പഠനലേഖനം 38
ഗീതം 120 യേശുവിന്റെ സൗമ്യത അനുകരിക്കാം
എല്ലാവരോടും ആദരവ് കാണിക്കുക
“ആദരവ് നേടുന്നതു സ്വർണത്തെക്കാളും വെള്ളിയെക്കാളും നല്ലത്.”—സുഭാ. 22:1.
ഉദ്ദേശ്യം
മറ്റുള്ളവരോട് ആദരവ് കാണിക്കേണ്ടത് എന്തുകൊണ്ടാണെന്നും ആദരവ് കാണിക്കാൻ ബുദ്ധിമുട്ടുള്ളപ്പോഴും അത് എങ്ങനെ ചെയ്യാമെന്നും നമ്മൾ പഠിക്കും.
1. ആദരവ് ലഭിക്കുമ്പോൾ നമുക്കു സന്തോഷം തോന്നുന്നത് എന്തുകൊണ്ട്? (സുഭാഷിതങ്ങൾ 22:1)
മറ്റുള്ളവർ നമ്മളോടു ബഹുമാനം കാണിക്കുമ്പോൾ നമുക്കു സന്തോഷം തോന്നാറില്ലേ? തീർച്ചയായും. കാരണം ആദരവ് കിട്ടുക എന്നത് എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള ഒരു ആഗ്രഹമാണ്. അതുകൊണ്ടുതന്നെയാണ് “ആദരവ് നേടുന്നതു സ്വർണത്തെക്കാളും വെള്ളിയെക്കാളും നല്ലത്” എന്നു ബൈബിൾ പറയുന്നത്.—സുഭാഷിതങ്ങൾ 22:1 വായിക്കുക.
2-3. (എ) മറ്റുള്ളവരോട് ആദരവ് കാണിക്കാൻ എപ്പോഴും അത്ര എളുപ്പമല്ലാത്തത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 എന്നാൽ ആദരവ് കാണിക്കുക എന്നത് എല്ലായ്പോഴും അത്ര എളുപ്പമല്ല. കാരണം, പലപ്പോഴും നമ്മൾ കാണുന്നത് ആളുകളുടെ കുറവുകളാണ്. ഇനി, ആളുകൾ ആദരവ് കാണിക്കാത്ത ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നതും. പക്ഷേ നമ്മൾ വ്യത്യസ്തരായിരിക്കണം. എന്തുകൊണ്ട്? കാരണം യഹോവ പറയുന്നു: “എല്ലാ മനുഷ്യരെയും ബഹുമാനിക്കുക.”—1 പത്രോ. 2:17.
3 ഈ ലേഖനത്തിൽ, മറ്റുള്ളവരോട് ആദരവ് കാണിക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥമെന്നും (1) കുടുംബാംഗങ്ങളോടും (2) സഹോദരങ്ങളോടും (3) ദൈവജനത്തിന്റെ ഭാഗമല്ലാത്തവരോടും എങ്ങനെ ആദരവ് കാണിക്കാം എന്നും പഠിക്കും. ആദരവ് കാണിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും അത് എങ്ങനെ ചെയ്യാമെന്നു നമ്മൾ ചിന്തിക്കും.
മറ്റുള്ളവരെ ആദരിക്കുക എന്നതിന്റെ അർഥം
4. മറ്റുള്ളവരെ ആദരിക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥം?
4 നിങ്ങൾ ഒരാളെ “ആദരിക്കുന്നു” അല്ലെങ്കിൽ “ബഹുമാനിക്കുന്നു” എന്നു പറയുമ്പോൾ അദ്ദേഹത്തെക്കുറിച്ച് നിങ്ങൾ എന്തു ചിന്തിക്കുന്നു എന്നതും അദ്ദേഹത്തോട് എങ്ങനെ പെരുമാറുന്നു എന്നതും അതിൽ ഉൾപ്പെടും. ഒരാളുടെ നല്ല ഗുണങ്ങളോ അയാൾ ചെയ്ത നല്ല കാര്യങ്ങളോ അല്ലെങ്കിൽ അയാളുടെ അധികാരമോ ഒക്കെയായിരിക്കാം ആ വ്യക്തിയെ ബഹുമാനിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടെന്നു നിങ്ങളുടെ പ്രവൃത്തികളിൽനിന്ന് അദ്ദേഹത്തിനു മനസ്സിലാകും. ഈ ആദരവ് ആത്മാർഥമാകണമെങ്കിൽ, അതു ഹൃദയത്തിൽനിന്ന് ഉള്ളതായിരിക്കണം.—മത്താ. 15:8.
5. മറ്റുള്ളവരെ ആദരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്?
