ബൈബിളിലെ ഒരു ആശയം
യേശു “അനുസരണം പഠിച്ചു”
യേശു എന്നും യഹോവയോട് അനുസരണമുള്ളവനായിരുന്നു. (യോഹ. 8:29) അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് “താൻ അനുഭവിച്ച കഷ്ടതകളിലൂടെ ക്രിസ്തു അനുസരണം പഠിച്ചു” എന്നു ബൈബിൾ പറയുന്നത്?—എബ്രാ. 5:8.
യേശു സ്വർഗത്തിൽ നേരിട്ടിട്ടില്ലാത്ത സാഹചര്യങ്ങളാണ് ഭൂമിയിലായിരുന്നപ്പോൾ നേരിട്ടത്. ഉദാഹരണത്തിന്, യേശുവിനെ വളർത്തിയ മാതാപിതാക്കൾ ദൈവഭക്തിയുള്ളവർ ആയിരുന്നെങ്കിലും അപൂർണരായിരുന്നു. (ലൂക്കോ. 2:51) ദുഷ്ടരായ മതനേതാക്കന്മാരിൽനിന്നും അഴിമതിക്കാരായ അധികാരികളിൽനിന്നും യേശു അനേകം ബുദ്ധിമുട്ടുകൾ നേരിട്ടു. (മത്താ. 26:59; മർക്കോ. 15:15) അവസാനം, വേദനാകരമായ ഒരു മരണവും യേശുവിന് ഏറ്റുവാങ്ങേണ്ടിവന്നു. ബൈബിൾ പറയുന്നു: ‘ക്രിസ്തു തന്നെത്തന്നെ താഴ്ത്തി മരണത്തോളം അനുസരണമുള്ളവനായി.’—ഫിലി. 2:8.
അങ്ങനെ ഭൂമിയിലായിരിക്കെ പുതിയ ഒരു വിധത്തിൽ യേശു അനുസരണം പഠിച്ചു. അതിലൂടെ യേശുവിന്, പൂർണതയുള്ള ഒരു രാജാവും നമ്മളോടു സഹതാപം തോന്നുന്ന ഒരു മഹാപുരോഹിതനും ആയിത്തീരാൻ കഴിഞ്ഞു. (എബ്രാ. 4:15; 5:9) ഇങ്ങനെ കഷ്ടതകളിലൂടെ അനുസരണം പഠിച്ചപ്പോൾ യേശുവിന് യഹോവയുടെ മുമ്പാകെ ഉണ്ടായിരുന്ന മൂല്യം വളരെയധികം വർധിച്ചു. യേശുവിനെ നമുക്കും അനുകരിക്കാനാകും. ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളിലും നമ്മൾ അനുസരണം കാണിക്കുന്നെങ്കിൽ യഹോവയുടെ മുമ്പാകെയുള്ള നമ്മുടെ മൂല്യം കൂടും, ഭാവിയിൽ ലഭിച്ചേക്കാവുന്ന ഏതു നിയമനത്തിലും യഹോവയ്ക്കു നമ്മളെ ഉപയോഗിക്കാനുമാകും.—യാക്കോ. 1:4.