുറിച്ച് യോനയ്ക്കു കുറ്റബോധമുണ്ടായിരുന്നു. പക്ഷേ യഹോവ കൊടുത്ത നിയമനം സ്വീകരിക്കുന്നതിൽനിന്ന് തന്നെ തടയാൻ അദ്ദേഹം ആ കുറ്റബോധത്തെ അനുവദിച്ചില്ല.—യോന 3:1-3.
വലിയ മീനിന്റെ വയറ്റിൽനിന്ന് രക്ഷപ്പെട്ട യോന പ്രവാചകനോടു നിനെവെയിലേക്കു പോകാനും തന്റെ സന്ദേശം അറിയിക്കാനും ഒരിക്കൽക്കൂടെ യഹോവ ആവശ്യപ്പെട്ടു (11-ാം ഖണ്ഡിക കാണുക)
യഹോവ പരിശുദ്ധാത്മാവിലൂടെ നമ്മളെ ആശ്വസിപ്പിക്കുന്നു
12. നമ്മളെ പിടിച്ചുലയ്ക്കുന്ന ഒരു ദുരന്തം ജീവിതത്തിലുണ്ടാകുമ്പോൾ യഹോവ എങ്ങനെയാണ് നമുക്കു സമാധാനം തരുന്നത്? (ഫിലിപ്പിയർ 4:6, 7)
12 നമ്മളെ പിടിച്ചുലയ്ക്കുന്ന ഒരു ദുരന്തം ജീവിതത്തിലുണ്ടാകുമ്പോൾ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് യഹോവ നമ്മളെ ആശ്വസിപ്പിക്കും. റോണിന്റെയും ക്യാരളിന്റെയും അനുഭവം നോക്കാം. മകൻ ആത്മഹത്യ ചെയ്തപ്പോൾ തങ്ങൾ കടന്നുപോയ സാഹചര്യത്തെക്കുറിച്ച് അവർ പറയുന്നു: “പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഞങ്ങൾക്കു മുമ്പും നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ ഇതുപോലെ തകർന്നുപോയ ഒരു സാഹചര്യം ഉണ്ടായിട്ടേയില്ല. പല രാത്രികളിലും ഉറങ്ങാൻ കഴിയാതെ ഞങ്ങൾ യഹോവയോടു പ്രാർഥിച്ചുകൊണ്ടേയിരുന്നു. അപ്പോൾ ഫിലിപ്പിയർ 4:6, 7-ൽ (വായിക്കുക.) പറയുന്ന ദൈവസമാധാനം ഞങ്ങൾക്കു ശരിക്കും അനുഭവിച്ചറിയാൻ കഴിഞ്ഞു.” ഹൃദയം തകർന്നുപോകുന്ന ഒരു സാഹചര്യത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെങ്കിൽ നിങ്ങൾക്ക് എന്താണു തോന്നുന്നതെന്നു പ്രാർഥനയിൽ യഹോവയോടു തുറന്നുപറയുക. എത്ര കൂടെക്കൂടെ വേണമെങ്കിലും എത്ര സമയം വേണമെങ്കിലും നിങ്ങൾക്ക് യഹോവയോടു പ്രാർഥിക്കാം. (സങ്കീ. 86:3; 88:1) പരിശുദ്ധാത്മാവിനായി വീണ്ടുംവീണ്ടും യാചിച്ചുകൊണ്ടിരിക്കുക. യഹോവ ഒരിക്കലും നിങ്ങളുടെ അപേക്ഷ തള്ളിക്കളയില്ല.—ലൂക്കോ. 11:9-13.
