പഠനലേഖനം 13
ഗീതം 4 “യഹോവ എന്റെ ഇടയൻ”
യഹോവയുടെ കൈ ഒരിക്കലും ചെറുതല്ല!
“യഹോവയുടെ കൈ അത്ര ചെറുതാണോ?”—സംഖ്യ 11:23.
ഉദ്ദേശ്യം
നമ്മുടെ ഭൗതികാവശ്യങ്ങൾക്കായി യഹോവ കരുതും എന്ന വിശ്വാസം വളർത്തിയെടുക്കാനും ശക്തമാക്കാനും ഈ ലേഖനം സഹായിക്കും.
1. ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ചപ്പോൾ മോശ എങ്ങനെയാണ് യഹോവയിൽ ആശ്രയമുണ്ടെന്നു കാണിച്ചത്?
യഹോവയിൽ ശക്തമായ വിശ്വാസം പ്രകടമാക്കിയ പലരുടെയും പേരുകൾ എബ്രായർക്ക് എഴുതിയ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ട ഒരു വ്യക്തിയാണു മോശ. (എബ്രാ. 3:2-5; 11:23-25) ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് വിടുവിച്ചപ്പോൾ മോശ വിശ്വാസം പ്രകടമാക്കി. അദ്ദേഹം ഫറവോനെയും സൈന്യത്തെയും പേടിച്ച് പിന്മാറിയില്ല. യഹോവയിൽ ആശ്രയിച്ചുകൊണ്ട് ചെങ്കടലിലൂടെയും പിന്നീടു വിജനഭൂമിയിലൂടെയും അദ്ദേഹം ജനത്തെ വഴിനയിച്ചു. (എബ്രാ. 11:27-29) തങ്ങൾക്കുവേണ്ടി കരുതാനുള്ള യഹോവയുടെ കഴിവിൽ മിക്ക ഇസ്രായേല്യർക്കും വിശ്വാസം നഷ്ടമായെങ്കിലും മോശ ദൈവത്തിൽ ആശ്രയിക്കുന്നതിൽ തുടർന്നു. മോശയുടെ ആ വിശ്വാസം അസ്ഥാനത്തായിപ്പോയില്ല. തരിശായ ആ വിജനഭൂമിയിൽപോലും ജനത്തിനു നിലനിൽക്കാൻ വേണ്ട ഭക്ഷണവും വെള്ളവും യഹോവ അത്ഭുതകരമായി കൊടുത്തു.a—പുറ. 15:22-25; സങ്കീ. 78:23-25.
2. “യഹോവയുടെ കൈ അത്ര ചെറുതാണോ?” എന്ന് യഹോവ മോശയോടു ചോദിച്ചത് എന്തുകൊണ്ടാണ്? (സംഖ്യ 11:21-23)
2 എന്നാൽ ശക്തമായ വിശ്വാസമുണ്ടായിരുന്നെങ്കിലും, ഇസ്രായേല്യരെ അത്ഭുതകരമായി വിടുവിച്ചുകൊണ്ടുവന്ന് ഏതാണ്ട് ഒരു വർഷത്തിനു ശേഷം, അവർക്ക് ഇറച്ചി കൊടുക്കാനുള്ള യഹോവയുടെ പ്രാപ്തിയെ മോശ ചോദ്യം ചെയ്തു. ലക്ഷക്കണക്കിനു വരുന്ന ആളുകൾക്ക് എങ്ങനെ ആ വിജനഭൂമിയിൽവെച്ച് ആവശ്യത്തിന് ഇറച്ചി കൊടുക്കുമെന്നു മോശ ചിന്തിച്ചു. അതിനു മറുപടിയായി യഹോവ മോശയോട് ഇങ്ങനെ ചോദിച്ചു: “യഹോവയുടെ കൈ അത്ര ചെറുതാണോ?” (സംഖ്യ 11:21-23 വായിക്കുക.) ഇവിടെ “യഹോവയുടെ കൈ” എന്നു പറഞ്ഞിരിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ, അല്ലെങ്കിൽ പ്രവർത്തനനിരതമായ ശക്തിയെ കുറിക്കാനാണ്. ശരിക്കും പറഞ്ഞാൽ യഹോവ മോശയോട് ഇങ്ങനെ ചോദിക്കുന്നതുപോലെയായിരുന്നു: ‘ഞാൻ ചെയ്യുമെന്നു പറഞ്ഞ കാര്യം എനിക്കു ചെയ്യാൻ കഴിയില്ല എന്നാണോ നിനക്കു തോന്നുന്നത്?’
