പഠനലേഖനം 37
ഗീതം 114 “ക്ഷമയോടെയിരിക്കുക”
അനീതിയോട് നമ്മൾ എങ്ങനെ പ്രതികരിക്കണം?
“നീതിയുള്ള വിധികൾക്കായി ദൈവം കാത്തിരുന്നു, എന്നാൽ ഇതാ അനീതി!”—യശ. 5:7.
ഉദ്ദേശ്യം
അനീതി നടക്കുന്നതു കണ്ടപ്പോൾ യേശു എന്താണ് ചെയ്തതെന്നും നമുക്ക് അത് എങ്ങനെ അനുകരിക്കാമെന്നും നോക്കും.
1-2. അനീതി കാണുമ്പോൾ മിക്ക ആളുകളും എങ്ങനെ പ്രതികരിക്കുന്നു, നമ്മൾ എന്തു ചിന്തിച്ചേക്കാം?
നമ്മൾ ജീവിക്കുന്നത് അനീതി നിറഞ്ഞ ലോകത്താണ്. സാമ്പത്തികസ്ഥിതി, ലിംഗം, വർഗം, നിറം എന്നിങ്ങനെ പലതിന്റെയും പേരിൽ ഇന്ന് ആളുകളോടു വേർതിരിവ് കാണിക്കുന്നുണ്ട്. ഇനി, സമ്പന്നരായ ബിസിനെസ്സുകാരുടെയും ഗവൺമെന്റ് അധികാരികളുടെയും പണത്തോടുള്ള അത്യാഗ്രഹം കാരണം സാധാരണക്കാരായ ആളുകൾക്കു പല ബുദ്ധിമുട്ടുകളും സഹിക്കേണ്ടിവരുന്നു. ഇതും ഇതുപോലുള്ള മറ്റ് അനീതികളും നമ്മളെ എല്ലാവരെയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്നുണ്ട്.
2 ഇന്ന് ലോകത്ത് നടക്കുന്ന അനീതികൾ കാണുമ്പോൾ മിക്കവർക്കും ദേഷ്യം തോന്നുന്നു. കാരണം നമ്മളോട് ആളുകൾ നല്ല രീതിയിൽ ഇടപെടാനും സുരക്ഷിതമായ ഒരു ചുറ്റുപാടിൽ ജീവിക്കാനും ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ചിലർ സാമൂഹികപരിഷ്കരണങ്ങൾക്കായി പ്രവർത്തിക്കുന്നു. അവർ നിവേദനങ്ങൾ സമർപ്പിക്കുകയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും അനീതിക്കെതിരെ പോരാടാമെന്നു വാക്കുതരുന്ന രാഷ്ട്രീയ നേതാക്കളെയോ പാർട്ടികളെയോ പിന്തുണയ്ക്കുകയും ഒക്കെ ചെയ്യുന്നു. എന്നാൽ ക്രിസ്ത്യാനികളായ നമ്മൾ “ലോകത്തിന്റെ ഭാഗമല്ല” എന്നും അനീതികൾ എല്ലാം മാറ്റുന്നതിനായി ദൈവരാജ്യം വരുന്നതുവരെ കാത്തിരിക്കണമെന്നും നമുക്കറിയാം. (യോഹ. 17:16) എങ്കിലും ആരെങ്കിലും അനീതി നേരിടുന്നതു കാണുമ്പോൾ നമുക്കു സങ്കടമോ ചിലപ്പോൾ ദേഷ്യമോപോലും തോന്നിയേക്കാം. അപ്പോൾ നമ്മൾ ഇങ്ങനെ ചിന്തിക്കും: ‘ഇതിനോടു ഞാൻ എങ്ങനെ പ്രതികരിക്കണം? ഇപ്പോൾ നടക്കുന്ന അനീതിയുടെ കാര്യത്തിൽ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ?’ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നതിന് ആദ്യം അനീതിയെ യഹോവയും യേശുവും എങ്ങനെയാണ് കാണുന്നതെന്നു നമുക്കു നോക്കാം.
