പഠനലേഖനം 16
ഗീതം 87 വരൂ, ഉന്മേഷം നേടൂ!
സഹോദരങ്ങളോട് അടുക്കുന്നതു നമുക്ക് എത്ര നല്ലത്!
“സഹോദരന്മാർ ഒന്നിച്ച് ഒരുമയോടെ കഴിയുന്നത് എത്ര നല്ലത്! എത്ര രസകരം!”—സങ്കീ. 133:1.
ഉദ്ദേശ്യം
സഹോദരങ്ങളോടു നമുക്ക് എങ്ങനെ അടുക്കാമെന്നും അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണെന്നും കാണും.
1-2. ഏതു കാര്യം യഹോവയ്ക്കു പ്രധാനമാണ്, നമ്മൾ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്?
നമ്മൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നത് യഹോവയ്ക്കു വളരെ പ്രധാനമാണ്. യേശു പഠിപ്പിച്ചത്, നമ്മൾ നമ്മളെപ്പോലെതന്നെ അയൽക്കാരെയും സ്നേഹിക്കണം എന്നാണ്. (മത്താ. 22:37-39) അതിൽ, യഹോവയെ ആരാധിക്കാത്തവരും ഉൾപ്പെടും. നമ്മൾ എല്ലാ ആളുകളോടും സ്നേഹം കാണിക്കുമ്പോൾ യഹോവയെ അനുകരിക്കുകയാണെന്നു പറയാം. കാരണം യഹോവ ‘ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നവനാണ്.’—മത്താ. 5:45.
2 യഹോവ എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നുണ്ടെങ്കിലും തന്നെ ആരാധിക്കുന്നവരോട് യഹോവയ്ക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്. (യോഹ. 14:21) നമ്മൾ തന്നെ അനുകരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. നമ്മുടെ സഹോദരീസഹോദരന്മാരെ ‘അഗാധമായി സ്നേഹിക്കാനും’ അവരോട് ‘ആർദ്രത കാണിക്കാനും’ യഹോവ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. (1 പത്രോ. 4:8; റോമ. 12:10) അതെ, ഒരു അടുത്ത കുടുംബാംഗത്തോടോ ഉറ്റ സുഹൃത്തിനോടോ തോന്നുന്നതുപോലുള്ള സ്നേഹം നമുക്കു സഹോദരങ്ങളോടു തോന്നണം.
3. സ്നേഹത്തിന്റെ കാര്യത്തിൽ നമ്മൾ എന്ത് ഓർക്കണം?
3 സ്നേഹം നമ്മൾ വളർത്തുന്ന ഒരു ചെടിപോലെ ആണെന്നു പറയാം. പരിപാലിച്ചെങ്കിൽ മാത്രമേ അതു വളരൂ. അതുകൊണ്ടാണ് അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചത്: “നിങ്ങൾ തുടർന്നും സഹോദരസ്നേഹം കാണിക്കുക.” (എബ്രാ. 13:1) നമ്മൾ സഹോദരങ്ങളോടു സ്നേഹം വളർത്തുന്നതിൽ തുടരാൻ യഹോവ ആഗ്രഹിക്കുന്നു. ഈ ലേഖനത്തിൽ നമ്മൾ സഹോദരങ്ങളോട് കൂടുതൽ അടുക്കേണ്ടത് എന്തുകൊണ്ടെന്നും അതു തുടർന്നും നമുക്ക് എങ്ങനെ ചെയ്യാമെന്നും നമ്മൾ പഠിക്കും.
സഹോദരങ്ങളോട് നമ്മൾ കൂടുതൽ അടുക്കേണ്ടത് എന്തുകൊണ്ട്?
4. സങ്കീർത്തനം 133:1-ൽ കാണുന്നതുപോലെ സഹോദരകുടുംബത്തിന്റെ ഐക്യം നമുക്ക് എങ്ങനെ തുടർന്നും വിലമതിക്കാം? (ചിത്രങ്ങളും കാണുക.)