3. മോശയുടെയും ഇസ്രായേല്യരുടെയും അനുഭവത്തെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
3 നിങ്ങളുടെയും കുടുംബത്തിന്റെയും ഭൗതികാവശ്യങ്ങൾക്കായി യഹോവ കരുതുമോ എന്ന് എപ്പോഴെങ്കിലും നിങ്ങൾക്കു സംശയം തോന്നിയിട്ടുണ്ടോ? അങ്ങനെ തോന്നിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, തങ്ങൾക്കുവേണ്ടി കരുതാനുള്ള യഹോവയുടെ പ്രാപ്തിയെ സംശയിച്ച മോശയെയും ഇസ്രായേല്യരെയും കുറിച്ച് നമുക്കു നോക്കാം. അതുപോലെ യഹോവയുടെ കൈ ഒരിക്കലും ചെറുതല്ല എന്ന വിശ്വാസം ശക്തമാക്കാൻ നമ്മളെ സഹായിക്കുന്ന ചില തിരുവെഴുത്തുതത്ത്വങ്ങളും നമ്മൾ ചിന്തിക്കും.
മോശയിൽനിന്നും ഇസ്രായേല്യരിൽനിന്നും പഠിക്കുക
4. തങ്ങൾക്കുവേണ്ടി കരുതാനുള്ള യഹോവയുടെ പ്രാപ്തിയെ ചോദ്യം ചെയ്യുന്നതിലേക്ക് പല ഇസ്രായേല്യരെയും നയിച്ചത് എന്താണ്?
4 തങ്ങൾക്കുവേണ്ടി കരുതാനുള്ള യഹോവയുടെ പ്രാപ്തിയെ പല ഇസ്രായേല്യരും സംശയിച്ചത് എന്തുകൊണ്ടാണ്? ഈജിപ്തിൽനിന്ന് വാഗ്ദത്തദേശത്തേക്കു യാത്ര പുറപ്പെട്ട ഇസ്രായേല്യരോടൊപ്പം ‘ഒരു വലിയ സമ്മിശ്രപുരുഷാരവും ഉണ്ടായിരുന്നു.’ അവരെല്ലാം വിജനഭൂമിയിലൂടെയുള്ള യാത്ര തുടങ്ങിയിട്ട് കുറച്ച് നാളുകളായി. (പുറ. 12:38; ആവ. 8:15) സമ്മിശ്രപുരുഷാരം മന്ന കഴിച്ച് മടുത്ത് പരാതിപ്പെടാൻ തുടങ്ങി. പല ഇസ്രായേല്യരും അവരോടൊപ്പം ചേർന്നു. (സംഖ്യ 11:4-6) ഈജിപ്തിൽ തങ്ങൾക്കുണ്ടായിരുന്ന ഭക്ഷണത്തെക്കുറിച്ച് ഓർത്തപ്പോൾ അവർക്കു കൊതി തോന്നി. ആളുകളുടെ പരാതി കേട്ട് സമ്മർദത്തിലായ മോശ, താൻ ഇനി അവർക്കുവേണ്ടി കരുതേണ്ടിവരുമോ എന്നു ചിന്തിച്ചുകാണും.—സംഖ്യ 11:13, 14.