യഹോവയും യേശുവും അനീതി വെറുക്കുന്നു
3. അനീതി കാണുമ്പോൾ നമുക്കു ദേഷ്യം തോന്നുന്നതു സ്വാഭാവികമായിരിക്കുന്നത് എന്തുകൊണ്ട്? (യശയ്യ 5:7)
3 അനീതി കാണുമ്പോൾ നമ്മൾ അസ്വസ്ഥരാകുന്നത് എന്തുകൊണ്ടാണെന്നു ബൈബിൾ പറയുന്നു. കാരണം ‘നീതിയെയും ന്യായത്തെയും സ്നേഹിക്കുന്ന’ ദൈവത്തിന്റെ ഛായയിലാണ് നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. (സങ്കീ. 33:5; ഉൽപ. 1:26) ദൈവം ഒരിക്കലും അന്യായമായി പ്രവർത്തിക്കുന്നില്ല. ആരും അങ്ങനെ പ്രവർത്തിക്കാൻ ദൈവം ആഗ്രഹിക്കുന്നുമില്ല. (ആവ. 32:3, 4; മീഖ 6:8; സെഖ. 7:9) ഉദാഹരണത്തിന്, യശയ്യ പ്രവാചകന്റെ കാലത്ത് പല ഇസ്രായേല്യർക്കും സ്വന്തം ജനത്തിനിടയിൽനിന്നുതന്നെ മോശമായ പെരുമാറ്റം നേരിട്ടു. അവരുടെ “നിലവിളി” യഹോവ ശ്രദ്ധിച്ചു. (യശയ്യ 5:7 വായിക്കുക.) തന്റെ നിയമം വീണ്ടുംവീണ്ടും അവഗണിക്കുകയും മറ്റുള്ളവരോട് അന്യായമായി ഇടപെടുകയും ചെയ്തവരെ യഹോവ ശിക്ഷിക്കുകതന്നെ ചെയ്തു.—യശ. 5:5, 13.
4. സുവിശേഷത്തിലെ ഒരു വിവരണം യേശു അനീതിയെ വീക്ഷിക്കുന്ന വിധം മനസ്സിലാക്കാൻ സഹായിക്കുന്നത് എങ്ങനെ? (ചിത്രവും കാണുക.)
4 യഹോവയെപ്പോലെ യേശുവും നീതിയെ സ്നേഹിക്കുകയും അനീതിയെ വെറുക്കുകയും ചെയ്യുന്നു. ഭൂമിയിലായിരുന്നപ്പോൾ യേശു ഒരിക്കൽ ശോഷിച്ച കൈയുള്ള ഒരാളെ കണ്ടു. അനുകമ്പ തോന്നിയ യേശു അദ്ദേഹത്തെ സുഖപ്പെടുത്താൻ ആഗ്രഹിച്ചു. എന്നാൽ അതിനോടു മതനേതാക്കന്മാർ എങ്ങനെയാണ് പ്രതികരിച്ചത്? അവർക്കു ദേഷ്യം വന്നു. യേശു ശബത്തുനിയമം ലംഘിക്കുന്നു എന്നതായിരുന്നു അവരുടെ പ്രശ്നം. ആ വ്യക്തിയുടെ രോഗമോ ബുദ്ധിമുട്ടുകളോ ഒന്നും അവർ കാര്യമാക്കിയതേ ഇല്ല. അവരുടെ ഈ പ്രതികരണം കണ്ടപ്പോൾ യേശുവിന് എന്താണ് തോന്നിയത്? മതനേതാക്കന്മാരുടെ “ഹൃദയകാഠിന്യത്തിൽ യേശുവിന്റെ മനസ്സു നൊന്തു.”—മർക്കോ. 3:1-6.
ജൂതമതനേതാക്കന്മാർ ആളുകളോടു മോശമായി പെരുമാറി. പക്ഷേ യേശു ആളുകളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തു (4-ാം ഖണ്ഡിക കാണുക)
5. അനീതി കാണുമ്പോൾ നമുക്ക് ദേഷ്യം തോന്നിയേക്കാമെങ്കിലും എന്ത് ഓർക്കണം?
5 അനീതി കണ്ടപ്പോൾ യഹോവയ്ക്കും യേശുവിനും ദേഷ്യം തോന്നി. അതുകൊണ്ട് നമുക്കും അങ്ങനെ തോന്നിയാൽ തെറ്റു പറയാനാകില്ല. (എഫെ. 4:26) എങ്കിലും നമ്മുടെ ദേഷ്യംകൊണ്ട് അനീതി മാറ്റാൻ കഴിയില്ല എന്നു നമ്മൾ ഓർക്കണം. ശരിക്കും പറഞ്ഞാൽ ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നെങ്കിൽ നമുക്ക് ശാരീരികവും മാനസികവും ആയ പല പ്രശ്നങ്ങളും ഉണ്ടായേക്കാം. (സങ്കീ. 37:1, 8; യാക്കോ. 1:20) അങ്ങനെയെങ്കിൽ അനീതി കാണുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്? യേശുവിന്റെ മാതൃകയിൽനിന്ന് അതു നമുക്കു പഠിക്കാനാകും.
