പഠനലേഖനം 34
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ശക്തി
യഹോവ നിങ്ങളോടു ക്ഷമിച്ചെന്ന് അംഗീകരിക്കുക
“എന്റെ തെറ്റുകൾ, എന്റെ പാപങ്ങൾ, അങ്ങ് ക്ഷമിച്ചുതരുകയും ചെയ്തു.”—സങ്കീ. 32:5.
ഉദ്ദേശ്യം
യഹോവ ക്ഷമിച്ചെന്ന് അംഗീകരിക്കേണ്ടത് എന്തുകൊണ്ടാണെന്നും മാനസാന്തരപ്പെടുന്ന പാപികളോട് യഹോവ ക്ഷമിക്കുമെന്ന് ബൈബിൾ ഉറപ്പു തരുന്നത് എങ്ങനെയാണെന്നും കാണാം.
1-2. യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിച്ചെന്ന് അറിയുമ്പോൾ നമുക്ക് എന്തു തോന്നും? (ചിത്രവും കാണുക.)
ചെയ്തുപോയ തെറ്റുകളെക്കുറിച്ചുള്ള കുറ്റബോധം എത്ര വേദനാകരമാണെന്ന് ദാവീദ് രാജാവിന് അറിയാമായിരുന്നു. (സങ്കീ. 40:12; 51:3; മേലെഴുത്ത്) അദ്ദേഹം ഗുരുതരമായ ചില തെറ്റുകൾ ചെയ്തുപോയിട്ടുണ്ട്. എങ്കിലും ദാവീദ് ആത്മാർഥമായി പശ്ചാത്തപിച്ചപ്പോൾ യഹോവ അദ്ദേഹത്തോട് ക്ഷമിച്ചു. (2 ശമു. 12:13) അതുകൊണ്ട് യഹോവയുടെ ക്ഷമ ലഭിക്കുമ്പോൾ തോന്നുന്ന ആശ്വാസം എത്ര വലുതാണെന്നും ദാവീദിന് അറിയാമായിരുന്നു.—സങ്കീ. 32:1.
2 ദാവീദിനെപ്പോലെ യഹോവയിൽനിന്നുള്ള കരുണ കിട്ടുമ്പോഴുള്ള സമാധാനം നിങ്ങൾക്കും അനുഭവിച്ചറിയാൻ കഴിയും. നമ്മുടെ പാപങ്ങൾ, അത് ഗുരുതരമാണെങ്കിൽപ്പോലും ആത്മാർഥമായി പശ്ചാത്തപിക്കുകയും തെറ്റുകൾ ഏറ്റുപറയുകയും അത് ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്താൽ യഹോവ ക്ഷമിക്കാൻ തയ്യാറാണ്. അത് എത്ര ആശ്വാസം തരുന്ന ഒന്നാണ് അല്ലേ! (സുഭാ. 28:13; പ്രവൃ. 26:20; 1 യോഹ. 1:9) അതുപോലെ യഹോവ ഒരു തെറ്റ് ക്ഷമിക്കുമ്പോൾ അത് ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലെ അത്ര പൂർണമായി ക്ഷമിക്കുമെന്ന് അറിയുന്നതും നമുക്ക് എത്ര സന്തോഷം തരുന്നു!—യഹ. 33:16.
യഹോവയുടെ ക്ഷമയെക്കുറിച്ച് വർണിക്കുന്ന ഒരുപാട് സങ്കീർത്തനങ്ങൾ ദാവീദ് രാജാവ് രചിച്ചു (1-2 ഖണ്ഡികകൾ കാണുക)
3-4. സ്നാനപ്പെട്ടതിനു ശേഷം ഒരു സഹോദരിക്ക് എന്തു തോന്നി, നമ്മൾ ഈ ലേഖനത്തിൽ എന്തു പഠിക്കും?