5-6. സമ്മിശ്രപുരുഷാരത്തിന്റെ മനോഭാവം പല ഇസ്രായേല്യരെയും സ്വാധീനിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
5 സമ്മിശ്രപുരുഷാരത്തിന്റെ നന്ദിയില്ലായ്മ സാധ്യതയനുസരിച്ച് ഇസ്രായേല്യരെയും ബാധിച്ചുതുടങ്ങി. അതുപോലെ നമ്മുടെ ചുറ്റുമുള്ളവർ നന്ദിയില്ലായ്മ കാണിക്കുമ്പോൾ നമ്മളും യഹോവ തരുന്ന കരുതലുകളിൽ തൃപ്തിപ്പെടാതിരിക്കാൻ സാധ്യതയുണ്ട്. നമുക്കു മുമ്പുണ്ടായിരുന്ന കാര്യങ്ങളെക്കുറിച്ച് നഷ്ടബോധത്തോടെ ചിന്തിക്കുകയോ മറ്റുള്ളവർക്കുള്ള കാര്യങ്ങളിൽ അസൂയപ്പെടുകയോ ചെയ്താൽ അങ്ങനെ സംഭവിച്ചേക്കാം. എന്നാൽ സാഹചര്യം എന്താണെങ്കിലും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ പഠിക്കുകയാണെങ്കിൽ സന്തോഷമുള്ളവരായിരിക്കാൻ നമുക്കു കഴിയും.
6 തങ്ങൾ വാഗ്ദത്തദേശത്ത് എത്തിക്കഴിയുമ്പോൾ ഒരുപാടു ഭൗതികാനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് യഹോവ ഉറപ്പു കൊടുത്ത കാര്യം അവർ ഓർക്കണമായിരുന്നു. അതെ, ആ അനുഗ്രഹങ്ങളെല്ലാം വിജനഭൂമിയിലൂടെ യാത്ര ചെയ്യുമ്പോഴല്ല, വാഗ്ദത്തദേശത്ത് എത്തിക്കഴിയുമ്പോഴേ നിറവേറുമായിരുന്നുള്ളൂ. അതുപോലെ ഈ വ്യവസ്ഥിതിയിൽ നമുക്ക് ഇല്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം പുതിയലോകത്തിൽ വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം. അതുപോലെ യഹോവയിലുള്ള ആശ്രയം വളർത്തിയെടുക്കാൻ സഹായിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ചും നമുക്കു ധ്യാനിക്കാം.
7. യഹോവയുടെ കൈ ഒട്ടും ചെറുതല്ല എന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
7 എങ്കിലും “യഹോവയുടെ കൈ അത്ര ചെറുതാണോ” എന്ന് ദൈവം മോശയോടു ചോദിച്ചത് എന്തുകൊണ്ടാണെന്നു നമ്മൾ ചിന്തിച്ചേക്കാം. ഒരുപക്ഷേ യഹോവ തന്റെ കൈയുടെ ശക്തി മാത്രമല്ല, വ്യാപ്തിയും എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ മോശയെ സഹായിക്കുകയായിരുന്നു. വിജനഭൂമിയുടെ നടുക്കുപോലും ഇസ്രായേല്യർക്ക് സമൃദ്ധമായ അളവിൽ ഇറച്ചി കൊടുക്കാൻ ദൈവത്തിനു കഴിയുമായിരുന്നു. “കൈക്കരുത്തുകൊണ്ടും നീട്ടിയ കരംകൊണ്ടും” യഹോവ തന്റെ ശക്തി കാണിച്ചു. (സങ്കീ. 136:11, 12) പരിശോധനകൾ നേരിടുമ്പോൾ നമ്മൾ എവിടെയാണെങ്കിലും, സഹായിക്കാനായി യഹോവ തന്റെ കൈ നമ്മുടെ ഓരോരുത്തരുടെയും അടുത്തേക്കു നീട്ടും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.—സങ്കീ. 138:6, 7.
8. വിജനഭൂമിയിൽവെച്ച് പല ഇസ്രായേല്യർക്കും പറ്റിയ തെറ്റ് നമുക്ക് എങ്ങനെ ഒഴിവാക്കാം? (ചിത്രവും കാണുക.)