4 സങ്കീർത്തനം 133:1 വായിക്കുക. യഹോവയെ സ്നേഹിക്കുന്നവരുമായുള്ള സൗഹൃദം ‘നല്ലതും രസകരവും’ ആണെന്നാണ് സങ്കീർത്തനക്കാരൻ പറഞ്ഞത്. അതുതന്നെയല്ലേ നമുക്കും തോന്നുന്നത്? നല്ല ഭംഗിയുള്ള ഒരു പൂന്തോട്ടം പല തവണ കാണുമ്പോൾ അതിന്റെ സൗന്ദര്യം നമ്മൾ നിസ്സാരമായി കണ്ടേക്കാവുന്നതുപോലെ സഹോദരങ്ങൾക്ക് ഇടയിലുള്ള ഐക്യത്തിന്റെ സൗന്ദര്യവും നമ്മൾ ശ്രദ്ധിക്കാതെപോയേക്കാം. കാരണം സഹോദരങ്ങളെ നമ്മൾ ആഴ്ചയിൽ പല തവണ കാണുന്നുണ്ടായിരിക്കും. എന്നാൽ അവരോടുള്ള വിലമതിപ്പ് നമുക്ക് എങ്ങനെ നിലനിറുത്താം? സഹോദരങ്ങൾ ഓരോരുത്തരും സഭയ്ക്കും നമുക്കും എത്ര വിലപ്പെട്ടവരാണെന്നു സമയമെടുത്ത് ചിന്തിക്കാം. അപ്പോൾ അവരോടുള്ള സ്നേഹം വളരും.
സഹോദരങ്ങൾക്കിടയിലുള്ള ഐക്യത്തിന്റെ സൗന്ദര്യം നമ്മൾ ശ്രദ്ധിക്കാതെ പോകരുത് (4-ാം ഖണ്ഡിക കാണുക)
5. നമുക്കിടയിലുള്ള സ്നേഹം മറ്റുള്ളവരെ എങ്ങനെ സ്വാധീനിച്ചേക്കാം?
5 നമുക്കിടയിലുള്ള സ്നേഹം ആദ്യമായി മീറ്റിങ്ങിനു വന്ന ചിലരെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. ആ സ്നേഹം മാത്രം കണ്ടിട്ട് ഇതു സത്യമാണെന്ന് അവരിൽ ചിലർ തിരിച്ചറിഞ്ഞു. യേശു പറഞ്ഞത്, “നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും” എന്നാണ്. (യോഹ. 13:35) യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ചൈത്രയുടെ അനുഭവം നോക്കാം. നമ്മുടെ മേഖലാ കൺവെൻഷനു കൂടാനുള്ള ക്ഷണം സ്വീകരിച്ച് അവൾ കൺവെൻഷനു വന്നു. ആദ്യത്തെ ദിവസം കൂടിയപ്പോൾത്തന്നെ അവൾ ബൈബിൾ പഠിപ്പിച്ചുകൊണ്ടിരുന്ന ആളോടു പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ പപ്പയും മമ്മിയും പോലും എന്നെ ഒരിക്കലും കെട്ടിപ്പിടിച്ചിട്ടില്ല. പക്ഷേ നിങ്ങളുടെ കൺവെൻഷനു വന്നപ്പോൾ, ഒരു ദിവസംതന്നെ 52 പേര് എന്നെ കെട്ടിപ്പിടിച്ചു. അതിലൂടെ യഹോവയുടെ സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞു. എനിക്കും ഈ കുടുംബത്തിന്റെ ഭാഗമാകണം.” അങ്ങനെ ചൈത്ര തുടർന്നും ബൈബിൾ പഠിച്ച് 2024-ൽ സ്നാനമേറ്റു. നമ്മുടെ നല്ല പ്രവൃത്തികളും നമുക്കിടയിലുള്ള സ്നേഹവും യഹോവയെ സേവിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്നല്ലേ ഇതു കാണിക്കുന്നത്?—മത്താ. 5:16.
6. സഹോദരീസഹോദരന്മാരോട് അടുക്കുന്നതു നമുക്ക് ഒരു സംരക്ഷണമായിരിക്കുന്നത് എങ്ങനെ?