3 എങ്കിലും യഹോവ ക്ഷമിച്ചെന്ന കാര്യം അംഗീകരിക്കാൻ ചിലർക്കെങ്കിലും ബുദ്ധിമുട്ട് തോന്നാം. അതാണ് ജെനിഫറിന്റെ അനുഭവം കാണിക്കുന്നത്. സത്യത്തിലാണ് വളർന്നുവന്നതെങ്കിലും കൗമാരത്തിൽ എത്തിയതോടെ അവൾ തെറ്റായ പല കാര്യങ്ങളും ചെയ്യുകയും അത് മാതാപിതാക്കളിൽനിന്ന് മറച്ചുവെക്കുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം അവൾ യഹോവയിലേക്കു തിരിച്ചുവന്നു; പുരോഗമിച്ച് സ്നാനമേറ്റു. ജെനിഫർ പറയുന്നു: “മുമ്പ് തീർത്തും വഴിവിട്ട ഒരു ജീവിതമായിരുന്നു എന്റേത്. ഞാൻ ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടു; ഒരുപാട് കുടിക്കുകയും വല്ലാതെ ദേഷ്യപ്പെടുകയും ചെയ്തിരുന്നു; അതുപോലെ പണമായിരുന്നു എനിക്ക് എല്ലാം. പിന്നീട് ഞാൻ ക്ഷമയ്ക്കായി യാചിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തതുകൊണ്ട് യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ യഹോവയ്ക്ക് എന്നോടു ക്ഷമിക്കാനാകുമെന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും യഹോവ എന്നോട് ക്ഷമിച്ചെന്ന് എന്റെ ഹൃദയത്തെ ബോധ്യപ്പെടുത്താൻ എനിക്കു കഴിയുന്നുണ്ടായിരുന്നില്ല.”
4 മുമ്പ് ചെയ്തുപോയ തെറ്റുകൾ യഹോവ ക്ഷമിച്ചെന്ന് വിശ്വസിക്കാൻ നിങ്ങൾക്കു ചിലപ്പോഴെങ്കിലും ബുദ്ധിമുട്ട് തോന്നാറുണ്ടോ? ദൈവം നമ്മളോടു കരുണ കാണിച്ചെന്നു ദാവീദിനെപ്പോലെ നമ്മളും ഉറച്ചുവിശ്വസിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഈ ലേഖനത്തിൽ, യഹോവ ക്ഷമിച്ചെന്ന് നമ്മൾ അംഗീകരിക്കേണ്ടത് എന്തുകൊണ്ടാണെന്നും അതിനു നമ്മളെ എന്തു സഹായിക്കുമെന്നും കാണും.
യഹോവ ക്ഷമിച്ചെന്ന് നമ്മൾ അംഗീകരിക്കേണ്ടത് എന്തുകൊണ്ട്?
5. നമ്മൾ എന്തു വിശ്വസിക്കണം എന്നാണ് സാത്താന്റെ ആഗ്രഹം? ഒരു ഉദാഹരണം പറയുക.
5 യഹോവ ക്ഷമിച്ചെന്ന് അംഗീകരിക്കുന്നെങ്കിൽ സാത്താന്റെ ഒരു കെണിയിൽ വീഴുന്നത് ഒഴിവാക്കാനാകും. നമ്മൾ യഹോവയെ സേവിക്കുന്നത് നിറുത്തണം എന്നാണ് സാത്താന്റെ ആഗ്രഹം. ആ ലക്ഷ്യം നേടാൻ അവൻ ഏതു തന്ത്രവും ഉപയോഗിക്കും. നമ്മുടെ തെറ്റുകൾ ഒരിക്കലും ക്ഷമിച്ചുകിട്ടില്ലെന്ന് നമ്മളെ വിശ്വസിപ്പിക്കുന്നത് അതിൽ ഒന്നാണ്. കൊരിന്ത് സഭയിൽ ഉണ്ടായ ഒരു സംഭവം നോക്കാം. ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടതുകൊണ്ട് ആ സഭയിൽനിന്ന് ഒരാളെ നീക്കം ചെയ്തു. (1 കൊരി. 5:1, 5, 13) എന്നാൽ പിന്നീട് അയാൾ മാനസാന്തരപ്പെട്ട് തിരിച്ചുവന്നപ്പോൾ സാത്താൻ ആഗ്രഹിച്ചത്, സഭയിലെ സഹോദരങ്ങൾ അദ്ദേഹത്തോട് ക്ഷമിക്കരുതെന്നും സഭയിലേക്ക് ആ വ്യക്തിയെ സ്വാഗതം ചെയ്യരുതെന്നും ആണ്. അതിലൂടെ ആ വ്യക്തി, തന്റെ തെറ്റ് ഒരിക്കലും ക്ഷമിച്ചുകിട്ടാത്തതാണ് എന്നു ചിന്തിക്കാനും അങ്ങനെ ‘കടുത്ത ദുഃഖത്തിൽ ആണ്ടുപോയിട്ട്’ യഹോവയെ സേവിക്കുന്നത് നിറുത്താനും സാത്താൻ ആഗ്രഹിച്ചു. ഇന്നും അവന്റെ ലക്ഷ്യത്തിനും കെണികൾക്കും ഒരു മാറ്റവും വന്നിട്ടില്ല. എങ്കിലും “നമ്മൾ സാത്താന്റെ തന്ത്രങ്ങൾ അറിയാത്തവരല്ല.”—2 കൊരി. 2:5-11.