8 പറഞ്ഞതുപോലെതന്നെ യഹോവ അവർക്ക് ഇറച്ചി കൊടുത്തു; സമൃദ്ധമായ അളവിൽ അവർക്കു കാടപ്പക്ഷികളെ നൽകി. എന്നാലും ദൈവം ചെയ്ത ആ അത്ഭുതത്തിന് ഇസ്രായേല്യർ നന്ദിയുള്ളവരായിരുന്നില്ല. പകരം അവരിൽ പലരും അത്യാഗ്രഹം കാണിക്കുകയാണു ചെയ്തത്. ഒന്നര ദിവസത്തോളം എടുത്ത് അവർ കഴിയുന്നത്ര കാടപ്പക്ഷികളെ പിടിക്കാൻ ശ്രമിച്ചു. “അത്യാർത്തി കാണിച്ച” ജനത്തിനു നേരെ യഹോവയുടെ കോപം ആളിക്കത്തി. അവരെ ശിക്ഷിക്കുകയും ചെയ്തു. (സംഖ്യ 11:31-34) ഇതു നമുക്കും ഒരു പാഠമാണ്. അത്യാഗ്രഹം എന്ന കെണിയിൽ വീണുപോകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. സമ്പന്നരാണെങ്കിലും അല്ലെങ്കിലും യഹോവയുമായും യേശുവുമായും നല്ലൊരു ബന്ധം വളർത്തിയെടുത്തുകൊണ്ട് ‘സ്വർഗത്തിൽ നിക്ഷേപം’ സ്വരൂപിക്കുന്നതിനു നമ്മൾ പ്രാധാന്യം കൊടുക്കണം. (മത്താ. 6:19, 20; ലൂക്കോ. 16:9) അങ്ങനെ ചെയ്താൽ യഹോവ നമുക്കുവേണ്ടി കരുതും എന്ന കാര്യം ഉറപ്പാണ്.
വിജനഭൂമിയിൽവെച്ച് മിക്ക ആളുകളും എന്തു മനോഭാവമാണു കാണിച്ചത്, ആ സംഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (8-ാം ഖണ്ഡിക കാണുക)
9. നമുക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം?
9 തന്റെ ജനത്തെ സഹായിക്കാനായി യഹോവ ഇന്നും കൈ നീട്ടുന്നുണ്ട്. എന്നാൽ അതിന്റെ അർഥം നമുക്ക് ഒരിക്കലും സാമ്പത്തികബുദ്ധിമുട്ട് ഉണ്ടാകില്ല എന്നോ നമ്മൾ വിശന്നിരിക്കില്ല എന്നോ അല്ല.b പകരം, യഹോവ നമ്മളെ ഉപേക്ഷിക്കുകയോ കൈവിടുകയോ ഇല്ല എന്നാണ്. പരിശോധനകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കും. ഇതു മനസ്സിലാക്കാൻ നമുക്ക് രണ്ടു സാഹചര്യങ്ങൾ ചിന്തിക്കാം: (1) സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ. (2) ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്കുവേണ്ടി പ്ലാൻ ചെയ്യുമ്പോൾ. ഈ രണ്ടു സാഹചര്യങ്ങളിലും യഹോവ തന്റെ കൈ നീട്ടി നമുക്കുവേണ്ടി കരുതുമെന്ന വിശ്വാസം എങ്ങനെ കാണിക്കാമെന്നു നോക്കാം.
സാമ്പത്തികപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ
10. നമ്മൾ എന്തെല്ലാം സാമ്പത്തികപ്രശ്നങ്ങൾ നേരിട്ടേക്കാം?