6 സഹോദരീസഹോദരന്മാരോട് അടുക്കുന്നതു നമുക്ക് ഒരു സംരക്ഷണമാണ്. അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളോടു പറഞ്ഞത് ഇങ്ങനെയാണ്: “പാപത്തിന്റെ വഞ്ചനയിൽ കുടുങ്ങി നിങ്ങൾ ആരും കഠിനഹൃദയരാകാതിരിക്കാൻ, . . . ഓരോ ദിവസവും പരസ്പരം പ്രോത്സാഹിപ്പിക്കുക.” (എബ്രാ. 3:13) അങ്ങേയറ്റം നിരുത്സാഹം തോന്നി കാലടികൾ വഴി തെറ്റിപ്പോകുന്ന ഒരു സാഹചര്യത്തിൽ, നിങ്ങളെക്കുറിച്ച് ചിന്തയുള്ള ഒരു സഹോദരനെയോ സഹോദരിയെയോ ഉപയോഗിച്ചായിരിക്കാം യഹോവ നിങ്ങൾക്ക് ആവശ്യമായ സഹായം തരുന്നത്. (സങ്കീ. 73:2, 17, 23) അങ്ങനെ കിട്ടുന്ന സഹായം നമുക്ക് എത്ര ഗുണം ചെയ്യും, അല്ലേ!
7. ഐക്യമുണ്ടായിരിക്കാൻ സ്നേഹം സഹായിക്കുന്നത് എങ്ങനെയാണ്? (കൊലോസ്യർ 3:13, 14)
7 പരസ്പരം സ്നേഹിക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യുന്നതുകൊണ്ട് പല അനുഗ്രഹങ്ങളും നമ്മൾ ആസ്വദിക്കുന്നു. (1 യോഹ. 4:11) ‘സഹിക്കാനും അന്യോന്യം ഉദാരമായി ക്ഷമിക്കാനും’ സ്നേഹം നമ്മളെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് നമുക്കിടയിൽ നല്ല ഐക്യമുണ്ട്. (കൊലോസ്യർ 3:13, 14 വായിക്കുക; എഫെ. 4:2-6) മറ്റൊരു സംഘടനയിലും കാണാത്ത സ്നേഹവും സന്തോഷവും ആണ് നമ്മൾ നമ്മുടെ മീറ്റിങ്ങുകളിൽ ആസ്വദിക്കുന്നത്.
പരസ്പരം ബഹുമാനം കാണിക്കുക
8. ഐക്യമുള്ളവരായിരിക്കാൻ യഹോവ നമ്മളെ സഹായിക്കുന്നത് എങ്ങനെയാണ്?
8 നമുക്കു പല പോരായ്മകളുണ്ടായിട്ടും നമുക്കിടയിൽ ഐക്യമുള്ളതു ശരിക്കും ഒരു അത്ഭുതമാണെന്നു പറയാം. എന്നാൽ ഇതു സാധ്യമായിരിക്കുന്നത് യഹോവ സഹായിക്കുന്നതുകൊണ്ട് മാത്രമാണ്. (1 കൊരി. 12:25) ബൈബിൾ പറയുന്നത്: ‘അന്യോന്യം സ്നേഹിക്കാൻ ദൈവം നമ്മളെ പഠിപ്പിക്കുന്നു’ എന്നാണ്. (1 തെസ്സ. 4:9) പരസ്പരം അടുക്കാൻ നമ്മൾ എന്തു ചെയ്യണമെന്ന് യഹോവ നമ്മളെ തിരുവെഴുത്തുകളിലൂടെ വ്യക്തമായി പഠിപ്പിക്കുന്നു. നമ്മൾ ആ കാര്യങ്ങൾ ശ്രദ്ധയോടെ പഠിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യണം. (എബ്രാ. 4:12; യാക്കോ. 1:25) യഹോവയുടെ സാക്ഷികൾ അങ്ങനെ ചെയ്യാൻ നല്ല ശ്രമം ചെയ്യുന്നതുകൊണ്ട് നമുക്കിടയിൽ ഐക്യമുണ്ട്.
9. പരസ്പരം ബഹുമാനം കാണിക്കുന്നതിനെക്കുറിച്ച് റോമർ 12:9-13 വരെയുള്ള വാക്യങ്ങളിൽനിന്ന് എന്തു പഠിക്കാം?