6. കുറ്റബോധത്തിന്റെ ഭാരം ഒഴിവാക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
6 യഹോവ ക്ഷമിച്ചെന്ന് അംഗീകരിക്കുന്നെങ്കിൽ കുറ്റബോധത്തിന്റെ ഭാരം നിങ്ങൾക്കു ചുമക്കേണ്ടിവരില്ല. തെറ്റു ചെയ്യുമ്പോൾ കുറ്റബോധം തോന്നുന്നതു സ്വാഭാവികമാണ്. (സങ്കീ. 51:17) അതു നല്ലതുമാണ്. കാരണം തെറ്റു തിരുത്താൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നത് അതാണ്. (2 കൊരി. 7:10, 11) എങ്കിലും മാനസാന്തരപ്പെട്ട് കുറെ നാൾ കഴിഞ്ഞും ആ കുറ്റബോധം നമ്മൾ മനസ്സിൽ കൊണ്ടുനടക്കുകയാണെങ്കിൽ നമ്മൾ മടുത്ത് യഹോവയെ സേവിക്കുന്നത് നിറുത്താൻ ഇടയുണ്ട്. പക്ഷേ യഹോവയുടെ ക്ഷമ അംഗീകരിക്കുന്നെങ്കിൽ കുറ്റബോധത്തെ പിന്നിലേക്ക് എറിഞ്ഞുകളയാൻ നമുക്കാകും. അപ്പോൾ യഹോവ ആഗ്രഹിക്കുന്നതുപോലെ ഒരു ശുദ്ധമനസ്സാക്ഷിയോടെയും നിറഞ്ഞ സന്തോഷത്തോടെയും ദൈവത്തെ സേവിക്കാൻ നമുക്കു കഴിയും. (കൊലോ. 1:10, 11; 2 തിമൊ. 1:3) അങ്ങനെയെങ്കിൽ യഹോവ ക്ഷമിച്ചെന്ന് നമ്മളെത്തന്നെ ബോധ്യപ്പെടുത്താൻ നമുക്ക് എന്തു ചെയ്യാനാകും?
യഹോവയുടെ ക്ഷമ അംഗീകരിക്കാൻ നമ്മളെ എന്തു സഹായിക്കും?
7-8. യഹോവ തന്നെക്കുറിച്ച് മോശയോട് എന്താണു പറഞ്ഞത്, അത് നമുക്ക് എന്തു ഉറപ്പു തരുന്നു? (പുറപ്പാട് 34:6, 7)
7 യഹോവ തന്നെത്തന്നെ വർണിച്ചിരിക്കുന്നത് എങ്ങനെയെന്നു ചിന്തിക്കുക. സീനായ് മലയിൽവെച്ച് യഹോവ മോശയോട് പറഞ്ഞ വാക്കുകൾ ഉദാഹരണമായി എടുക്കാം.a (പുറപ്പാട് 34:6, 7 വായിക്കുക.) തനിക്കു ഒരുപാട് ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും യഹോവ ഏറ്റവും ആദ്യം പറഞ്ഞത് തന്റെ കരുണയെയും അനുകമ്പയെയും കുറിച്ചാണ്. ഇങ്ങനെ “കരുണയും അനുകമ്പയും ഉള്ള ദൈവം” ആത്മാർഥമായി പശ്ചാത്തപിക്കുന്ന തന്റെ ഒരു ആരാധകനോട് ക്ഷമിക്കില്ലെന്ന് നമുക്കു ചിന്തിക്കാനാകുമോ? ഒരിക്കലുമില്ല. അങ്ങനെ ചെയ്താൽ ദൈവം ക്രൂരനായ, കരുണയില്ലാത്ത ഒരാളാണെന്നു വരും. പക്ഷേ യഹോവയ്ക്ക് ഒരിക്കലും അങ്ങനെ ആകാൻ പറ്റില്ല.