13. വിശ്വസ്തമായി യഹോവയെ സേവിക്കുന്നതിൽ തുടരാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കുന്നത് എങ്ങനെ? (എഫെസ്യർ 3:16)
13 ജീവിതത്തിലുണ്ടായ ഒരു പ്രശ്നം കാരണം നിങ്ങൾ ആകെ തളർന്നുപോയോ? എങ്കിൽ, യഹോവയെ തുടർന്നും വിശ്വസ്തമായി സേവിക്കാൻവേണ്ട ശക്തി നിങ്ങൾക്കു തരാൻ പരിശുദ്ധാത്മാവിനു കഴിയും. (എഫെസ്യർ 3:16 വായിക്കുക.) അതുപോലൊരു സാഹചര്യത്തിലായിരുന്നു ഫ്ലോറ സഹോദരി. സഹോദരിയും ഭർത്താവും മിഷനറിമാരായി സേവിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഭർത്താവ് സഹോദരിയോട് അവിശ്വസ്തത കാണിക്കുകയും അതു വിവാഹമോചനത്തിൽ ചെന്നെത്തുകയും ചെയ്തു. ഫ്ലോറ പറയുന്നു: “അദ്ദേഹം എന്നെ വഞ്ചിച്ചു എന്ന ചിന്ത എനിക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അത് എന്നെ കാർന്നുതിന്നുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം. സഹിച്ചുനിൽക്കുന്നതിനു പരിശുദ്ധാത്മാവിനെ തരണേ എന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു. യഹോവ എന്നെ ആശ്വസിപ്പിച്ചു; ഒരിക്കലും മറികടക്കാൻ പറ്റില്ലെന്നു തുടക്കത്തിൽ തോന്നിയ ആ സാഹചര്യവുമായി ഒത്തുപോകാൻവേണ്ട ശക്തി എനിക്കു നൽകി.” യഹോവയിൽ കൂടുതൽക്കൂടുതൽ ആശ്രയിക്കാനും, ഭാവിയിൽ എന്തു പ്രശ്നമുണ്ടായാലും യഹോവ കൂടെയുണ്ടാകുമെന്ന ബോധ്യം ശക്തമാക്കാനും തന്നെ ദൈവം സഹായിച്ചതായി ഫ്ലോറയ്ക്കു തോന്നി. സഹോദരി തുടർന്നു പറയുന്നു: “സങ്കീർത്തനം 119:32-ലെ ഈ വാക്കുകൾ എന്റെ കാര്യത്തിൽ സത്യമായിരുന്നു. ‘ഞാൻ ഉത്സാഹത്തോടെ അങ്ങയുടെ കല്പനകൾ പിൻപറ്റും. അങ്ങ് എന്റെ ഹൃദയത്തിൽ അവയ്ക്കായി ഇടമൊരുക്കുന്നല്ലോ.’”
14. ദൈവാത്മാവ് നമ്മളിൽ പ്രവർത്തിക്കാൻ നമ്മൾ എന്തു ചെയ്യണം?
14 പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിച്ച് കഴിഞ്ഞാൽപ്പിന്നെ നിങ്ങൾ എന്തു ചെയ്യണം? ദൈവാത്മാവ് നിങ്ങളിൽ പ്രവർത്തിക്കാൻ ഇടയാക്കുന്ന കാര്യങ്ങൾ ചെയ്യുക. അതിൽ മീറ്റിങ്ങുകൾക്കു പോകുന്നതും പ്രസംഗപ്രവർത്തനം ചെയ്യുന്നതും ഒക്കെ ഉൾപ്പെടും. കൂടാതെ എന്നും ദൈവവചനം വായിച്ചുകൊണ്ട് യഹോവയുടെ ചിന്തകളാൽ മനസ്സ് നിറയ്ക്കുക. (ഫിലി. 4:8, 9) ബൈബിൾ വായിക്കുമ്പോൾ, പ്രശ്നങ്ങൾ നേരിട്ട ബൈബിൾകഥാപാത്രങ്ങളെ ശ്രദ്ധിക്കുക; വിശ്വസ്തമായി സഹിച്ചുനിൽക്കാൻ യഹോവ അവരെ എങ്ങനെയാണു സഹായിച്ചത് എന്നതിനെക്കുറിച്ച് ചിന്തിക്കുക. മുമ്പ് പറഞ്ഞ സാന്ദ്രയ്ക്കു പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. സഹോദരി പറയുന്നു: “യോസേഫിനെക്കുറിച്ചുള്ള ബൈബിൾവിവരണം എനിക്കു ശരിക്കും പ്രോത്സാഹനം തരുന്നു. തനിക്കു നേരിടേണ്ടിവന്ന പ്രശ്നങ്ങളോ അനീതികളോ ഒന്നും യഹോവയുമായുള്ള തന്റെ ബന്ധത്തെ ദുർബലമാക്കാൻ യോസേഫ് അനുവദിച്ചില്ല.”—ഉൽപ. 39:21-23.
സഹോദരങ്ങളെ ഉപയോഗിച്ച് യഹോവ ആശ്വസിപ്പിക്കുന്നു
15. നമുക്ക് ആരിൽനിന്ന് ആശ്വാസം ലഭിക്കും, അവർ നമ്മളെ എങ്ങനെ സഹായിക്കും? (ചിത്രവും കാണുക.)