10 ഈ വ്യവസ്ഥിതി അതിന്റെ അവസാനത്തോട് അടുക്കുന്തോറും സാമ്പത്തികസ്ഥിതി കൂടുതൽ മോശമാകുമെന്നു നമുക്ക് അറിയാം. രാഷ്ട്രീയകലാപങ്ങളും യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും പുതിയ പകർച്ചവ്യാധികളും എല്ലാം അപ്രതീക്ഷിതമായി ചെലവുകൾ കൂടാനോ നമ്മുടെ ജോലി, വസ്തുവകകൾ, വീട് ഇതെല്ലാം നഷ്ടമാകാനോ കാരണമായേക്കാം. ഇനി, നമ്മൾ പുതിയ ഒരു ജോലി കണ്ടെത്തുകയോ അല്ലെങ്കിൽ ജോലിക്കായി മറ്റൊരു സ്ഥലത്തേക്ക് കുടുംബമായി മാറിത്താമസിക്കുകയോ ചെയ്യേണ്ടിവന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ യഹോവയുടെ കൈയിൽ ആശ്രയിക്കുന്നുണ്ട് എന്നു തെളിയിക്കുന്ന തീരുമാനങ്ങളെടുക്കാൻ നമ്മളെ എന്തു സഹായിക്കും?
11. സാമ്പത്തികപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങളെ എന്തു സഹായിക്കും? (ലൂക്കോസ് 12:29-31)
11 നിങ്ങളുടെ ഉത്കണ്ഠകൾ യഹോവയെ അറിയിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതും പ്രയോജനം ചെയ്യുന്നതും ആയ ഒരു കാര്യം. (സുഭാ. 16:3) നല്ല തീരുമാനങ്ങളെടുക്കാനുള്ള ജ്ഞാനത്തിനും ‘ഉത്കണ്ഠപ്പെടുന്നത് ഒഴിവാക്കി’ ശാന്തമായ ഒരു ഹൃദയം നേടാൻ കഴിയേണ്ടതിനും യഹോവയോടു പ്രാർഥിക്കുക. (ലൂക്കോസ് 12:29-31 വായിക്കുക.) അവശ്യകാര്യങ്ങൾകൊണ്ട് തൃപ്തിപ്പെടാൻ സഹായിക്കണേ എന്നും യാചിക്കുക. (1 തിമൊ. 6:7, 8) സാമ്പത്തികപ്രശ്നങ്ങൾ എങ്ങനെ നന്നായി കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്യുക. ഈ പ്രശ്നത്തെ നേരിടാൻ jw.org-ൽ വന്നിട്ടുള്ള വിവരങ്ങൾ പലരെയും സഹായിച്ചിട്ടുണ്ട്.
12. കുടുംബത്തിനുവേണ്ടി ഏറ്റവും നല്ല തീരുമാനങ്ങളെടുക്കാൻ ഏതെല്ലാം ചോദ്യങ്ങൾ ഒരു ക്രിസ്ത്യാനിയെ സഹായിക്കും?
12 കുടുംബത്തിൽനിന്ന് മാറിനിൽക്കേണ്ടിവരുന്ന ജോലി സ്വീകരിക്കാനുള്ള പ്രലോഭനത്തിൽ ചിലർ വീണുപോയിട്ടുണ്ട്. എന്നാൽ അതു ബുദ്ധിശൂന്യമായ തീരുമാനമായിരുന്നെന്നു പലരും പിന്നീടു മനസ്സിലാക്കി. ഒരു പുതിയ ജോലി സ്വീകരിക്കുന്നതിനു മുമ്പ് സാമ്പത്തികമായി എന്തെല്ലാം നേട്ടങ്ങളുണ്ടെന്നു മാത്രമല്ല, ആത്മീയമായി എന്തൊക്കെ നഷ്ടങ്ങളുണ്ടെന്നും ചിന്തിക്കണം. (ലൂക്കോ. 14:28) നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഞാൻ എന്റെ ഇണയിൽനിന്ന് മാറിനിന്നാൽ അതു ഞങ്ങളുടെ ദാമ്പത്യജീവിതത്തെ എങ്ങനെ ബാധിക്കും? എന്റെ ക്രിസ്തീയസഹവാസത്തിന്റെയും ശുശ്രൂഷയുടെയും കാര്യം എന്താകും?’ ഇനി, കുട്ടികൾ ഉണ്ടെങ്കിൽ ഈ പ്രധാനപ്പെട്ട ചോദ്യവും സ്വയം ചോദിക്കണം: ‘ഞാൻ മക്കളോടൊപ്പം ഇല്ലെങ്കിൽ എനിക്ക് അവരെ “യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും” വളത്തിക്കൊണ്ടുവരാൻ എങ്ങനെ കഴിയും?’ (എഫെ. 6:4) യഹോവയുടെ ചിന്തകളായിരിക്കണം നിങ്ങളെ വഴിനയിക്കേണ്ടത്. അല്ലാതെ തിരുവെഴുത്തുതത്ത്വങ്ങളെ മാനിക്കാത്ത കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ചിന്തകളായിരിക്കരുത്.c പടിഞ്ഞാറൻ ഏഷ്യയിൽ താമസിക്കുന്ന റ്റോണിക്ക് വിദേശത്ത് ജോലിക്കു പോകാനുള്ള പല ഓഫറുകളും കിട്ടി. എന്നാൽ ഇതെക്കുറിച്ച് പ്രാർഥിക്കുകയും ഭാര്യയുമായി ചർച്ച ചെയ്യുകയും ചെയ്തശേഷം ആ ഓഫറുകൾ വേണ്ടെന്നുവെക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിനു പകരം കുടുംബത്തിന്റെ ചെലവുകൾ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് അവർ ചിന്തിച്ചു. പിന്നീട് അതെക്കുറിച്ച് ഓർക്കുമ്പോൾ റ്റോണി പറയുന്നു: “യഹോവയെക്കുറിച്ച് അറിയാൻ ഒരുപാടു പേരെ സഹായിക്കാൻ എനിക്കു കഴിഞ്ഞു. ഇനി, ഞങ്ങളുടെ മക്കൾക്കാണെങ്കിൽ യഹോവയെ സേവിക്കാൻ വലിയ ഇഷ്ടവുമാണ്. മത്തായി 6:33-ലെ വാക്കുകൾക്കു ചേർച്ചയിൽ ജീവിക്കുന്നിടത്തോളം കാലം യഹോവ കരുതുമെന്ന് ഞങ്ങളുടെ കുടുംബത്തിന് ബോധ്യമായി.”
ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്കുവേണ്ടി പ്ലാൻ ചെയ്യുമ്പോൾ
13. പ്രായമാകുമ്പോഴുള്ള ഭൗതികാവശ്യങ്ങൾ നടക്കാൻ നമുക്ക് ഇപ്പോഴേ ന്യായമായി എന്തെല്ലാം ചെയ്യാനാകും?
13 ‘പ്രായമാകുമ്പോൾ എന്റെ ഭൗതികാവശ്യങ്ങൾ എങ്ങനെ നടക്കും’ എന്നു ചിലപ്പോൾ നമ്മൾ ഉത്കണ്ഠപ്പെട്ടേക്കാം. ‘യഹോവയുടെ കൈയിലുള്ള’ നമ്മുടെ ആശ്രയം പരിശോധിക്കപ്പെടുന്ന ഒരു സാഹചര്യമാണ് അത്. കഠിനാധ്വാനം ചെയ്യാനാണു ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെയാകുമ്പോൾ ഭാവിയിലെ ആവശ്യങ്ങൾ നടത്തിക്കൊണ്ട് പോകാനാകും. (സുഭാ. 6:6-11) ഇനി, കഴിയുന്നതുപോലെ ഭാവിയിലേക്ക് എന്തെങ്കിലും നീക്കിവെക്കുന്നത് നല്ലതായിരിക്കും. പണം ഒരു പരിധിവരെ സംരക്ഷണം തരും എന്നത് ശരിയാണ്. (സഭാ. 7:12) എങ്കിലും ഭൗതികകാര്യങ്ങളുടെ പിന്നാലെ പോയി അതിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നതു നമ്മൾ ഒഴിവാക്കണം.
14. ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്കായി പ്ലാൻ ചെയ്യുമ്പോൾ എബ്രായർ 13:5 നമ്മൾ കണക്കിലെടുക്കേണ്ടത് എന്തുകൊണ്ട്?