5 നമ്മൾ ആളുകളോട് ആദരവ് കാണിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന് ‘ഉന്നതാധികാരികളെ’ ആദരിക്കാൻ ദൈവം പറഞ്ഞിട്ടുണ്ട്. (റോമ. 13:1, 7) എന്നാൽ ചിലർ ഇങ്ങനെ പറഞ്ഞേക്കാം, “നല്ലതു ചെയ്യുന്നവരോടേ ബഹുമാനം കാണിക്കാൻ എനിക്കു തോന്നാറുള്ളൂ.” ആ ചിന്ത ശരിയാണോ? അല്ല. മനുഷ്യരുടെ പ്രവൃത്തി മാത്രം നോക്കിയല്ല അവരോടു ബഹുമാനം കാണിക്കേണ്ടതെന്ന് യഹോവയുടെ ദാസരായ നമുക്ക് അറിയാം. ആളുകളെ ബഹുമാനിക്കുന്നതിനു നമുക്കു പ്രധാനപ്പെട്ട മറ്റൊരു കാരണമുണ്ട്. യഹോവയോടുള്ള സ്നേഹവും യഹോവയെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹവും!—യോശു. 4:14; 1 പത്രോ. 3:15.
6. നിങ്ങളോട് ആദരവ് കാണിക്കാത്ത ഒരാളോട് തിരിച്ച് ആദരവ് കാണിക്കാൻ പറ്റുമോ? വിശദീകരിക്കുക. (ചിത്രവും കാണുക.)
6 ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം, ‘എന്നോട് ആദരവ് കാണിക്കാത്ത ഒരാളോടു തിരിച്ച് ആദരവ് കാണിക്കാൻ ശരിക്കും എനിക്കു പറ്റുമോ?’ പറ്റും. ചില ബൈബിൾ ഉദാഹരണങ്ങൾ നോക്കാം. ശൗൽ രാജാവ് മകനായ യോനാഥാനോട് മറ്റുള്ളവരുടെ മുന്നിൽവെച്ച് വല്ലാതെ ദേഷ്യപ്പെട്ടു. (1 ശമു. 20:30-34) എന്നിട്ടും യോനാഥാൻ പിതാവിനോട് ആദരവോടെതന്നെ ഇടപെട്ടു. അവസാനംവരെ യോനാഥാൻ അദ്ദേഹത്തോടൊപ്പംനിന്ന് പോരാടി. (പുറ. 20:12; 2 ശമു. 1:23) മറ്റൊരു ഉദാഹരണമാണ് ഹന്ന. മഹാപുരോഹിതനായ ഏലി, ഹന്ന കുടിച്ചിട്ടാണ് ആലയത്തിൽ വന്നതെന്ന് ആരോപിച്ചു. (1 ശമു. 1:12-14) ഒരു പിതാവും മഹാപുരോഹിതനും എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഏലിക്കു കഴിയുന്നില്ല എന്നത് ഇസ്രായേലിൽ പരക്കെ അറിവുള്ള കാര്യമായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും ഹന്ന അദ്ദേഹത്തോട് ആദരവോടെതന്നെ സംസാരിച്ചു. (1 ശമു. 1:15-18; 2:22-24) ഇനി ആതൻസിലെ ആളുകൾ പൗലോസ് അപ്പോസ്തലനെ “വിടുവായൻ” എന്നു വിളിച്ച് കളിയാക്കി. (പ്രവൃ. 17:18) എങ്കിലും അദ്ദേഹം തിരിച്ച് അവരോട് ആദരവോടെ സംസാരിച്ചു. (പ്രവൃ. 17:22) ഇതെല്ലാം നമ്മൾ എന്താണു പഠിപ്പിക്കുന്നത്? യഹോവയോടുള്ള സ്നേഹവും യഹോവയെ വിഷമിപ്പിക്കരുത് എന്ന ആഗ്രഹവും, ആദരവ് കാണിക്കാൻ ബുദ്ധിമുട്ടുള്ളപ്പോഴും അങ്ങനെ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കും. നമ്മൾ ആരോടെല്ലാമാണ് ആദരവ് കാണിക്കേണ്ടതെന്നും എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടതെന്നും ഇനി നോക്കാം.
അപ്പൻ തന്നെ അപമാനിച്ചെങ്കിലും യോനാഥാൻ തുടർന്നും അപ്പനെ ഒരു രാജാവെന്ന നിലയിൽ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു (6-ാം ഖണ്ഡിക കാണുക)
കുടുംബാംഗങ്ങളോട് ആദരവ് കാണിക്കുക
7. കുടുംബാംഗങ്ങളോട് ആദരവ് കാണിക്കാൻ നമുക്കു ബുദ്ധിമുട്ട് തോന്നിയേക്കാവുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്?