15 പ്രയാസങ്ങൾ അനുഭവിക്കുന്ന സമയത്ത് സഹവിശ്വാസികൾ നമുക്കു “വലിയ ഒരു ആശ്വാസമാണ്.” (കൊലോ. 4:11) സഹോദരങ്ങളിലൂടെ നമുക്ക് യഹോവയുടെ സ്നേഹം അനുഭവിച്ചറിയാനാകും. നമ്മളോടൊപ്പം സമയം ചെലവഴിച്ചുകൊണ്ടും നമ്മൾ പറയുന്നതു ശ്രദ്ധയോടെ കേട്ടുകൊണ്ടും സഹോദരങ്ങൾ നമ്മളെ ആശ്വസിപ്പിക്കും. അവർ ബൈബിൾവാക്യങ്ങൾ ഉപയോഗിച്ച് നമ്മളെ പ്രോത്സാഹിപ്പിക്കുകയോ നമ്മളോടൊപ്പം പ്രാർഥിക്കുകയോ ഒക്കെ ചെയ്തേക്കാം.d (റോമ. 15:4) ചിലപ്പോൾ ഒരു കാര്യത്തെക്കുറിച്ച് യഹോവയുടെ ചിന്ത മനസ്സിലാക്കാനും അങ്ങനെ സമനിലയോടെ മുന്നോട്ടുപോകാനും ഒരു സഹോദരനോ സഹോദരിക്കോ നമ്മളെ സഹായിക്കാനാകും. ഇനി, നമ്മൾ നിരാശപ്പെട്ടിരിക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കിത്തരുന്നതുപോലെ എന്തെങ്കിലുമൊക്കെ സഹായങ്ങൾ ചെയ്തുതരാനും അവർക്കു കഴിയും.
വിശ്വസിക്കാനാകുന്ന പക്വതയുള്ള സുഹൃത്തുക്കൾക്കു നമ്മളെ വലിയ രീതിയിൽ ആശ്വസിപ്പിക്കാനും സഹായിക്കാനും പറ്റും (15-ാം ഖണ്ഡിക കാണുക)
16. മറ്റുള്ളവരുടെ സഹായം ലഭിക്കാൻ നമ്മൾ എന്താണു ചെയ്യേണ്ടത്?
16 മറ്റുള്ളവരിൽനിന്ന് സഹായം കിട്ടാൻ നമ്മൾ ചിലപ്പോൾ സഹായം ചോദിക്കേണ്ടതുണ്ടായിരിക്കാം. സഹോദരങ്ങൾ നമ്മളെ സ്നേഹിക്കുന്നുണ്ട്, സഹായിക്കാൻ ആഗ്രഹിക്കുന്നുമുണ്ട്. (സുഭാ. 17:17) പക്ഷേ നമുക്ക് എന്താണു തോന്നുന്നതെന്നോ, എന്താണു വേണ്ടതെന്നോ അവർക്ക് അറിയാൻ കഴിഞ്ഞെന്നുവരില്ല. (സുഭാ. 14:10) നിങ്ങളുടെ മനസ്സ് വേദനിച്ചിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് എന്താണു തോന്നുന്നതെന്നു പക്വതയുള്ള കൂട്ടുകാരോടു തുറന്നുപറയാൻ തയ്യാറാകുക. എങ്കിലേ നിങ്ങളെ സഹായിക്കാൻ എന്താണു ചെയ്യേണ്ടതെന്ന് അവർക്കു മനസ്സിലാകുകയുള്ളൂ. ചിലപ്പോൾ നിങ്ങൾക്ക് അടുപ്പമുള്ള ഒന്നോ രണ്ടോ മൂപ്പന്മാരോടായിരിക്കും നിങ്ങൾ സംസാരിക്കാൻ തീരുമാനിക്കുന്നത്. ഇനി ചില സഹോദരിമാർക്കു പക്വതയുള്ള മറ്റൊരു സഹോദരിയോട് ഉള്ളുതുറക്കുന്നതു കൂടുതൽ എളുപ്പമായി തോന്നിയിട്ടുണ്ട്.
17. ഏതു കാര്യങ്ങൾ പ്രോത്സാഹനം സ്വീകരിക്കുന്നതിനു നമുക്കൊരു തടസ്സമായേക്കാം, നമുക്ക് എങ്ങനെ അതിനെ മറികടക്കാം?