8 താൻ കരുണയുള്ള ദൈവമാണെന്ന് യഹോവ പറഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് അത് ഉറപ്പായും വിശ്വസിക്കാനാകും. കാരണം സത്യത്തിന്റെ ദൈവമായ യഹോവയ്ക്കു നുണ പറയാനാകില്ല. (സങ്കീ. 31:5) അതുകൊണ്ട് ചെയ്തുപോയ തെറ്റുകളെക്കുറിച്ചുള്ള കുറ്റബോധം മനസ്സിൽനിന്ന് കളയാൻ പറ്റുന്നില്ലെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുക: ‘യഹോവ ശരിക്കും കരുണയും അനുകമ്പയും ഉള്ള ദൈവമാണെന്നും ആത്മാർഥമായി പശ്ചാത്തപിക്കുന്ന ഏതൊരാളോടും ക്ഷമിക്കുമെന്നും ഞാൻ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ യഹോവ എന്നോടും ക്ഷമിച്ചെന്ന് ഞാൻ വിശ്വസിക്കേണ്ടതല്ലേ?’
9. പാപങ്ങൾ ക്ഷമിച്ചുതന്നു എന്നു പറയുമ്പോൾ എന്താണ് അർഥം? (സങ്കീർത്തനം 32:5)
9 യഹോവയുടെ ക്ഷമയെപ്പറ്റി ദൈവപ്രചോദിതമായി ബൈബിളെഴുത്തുകാർ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന് ദാവീദ് എഴുതിയ ഒരു കാര്യം നോക്കാം. (സങ്കീർത്തനം 32:5 വായിക്കുക.) “എന്റെ തെറ്റുകൾ, എന്റെ പാപങ്ങൾ, അങ്ങ് ക്ഷമിച്ചുതരുകയും ചെയ്തു” എന്ന് ദാവീദ് പറഞ്ഞു. “ക്ഷമിച്ചുതരുക” എന്ന എബ്രായവാക്കിന് “എടുത്ത് പൊക്കുക,” “എടുത്ത് മാറ്റുക,” “ചുമക്കുക” എന്നൊക്കെ അർഥമുണ്ട്. യഹോവ ക്ഷമിച്ചപ്പോൾ തന്റെ തോളിൽ ഉണ്ടായിരുന്ന വലിയൊരു ഭാരം യഹോവ ദൂരേക്ക് എടുത്തുകൊണ്ട് പോകുന്നതായി ദാവീദിനു തോന്നി. യഹോവ തന്നോടു പൂർണമായി ക്ഷമിച്ചെന്നു മനസ്സിലായപ്പോൾ തന്നെ അലട്ടിയിരുന്ന കുറ്റബോധത്തിൽനിന്ന് ദാവീദിന് ഒരു മോചനം കിട്ടി. (സങ്കീ. 32:2-4) നമുക്കും അതേ ആശ്വാസം അനുഭവിച്ചറിയാനാകും. തെറ്റു ചെയ്തെങ്കിലും ആത്മാർഥമായി പശ്ചാത്തപിച്ചപ്പോൾ ദൈവം നമ്മുടെ പാപം ദൂരേക്ക് എടുത്ത് മാറ്റിയതാണ്. നമ്മൾ വീണ്ടും അതെക്കുറിച്ചുള്ള കുറ്റബോധം മനസ്സിൽ കൊണ്ടുനടക്കേണ്ട കാര്യമില്ല.
10-11. ‘ക്ഷമിക്കാൻ സന്നദ്ധനാണ്’ എന്ന വാക്കുകൾ യഹോവയെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു? (സങ്കീർത്തനം 86:5)
10 സങ്കീർത്തനം 86:5 വായിക്കുക. യഹോവ ‘ക്ഷമിക്കാൻ സന്നദ്ധനാണെന്ന്’ ദാവീദ് പറഞ്ഞു. ഒരു പുസ്തകത്തിൽ ഈ പദപ്രയോഗം വിശദീകരിക്കുന്നിടത്ത് യഹോവയെക്കുറിച്ച് ഇങ്ങനെ പറയുന്നു: “(ദൈവം) ‘ക്ഷമിക്കുന്നവൻ’ ആണ്, അതു ദൈവത്തിന്റെ ‘പ്രകൃതമാണ്.’” എന്തുകൊണ്ടാണ് അതു ദൈവത്തിന്റെ പ്രകൃതമായിരിക്കുന്നത്? ഉത്തരം, വാക്യത്തിന്റെ ബാക്കി ഭാഗത്ത് കാണാം: “അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോടെല്ലാം സമൃദ്ധമായി അചഞ്ചലസ്നേഹം കാണിക്കുന്നവൻ” എന്നു ദൈവത്തെക്കുറിച്ച് അവിടെ പറയുന്നു. കഴിഞ്ഞ ലേഖനത്തിൽ നമ്മൾ പഠിച്ചതുപോലെ ഈ അചഞ്ചലസ്നേഹമാണ് തന്റെ വിശ്വസ്ത ആരാധകരുമായി ആഴത്തിലുള്ള, എന്നും നിലനിൽക്കുന്ന ഒരു ബന്ധത്തിലേക്കു വരാൻ യഹോവയെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ ഒരു സ്നേഹം ഉള്ളതുകൊണ്ട് പശ്ചാത്തപിക്കുന്ന എല്ലാ പാപികളോടും യഹോവ “ഉദാരമായി ക്ഷമിക്കും.” (യശ. 55:7) യഹോവ ക്ഷമിച്ചെന്ന് അംഗീകരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കാം: ‘പശ്ചാത്തപിക്കുകയും കരുണയ്ക്കായി അപേക്ഷിക്കുകയും ചെയ്യുന്ന എല്ലാവരോടും യഹോവ ക്ഷമിക്കാൻ സന്നദ്ധനാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ഞാൻ കരുണയ്ക്കായി കരഞ്ഞപേക്ഷിച്ചപ്പോൾ യഹോവ എന്നോടും ക്ഷമിച്ചെന്ന് ഞാൻ വിശ്വസിക്കേണ്ടതല്ലേ?’