9 സഹോദരങ്ങളോട് അടുക്കാൻ ദൈവം തന്റെ വചനത്തിലൂടെ നമ്മളെ സഹായിക്കുമെന്നു നമ്മൾ കണ്ടു. റോമർ 12:9-13 വരെയുള്ള വാക്യങ്ങളിൽ (വായിക്കുക.) കാണുന്ന പൗലോസിന്റെ വാക്കുകൾ അതിനൊരു ഉദാഹരണമാണ്. അവിടെ ‘പരസ്പരം ബഹുമാനം കാണിക്കുന്നതിൽ മുൻകൈയെടുക്കാൻ’ പറയുന്നു. അതു നമുക്ക് എങ്ങനെ ചെയ്യാം? സഹോദരങ്ങൾ നമ്മളോട് അടുക്കാൻ നമ്മൾ കാത്തിരിക്കേണ്ടതില്ല. പകരം അവരോട് ‘ആർദ്രത കാണിക്കുന്നതിൽ’ നമുക്കു മുൻകൈയെടുക്കാം. നമുക്ക് അവരോട് ക്ഷമിച്ചുകൊണ്ടും ഉദാരതയും ആതിഥ്യവും ഒക്കെ കാണിച്ചുകൊണ്ടും അങ്ങനെ ചെയ്യാം. (എഫെ. 4:32) “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്” എന്ന് യേശു പറഞ്ഞ കാര്യം വളരെ ശരിയാണ്.—പ്രവൃ. 20:35.
10. ‘പരസ്പരം ബഹുമാനം കാണിക്കുന്ന’ കാര്യത്തിൽ നമുക്ക് എങ്ങനെ അധ്വാനശീലമുള്ളവരായിരിക്കാം? (ചിത്രവും കാണുക.)
10 മുൻകൈയെടുക്കുന്ന കാര്യം പറഞ്ഞതിനു ശേഷം പൗലോസ് ഉടനെ, “മടിയുള്ളവരാകാതെ നല്ല അധ്വാനശീലമുള്ളവരായിരിക്കുക” എന്നു പറഞ്ഞതു നിങ്ങൾ ശ്രദ്ധിച്ചോ? അധ്വാനശീലമുള്ള ഒരു വ്യക്തി നല്ല ഉത്സാഹമുള്ള ആളും കഠിനാധ്വാനിയും ആയിരിക്കും. അങ്ങനെയുള്ള ഒരാളെ ഒരു ജോലി ഏൽപ്പിച്ചാൽ അത് ഏറ്റവും ഭംഗിയായി ചെയ്യാൻ അദ്ദേഹം ശ്രമിക്കും. ശരി, അധ്വാനശീലവും പരസ്പരം ബഹുമാനം കാണിക്കുന്നതും തമ്മിലുള്ള ബന്ധം എന്താണ്? സുഭാഷിതങ്ങൾ 3:27, 28 ഇങ്ങനെ പറയുന്നു: “നിനക്കു നന്മ ചെയ്യാൻ കഴിവുള്ളപ്പോൾ, സഹായം ചെയ്യേണ്ടവർക്ക് അതു ചെയ്യാതിരിക്കരുത്.” അതുകൊണ്ട് സഹായം ആവശ്യമുള്ള ആരെയെങ്കിലും കണ്ടാൽ അദ്ദേഹത്തെ സഹായിക്കാൻ നമ്മളാലാകുന്നതെല്ലാം നമ്മൾ ചെയ്യണം. അതിനു നമ്മൾ താമസം വരുത്തുകയോ മറ്റുള്ളവർ സഹായിക്കും എന്നു ചിന്തിച്ച് മടിച്ചുനിൽക്കുകയോ ചെയ്യില്ല.—1 യോഹ. 3:17, 18.
സഹോദരങ്ങളെ സഹായിക്കാൻ നമുക്കു മുൻകൈയെടുക്കാം (10-ാം ഖണ്ഡിക കാണുക)
11. സഹോദരങ്ങളോട് അടുക്കാൻ നമ്മളെ എന്തു സഹായിക്കും?