14 ‘ദൈവമുമ്പാകെ സമ്പന്നനാകാതെ’ പണം സ്വരുക്കൂട്ടുന്നത് എത്ര മണ്ടത്തരമാണെന്നു യേശു ഒരു ദൃഷ്ടാന്തത്തിലൂടെ പഠിപ്പിച്ചു. (ലൂക്കോ. 12:16-21) നാളെ എന്തു സംഭവിക്കുമെന്ന് നമുക്ക് ആർക്കും അറിയില്ല. (സുഭാ. 23:4, 5; യാക്കോ. 4:13-15) യേശുവിന്റെ അനുഗാമികൾ എന്ന നിലയിൽ നമുക്ക് പല പ്രശ്നങ്ങളും നേരിടേണ്ടിവരും. തന്റെ ഒരു ശിഷ്യനാകണമെങ്കിൽ വസ്തുവകകൾ എല്ലാം ‘ഉപേക്ഷിക്കാൻ’ തയ്യാറാകണമെന്നു യേശു പറഞ്ഞു. (ലൂക്കോ. 14:33; അടിക്കുറിപ്പ്) ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയിലുള്ള ക്രിസ്ത്യാനികൾ സന്തോഷത്തോടെ അതുപോലൊരു നഷ്ടം സഹിക്കാൻ തയ്യാറായി. (എബ്രാ. 10:34) നമ്മുടെ ഈ കാലത്തും പല സഹോദരങ്ങൾക്കും രാഷ്ട്രീയപാർട്ടികളെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ സാമ്പത്തികനഷ്ടങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. (വെളി. 13:16, 17) അതിന് അവരെ എന്താണ് സഹായിച്ചത്? “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല” എന്ന യഹോവയുടെ വാക്കുകളിൽ അവർക്കു പൂർണമായ വിശ്വാസം ഉണ്ടായിരുന്നു. (എബ്രായർ 13:5 വായിക്കുക.) ഭാവിയിലെ ആവശ്യങ്ങൾക്കായി നമ്മൾ ഇപ്പോൾത്തന്നെ നന്നായി പ്ലാൻ ചെയ്യും. എന്നാൽ എന്തെങ്കിലും അപ്രതീക്ഷിതസംഭവങ്ങൾ ഉണ്ടായാൽ നമ്മൾ യഹോവയിൽ പൂർണമായി ആശ്രയിക്കും.
15. ക്രിസ്തീയമാതാപിതാക്കൾക്ക് മക്കളെക്കുറിച്ച് സമനിലയുള്ള ഏതു വീക്ഷണം ഉണ്ടായിരിക്കണം? (ചിത്രവും കാണുക.)
15 ചില സംസ്കാരങ്ങളിൽ ദമ്പതികൾ കുട്ടികൾ വേണമെന്നു പ്രധാനമായും ചിന്തിക്കുന്നത്, പ്രായമാകുമ്പോൾ തങ്ങളെ നോക്കാനുള്ള പണം മക്കൾ സമ്പാദിക്കുമല്ലോ എന്നു ചിന്തിച്ചിട്ടാണ്. ഒരർഥത്തിൽ അവർ മക്കളെ കാണുന്നത് “ഉദ്യോഗകാലം കഴിയുമ്പോഴുള്ള ഒരു സമ്പാദ്യമായിട്ടാണ്.” എന്നാൽ ബൈബിൾ പറയുന്നത് മാതാപിതാക്കൾ, മക്കളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതണമെന്നാണ്. (2 കൊരി. 12:14) ശരിയാണ്, പ്രായമാകുമ്പോൾ മാതാപിതാക്കൾക്കു ചില പ്രായോഗികസഹായങ്ങൾ ആവശ്യമായിവന്നേക്കാം. അതു കൊടുക്കാൻ പല മക്കളും സന്തോഷമുള്ളവരുമാണ്. (1 തിമൊ. 5:4) എന്നാൽ ക്രിസ്തീയമാതാപിതാക്കൾ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. തങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കാൻവേണ്ടി മക്കളെ വളർത്തിക്കൊണ്ടുവരുന്നതിലല്ല യഥാർഥസന്തോഷം, പകരം യഹോവയുടെ ദാസരാകാൻ മക്കളെ സഹായിക്കുന്നതിലാണ്.—3 യോഹ. 4