യേശു അനീതിയോടു പ്രതികരിച്ച വിധം
6. യേശു ഭൂമിയിലായിരുന്നപ്പോൾ ഏതെല്ലാം അനീതികൾ നേരിൽക്കണ്ടു? (ചിത്രവും കാണുക.)
6 ഭൂമിയിലായിരുന്നപ്പോൾ ഒരുപാട് ആളുകൾ അനീതി നേരിടുന്നതു യേശു നേരിട്ടുകണ്ടു. മതനേതാക്കന്മാർ സാധാരണക്കാരെ അടിച്ചമർത്തിയിരുന്നു. (മത്താ. 23:2-4) റോമൻ അധികാരികൾ ആളുകളോടു ക്രൂരമായാണ് ഇടപെട്ടിരുന്നത്. അതുകൊണ്ടുതന്നെ അവരിൽനിന്ന് സ്വാതന്ത്ര്യം നേടാൻ പല ജൂതന്മാരും ആഗ്രഹിച്ചു. ജൂതമത തീവ്രവാദികളെപ്പോലുള്ള ചിലർ അതിനുവേണ്ടി പോരാടാൻപോലും തയ്യാറായിരുന്നു. പക്ഷേ യേശു സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിനായി മുൻകൈയെടുക്കുകയോ അത്തരം കൂട്ടങ്ങളെ പിന്തുണയ്ക്കുകയോ ചെയ്തില്ല. ആളുകൾ തന്നെ രാജാവാക്കാൻ ശ്രമിച്ചപ്പോൾ യേശു അവിടെനിന്ന് മാറിപ്പോകുകയാണ് ചെയ്തത്.—യോഹ. 6:15.
രാഷ്ട്രീയ കാര്യങ്ങളിൽ തന്നെ ഉൾപ്പെടുത്താൻ ആളുകൾ ശ്രമിച്ചപ്പോൾ യേശു അവിടെനിന്ന് പോയി (6-ാം ഖണ്ഡിക കാണുക)
7-8. ഭൂമിയിലായിരുന്നപ്പോൾ അനീതി നീക്കിക്കളയാൻ യേശു ശ്രമിക്കാതിരുന്നത് എന്തുകൊണ്ട്? (യോഹന്നാൻ 18:36)
7 ഭൂമിയിലായിരുന്നപ്പോൾ രാഷ്ട്രീയത്തിൽ ഉൾപ്പെട്ടുകൊണ്ട് അന്നുള്ള അനീതി മാറ്റാൻ യേശു ശ്രമിച്ചില്ല. എന്തുകൊണ്ട്? കാരണം തങ്ങളെത്തന്നെ ഭരിക്കാനുള്ള അവകാശമോ കഴിവോ മനുഷ്യർക്കില്ലെന്നു യേശുവിന് അറിയാമായിരുന്നു. (സങ്കീ. 146:3; യിരെ. 10:23) അതുപോലെ അനീതിയുടെ അടിസ്ഥാനകാരണങ്ങൾ ഇല്ലാതാക്കാനും മനുഷ്യർക്കു കഴിയില്ല. എന്തൊക്കെയാണ് ആ കാരണങ്ങൾ? ഒന്ന്, ഈ ഭൂമിയെ ഭരിക്കുന്നതു പിശാചായ സാത്താനാണ്. തന്റെ അധികാരം ഉപയോഗിച്ചുകൊണ്ട്, അനീതി കാണിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ക്രൂരനായ ഒരു ആത്മവ്യക്തിയാണ് അവൻ. (യോഹ. 8:44; എഫെ. 2:2) രണ്ടാമത്തെ കാരണം, നമ്മുടെ അപൂർണതയാണ്. നല്ലതു ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്കുപോലും എപ്പോഴും നീതിയോടെ പ്രവർത്തിക്കാൻ കഴിയാതെവരുന്നു.—സഭാ. 7:20.