11 പരസ്പരം ബഹുമാനം കാണിക്കാൻ നമുക്കു ചെയ്യാവുന്ന മറ്റൊരു കാര്യമാണു സഹോദരങ്ങൾ നമ്മെ മുറിപ്പെടുത്തുമ്പോൾ പെട്ടെന്നുതന്നെ ക്ഷമിക്കുന്നത്. എഫെസ്യർ 4:26 പറയുന്നത് ഇങ്ങനെയാണ്: “സൂര്യൻ അസ്തമിക്കുന്നതുവരെ ദേഷ്യം വെച്ചുകൊണ്ടിരിക്കരുത്.” കാരണം അങ്ങനെ ചെയ്താൽ 27-ാം വാക്യം പറയുന്നതുപോലെ നമ്മൾ ‘പിശാചിന് അവസരം കൊടുക്കുകയായിരിക്കും.’ പരസ്പരം ക്ഷമിക്കാൻ യഹോവ നമ്മളെ തന്റെ വചനത്തിലൂടെ വീണ്ടുംവീണ്ടും ഓർമിപ്പിക്കുന്നുണ്ട്. കൊലോസ്യർ 3:13 ഇങ്ങനെ പറയുന്നു: “അന്യോന്യം ഉദാരമായി ക്ഷമിക്കുക.” നമുക്കു സഹോദരങ്ങളോട് അടുക്കാൻ കഴിയുന്ന ഏറ്റവും നല്ലൊരു വഴിയാണ് അവരുടെ തെറ്റുകൾ ക്ഷമിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ “ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” നമ്മൾ സഹായിക്കുകയായിരിക്കും. (എഫെ. 4:3) അതെ, സംഘടനയിൽ സമാധാനവും ഐക്യവും ഉണ്ടായിരിക്കാൻ നമുക്ക് അതുവഴി സഹായിക്കാനാകും.
12. ക്ഷമിക്കുന്നവരായിരിക്കാൻ യഹോവ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്?
12 നമ്മളെ മുറിപ്പെടുത്തിയ ഒരു വ്യക്തിയോടു ക്ഷമിക്കുന്നത് അത്ര എളുപ്പമായിരിക്കണമെന്നില്ല. എന്നാൽ ദൈവാത്മാവിന്റെ സഹായത്തോടെ നമുക്ക് അതു ചെയ്യാനാകും. ‘തമ്മിൽത്തമ്മിൽ ആർദ്രത കാണിക്കാനും’ ‘നല്ല അധ്വാനശീലമുള്ളവരായിരിക്കാനും’ പറഞ്ഞതിനു ശേഷം ‘ദൈവാത്മാവിൽ ജ്വലിക്കാൻ’ പൗലോസ് നമ്മളോടു പറയുന്നു. ദൈവാത്മാവിൽ ‘ജ്വലിക്കുന്ന’ ഒരു വ്യക്തിക്ക് പരിശുദ്ധാത്മാവിന്റെ ഫലമായി നല്ല തീക്ഷ്ണതയും ഉത്സാഹവും ഉണ്ടായിരിക്കും. (റോമ. 12:11) അതു പരസ്പരം ആർദ്രത കാണിക്കാനും ഉദാരമായി ക്ഷമിക്കാനും ആ വ്യക്തിയെ സഹായിക്കും. അതുകൊണ്ട് പരിശുദ്ധാത്മാവിനായി നമ്മൾ യഹോവയോട് ആത്മാർഥമായി അപേക്ഷിക്കേണ്ടതല്ലേ?—ലൂക്കോ. 11:13.
‘നിങ്ങൾക്കിടയിൽ ചേരിതിരിവൊന്നും ഉണ്ടാകരുത്’
13. ഏതു കാര്യം നമുക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കിയേക്കാം?
