പഠനലേഖനം 44
ഗീതം 138 നരച്ച മുടി സൗന്ദര്യം
പ്രായമായവരേ, തുടർന്നും സന്തോഷമുള്ളവരായിരിക്കുക
“വാർധക്യത്തിലും അവർ തഴച്ചുവളരും.”—സങ്കീ. 92:14.
ഉദ്ദേശ്യം
പ്രായമായവർ സന്തോഷം നിലനിറുത്തേണ്ടത് എന്തുകൊണ്ടാണെന്നും അവർക്ക് അത് എങ്ങനെ ചെയ്യാമെന്നും നോക്കാം.
1-2. പ്രായമായ തന്റെ വിശ്വസ്തദാസരെ യഹോവ എങ്ങനെയാണ് കാണുന്നത്? (സങ്കീർത്തനം 92:12-14; ചിത്രവും കാണുക.)
ആളുകൾ പ്രായമാകുന്നതിനോടു വ്യത്യസ്തരീതിയിലാണ് പ്രതികരിക്കുന്നത്. ചിലർ അതിനെ ബഹുമാനം നേടിത്തരുന്ന ഒരു കാര്യമായി കണ്ടേക്കാം. എന്നാൽ മറ്റു ചിലർ തങ്ങൾക്കു പ്രായമായെന്ന് ആരും അറിയാതിരിക്കാൻ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, അവർ ചിലപ്പോൾ തലയിൽ ഒരു നരച്ച മുടി കണ്ടാൽ ഉടനെ അത് പറിച്ചുകളയാൻ ശ്രമിച്ചേക്കാം. പക്ഷേ എന്തൊക്കെ ചെയ്താലും പ്രായമാകുന്നതു തടയാൻ അവർക്ക് ഒരിക്കലും കഴിയില്ല എന്നതാണ് വാസ്തവം.
2 എങ്കിലും നമ്മുടെ സ്വർഗീയപിതാവായ യഹോവ പ്രായമായവരെ കാണുന്നത് വ്യത്യസ്തമായ ഒരു രീതിയിലാണ്. (സുഭാ. 16:31) ദൈവം അവരെ തഴച്ചുവളരുന്ന മരങ്ങളോടു താരതമ്യപ്പെടുത്തിയിരിക്കുന്നു. (സങ്കീർത്തനം 92:12-14 വായിക്കുക.) എന്തുകൊണ്ട്? നിറയെ ഇലകളും പൂക്കളും ആയി നിൽക്കുന്ന പല മരങ്ങൾക്കും അനേകം വർഷങ്ങളുടെ പ്രായമുണ്ട്. ഉദാഹരണത്തിന്, ജപ്പാനിൽ നല്ല ആയുസ്സുള്ള ഒരിനം മരം കാണാം. മനോഹരമായ പൂക്കൾ നിറഞ്ഞുനിൽക്കുന്ന ഈ മരങ്ങളിൽ ചിലതിന് ആയിരത്തിലേറെ വർഷം പഴക്കമുണ്ട്. നമ്മുടെ ഇടയിലെ പ്രായമുള്ള വിശ്വസ്തരായ സഹോദരങ്ങൾ യഹോവയുടെ കണ്ണിൽ മനോഹരമായ ഈ വൃക്ഷങ്ങൾപോലെ സൗന്ദര്യമുള്ളവരാണ്. അവർ പുറമേ എങ്ങനെയാണ് എന്നതല്ല, അവരുടെ സഹനശക്തിയും വിശ്വസ്തതയും പോലുള്ള ഗുണങ്ങളും വർഷങ്ങളോളം തനിക്കുവേണ്ടി ചെയ്ത സേവനവും എല്ലാമാണ് യഹോവ നോക്കുന്നത്.
കാലം ചെല്ലുംതോറും വൃക്ഷങ്ങൾ മനോഹരമായി തഴച്ചുവളരുന്നു. അതുപോലെ പ്രായമായ വിശ്വസ്തരും, സൗന്ദര്യമുള്ളവരും തഴച്ചുവളരുന്നവരും ആണ് (2-ാം ഖണ്ഡിക കാണുക)
3. തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ യഹോവ പ്രായമായവരെ ഉപയോഗിച്ചതിന് ഒരു ഉദാഹരണം പറയുക.