7 തടസ്സം. കുടുംബാംഗങ്ങളോടൊപ്പം ഒരുപാടു സമയം ചെലവഴിക്കുന്നതുകൊണ്ട് നമുക്ക് അവരുടെ നല്ല ഗുണങ്ങളും ബലഹീനവശങ്ങളും നന്നായി അറിയാം. ഒരുപക്ഷേ അവരിൽ ആർക്കെങ്കിലും ഒരു രോഗമോ അമിതമായ ഉത്കണ്ഠയോ ഉണ്ടായിരിക്കാം. അതു കാരണം അവർ ചിലപ്പോൾ ഇടപെടുന്ന രീതികൊണ്ട് അവരെ പരിചരിക്കുന്നതും ബഹുമാനിക്കുന്നതും നമുക്കു ബുദ്ധിമുട്ടായിരുന്നേക്കാം. അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ ആരെങ്കിലും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ അവരോടു ബഹുമാനം കാണിക്കാൻ നമുക്കു ബുദ്ധിമുട്ട് തോന്നാം. എന്നാൽ ആദരവില്ലാതെ പെരുമാറിയാൽ, കുടുംബം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഇടമാകുന്നതിനു പകരം ദേഷ്യവും ഒച്ചപ്പാടും ഒക്കെ നിറഞ്ഞ ഒരിടമായിത്തീർന്നേക്കാം. അവസാനം കുടുംബാംഗങ്ങൾക്കിടയിൽ ഒരു യോജിപ്പും ഇല്ലാതായിത്തീരും. ഇതു സന്ധിവാതം വരുന്നതുപോലെയാണ്. അതുള്ള ഒരാൾക്കു ജോയിന്റുകളിലെ വേദന കാരണം ശരീരഭാഗങ്ങൾ ഒരുമിച്ച് സുഗമമായി ചലിപ്പിക്കാനാകില്ല. ഇതുപോലെ ആദരവില്ലാതെ ഇടപെടുമ്പോൾ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച്, ഐക്യത്തോടെ പ്രവർത്തിക്കാൻ കഴിയാതെവരും. സന്ധിവാതം നമുക്കു പൂർണമായും ചികിത്സിച്ച് മാറ്റാൻ ബുദ്ധിമുട്ടാണ്. എന്നാൽ ആദരവില്ലായ്മയുടെ കാര്യം അങ്ങനെയല്ല. കുടുംബത്തിൽ ആദരവില്ലാതെ പെരുമാറുന്നതു നിറുത്താനും കുടുംബബന്ധങ്ങൾക്കു വൈകല്യം വരുന്നതു തടയാനും നമുക്കു കഴിയും.
8. കുടുംബാംഗങ്ങളോട് ആദരവ് കാണിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (1 തിമൊഥെയൊസ് 5:4, 8)
8 ആദരവ് കാണിക്കേണ്ടത് എന്തുകൊണ്ട്? (1 തിമൊഥെയൊസ് 5:4, 8 വായിക്കുക.) പൗലോസ് തിമൊഥെയൊസിന് എഴുതിയ ആദ്യകത്തിൽ കുടുംബാംഗങ്ങൾ പരസ്പരം കരുതേണ്ടതിനെക്കുറിച്ച് പറയുന്നുണ്ട്. കുടുംബത്തിൽ ആദരവ് കാണിക്കുന്നത് കടമയായതുകൊണ്ടല്ല, മറിച്ച് “ദൈവഭക്തി” കാരണമായിരിക്കണം എന്ന് പൗലോസ് അവിടെ വിശദീകരിക്കുന്നു. ആ പദം സൂചിപ്പിക്കുന്നതു കുടുംബാംഗങ്ങളോട് ആദരവ് കാണിക്കുന്നതു ദൈവസേവനത്തിന്റെയും ആരാധനയുടെയും ഭാഗമാണ് എന്നാണ്. കുടുംബക്രമീകരണം കൊണ്ടുവന്നത് യഹോവയാണ്. (എഫെ. 3:14, 15) അതുകൊണ്ടുതന്നെ നമ്മൾ കുടുംബാംഗങ്ങളോട് ആദരവ് കാണിക്കുമ്പോൾ ആ ക്രമീകരണം ഏർപ്പെടുത്തിയ യഹോവയെ ആദരിക്കുകയാണ്. കുടുംബാംഗങ്ങളോട് ആദരവോടെ ഇടപെടേണ്ടതിന്റെ എത്ര വലിയ കാരണം!
9. ഭർത്താവിനും ഭാര്യക്കും പരസ്പരം എങ്ങനെയെല്ലാം ആദരവ് കാണിക്കാം? (ചിത്രങ്ങളും കാണുക.)