8 അനീതിയുടെ അടിസ്ഥാനകാരണങ്ങൾ പൂർണമായും ഇല്ലാതാക്കാൻ ദൈവരാജ്യത്തിനു മാത്രമേ കഴിയൂ എന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ യേശു തന്റെ സമയവും ഊർജവും ഉപയോഗിച്ചതു ‘ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കാനായിരുന്നു.’ (ലൂക്കോ. 8:1) അഴിമതിയും അനീതിയും അവസാനിക്കുമെന്നു ‘നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്ക്’ യേശു ഉറപ്പുകൊടുത്തു. (മത്താ. 5:6, പഠനക്കുറിപ്പ്; ലൂക്കോ. 18:7, 8) എന്നാൽ അതു സാധ്യമാകുന്നതു മനുഷ്യരുടെ സാമൂഹിക പരിഷ്കരണങ്ങളിലൂടെ ആയിരിക്കില്ല, പകരം ‘ഈ ലോകത്തിന്റെ ഭാഗമല്ലാത്ത’ ദൈവത്തിന്റെ സ്വർഗീയഗവൺമെന്റിലൂടെ ആയിരിക്കും.—യോഹന്നാൻ 18:36 വായിക്കുക.
അനീതി കാണുമ്പോൾ യേശുവിനെ അനുകരിക്കുക
9. ദൈവരാജ്യത്തിനു മാത്രമേ അനീതി പൂർണമായും ഇല്ലാതാക്കാൻ കഴിയൂ എന്നു നിങ്ങൾ വിശ്വസിക്കുന്നത് എന്തുകൊണ്ട്?
9 യേശു ഭൂമിയിലായിരുന്നപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ അനീതി ഇന്നുണ്ട്. എന്നാൽ ഈ ‘അവസാനകാലത്തും’ അനീതിയുടെ കാരണങ്ങൾക്കു മാറ്റമില്ല. സാത്താനും അവന്റെ കീഴിലുള്ള അപൂർണമനുഷ്യരും ആണ് അത്. (2 തിമൊ. 3:1-5, 13; വെളി. 12:12) അനീതിയുടെ ഈ അടിസ്ഥാനകാരണങ്ങൾക്കുള്ള ഏക പരിഹാരം ദൈവരാജ്യമാണെന്നു യേശുവിനെപ്പോലെ നമുക്കും ഉറച്ച ബോധ്യമുണ്ട്. അതുകൊണ്ട് നമ്മൾ ദൈവരാജ്യത്തെ പൂർണമായും പിന്തുണയ്ക്കുന്നു. ഈ ലോകത്തിലെ പ്രതിഷേധപ്രകടനങ്ങളിലും ജാഥകളിലും അനീതി ഇല്ലാതാക്കാനുള്ള മറ്റു ശ്രമങ്ങളിലും ഒന്നും നമ്മൾ ഉൾപ്പെടുന്നില്ല. സ്റ്റേയ്സിa എന്ന സഹോദരിയുടെ അനുഭവം നോക്കാം. സത്യം പഠിക്കുന്നതിനു മുമ്പ് സ്റ്റേയ്സി സാമൂഹിക പരിഷ്കരണത്തിനായുള്ള പ്രവർത്തനങ്ങളിൽ പതിവായി ഉൾപ്പെട്ടിരുന്നു. എങ്കിലും താൻ ചെയ്യുന്നത് ശരിക്കും ആളുകൾക്ക് പ്രയോജനപ്പെടുന്നുണ്ടോ എന്ന് സ്റ്റേയ്സി സംശയിക്കാൻ തുടങ്ങി. സഹോദരി പറയുന്നു: “പ്രതിഷേധ പ്രകടനങ്ങളിൽ ആയിരിക്കുമ്പോൾ ഞാൻ ശരിയായ പക്ഷത്താണോ എന്നു ചിന്തിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നതുകൊണ്ട് ഞാൻ ശരിയായ പക്ഷത്താണെന്ന് എനിക്കറിയാം. അനീതിക്ക് ഇരയാകുന്ന എല്ലാവർക്കുംവേണ്ടി എന്നെക്കാൾ എത്രയോ നന്നായി യഹോവ പോരാടും.”—സങ്കീ. 72:1, 4.
10. ഇന്നത്തെ സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങൾ മത്തായി 5:43-48-ൽ കാണുന്ന യേശുവിന്റെ പഠിപ്പിക്കലുകൾക്ക് എതിരായിരിക്കുന്നത് എങ്ങനെ? (ചിത്രവും കാണുക.)