17 നിങ്ങളെത്തന്നെ ഒറ്റപ്പെടുത്താനുള്ള തോന്നലിനെ മറികടക്കുക. മനസ്സ് ആകെ അസ്വസ്ഥമായിരിക്കുന്ന സമയത്ത് മറ്റുള്ളവരോടൊപ്പം ആയിരിക്കാനോ അവരോടു സംസാരിക്കാനോ ഒന്നും നമുക്കു തോന്നില്ലായിരിക്കും. ചിലപ്പോൾ സഹോദരങ്ങൾക്കു നിങ്ങളുടെ സാഹചര്യം മനസ്സിലാകാതെ പോകുകയോ അല്ലെങ്കിൽ അവർ പറഞ്ഞത് എന്തെങ്കിലും നിങ്ങളെ വേദനിപ്പിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടാകാം. (യാക്കോ. 3:2) പക്ഷേ ആ കാരണങ്ങൾകൊണ്ടൊന്നും സഹോദരങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി നിൽക്കരുത്. നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ യഹോവയ്ക്ക് അവരെ ഉപയോഗിക്കാനാകും. വിഷാദത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഗ്യാവിൻ എന്ന മൂപ്പൻ പറയുന്നു: “മിക്കപ്പോഴും കൂട്ടുകാരോടൊപ്പം ആയിരിക്കാനോ അവരോടു സംസാരിക്കാനോ എനിക്കു തോന്നാറേയില്ല.” എങ്കിലും ഗ്യാവിൻ, സഹോദരങ്ങളോടൊപ്പം ആയിരിക്കാൻ പ്രത്യേകശ്രമം ചെയ്തു. അങ്ങനെ ചെയ്തപ്പോഴെല്ലാം സഹോദരന് ആശ്വാസം തോന്നി. ആമി എന്ന ഒരു സഹോദരി പറയുന്നു: “മുമ്പുണ്ടായ ചില അനുഭവങ്ങൾ കാരണം എനിക്ക് ആളുകളെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ യഹോവയെ അനുകരിച്ചുകൊണ്ട് എന്റെ സഹോദരങ്ങളെ സ്നേഹിക്കാനും വിശ്വസിക്കാനും ഞാൻ ഇപ്പോൾ പഠിക്കുന്നു. അത് യഹോവയെ സന്തോഷിപ്പിക്കും. എനിക്കും സന്തോഷം തരും. അക്കാര്യം എനിക്ക് ഉറപ്പാണ്.”
ഭാവിയെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനങ്ങൾ നമ്മളെ ആശ്വസിപ്പിക്കും
18. നമുക്ക് എന്തിനായി നോക്കിയിരിക്കാം, നമുക്ക് ഇപ്പോൾ എന്തു ചെയ്യാം?
18 നമുക്കു ശാരീരികമായും വൈകാരികമായും വേദനയുണ്ടാക്കുന്ന എല്ലാ കാര്യങ്ങളും യഹോവ പെട്ടെന്നുതന്നെ, പൂർണമായി നീക്കിക്കളയും. (വെളി. 21:3, 4) ഇന്നു നമ്മൾ അനുഭവിക്കുന്ന വിഷമങ്ങളൊന്നും അന്ന് നമ്മുടെ ‘ഹൃദയത്തിൽ ഉണ്ടായിരിക്കില്ല.’ (യശ. 65:17) എന്നാൽ നമ്മൾ കണ്ടതുപോലെ യഹോവ ഇപ്പോൾത്തന്നെ നമ്മുടെ “മുറിവുകൾ വെച്ചുകെട്ടുന്നു.” നമ്മളെ സഹായിക്കാനും ആശ്വസിപ്പിക്കാനും ആയി യഹോവ സ്നേഹത്തോടെ ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക. ‘ദൈവത്തിനു നിങ്ങളെക്കുറിച്ച് ചിന്തയുണ്ടോ’ എന്ന് ഒരു നിമിഷംപോലും സംശയിക്കരുത്.—1 പത്രോ. 5:7.
ഗീതം 7 യഹോവ നമ്മുടെ ബലം
a പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.
b “യഹോവയ്ക്കു നിങ്ങൾ വിലപ്പെട്ടവരാണ്” എന്ന ചതുരം കാണുക.
c യഹോവയുമായി ‘കാര്യങ്ങൾ പറഞ്ഞ് നേരെയാക്കുന്നതിൽ’ എന്താണ് ഉൾപ്പെട്ടിട്ടുള്ളത്? നമ്മുടെ തെറ്റ് ക്ഷമിക്കണേ എന്ന് യഹോവയോടു പ്രാർഥിച്ചുകൊണ്ടും പ്രവൃത്തികളിൽ വേണ്ട മാറ്റങ്ങൾ വരുത്തികൊണ്ടും യഥാർഥപശ്ചാത്താപമുണ്ടെന്നു നമ്മൾ തെളിയിക്കണം. ഗുരുതരമായ പാപമാണു ചെയ്തതെങ്കിൽ സഭയിലെ മൂപ്പന്മാരുടെ സഹായം സ്വീകരിക്കേണ്ടതും ആവശ്യമാണ്.—യാക്കോ. 5:14, 15.