9 ആദരവ് എങ്ങനെ കാണിക്കാം? ഭാര്യയോട് ആദരവ് കാണിക്കുന്ന ഭർത്താവ് വീടിനുള്ളിലും പുറത്തും, ഭാര്യ തനിക്കു വിലപ്പെട്ടവളാണെന്ന രീതിയിൽ ഇടപെടും. (സുഭാ. 31:28; 1 പത്രോ. 3:7) അദ്ദേഹം ഒരിക്കലും അവളെ ഉപദ്രവിക്കുകയോ കളിയാക്കുകയോ വിലകെട്ടവളാണെന്ന് തോന്നിപ്പിക്കുകയോ ഇല്ല. അർജന്റീനയിൽ താമസിക്കുന്ന അരീൽa എന്ന സഹോദരൻ പറയുന്നു: “എന്റെ ഭാര്യക്ക് ഒരു അസുഖമുള്ളതുകൊണ്ട് ചില സമയത്ത് അവളുടെ വാക്കുകൾ എന്നെ വേദനിപ്പിക്കാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ അവൾ മനഃപൂർവം അല്ലല്ലോ, അസുഖംകൊണ്ടാണല്ലോ അങ്ങനെ പറയുന്നതെന്നു ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കും. അതുപോലെ 1 കൊരിന്ത്യർ 13:5 ഞാൻ എന്റെ മനസ്സിലേക്കു കൊണ്ടുവരും. ദേഷ്യപ്പെടുന്നതിനു പകരം ആദരവോടെ അവളോട് ഇടപെടാൻ അത് എന്നെ സഹായിക്കുന്നു.” (സുഭാ. 19:11) ഇനി, ഒരു ഭാര്യക്കു ഭർത്താവിനോട് ആദരവുണ്ടെന്ന് എങ്ങനെ കാണിക്കാം? ഭർത്താവിനെക്കുറിച്ച് നല്ല രീതിയിൽ മറ്റുള്ളവരോട് സംസാരിച്ചുകൊണ്ട്. (എഫെ. 5:33) അവൾ കുത്തുവാക്കുകൾ പറയുകയോ കളിയാക്കുകയോ വിലയിടിക്കുന്ന തരം പേരുകൾ ഭർത്താവിനെ വിളിക്കുകയോ ചെയ്യില്ല. അത്തരം പെരുമാറ്റം കുടുംബത്തിന്റെ ബലം തകർക്കുന്ന തുരുമ്പുപോലെയാണെന്ന് അവൾ തിരിച്ചറിയും. (സുഭാ. 14:1) ഇറ്റലിയിലുള്ള ഒരു സഹോദരിയുടെ കാര്യമെടുക്കാം. സഹോദരിയുടെ ഭർത്താവിന് അമിതമായി ഉത്കണ്ഠപ്പെടുന്ന ഒരു പ്രശ്നമുണ്ട്. സഹോദരി ഇങ്ങനെ പറയുന്നു: “എന്റെ ഭർത്താവ് എന്തിനും ഏതിനും ഉത്കണ്ഠപ്പെടുന്നതായി പലപ്പോഴും എനിക്കു തോന്നാറുണ്ട്. അതുകൊണ്ട് മുമ്പൊക്കെ എന്റെ വാക്കുകളും മുഖഭാവവും അദ്ദേഹത്തോട് ആദരവില്ലാത്ത രീതിയിലായിരുന്നു. പക്ഷേ, ആദരവോടെ സംസാരിക്കുന്ന ആളുകളോട് ഞാൻ എത്രമാത്രം സഹവസിച്ചോ അത്രമാത്രം എന്റെ ഭർത്താവിനോടും ആദരവോടെ ഇടപെടാൻ എനിക്കു തോന്നി.”
കുടുംബാംഗങ്ങളോട് ആദരവ് കാണിക്കുമ്പോൾ നമ്മൾ കുടുംബത്തിന്റെ തലയായ യഹോവയെ ബഹുമാനിക്കുകയാണ് (9-ാം ഖണ്ഡിക കാണുക)
10. മാതാപിതാക്കളോട് ആദരവുണ്ടെന്നു ചെറുപ്പക്കാർക്ക് എങ്ങനെ കാണിക്കാം?