13 ‘എല്ലാ തരം ആളുകളും’ നമ്മുടെ സഭയിലുണ്ട്. അതായത് വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകൾ. (1 തിമൊ. 2:3, 4) അതുകൊണ്ടുതന്നെ നമ്മുടെയും മറ്റുള്ളവരുടെയും ഇഷ്ടങ്ങൾ പലതായിരിക്കും. ഉദാഹരണത്തിന്, വസ്ത്രധാരണത്തിന്റെയും ഒരുക്കത്തിന്റെയും ആരോഗ്യം നോക്കുന്നതിന്റെയും ചികിത്സ തിരഞ്ഞെടുക്കുന്നതിന്റെയും വിനോദത്തിന്റെയും ഒക്കെ കാര്യത്തിൽ വ്യത്യാസങ്ങളുണ്ടായേക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ അതു നമ്മുടെ ഐക്യത്തെ ബാധിച്ചേക്കാം. (റോമ. 14:4; 1 കൊരി. 1:10) എന്നാൽ ‘അന്യോന്യം സ്നേഹിക്കാൻ ദൈവം നമ്മെ പഠിപ്പിച്ചിട്ടുള്ളതുകൊണ്ട്’ നമ്മുടെ വ്യക്തിപരമായ ഇഷ്ടത്തിനു ചേർച്ചയിൽ മറ്റുള്ളവർ പ്രവർത്തിക്കണമെന്നു നമ്മൾ നിർബന്ധംപിടിക്കില്ല.—ഫിലി. 2:3.
14. നമ്മൾ എന്തു ചെയ്യാൻ എപ്പോഴും ശ്രമിക്കണം, എന്തുകൊണ്ട്?
14 സഭയിൽ ചേരിതിരിവ് ഉണ്ടാകാതിരിക്കാൻ നമുക്കു ചെയ്യാനാകുന്ന മറ്റൊരു കാര്യമാണ് എല്ലായ്പോഴും സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നത്. (1 തെസ്സ. 5:11) ഈ അടുത്തകാലത്ത് നിഷ്ക്രിയരോ സഭയിൽനിന്ന് നീക്കം ചെയ്യപ്പെട്ടവരോ ആയ ഒരുപാടു പേർ സഭയിലേക്കു തിരിച്ചുവന്നിട്ടുണ്ട്. നമുക്ക് അവരെ സ്നേഹത്തോടെ സ്വാഗതം ചെയ്യാം! (2 കൊരി. 2:8) 10 വർഷത്തോളം നിഷ്ക്രിയയായി തുടർന്ന ഒരു സഹോദരി, രാജ്യഹാളിലേക്കു തിരിച്ചുവന്നപ്പോൾ ഉണ്ടായ ഒരു അനുഭവം നോക്കുക. സഹോദരി പറയുന്നു: “എല്ലാവരും എന്നെ പുഞ്ചിരിയോടെ കൈ തന്ന് സ്വാഗതം ചെയ്തു.” (പ്രവൃ. 3:19) സഹോദരങ്ങൾ ചെയ്തതു ചെറിയ ഒരു കാര്യമാണെങ്കിലും സഹോദരിയെ അതു ശരിക്കും സ്വാധീനിച്ചു. സഹോദരി പറയുന്നു: “ യഹോവ എന്നെ സന്തോഷമുള്ള ഒരു ജീവിതത്തിലേക്കു തിരിച്ച് വിളിച്ചതുപോലെയാണ് എനിക്കു തോന്നിയത്.” നമ്മൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുമ്പോൾ ‘കഷ്ടപ്പെടുന്നവർക്കും ഭാരങ്ങൾ ചുമന്ന് വലയുന്നവർക്കും’ ഉന്മേഷം കൊടുക്കാൻ ക്രിസ്തുവിനു നമ്മളെ ഉപയോഗിക്കാനാകും.”—മത്താ. 11:28, 29.
15. ഐക്യമുള്ളവരായി തുടരാൻ നമുക്കു മറ്റെന്തുകൂടെ ചെയ്യാം? (ചിത്രവും കാണുക.)
15 ഐക്യമുള്ളവരായി തുടരാൻ നമ്മളെ സഹായിക്കുന്ന മറ്റൊരു കാര്യമാണ് നമ്മുടെ നല്ല സംസാരം. ഇയ്യോബ് 12:11 പറയുന്നു: “നാവ് ഭക്ഷണം രുചിച്ചുനോക്കുന്നതുപോലെ ചെവി വാക്കുകളെ പരിശോധിച്ചുനോക്കില്ലേ?” നമ്മൾ ഒരു ഭക്ഷണം തയ്യാറാക്കിക്കഴിയുമ്പോൾ വിളമ്പുന്നതിനു മുമ്പ് അത് എങ്ങനെയുണ്ടെന്ന് ഒന്നു രുചിച്ച് നോക്കും. അതുപോലെ സംസാരിക്കുന്നതിനു മുമ്പ് നമ്മൾ പറയാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കണം. (സങ്കീ. 141:3) നമ്മൾ പറയുന്ന കാര്യങ്ങൾ “കേൾക്കുന്നവർക്കു ഗുണം ചെയ്യുന്നതും അവരെ ബലപ്പെടുത്തുന്നതും” അവർക്ക് ഉന്മേഷം പകരുന്നതും ആണെന്നു നമുക്ക് ഉറപ്പുവരുത്താം.—എഫെ. 4:29.