3 ഒരാൾക്കു നല്ല പ്രായമായെന്നു കരുതി യഹോവയുടെ മുമ്പാകെ അയാളുടെ വില കുറയുന്നില്ല.a ശരിക്കും പറഞ്ഞാൽ തന്റെ ഉദ്ദേശ്യം നിവർത്തിക്കാനായി യഹോവ പലപ്പോഴും പ്രായമായവരെ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, സാറയ്ക്കു നല്ല പ്രായമായ ശേഷമാണ് സാറ ഒരു ജനതയുടെ മാതാവും മിശിഹയുടെ പൂർവികയും ആയിത്തീരുമെന്ന് യഹോവ പറഞ്ഞത്. (ഉൽപ. 17:15-19) ഈജിപ്റ്റിൽനിന്ന് ഇസ്രായേല്യരെ വിടുവിക്കാനുള്ള നിയമനം യഹോവ മോശയ്ക്കു കൊടുത്തപ്പോൾ അദ്ദേഹത്തിനും നല്ല പ്രായമുണ്ടായിരുന്നു. (പുറ. 7:6, 7) ഇനി യോഹന്നാൻ അപ്പോസ്തലന്റെ കാര്യമെടുത്താൽ, വളരെ പ്രായമായ ശേഷമാണ് ബൈബിളിലെ അഞ്ചു പുസ്തകങ്ങൾ എഴുതാൻ യഹോവ യോഹന്നാനെ പ്രചോദിപ്പിച്ചത്.
4. സുഭാഷിതങ്ങൾ 15:15 അനുസരിച്ച് തങ്ങളുടെ ബുദ്ധിമുട്ടുകൾ സഹിച്ചുനിൽക്കാൻ പ്രായമായവരെ എന്തു സഹായിക്കും? (ചിത്രവും കാണുക.)
4 പ്രായമാകുമ്പോൾ ഒരാൾക്കു പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും. ഒരു സഹോദരി തമാശയായി ഇങ്ങനെ പറഞ്ഞു: “പ്രായമാകുക എന്നതു ഭീരുക്കൾക്കു പറഞ്ഞിട്ടുള്ള ഒരു കാര്യമല്ല.” എന്നാൽ സന്തോഷത്തോടെയിരിക്കുന്നത്b വാർധക്യത്തിന്റെ ബുദ്ധിമുട്ടുകളെ നേരിടാൻ അവരെ സഹായിക്കും. (സുഭാഷിതങ്ങൾ 15:15 വായിക്കുക.) ഈ ലേഖനത്തിൽ, സന്തോഷത്തോടെയിരിക്കാൻ പ്രായമായവർക്ക് എന്തെല്ലാം ചെയ്യാമെന്നു നമ്മൾ ചർച്ച ചെയ്യും. അതുപോലെ സഹോദരങ്ങൾക്കു സഭയിലെ പ്രായമുള്ളവരെ ഏതെല്ലാം രീതിയിൽ സഹായിക്കാമെന്നും നോക്കും. എന്നാൽ ആദ്യം, പ്രായമാകുമ്പോൾ സന്തോഷം നിലനിറുത്താൻ നമുക്കു ബുദ്ധിമുട്ട് തോന്നുന്നത് എന്തുകൊണ്ടാണെന്നു കാണാം.
സന്തോഷമുള്ള ഒരു വീക്ഷണം നിലനിറുത്തുന്നത് വാർധക്യത്തിന്റെ ബുദ്ധിമുട്ടുകൾ സഹിച്ചുനിൽക്കാൻ പ്രായമായവരെ സഹായിക്കും (4-ാം ഖണ്ഡിക കാണുക)
സന്തോഷം നഷ്ടപ്പെടുത്തിയേക്കാവുന്ന കാര്യങ്ങൾ
5. ഏതു കാര്യം പ്രായമായവരെ വിഷമിപ്പിച്ചേക്കാം?