11 നമ്മുടെ പാപപ്രകൃതം യഹോവ നന്നായി മനസ്സിലാക്കുന്നുണ്ടെന്ന് അറിയുന്നത് നമുക്ക് ആശ്വാസം തരും. (സങ്കീ. 139:1, 2) മറ്റൊരു സങ്കീർത്തനത്തിൽ ദാവീദ് അതെക്കുറിച്ച് എന്താണ് പറയുന്നതെന്നും യഹോവ ക്ഷമിച്ചെന്ന് അംഗീകരിക്കാൻ അത് എങ്ങനെയാണ് നമ്മളെ സഹായിക്കുന്നതെന്നും നോക്കാം.
യഹോവ ഓർക്കുന്നത് നമ്മൾ മറക്കരുത്
12-13. സങ്കീർത്തനം 103:14 അനുസരിച്ച് യഹോവ നമ്മളെക്കുറിച്ച് എന്ത് ഓർക്കുന്നു, അത് എന്തു ചെയ്യാൻ യഹോവയെ പ്രേരിപ്പിക്കുന്നു?
12 സങ്കീർത്തനം 103:14 വായിക്കുക. “നാം പൊടിയെന്നു ദൈവം ഓർക്കുന്നു” എന്ന് ദാവീദ് യഹോവയെക്കുറിച്ച് പറഞ്ഞു. പശ്ചാത്തപിക്കുന്ന തന്റെ ആരാധകരോട് യഹോവ ക്ഷമിക്കാൻ തയ്യാറാകുന്നതിന്റെ ഒരു കാരണം ദാവീദിന്റെ ആ വാക്കുകളിൽ കാണാം. നമ്മൾ അപൂർണരാണ് എന്ന കാര്യം എപ്പോഴും ദൈവത്തിന്റെ മനസ്സിലുണ്ട്. അതു കൂടുതലായി മനസ്സിലാക്കാൻ ദാവീദിന്റെ വാക്കുകൾ നമുക്കൊന്ന് അടുത്ത് പരിശോധിക്കാം.
13 “നമ്മെ ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയെന്നു ദൈവത്തിനു നന്നായി അറിയാം” എന്നു ദാവീദ് പറയുന്നു. ദൈവം ആദാമിനെ ‘നിലത്തെ പൊടികൊണ്ടാണ്’ ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ പൂർണരായ മനുഷ്യർക്കുപോലും പല പരിമിതികളും ഉണ്ടെന്ന് ദൈവത്തിന് അറിയാം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ശ്വസിക്കുകയും ഒന്നും ചെയ്യാതെ മനുഷ്യനു ജീവനോടിരിക്കാൻ കഴിയില്ല. (ഉൽപ. 2:7) എങ്കിലും ആദാമും ഹവ്വയും തെറ്റു ചെയ്തപ്പോൾ, നമ്മൾ പൊടിയാണ് എന്നതിന് പുതിയൊരു അർഥംകൂടി കൈവന്നു. അവരുടെ പിൻഗാമികളായ നമുക്കു പാപം കൈമാറി കിട്ടിയതുകൊണ്ട് എപ്പോഴും തെറ്റു ചെയ്യാനുള്ള പ്രവണതയാണുള്ളത്. നമ്മുടെ ഈ അവസ്ഥ യഹോവ അറിയുന്നു എന്നല്ല “ഓർക്കുന്നു” എന്നാണ് ദാവീദ് പറഞ്ഞത്. “ഓർക്കുന്നു” എന്നതിനുള്ള എബ്രായ പദത്തിനു നല്ലൊരു പ്രവൃത്തി ചെയ്യുന്നതിനെ അർഥമാക്കാനാകും. ചുരുക്കത്തിൽ, ദാവീദ് പറഞ്ഞ വാക്കുകളുടെ അർഥം ഇതാണ്: നമുക്ക് ചിലപ്പോഴൊക്കെ തെറ്റുകൾ പറ്റുമെന്ന് യഹോവ മനസ്സിലാക്കുന്നു. എന്നാൽ അതുമാത്രമല്ല, ആത്മാർഥമായ നമ്മുടെ പശ്ചാത്താപം കാണുമ്പോൾ കരുണ കാണിക്കാനും ക്ഷമിക്കാനും യഹോവയ്ക്കു തോന്നുന്നു.—സങ്കീ. 78:38, 39.