യഹോവയിൽ ആശ്രയിക്കുന്ന ദമ്പതികൾ ബൈബിൾതത്ത്വങ്ങൾ കണക്കിലെടുത്തുകൊണ്ട് ഭാവിയെക്കുറിച്ച് ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കും (15-ാം ഖണ്ഡിക കാണുക)d
16. ഭൗതികാവശ്യങ്ങൾക്കായി സ്വയം കരുതാൻ മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ പരിശീലിപ്പിക്കാം? (എഫെസ്യർ 4:28)
16 യഹോവയിൽ ആശ്രയിക്കാൻ സ്വന്തം മാതൃകയിലൂടെ മാതാപിതാക്കൾ മക്കളെ പരിശീലിപ്പിക്കുക. എന്നാൽ അതോടൊപ്പംതന്നെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി കരുതാനും നിങ്ങൾ അവരെ പഠിപ്പിക്കണം. കഠിനാധ്വാനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചെറുപ്പംമുതലേ അവരെ പഠിപ്പിക്കുക. (സുഭാ. 29:21; എഫെസ്യർ 4:28 വായിക്കുക.) വളർന്നുവരുമ്പോൾ സ്കൂളിൽ നന്നായി പഠിക്കാനും അവരെ സഹായിക്കുക. വിദ്യാഭ്യാസത്തെക്കുറിച്ച് ജ്ഞാനപൂർവമായ തീരുമാനമെടുക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ ക്രിസ്തീയമാതാപിതാക്കൾക്ക് ഗവേഷണം ചെയ്തുകണ്ടെത്താം. എന്നിട്ട് അത് ഉപയോഗിച്ച് മക്കളെ സഹായിക്കാം. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ മാതാപിതാക്കളുടെ ലക്ഷ്യം, സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി കരുതാനും ശുശ്രൂഷയിൽ കൂടുതൽ സമയം ഏർപ്പെടാനും ഒരുപക്ഷേ, മുൻനിരസേവനം തുടങ്ങാനും മക്കളെ സഹായിക്കുക എന്നതായിരിക്കണം.
17. ഏതു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം?
17 തന്റെ വിശ്വസ്തദാസന്മാർക്കുവേണ്ടി കരുതാൻ യഹോവയ്ക്കു കഴിവും ആഗ്രഹവും ഉണ്ടെന്ന കാര്യം നമ്മൾ ഓർക്കണം. ഈ വ്യവസ്ഥിതി അതിന്റെ അവസാനത്തോട് അടുക്കുന്തോറും യഹോവയിലുള്ള നമ്മുടെ ആശ്രയം പരീക്ഷിക്കപ്പെട്ടേക്കാം. എന്തു സംഭവിച്ചാലും നമുക്കുവേണ്ടി ഭൗതികമായി കരുതാൻ യഹോവ തന്റെ ശക്തി ഉപയോഗിക്കുകതന്നെ ചെയ്യും. അതെ, യഹോവയുടെ കൈക്കരുത്തും നീട്ടിയ കരവും, നമ്മളിലേക്ക് എത്താൻ പറ്റാത്തത്ര ചെറുതല്ല എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.
ഗീതം 150 രക്ഷയ്ക്കായ് ദൈവത്തെ അന്വേഷിക്കാം
a 2023 ഒക്ടോബർ ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
b 2014 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
c 2014 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിലെ “രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും സാധ്യമല്ല” എന്ന ലേഖനം കാണുക.
d ചിത്രത്തിന്റെ വിവരണം: ദമ്പതികൾ അവരുടെ മകളെ വീഡിയോ കോൾ ചെയ്യുന്നു. മകളും ഭർത്താവും ഒരു രാജ്യഹാൾ നിർമാണപ്രോജക്ടിൽ പങ്കെടുക്കുകയാണ്.