10 സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ ഇന്ന് കുറെ ആളുകൾ സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളിൽ ചേരുന്നു. പക്ഷേ അതിൽ പങ്കെടുക്കുന്നവർ മിക്കപ്പോഴും വളരെയധികം ദേഷ്യപ്പെടുകയും നിയമങ്ങൾ ലംഘിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ഒക്കെ ചെയ്യുന്നു. എന്നാൽ അത് യേശുവിന്റെ പഠിപ്പിക്കലുകളുമായി ചേർച്ചയിലല്ല. (എഫെ. 4:31) ജെഫ്രി എന്ന സഹോദരൻ ഇങ്ങനെയാണ് പറയുന്നത്: “കാഴ്ചയിൽ സമാധാനപരമെന്നു തോന്നുന്ന പ്രതിഷേധപ്രകടനങ്ങൾ നിമിഷങ്ങൾക്കൊണ്ടായിരിക്കും അക്രമത്തിലേക്കും കൊള്ളയടിയിലേക്കും ഒക്കെ മാറുന്നത്.” എന്നാൽ യേശു പഠിപ്പിച്ചത് എല്ലാ ആളുകളെയും സ്നേഹിക്കാനാണ്. അതിൽ നമ്മളോടു യോജിക്കാത്തവരും നമ്മളെ ഉപദ്രവിക്കുന്നവരും ഉൾപ്പെടുന്നു. (മത്തായി 5:43-48 വായിക്കുക.) ക്രിസ്ത്യാനികളായ നമ്മൾ യേശുവിന്റെ മാതൃക അനുകരിക്കാനാണു പരമാവധി ശ്രമിക്കുന്നത്.
ഇപ്പോഴത്തെ രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളിൽ നിഷ്പക്ഷരായി നിൽക്കാൻ നല്ല ധൈര്യം വേണം (10-ാം ഖണ്ഡിക കാണുക)
11. ഏതു സാഹചര്യത്തിൽ യേശുവിനെ അനുകരിക്കുന്നതു നമുക്കു ബുദ്ധിമുട്ടായി തോന്നിയേക്കാം?
11 ദൈവരാജ്യം എല്ലാ അനീതിയും ഇല്ലാതാക്കുമെന്നു നമുക്ക് അറിയാം. എങ്കിലും നമുക്കു വ്യക്തിപരമായി അനീതി നേരിടേണ്ടി വരുമ്പോൾ യേശുവിനെ അനുകരിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാം. ജനിയ സഹോദരിക്ക് അതാണു സംഭവിച്ചത്. ജനിയയ്ക്കു നിറത്തിന്റെ പേരിൽ മോശമായ പെരുമാറ്റം നേരിടേണ്ടിവന്നു. സഹോദരി പറയുന്നു: “എനിക്കു വല്ലാത്ത സങ്കടവും ദേഷ്യവും വന്നു. ഈ അനീതിക്കെതിരെ പ്രതികരിക്കണമെന്ന് എനിക്കു തോന്നി. അങ്ങനെ ഞാൻ വർഗവിവേചനത്തിനെതിരെ പോരാടുന്ന ഒരു പ്രസ്ഥാനത്തെ പിന്തുണച്ചാലോ എന്നു ചിന്തിച്ചു. അതിലൂടെ ആശ്വാസം കിട്ടുമെന്ന് എനിക്കു തോന്നി.” പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ തന്റെ ചിന്തകൾക്കു മാറ്റം വരുത്തേണ്ടതുണ്ടെന്നു സഹോദരി മനസ്സിലാക്കി. സഹോദരി ഇങ്ങനെ തുടരുന്നു: “ഞാൻ എന്റെ ചിന്തകളെ സ്വാധീനിക്കാൻ മറ്റുള്ളവരെ അനുവദിക്കുകയായിരുന്നു. യഹോവയിൽ ആശ്രയിക്കുന്നതിനു പകരം മനുഷ്യരിലും അവർ പറയുന്ന കാര്യങ്ങളിലുമായിരുന്നു ഞാൻ ആശ്രയിച്ചത്. ആ പ്രസ്ഥാനത്തിലെ ആളുകളുമായുള്ള സഹവാസം പൂർണമായും നിറുത്താൻ ഞാൻ തീരുമാനിച്ചു.” അനീതി നേരിടുമ്പോൾ നമുക്കെല്ലാം ദേഷ്യം തോന്നിയേക്കാം. എന്നാൽ അതു കാരണം രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളിൽ നിഷ്പക്ഷരായിരിക്കാനുള്ള നമ്മുടെ തീരുമാനത്തിൽ വിട്ടുവീഴ്ച കാണിക്കരുത്.—യോഹ. 15:19.