14. (എ) യഹോവ ക്ഷമിക്കുന്ന വിധത്തെ ദാവീദ് വേറെ എങ്ങനെയാണ് വർണിച്ചത്? (സങ്കീർത്തനം 103:12) (ബി) യഹോവ പൂർണമായി ക്ഷമിക്കുന്നു എന്ന് ദാവീദിന്റെ ഉദാഹരണം കാണിക്കുന്നത് എങ്ങനെ? (“യഹോവ ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നു” എന്ന ചതുരം കാണുക.)
14 യഹോവ ക്ഷമിക്കുന്ന വിധത്തെക്കുറിച്ച് 103-ാം സങ്കീർത്തനത്തിൽനിന്ന് നമുക്ക് വേറെ എന്തു പഠിക്കാനാകും? (സങ്കീർത്തനം 103:12 വായിക്കുക.) ദാവീദ് പറഞ്ഞത് യഹോവ ക്ഷമിക്കുമ്പോൾ “സൂര്യോദയം (കിഴക്ക്) സൂര്യാസ്തമയത്തിൽനിന്ന് (പടിഞ്ഞാറ്) എത്ര അകലെയാണോ അത്ര അകലേക്കു” ദൈവം നമ്മുടെ പാപങ്ങൾ കൊണ്ടുപോകുന്നു എന്നാണ്. ഒരർഥത്തിൽ പറഞ്ഞാൽ, പടിഞ്ഞാറിൽനിന്ന് സങ്കൽപ്പിക്കാവുന്നതിലേക്കും ഏറ്റവും അകലെയാണ് കിഴക്ക്. ഒരിക്കലും അവയ്ക്കു കൂട്ടിമുട്ടാനാകില്ല. യഹോവ ക്ഷമിച്ചുതന്ന പാപത്തെക്കുറിച്ച് അത് എന്ത് പഠിപ്പിക്കുന്നു? ഒരു പുസ്തകം അതിനെ ഇങ്ങനെയാണ് വിവരിക്കുന്നത്: “നമ്മുടെ പാപം ഇത്ര ദൂരേക്ക് നീക്കിക്കളയുന്നു എന്നു പറയുമ്പോൾ നമുക്ക് ഒരു കാര്യം ഉറപ്പിക്കാം; അതിന്റെ എന്തെങ്കിലും ഒരു മണമോ അംശമോ ഓർമയോപോലും ഒട്ടും അവശേഷിക്കുന്നില്ല.” ഒരു മണത്തിനു നമ്മളെ പലതും ഓർമിപ്പിക്കാനാകും, അല്ലേ? എന്നാൽ യഹോവ ക്ഷമിക്കുമ്പോൾ യഹോവ ആ പാപം ദൂരേക്ക് എറിഞ്ഞുകളയുന്നതുകൊണ്ട് അതിന്റെ ഒരു മണംപോലും അവശേഷിക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മളെ കുറ്റപ്പെടുത്താനോ ശിക്ഷിക്കാനോ ആയി പിന്നെ ഒരിക്കലും അതു ദൈവത്തിന്റെ ഓർമയിലേക്ക് വരുകയും ഇല്ല.—യഹ. 18:21, 22; പ്രവൃ. 3:19.
15. ചെയ്തുപോയ തെറ്റുകളെക്കുറിച്ചുള്ള കുറ്റബോധം നമ്മളെ വിടാതെ പിന്തുടരുന്നെങ്കിൽ എന്തു ചെയ്യാം?