10 ചെറുപ്പക്കാരേ, മാതാപിതാക്കൾ നിങ്ങളുടെ കാര്യത്തിൽ വെച്ചിരിക്കുന്ന നിയമങ്ങൾ അനുസരിക്കുക. (എഫെ. 6:1-3) അവരോട് ആദരവോടെ സംസാരിക്കുക. (പുറ. 21:17) ഇനി പ്രായമാകുമ്പോൾ മാതാപിതാക്കൾക്കു കൂടുതൽ സഹായം വേണ്ടിവന്നേക്കാം. അത് ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുക. മരിയ സഹോദരി അതാണ് ചെയ്തത്. സഹോദരിയുടെ പപ്പ ഒരു യഹോവയുടെ സാക്ഷിയായിരുന്നില്ല. അദ്ദേഹം വയ്യാതായപ്പോൾ മരിയയോടു വളരെ ദയയില്ലാതെയാണ് ഇടപെട്ടിരുന്നത്. അതു കാരണം അദ്ദേഹത്തെ പരിചരിക്കുന്നതു മരിയയ്ക്കു വളരെ ബുദ്ധിമുട്ടായിരുന്നു. സഹോദരി പറയുന്നു: “പപ്പയോട് ആദരവ് തോന്നാൻ മാത്രമല്ല അതു കാണിക്കാനും എന്നെ സഹായിക്കണേ എന്നു ഞാൻ പ്രാർഥിച്ചു. മാതാപിതാക്കളെ ബഹുമാനിക്കാൻ യഹോവ പറഞ്ഞിട്ടുണ്ടെങ്കിൽ അതു ചെയ്യാൻവേണ്ട ശക്തിയും യഹോവ തരും എന്ന് എനിക്ക് ഉറപ്പായിരുന്നു. പപ്പയോട് ആദരവോടെ ഇടപെടാൻ, പപ്പ തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നു ഞാൻ പതിയെ മനസ്സിലാക്കി.” കുടുംബാംഗങ്ങളുടെ ഭാഗത്ത് തെറ്റുകൾ പറ്റിയാലും നമ്മൾ അവരെ ബഹുമാനിക്കാൻ ശ്രമിക്കുമ്പോൾ, നമ്മൾ ശരിക്കും കുടുംബക്രമീകരണം ഏർപ്പെടുത്തിയ യഹോവയെ ആദരിക്കുന്നെന്നു കാണിക്കുകയാണ്.
സഹോദരങ്ങളോട് ആദരവ് കാണിക്കുക
11. സഹോദരങ്ങളോട് ആദരവോടെ ഇടപെടാൻ ബുദ്ധിമുട്ട് തോന്നിയേക്കാവുന്നത് എപ്പോഴാണ്?
11 തടസ്സം. നമ്മുടെ സഹോദരങ്ങൾ ബൈബിൾനിലവാരങ്ങൾ അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നവരാണ്. എങ്കിലും ചിലപ്പോൾ അവരിൽ ചിലർ ദയയില്ലാതെ പെരുമാറുകയോ നമ്മളെക്കുറിച്ച് തെറ്റായി ചിന്തിക്കുകയോ നമ്മളെ അസ്വസ്ഥരാക്കുകയോ ചെയ്തേക്കാം. ഒരു സഹവിശ്വാസി എന്തെങ്കിലും ‘പരാതിക്കു കാരണമുണ്ടാക്കുമ്പോൾ’ അവരോടു ബഹുമാനത്തോടെ ഇടപെടാൻ നമുക്കു ബുദ്ധിമുട്ട് തോന്നാം. (കൊലോ. 3:13) ആ സമയത്തും ആദരവ് കാണിക്കാൻ നമ്മളെ എന്തു സഹായിക്കും?
12. സഹോദരങ്ങളോട് ആദരവ് കാണിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (2 പത്രോസ് 2:9-12)
12 ആദരവ് കാണിക്കേണ്ടത് എന്തുകൊണ്ട്? (2 പത്രോസ് 2:9-12 വായിക്കുക.) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയിൽ ആദരവില്ലാതെ സംസാരിച്ച ചിലരെക്കുറിച്ച് പത്രോസ് തന്റെ രണ്ടാമത്തെ കത്തിൽ പറയുന്നുണ്ട്. അവർ ‘മഹത്ത്വമാർന്നവരെക്കുറിച്ച്’ അഥവാ മൂപ്പന്മാരെക്കുറിച്ച് ആദരവില്ലാതെ സംസാരിച്ചു. ഇതു കണ്ട വിശ്വസ്തരായ ദൂതന്മാർ എങ്ങനെ പ്രതികരിച്ചു? “യഹോവയോടുള്ള ആദരവ് കാരണം,” തെറ്റുകാർക്ക് എതിരെ അവർ ഒരു അധിക്ഷേപവാക്കുപോലും ഉച്ചരിച്ചില്ല. അതെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. പൂർണരായ ദൂതന്മാർ അഹങ്കാരികളായ ആ മനുഷ്യരെക്കുറിച്ച് ദേഷ്യത്തോടെ സംസാരിച്ചില്ല. പകരം ന്യായം വിധിക്കാനും ശിക്ഷിക്കാനും അധികാരമുള്ള യഹോവയ്ക്ക് അവർ ആ പ്രശ്നം വിട്ടുകൊടുത്തു. (റോമ. 14:10-12; യൂദ 9 താരതമ്യം ചെയ്യുക.) ഇതു നമുക്ക് നല്ലൊരു പാഠമാണ്. ദൂതന്മാർ എതിരാളികളുടെ കാര്യത്തിൽപ്പോലും ആദരവില്ലാതെ സംസാരിച്ചില്ല. അങ്ങനെയെങ്കിൽ യഹോവയെ സ്നേഹിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാരോടു നമ്മൾ എത്ര ആദരവോടെ ഇടപെടണം? ബൈബിൾ പറയുന്നത്, ബഹുമാനം കാണിക്കുന്നതിൽ ‘മുൻകൈയെടുക്കാനാണ്.’ (റോമ. 12:10) അങ്ങനെ ചെയ്യുമ്പോൾ നമ്മൾ യഹോവയെ ആദരിക്കുകയാണ്.