സംസാരിക്കുന്നതിനു മുമ്പ് പറയാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം (15-ാം ഖണ്ഡിക കാണുക)
16. പ്രോത്സാഹനം പകരുന്ന രീതിയിൽ സംസാരിക്കാൻ ആരെല്ലാം പ്രത്യേകം ശ്രദ്ധിക്കണം?
16 തങ്ങളുടെ സംസാരം ബലപ്പെടുത്തുന്നതാണെന്നു ഭർത്താക്കന്മാരും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. (കൊലോ. 3:19, 21; തീത്തോ. 2:4) മൂപ്പന്മാരും ഇക്കാര്യത്തിൽ നല്ല ശ്രദ്ധയുള്ളവരായിരിക്കണം. കാരണം അവർ യഹോവയുടെ ആടുകളെയാണല്ലോ പരിപാലിക്കുന്നത്. (യശ. 32:1, 2; ഗലാ. 6:1) ബൈബിൾ നമ്മളെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “തക്കസമയത്ത് പറയുന്ന വാക്ക് എത്ര നല്ലത്!”—സുഭാ. 15:23.
“പ്രവൃത്തിയിലും സത്യത്തിലും” സ്നേഹിക്കുക
17. സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹം ആത്മാർഥമാണെന്ന് ഉറപ്പുവരുത്താൻ നമുക്ക് എങ്ങനെ കഴിയും?
17 ‘വാക്കുകൊണ്ടും നാക്കുകൊണ്ടും അല്ല, പ്രവൃത്തിയിലും സത്യത്തിലും സ്നേഹിക്കാനാണ്’ അപ്പോസ്തലനായ യോഹന്നാൻ നമ്മളെ പ്രോത്സാഹിപ്പിച്ചത്. (1 യോഹ. 3:18) അതെ, സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹം ആത്മാർഥമായിരിക്കണം. അത് ഉള്ളിൽനിന്ന് വരണം. അതിനു നമുക്ക് എന്തു ചെയ്യാം? സഹോദരങ്ങളോടൊപ്പം നമ്മൾ എത്ര സമയം ചെലവഴിക്കുന്നോ അത്രത്തോളം നമ്മൾ അവരോട് അടുക്കും. അങ്ങനെയാകുമ്പോൾ അവരോടുള്ള നമ്മുടെ സ്നേഹം കൂടുതൽ ശക്തമാകും. സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരങ്ങൾ കണ്ടെത്താൻ നിങ്ങൾക്കാകുമോ? മീറ്റിങ്ങുകളും ശുശ്രൂഷയും അതിനുള്ള നല്ലൊരു വഴിയാണ്. അതുപോലെ അവരെ വീട്ടിൽ ചെന്ന് കാണാനും നിങ്ങൾക്കു സമയം കണ്ടെത്താം. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ “അന്യോന്യം സ്നേഹിക്കാൻ ദൈവം” പഠിപ്പിക്കുന്നതിനു ചേർച്ചയിൽ നമ്മൾ പ്രവർത്തിക്കുകയാണ്. (1 തെസ്സ. 4:9) അപ്പോൾ ‘സഹോദരന്മാർ ഒന്നിച്ച് ഒരുമയോടെ കഴിയുന്നത് എത്ര നല്ലതും രസകരവും’ ആണെന്നു നമ്മൾ നേരിട്ട് അനുഭവിച്ചറിയും.—സങ്കീ. 133:1.
ഗീതം 90 പരസ്പരം പ്രോത്സാഹിപ്പിക്കുക