12. നമ്മൾ എന്തു വായിക്കുന്നു, കാണുന്നു, കേൾക്കുന്നു എന്ന കാര്യത്തിൽ ജാഗ്രത വേണ്ടത് എന്തുകൊണ്ട്?
12 അനീതി കാരണം ദേഷ്യം തോന്നുന്നുണ്ടെങ്കിൽ അതു നിയന്ത്രിക്കാൻ നമ്മളെ എന്തു സഹായിക്കും? നമ്മൾ എന്തൊക്കെ വായിക്കുന്നു, കേൾക്കുന്നു, കാണുന്നു എന്ന കാര്യത്തിൽ ശ്രദ്ധിക്കുന്നത് പലർക്കും പ്രയോജനം ചെയ്തിട്ടുണ്ട്. അനീതിയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും വിവരങ്ങൾ പെരുപ്പിച്ച് കാണിക്കുന്നവയായിരിക്കും. ആളുകളെ ഞെട്ടിക്കാനോ ചില സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളെ ഉയർത്തിക്കൊണ്ടുവരാനോ വേണ്ടിയായിരിക്കാം അവർ അങ്ങനെ ചെയ്യുന്നത്. അതുപോലെ വാർത്താമാധ്യമങ്ങൾ മിക്കപ്പോഴും ഏതെങ്കിലും പക്ഷം പിടിച്ചുകൊണ്ടായിരിക്കാം പല വാർത്തകളും റിപ്പോർട്ട് ചെയ്യുന്നത്. ഇനി നമ്മൾ കേൾക്കുന്ന വാർത്തകൾ സത്യമാണെങ്കിൽത്തന്നെ, എപ്പോഴും അതു ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതു പ്രയോജനം ചെയ്യുമോ? ഇത്തരം വിവരങ്ങൾ ഒരുപാടു സമയം വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നെങ്കിൽ നമ്മൾ കൂടുതൽ അസ്വസ്ഥരാകാനോ നിരുത്സാഹപ്പെട്ടുപോകാനോ ഇടയുണ്ട്. (സുഭാ. 24:10) അതുപോലെ അനീതിയുടെയെല്ലാം ഏകപരിഹാരമായ ദൈവരാജ്യത്തിൽനിന്ന് നമ്മുടെ ശ്രദ്ധ മാറിപ്പോകാൻപോലും അത് കാരണമായേക്കാം.
13. ദിവസവും ബൈബിൾ വായിക്കുന്നത് അനീതിയെക്കുറിച്ച് ശരിയായ ഒരു മനോഭാവം നിലനിറുത്താൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
13 ദിവസവും ബൈബിൾ വായിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുന്നത് അനീതി നേരിടുമ്പോൾ എന്തു ചെയ്യണമെന്നു മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. ആലിയ സഹോദരിയുടെ അനുഭവം നോക്കാം. തന്റെ പ്രദേശത്തുള്ള ആളുകൾക്ക് മോശം പെരുമാറ്റം നേരിടേണ്ടിവരുന്നതു കണ്ടപ്പോൾ സഹോദരിക്കു സങ്കടമായി. മോശമായി പെരുമാറിയവരെ ശിക്ഷിക്കുന്നില്ലെന്നുകൂടി കണ്ടപ്പോൾ ആലിയയ്ക്കു വല്ലാത്ത ദേഷ്യവും തോന്നി. സഹോദരി പറയുന്നു: “ഞാൻ ഒന്നിരുന്ന് ഇങ്ങനെ ചിന്തിക്കണമായിരുന്നു. യഹോവ ഈ പ്രശ്നങ്ങളൊക്കെ പൂർണമായും ഇല്ലാതാക്കുമെന്നു ഞാൻ ശരിക്കും വിശ്വസിക്കുന്നുണ്ടോ? ആ സമയത്താണ് ഞാൻ ഇയ്യോബ് 34:22-29 വായിച്ചത്. യഹോവയുടെ കണ്ണിൽനിന്ന് ആർക്കും മറഞ്ഞിരിക്കാൻ ആകില്ലെന്ന് ആ വാക്യങ്ങൾ എന്നെ ഓർമപ്പെടുത്തി. ഏറ്റവും ഉന്നതമായ നീതിബോധമുള്ളത് യഹോവയ്ക്കാണ്. ഇതെല്ലാം പൂർണമായി പരിഹരിക്കാനും യഹോവയ്ക്കു മാത്രമേ പറ്റൂ.” എങ്കിലും ദൈവരാജ്യം പൂർണമായ നീതി കൊണ്ടുവരുന്നതുവരെ നമുക്കെല്ലാം അനീതി നേരിടേണ്ടിവരും. അതുവരെ നമുക്കു ചെയ്യാനാകുന്ന എന്തെങ്കിലുമുണ്ടോ?