13-14. സഭയിലുള്ളവരോടു നമുക്ക് ആദരവ് കാണിക്കാനാകുന്നത് എങ്ങനെയാണ്? ഉദാഹരണങ്ങൾ പറയുക. (ചിത്രങ്ങളും കാണുക.)
13 ആദരവ് എങ്ങനെ കാണിക്കാം? മൂപ്പന്മാരേ, സഹോദരങ്ങളെ പഠിപ്പിക്കുമ്പോൾ അതു സ്നേഹത്തോടെയാണ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക. (ഫിലേ. 8, 9) ഒരാൾക്ക് ഉപദേശം കൊടുക്കേണ്ടിവരുമ്പോൾ അതു ദയയോടെ ചെയ്യുക. നിങ്ങൾ ദേഷ്യപ്പെട്ടിരിക്കുന്ന ഒരു സമയത്ത് ഉപദേശം കൊടുക്കാതിരിക്കുക. സഹോദരിമാരേ, മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞുനടക്കുകയോ പരദൂഷണം പറയുകയോ ചെയ്യാതിരുന്നുകൊണ്ട് പരസ്പരം ആദരിക്കാൻ സഭയിലുള്ളവരെ നിങ്ങൾക്കു സഹായിക്കാനാകും. (തീത്തോ. 2:3-5) ഇനി നമുക്ക് എല്ലാവർക്കും മൂപ്പന്മാരെ ആദരിക്കുന്നുണ്ടെന്നു കാണിക്കാൻ കഴിയും. എങ്ങനെ? അവരോടു ചേർന്ന് പ്രവർത്തിക്കുക. അതുപോലെ മീറ്റിങ്ങുകൾ നടത്താനും പ്രസംഗപ്രവർത്തനം സംഘടിപ്പിക്കാനും ‘തെറ്റായ ചുവടു വെക്കുന്നവരെ’ സഹായിക്കാനും ഒക്കെയായി അവർ ചെയ്യുന്ന കഠിനാധ്വാനത്തെ വിലമതിക്കുന്നുണ്ടെന്ന് കാണിക്കുക.—ഗലാ. 6:1; 1 തിമൊ. 5:17.
14 റോസിയോ സഹോദരിക്ക് ഒരു മൂപ്പൻ ബുദ്ധിയുപദേശം കൊടുത്തപ്പോൾ, പിന്നെ അദ്ദേഹത്തെ ബഹുമാനിക്കാൻ സഹോദരിക്കു ബുദ്ധിമുട്ട് തോന്നി. സഹോദരി പറയുന്നു: “ബുദ്ധിയുപദേശം തന്ന രീതി ശരിയായില്ലെന്ന് എനിക്കു തോന്നി. അതുകൊണ്ട് ഞാൻ വീട്ടിൽ ചെന്ന് സഹോദരനെക്കുറിച്ചുള്ള കുറ്റമൊക്കെ പറയാൻതുടങ്ങി. പുറമേ ഞാൻ കാണിച്ചില്ലെങ്കിലും ഉള്ളിൽ അദ്ദേഹത്തോടു ദേഷ്യമായിരുന്നു. എന്നെ സഹായിക്കാനൊന്നുമല്ല അദ്ദേഹം ബുദ്ധിയുപദേശം തന്നതെന്നു ചിന്തിച്ചുകൊണ്ട് ഞാൻ ആ ഉപദേശം തള്ളിക്കളഞ്ഞു.” മാറ്റം വരുത്താൻ റോസിയോയെ സഹായിച്ചത് എന്താണ്? സഹോദരി പറയുന്നു: “ബൈബിൾ വായിച്ചപ്പോൾ 1 തെസ്സലോനിക്യർ 5:12, 13 ഞാൻ കണ്ടു. ആ സഹോദരനോടു ഞാൻ ബഹുമാനം കാണിക്കുന്നില്ലെന്ന് എനിക്കു മനസ്സിലായി. മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. അപ്പോൾ ഞാൻ യഹോവയോടു പ്രാർഥിച്ചു. എന്നിട്ട് എന്റെ മനോഭാവത്തിൽ മാറ്റം വരുത്താൻ സഹായിക്കുന്ന വിവരങ്ങൾക്കായി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ തിരഞ്ഞു. അങ്ങനെ പഠിച്ചപ്പോൾ, പ്രശ്നം എന്റെ അഹങ്കാരമാണെന്ന് മനസ്സിലായി. സഹോദരന്റെ ഭാഗത്ത് ഒരു തെറ്റുമില്ലായിരുന്നു. മറ്റുള്ളവരോടു ബഹുമാനം കാണിക്കണമെങ്കിൽ എനിക്കു താഴ്മ വേണമെന്ന് ഇപ്പോൾ എനിക്കറിയാം. ഞാൻ ഇനിയും പുരോഗമിക്കാനുണ്ട്. പക്ഷേ, മറ്റുള്ളവരോട് ആദരവ് കാണിക്കാൻ ഞാൻ ശ്രമിക്കുമ്പോൾ യഹോവ അതിൽ സന്തോഷിക്കും.”