15 യഹോവ ക്ഷമിച്ചെന്ന് അംഗീകരിക്കാൻ 103-ാം സങ്കീർത്തനത്തിലെ ദാവീദിന്റെ വാക്കുകൾ നമ്മളെ സഹായിക്കുന്നത് എങ്ങനെയാണ്? ചെയ്തുപോയ തെറ്റുകളെക്കുറിച്ചുള്ള കുറ്റബോധം നിങ്ങളെ വിടാതെ പിന്തുടരുന്നെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുക: ‘യഹോവ ഓർക്കുന്ന കാര്യം ഞാൻ മറന്നുകളയുന്നുണ്ടോ? അതായത്, എനിക്കു തെറ്റുകൾ പറ്റുമെന്ന് യഹോവയ്ക്ക് അറിയാമെന്നും എന്നെപ്പോലെ പശ്ചാത്തപിക്കുന്ന ഒരു പാപിയോട് യഹോവ ക്ഷമിക്കുമെന്നും ഞാൻ മറക്കുന്നുണ്ടോ? ഇനി, യഹോവ മറക്കുന്ന കാര്യം ഞാൻ ഓർത്തുവെക്കുന്നുണ്ടോ? അതായത്, യഹോവ ക്ഷമിച്ചുതരുകയും ഇനി ഒരിക്കലും എനിക്ക് എതിരെ ഉപയോഗിക്കുകയും ഇല്ലാത്ത എന്റെ പാപങ്ങൾ ഞാൻ ഓർത്തുകൊണ്ടിരിക്കുകയാണോ?’ യഹോവ നമ്മൾ ചെയ്തുപോയ തെറ്റുകളിലല്ല ശ്രദ്ധവെക്കുന്നത്. നമ്മളും അങ്ങനെ ചെയ്യരുത്. (സങ്കീ. 130:3) യഹോവ ക്ഷമിച്ചെന്ന് അംഗീകരിക്കുമ്പോൾ നമുക്കു നമ്മളോടുതന്നെ ക്ഷമിക്കാനും സന്തോഷത്തോടെ മുന്നോട്ടുപോകാനും കഴിയും.
16. ചെയ്തുപോയ തെറ്റുകളെക്കുറിച്ചുള്ള കുറ്റബോധം മനസ്സിൽ വെച്ചുകൊണ്ടിരിക്കുന്നതിന്റെ അപകടം ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് പറയുക. (ചിത്രവും കാണുക.)
16 നമുക്ക് ഒരു ദൃഷ്ടാന്തം നോക്കാം. ചെയ്തുപോയ തെറ്റുകളെക്കുറിച്ചുള്ള കുറ്റബോധം മനസ്സിൽ വെച്ചുകൊണ്ടിരിക്കുന്നത് ഒരു കാർ ഓടിക്കുമ്പോൾ പുറകിലുള്ളത് കാണാനുള്ള കണ്ണാടിയിൽത്തന്നെ നോക്കിയിരിക്കുന്നതു പോലെയാണ്. ഇടയ്ക്കൊക്കെ ആ കണ്ണാടിയിൽ നോക്കുന്നതു നല്ലതാണ്. കാരണം പുറകിലുള്ള അപകടങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ അതു സഹായിക്കും. പക്ഷേ സുരക്ഷിതമായി മുന്നോട്ടു പോകാൻ പറ്റണമെങ്കിൽ നിങ്ങൾ കൂടുതലും ശ്രദ്ധിക്കുന്നത് മുന്നിലുള്ള റോഡിൽ ആയിരിക്കണം. അതുപോലെ, ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ഇടയ്ക്കൊക്കെ ഓർക്കുന്നത് നല്ലതാണ്. കാരണം ആ തെറ്റുകളിൽനിന്ന് പാഠങ്ങൾ പഠിക്കാനും വീണ്ടും അത് ആവർത്തിക്കില്ലെന്ന തീരുമാനം ശക്തമാക്കാനും അതു നിങ്ങളെ സഹായിക്കും. എങ്കിലും, എപ്പോഴും ചെയ്തുപോയ തെറ്റുകളെക്കുറിച്ചുതന്നെ ചിന്തിക്കുന്നെങ്കിൽ കുറ്റബോധം കാരണം നിങ്ങളുടെ സന്തോഷം നഷ്ടപ്പെടും; ഇപ്പോൾ ദൈവസേവനത്തിൽ പരമാവധി ചെയ്യാൻ കഴിയാതെ വരും. അതുകൊണ്ട് നമുക്കു മുന്നോട്ടുള്ള പാതയിൽത്തന്നെ ശ്രദ്ധിക്കാം. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിലേക്കുള്ള പാതയാണ് അത്. ആ പുതിയ ലോകത്തിൽ മോശം ഓർമകൾ “ആരുടെയും മനസ്സിലേക്കു വരില്ല.”—യശ. 65:17; സുഭാ. 4:25.