ഇപ്പോൾ നമുക്കു ചെയ്യാനാകുന്നത്
14. അനീതി നിറഞ്ഞ ഈ ലോകത്ത് നമുക്ക് ഇപ്പോൾ ചെയ്യാനാകുന്ന ഒരു കാര്യം എന്താണ്? (കൊലോസ്യർ 3:10, 11)
14 മറ്റുള്ളവർ അനീതി കാണിക്കുന്നത് നമുക്കു തടയാനാകില്ലെങ്കിലും നമ്മൾ എങ്ങനെ പെരുമാറണമെന്നതു നമുക്കു തീരുമാനിക്കാനാകും. മുമ്പു ചർച്ച ചെയ്തതുപോലെ നമ്മൾ യേശുവിനെ അനുകരിച്ചുകൊണ്ട് ആളുകളോടു സ്നേഹം കാണിക്കും. ആ സ്നേഹം എല്ലാവരോടും, നമ്മളോട് അനീതിയോടെ പെരുമാറുന്നവരോടുപോലും ബഹുമാനത്തോടെ ഇടപെടാൻ നമ്മളെ പ്രേരിപ്പിക്കും. (മത്താ. 7:12; റോമ. 12:17) ഈ രീതിയിൽ മറ്റുള്ളവരോടു ദയയോടെയും നീതിയോടെയും ഇടപെടുന്നെങ്കിൽ അത് യഹോവയെ സന്തോഷിപ്പിക്കും.—കൊലോസ്യർ 3:10, 11 വായിക്കുക.
15. അനീതിയോടു പ്രതികരിക്കാനാകുന്ന ഏറ്റവും നല്ല വിധം ബൈബിൾസത്യം അറിയിക്കുന്നതാണെന്നു പറയുന്നത് എന്തുകൊണ്ട്?
15 നമുക്ക് അനീതിയോടു പ്രതികരിക്കാൻ കഴിയുന്ന ഏറ്റവും നല്ല വിധം ആളുകളെ ബൈബിൾസത്യം അറിയിക്കുന്നതാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം ‘യഹോവയുടെ പരിജ്ഞാനത്തിന്’ ആളുകളിൽ വലിയ മാറ്റങ്ങൾ വരുത്താനാകും. മുമ്പ് അക്രമാസക്തരും ക്രൂരരും ആയിരുന്ന ആളുകൾ ബൈബിൾ പഠിച്ച് ദയയുള്ളവരും സമാധാനത്തെ സ്നേഹിക്കുന്നവരും ആയിട്ടുണ്ട്. (യശ. 11:6, 7, 9) അങ്ങനെ ഒരാളാണ് ജമാൽ. ഗവൺമെന്റ് ജനങ്ങളെ അടിച്ചമർത്തുന്നെന്നു തോന്നിയതുകൊണ്ട് ആ ഗവൺമെന്റിനെ താഴെയിറക്കാൻ പോരാടുന്ന ഒരു കൂട്ടത്തോടൊപ്പം ജമാൽ ചേർന്നു. അദ്ദേഹം പറയുന്നു: “പോരാട്ടംകൊണ്ട് ആളുകളിൽ മാറ്റം വരുത്താൻ കഴിയില്ല. ബൈബിൾസത്യത്തിനു മാത്രമേ ആളുകളെ മാറ്റാനാകൂ. ഞാൻ മാറിയത് അങ്ങനെയാണ്.” അക്രമത്തിന്റെ പാതയിൽനിന്ന് വിട്ടുപോരാൻ ബൈബിൾ പഠിച്ചത് അദ്ദേഹത്തെ സഹായിച്ചു. എത്രയധികം ആളുകൾ ബൈബിൾ പഠിച്ച് മാറ്റം വരുത്തുന്നോ അത്രയും ആളുകളെങ്കിലും അനീതി ചെയ്യുന്നതു നിറുത്തുമല്ലോ!