മൂപ്പന്മാരോട് യോജിച്ച് പ്രവർത്തിച്ചുകൊണ്ടും അവർ ചെയ്യുന്ന കഠിനാധ്വാനത്തിന് നന്ദി കാണിച്ചുകൊണ്ടും നമുക്കെല്ലാം അവരെ ബഹുമാനിക്കാം (13-14 ഖണ്ഡികകൾ കാണുക)
ദൈവജനത്തിന്റെ ഭാഗമല്ലാത്തവരോട് ആദരവ് കാണിക്കുക
15. ദൈവജനത്തിന്റെ ഭാഗമല്ലാത്തവരോട് ആദരവ് കാണിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
15 തടസ്സം. ശുശ്രൂഷയിലായിരിക്കുമ്പോൾ ബൈബിൾസത്യത്തോട് യാതൊരു സ്നേഹവും ഇല്ലാത്ത ആളുകളെ നമ്മൾ കണ്ടുമുട്ടിയേക്കാം. (എഫെ. 4:18) ചെറുപ്പംമുതലേ വിശ്വസിച്ചുപോരുന്ന കാര്യങ്ങൾ കാരണം ചിലർ നമ്മൾ പറയുന്ന സത്യം കേൾക്കണമെന്നില്ല. ഇനി, എന്തു ചെയ്താലും സന്തോഷിപ്പിക്കാൻ പറ്റാത്ത തൊഴിലുടമയോ സ്കൂൾ ടീച്ചർമാരോ ആയിരിക്കാം നമുക്കുള്ളത്. കൂടെ ജോലി ചെയ്യുന്നവരോ, കൂടെ പഠിക്കുന്നവരോ നമ്മളോടു നന്നായി ഇടപെടണം എന്നുമില്ല. അങ്ങനെയാകുമ്പോൾ പതിയെ അവരോടുള്ള ആദരവ് കുറഞ്ഞുപോകാനും നമ്മൾ ദയയില്ലാതെ പെരുമാറാനും ഉള്ള സാധ്യതയുണ്ട്.
16. ദൈവജനത്തിന്റെ ഭാഗമല്ലാത്തവരോട് ആദരവ് കാണിക്കേണ്ടത് എന്തുകൊണ്ട്? (1 പത്രോസ് 2:12; 3:15)
16 ആദരവ് കാണിക്കേണ്ടത് എന്തുകൊണ്ട്? പുറത്തുള്ളവരോടു നമ്മൾ എങ്ങനെ ഇടപെടുന്നു എന്നത് യഹോവ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ഓർക്കണം. നമ്മുടെ നല്ല പെരുമാറ്റം കണ്ട് ആളുകൾ ‘ദൈവത്തെ മഹത്ത്വപ്പെടുത്തിയേക്കാം’ എന്ന് അപ്പോസ്തലനായ പത്രോസ് ക്രിസ്ത്യാനികളെ ഓർമിപ്പിച്ചു. അതുകൊണ്ടാണ് മറ്റുള്ളവരോടു വിശ്വാസത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ‘സൗമ്യതയും ആഴമായ ബഹുമാനവും’ കാണിക്കാൻ പത്രോസ് പറഞ്ഞത്. (1 പത്രോസ് 2:12; 3:15 വായിക്കുക.) നമ്മുടെ വിശ്വാസത്തെക്കുറിച്ച് അധികാരികളോടോ മറ്റുള്ളവരോടോ ഒക്കെ പറയുമ്പോൾ നല്ല ആദരവോടെ വേണം എപ്പോഴും സംസാരിക്കാൻ. കാരണം യഹോവ നമ്മളെ നിരീക്ഷിക്കുന്നുണ്ട്; നമ്മൾ എന്തു പറയുന്നു, എങ്ങനെ പറയുന്നു എന്നതെല്ലാം ശ്രദ്ധിക്കുന്നുമുണ്ട്. ദൈവജനത്തിന്റെ ഭാഗമല്ലാത്തവരോട് ആദരവോടെ ഇടപെടാനുള്ള എത്ര ശക്തമായൊരു കാരണം!