5 മുമ്പു ചെയ്തിരുന്നതുപോലെ ഇഷ്ടമുള്ള കാര്യങ്ങൾ പലതും ചെയ്യാൻ പറ്റാതെ വരുമ്പോൾ നിങ്ങൾക്കു ചിലപ്പോൾ നിരാശ തോന്നും. പണ്ടുണ്ടായിരുന്ന ആരോഗ്യവും ഓജസ്സും തിരിച്ച് കിട്ടിയിരുന്നെങ്കിൽ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. (സഭാ. 7:10) ഉദാഹരണത്തിന്, റൂബി സഹോദരി പറയുന്നു: “ശരീരം അനക്കാനുള്ള ബുദ്ധിമുട്ടും മറ്റു വേദനകളും കാരണം ഉടുപ്പിടാൻപോലും വലിയ പാടാണ്. സോക്സ് ഇടാൻവേണ്ടി കാലൊന്ന് പൊക്കുന്നതുപോലും ഒട്ടും എളുപ്പമല്ല. സന്ധിവാതം കാരണം കൈകളിലെ വിരലുകളൊന്നും പഴയതുപോലെ അനക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ചെറിയ കാര്യങ്ങൾപോലും ചെയ്യാൻ ഒരുപാടു സമയമെടുക്കും.” മുമ്പ് ബഥേലിൽ സേവിച്ചിരുന്ന ഹെരോൾഡ് സഹോദരൻ പറയുന്നു: “പണ്ടു ചെയ്തിരുന്ന ഇഷ്ടമുള്ള പല കാര്യങ്ങളും ചെയ്യാൻ പറ്റാതെ വരുമ്പോൾ എനിക്ക് ചിലപ്പോൾ ദേഷ്യം തോന്നാറുണ്ട്. മുമ്പ് എനിക്കു നല്ല ആരോഗ്യമുണ്ടായിരുന്നു. എനിക്ക് ഇഷ്ടമുള്ള ഒരു കാര്യമായിരുന്നു സ്പോർട്സ്. ‘ഹെരോൾഡിന് ബോൾ കൊടുത്തോ, അവൻ നമ്മളെ ജയിപ്പിച്ചോളും’ എന്നു മറ്റുള്ളവർ പറയുമായിരുന്നു. പക്ഷേ ഇപ്പോൾ ഒരു ബോൾ എറിയാൻപോലും എന്നെക്കൊണ്ട് ആകുമെന്നു തോന്നുന്നില്ല.”
6. (എ) പ്രായമായവരെ വിഷമിപ്പിച്ചേക്കാവുന്ന മറ്റു ചില കാര്യങ്ങൾ എന്തൊക്കെയാണ്? (ബി) വണ്ടി ഓടിക്കുന്നതു നിറുത്തണോ വേണ്ടയോ എന്നു തീരുമാനിക്കാൻ പ്രായമായവരെ എന്തു സഹായിക്കും? (ഈ ലക്കത്തിലെ “ഞാൻ ഡ്രൈവിങ് നിറുത്തണോ?” എന്ന ലേഖനം കാണുക.)
6 പല കാര്യത്തിലും പണ്ടുണ്ടായിരുന്ന സ്വാതന്ത്ര്യം കുറഞ്ഞുവരുന്നതും നിങ്ങളെ വിഷമിപ്പിച്ചേക്കാം. പ്രത്യേകിച്ച് നിങ്ങളുടെ കാര്യങ്ങൾ നോക്കാനായി എപ്പോഴും ഒരാൾ കൂടെ വേണ്ടിവരുകയോ മക്കളിൽ ഒരാളുടെ അടുത്തേക്കു താമസം മാറേണ്ടിവരുകയോ ഒക്കെ ചെയ്യുമ്പോൾ നിങ്ങൾക്ക് അങ്ങനെ തോന്നിയേക്കാം. ഇനി ആരോഗ്യവും കാഴ്ചശക്തിയും ഒക്കെ കുറഞ്ഞുവരുമ്പോൾ സ്വന്തമായി എവിടെയെങ്കിലും പോകാനോ വണ്ടിയോടിക്കാനോ ഒക്കെ ബുദ്ധിമുട്ടു തോന്നാം. അതും മനസ്സിനെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ഓർക്കുക: നിങ്ങൾക്ക് ഒറ്റയ്ക്കു കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടോ, വണ്ടി ഓടിക്കാൻ പറ്റുന്നുണ്ടോ, നിങ്ങൾ ഒറ്റയ്ക്കാണോ താമസിക്കുന്നത് എന്നതൊന്നുമല്ല യഹോവയുടെയും മറ്റുള്ളവരുടെയും മുമ്പാകെ നിങ്ങളെ വിലയുള്ളവരാക്കുന്നത്. യഹോവയ്ക്കു നിങ്ങളുടെ വികാരങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരിക്കുക. യഹോവയോടും മറ്റുള്ളവരോടും ഉള്ള സ്നേഹവും വിലമതിപ്പും നിറഞ്ഞ നിങ്ങളുടെ ഹൃദയമാണ് യഹോവ വിലയേറിയതായി കാണുന്നത്.—1 ശമു. 16:7.