16. ദൈവരാജ്യത്തെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കാൻ നിങ്ങൾക്കു തോന്നുന്നത് എന്തുകൊണ്ടാണ്?
16 അനീതി എന്നേക്കുമായി ഇല്ലാതാക്കാൻ ദൈവരാജ്യത്തിനു മാത്രമേ കഴിയൂ എന്ന സന്ദേശം ആളുകളെ അറിയിക്കാൻ യേശുവിനെപ്പോലെ നമ്മളും ആഗ്രഹിക്കുന്നു. അനീതിക്ക് ഇരയായവർക്ക് ആ പ്രത്യാശ വലിയ ആശ്വാസം നൽകും. (യിരെ. 29:11) മുമ്പു കണ്ട സ്റ്റേയ്സി പറയുന്നു: “അനീതി കാണുകയും അനുഭവിക്കുകയും ചെയ്ത സമയത്ത് പിടിച്ചുനിൽക്കാൻ ബൈബിൾ പഠിച്ചത് എന്നെ സഹായിച്ചു. ബൈബിൾ സന്ദേശത്തിലൂടെ യഹോവ ആളുകളെ ആശ്വസിപ്പിക്കുകയാണ്.” അനീതി പരിഹരിക്കപ്പെടുമെന്ന ആശ്വാസകരമായ ഈ സന്ദേശം ആളുകളെ അറിയിക്കാൻ നമ്മൾ മുന്നമേ ഒരുങ്ങിയിരിക്കേണ്ട ആവശ്യമുണ്ട്. ഈ ലേഖനത്തിൽ നമ്മൾ പഠിച്ച തിരുവെഴുത്ത് സത്യങ്ങളെക്കുറിച്ച് നമുക്ക് എത്രത്തോളം ബോധ്യമുണ്ടോ അത്രത്തോളം നന്നായി, നയത്തോടെ അതെക്കുറിച്ച് സ്കൂളിലും ജോലിസ്ഥലത്തും ഒക്കെ സംസാരിക്കാൻ നമുക്കു കഴിയും.b
17. ഇപ്പോഴുള്ള അനീതി സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കുന്നത് എങ്ങനെയാണ്?
17 സാത്താൻ ‘ഈ ലോകത്തിന്റെ ഭരണാധികാരിയായി’ ഉള്ളിടത്തോളം നമ്മൾ അനീതി നേരിടേണ്ടിവരും. എന്നാൽ ഈ സമയങ്ങളിലെല്ലാം യഹോവ നമ്മളെ സഹായിക്കുമെന്നും സാത്താനെ അവന്റെ ഭരണത്തിൽനിന്ന് ‘തള്ളിക്കളയുമെന്നും’ നമുക്ക് ഉറപ്പു തന്നിട്ടുണ്ട്. (യോഹ. 12:31) തിരുവെഴുത്തുകളിലൂടെ അനീതിയുടെ കാരണം മാത്രമല്ല അനീതി സഹിക്കേണ്ടിവരുന്നവരുടെ അവസ്ഥയെക്കുറിച്ച് തനിക്ക് എന്താണ് തോന്നുന്നതെന്നും യഹോവ വെളിപ്പെടുത്തിയിരിക്കുന്നു. (സങ്കീ. 34:17-19) അതുപോലെ അനീതി നേരിടുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കണമെന്നും എല്ലാ അനീതിയും ദൈവരാജ്യത്തിലൂടെ എങ്ങനെയാണ് എന്നേക്കുമായി മാറ്റാൻ പോകുന്നതെന്നും തന്റെ പുത്രനിലൂടെ യഹോവ നമ്മളെ പഠിപ്പിക്കുന്നു. (2 പത്രോ. 3:13) ഭൂമി മുഴുവൻ ‘നീതിയും ന്യായവും’ കളിയാടുന്ന സമയത്തിനായി നമ്മൾ കാത്തിരിക്കുകയാണ്. അതുവരെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത നമുക്കു തീക്ഷ്ണതയോടെ പ്രസംഗിക്കാം.—യശ. 9:7.
ഗീതം 158 അതു വൈകില്ല!
a ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.
b സ്നേഹിക്കുക, ശിഷ്യരാക്കുക ലഘുപത്രികയിലെ അനുബന്ധം എ-യിലുള്ള 24-27 പോയിന്റുകളും കാണുക.