17. ദൈവജനത്തിന്റെ ഭാഗമല്ലാത്തവരോടു നമുക്ക് എങ്ങനെ ആദരവ് കാണിക്കാം?
17 ആദരവ് എങ്ങനെ കാണിക്കാം? ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ ബൈബിളിനെക്കുറിച്ച് അധികം അറിവില്ലാത്തവരെയോ ഒട്ടും അറിയാത്തവരെയോ നമ്മൾ കണ്ടേക്കാം. പക്ഷേ, അതിന്റെ പേരിൽ നമ്മൾ ഒരിക്കലും അവരെ വില കുറഞ്ഞവരായി കാണുകയോ ആ രീതിയിൽ അവരോട് ഇടപെടുകയോ ഇല്ല. പകരം അവർ ദൈവത്തിന്റെ കണ്ണിൽ അമൂല്യവസ്തുക്കളാണെന്നും നമ്മളെക്കാൾ ശ്രേഷ്ഠരാണെന്നും നമ്മൾ ചിന്തിക്കും. (ഹഗ്ഗാ. 2:7; ഫിലി. 2:3) വിശ്വാസത്തെപ്രതി ആരെങ്കിലും നമ്മളെ കളിയാക്കുന്നെങ്കിലോ? തിരിച്ച് അതേ രീതിയിൽ പ്രതികരിക്കുകയോ തമാശരൂപത്തിൽ എന്തെങ്കിലും പറഞ്ഞ് അവരെ പരിഹസിക്കുകയോ ചെയ്യരുത്. (1 പത്രോ. 2:23) ഇനി വിഷമിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞുപോയെങ്കിൽ ഉടനെ ക്ഷമ ചോദിക്കുക. ജോലിസ്ഥലത്ത് നമുക്ക് എങ്ങനെ മറ്റുള്ളവരെ ആദരിക്കാം? നല്ല കഠിനാധ്വാനികൾ ആയിരിക്കുക. സഹജോലിക്കാരുടെയും തൊഴിലുടമയുടെയും നല്ല ഗുണങ്ങൾ കാണാൻ ശ്രമിക്കുക. (തീത്തോ. 2:9, 10) നിങ്ങൾ സത്യസന്ധരും കഠിനാധ്വാനികളും ആണെങ്കിൽ അതു മനുഷ്യരെ സന്തോഷിപ്പിക്കുകയോ സന്തോഷിപ്പിക്കാതിരിക്കുകയോ ചെയ്തേക്കാം. പക്ഷേ അത് ഉറപ്പായും ദൈവത്തെ സന്തോഷിപ്പിക്കും.—കൊലോ. 3:22, 23.
18. ആദരവ് വളർത്തിയെടുക്കുകയും കാണിക്കുകയും ചെയ്യുന്നത് പ്രയോജനകരമാണെന്നു പറയുന്നത് എന്തുകൊണ്ട്?
18 ആദരവ് വളർത്തിയെടുക്കാനും കാണിക്കാനും ഉള്ള എത്ര നല്ല കാരണങ്ങളാണു നമ്മൾ കണ്ടത്. നമ്മൾ പഠിച്ചതുപോലെ, കുടുംബത്തിൽ ആദരവ് കാണിക്കുമ്പോൾ കുടുംബത്തിന്റെ തലയായ യഹോവയെ ആദരിക്കുകയാണ്. അതുപോലെ സഹോദരങ്ങളോട് നമ്മൾ ആദരവ് കാണിക്കുമ്പോഴും സ്വർഗീയ പിതാവിനെ ബഹുമാനിക്കുകയാണ്. ഇനി, ദൈവജനത്തിന്റെ ഭാഗമല്ലാത്തവരോട് ആദരവോടെ ഇടപെടുമ്പോൾ ഒരുനാൾ യഹോവയെ മഹത്ത്വപ്പെടുത്താനും ബഹുമാനിക്കാനും ഉള്ള അവസരം നമ്മൾ അവർക്കായി ഒരുക്കുകയാണ്. ഇങ്ങനെയൊക്കെ ചെയ്താലും ചിലർ നമ്മളെ തിരിച്ച് ബഹുമാനിക്കണമെന്നില്ല. പക്ഷേ ഈ ഗുണം വളർത്തിയെടുക്കുകയും കാണിക്കുകയും ചെയ്യുന്നെങ്കിൽ അതു നമുക്കു പ്രയോജനം ചെയ്യും. എന്തുകൊണ്ട്? യഹോവ നമ്മളെ അനുഗ്രഹിക്കും. യഹോവ ഈ ഉറപ്പുതന്നിരിക്കുന്നു: “എന്നെ ബഹുമാനിക്കുന്നവരെ ഞാൻ ബഹുമാനിക്കും.”—1 ശമു. 2:30.
ഗീതം 129 നമ്മൾ എന്നും സഹിച്ചുനിൽക്കും
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.