ഒരു ഡ്രൈവർ പുറകിലുള്ളത് കാണാനുള്ള കണ്ണാടിയിലല്ല, പകരം മുന്നിലുള്ള റോഡിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അതുപോലെ നമ്മൾ മുൻകാലപാപങ്ങളിലല്ല ഭാവി അനുഗ്രഹങ്ങളിലാണ് ശ്രദ്ധവെക്കേണ്ടത് (16-ാം ഖണ്ഡിക കാണുക)
നിങ്ങളുടെ ഹൃദയത്തെ തുടർന്നും ബോധ്യപ്പെടുത്തുക
17. യഹോവ സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നെന്ന് നമ്മുടെ ഹൃദയത്തെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കേണ്ടത് എന്തുകൊണ്ട്?
17 യഹോവ നമ്മളെ സ്നേഹിക്കുന്നെന്നും നമ്മളോട് ക്ഷമിക്കാൻ തയ്യാറാണെന്നും നമ്മുടെ ഹൃദയത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. (1 യോഹ. 3:20, അടിക്കുറിപ്പ്) കാരണം നമ്മൾ സ്നേഹത്തിനും ക്ഷമയ്ക്കും അർഹരല്ലെന്നു നമ്മളെ വിശ്വസിപ്പിക്കാൻ സാത്താൻ കിണഞ്ഞ് ശ്രമിച്ചുകൊണ്ടേയിരിക്കും. അതു വിശ്വസിച്ചാൽ നമ്മൾ യഹോവയെ സേവിക്കുന്നതു നിറുത്തുമെന്ന് അവന് അറിയാം. അതാണ് അവന്റെ ലക്ഷ്യവും. തനിക്കു കുറച്ചു സമയമേയുള്ളൂ എന്ന് അറിയാവുന്നതുകൊണ്ട് സാത്താൻ തന്റെ ശ്രമങ്ങളുടെ തീവ്രത കൂട്ടുമെന്ന് നമ്മൾ പ്രതീക്ഷിക്കണം. (വെളി. 12:12) സാത്താനെ വിജയിക്കാൻ നമ്മൾ ഒരിക്കലും സമ്മതിക്കരുത്.
18. യഹോവ സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നെന്ന് നമ്മുടെ ഹൃദയത്തെ ബോധ്യപ്പെടുത്താൻ എന്തു ചെയ്യാം?
18 യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന വിശ്വാസം ശക്തമാക്കാൻ കഴിഞ്ഞ ലേഖനത്തിൽ പഠിച്ച നിർദേശങ്ങൾ നിങ്ങളെ സഹായിക്കും. ഇനി, യഹോവ ക്ഷമിച്ചെന്ന് നമ്മുടെ ഹൃദയത്തെ ബോധ്യപ്പെടുത്താൻ യഹോവ തന്നെത്തന്നെ എങ്ങനെയാണ് വർണിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുക. യഹോവയുടെ ക്ഷമയെക്കുറിച്ച് ബൈബിളെഴുത്തുകാർ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. നമ്മൾ അപൂർണരാണെന്ന് യഹോവയ്ക്ക് നന്നായി അറിയാമെന്നും അതുകൊണ്ട് നമ്മളോട് കരുണയോടെ ഇടപെടുമെന്നും നമുക്കു മറക്കാതിരിക്കാം. അതുപോലെ യഹോവ തെറ്റുകൾ ക്ഷമിക്കുമ്പോൾ അത് പൂർണമായും ക്ഷമിക്കുമെന്നും നമുക്ക് ഓർക്കാം. ഇങ്ങനെയൊക്കെ ചെയ്യുന്നെങ്കിൽ, യഹോവയുടെ കരുണയിൽ ദാവീദിനുണ്ടായിരുന്ന അതേ വിശ്വാസം നമുക്കും ഉണ്ടായിരിക്കും. നമ്മളും അപ്പോൾ ഇങ്ങനെ പറയും: “യഹോവേ ‘എന്റെ തെറ്റുകൾ, എന്റെ പാപങ്ങൾ’ അങ്ങ് ക്ഷമിച്ചുതന്നതിന് നന്ദി!”—സങ്കീ. 32:5.
ഗീതം 1 യഹോവയുടെ ഗുണങ്ങൾ
a 2009 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “ദൈവത്തോട് അടുത്തുചെല്ലുക—യഹോവ തന്നെക്കുറിച്ചു വെളിപ്പെടുത്തുന്നു” എന്ന ലേഖനം കാണുക.