7. തങ്ങളുടെ ജീവിതകാലത്ത് ഈ വ്യവസ്ഥിതിയുടെ അവസാനം കാണില്ലായിരിക്കും എന്നോർത്ത് സങ്കടപ്പെടുന്നവരെ എന്തു സഹായിക്കും?
7 നിങ്ങളുടെ ജീവിതകാലത്ത് ഈ വ്യവസ്ഥിതി അവസാനിക്കുന്നതു കാണാൻ പറ്റാതെ വരുമോ എന്ന ചിന്തയും നിങ്ങളെ ചിലപ്പോൾ വിഷമിപ്പിക്കുന്നുണ്ടാകും. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ നിങ്ങളെ എന്തു സഹായിക്കും? ഈ ദുഷ്ടവ്യവസ്ഥിതി നശിപ്പിക്കാനായി യഹോവയും ക്ഷമയോടെ കാത്തിരിക്കുകയാണെന്നു നിങ്ങൾക്ക് ഓർക്കാം. (യശ. 30:18) എന്തുകൊണ്ടാണ് യഹോവ ക്ഷമ കാണിക്കുന്നത്? കാരണം അതിലൂടെ ലക്ഷക്കണക്കിന് ആളുകൾക്കാണ് യഹോവയെ അറിയാനും സേവിക്കാനും ഉള്ള അവസരം കിട്ടുന്നത്. (2 പത്രോ. 3:9) അതുകൊണ്ട് ഇനി നിരാശ തോന്നുമ്പോൾ, യഹോവ ക്ഷമ കാണിക്കുന്നതിലൂടെ അവസാനത്തിനു മുമ്പായി എത്രയധികം ആളുകൾക്കായിരിക്കും പ്രയോജനം ലഭിക്കുന്നതെന്ന് ചിന്തിക്കുക. ആ കൂട്ടത്തിൽ നിങ്ങളുടെ ചില കുടുംബാംഗങ്ങളും ഉണ്ടാകുമോ?
8. രോഗമോ വേദനയോ ഉള്ളപ്പോൾ പ്രായമുള്ളവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറിയേക്കാം?
8 നമ്മുടെ പ്രായം ഏതായാലും, നമുക്ക് അസുഖങ്ങൾ ഉള്ളപ്പോൾ പിന്നീട് ഓർത്ത് വിഷമിച്ചേക്കാവുന്ന എന്തെങ്കിലും നമ്മൾ പറയാനോ ചെയ്യാനോ ഇടയുണ്ട്. (സഭാ. 7:7; യാക്കോ. 3:2) ഉദാഹരണത്തിന്, വിശ്വസ്തമനുഷ്യനായിരുന്ന ഇയ്യോബ് കഷ്ടതകൾ സഹിക്കേണ്ടിവന്ന സമയത്ത് ‘ചിന്തിക്കാതെ പലതും പറഞ്ഞുപോയി.’ (ഇയ്യോ. 6:1-3) അതുകൊണ്ട് പ്രായമായവർ രോഗം കാരണമോ കഴിക്കുന്ന ചില മരുന്നുകളുടെ ഫലമായോ സാധാരണയിൽനിന്ന് വ്യത്യസ്തമായ രീതിയിൽ പെരുമാറിയാൽ അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. എങ്കിലും നമ്മൾ ഒരിക്കലും മനഃപൂർവം നമ്മുടെ പ്രായത്തിന്റെയോ രോഗത്തിന്റെയോ കാരണം പറഞ്ഞ് മറ്റുള്ളവരോടു ദയയില്ലാതെ ഇടപെടുകയോ വാശിപിടിക്കുകയോ ചെയ്യില്ല. എന്നാൽ നമ്മുടെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെന്നു മനസ്സിലായാൽ ഒട്ടും മടിക്കാതെ ക്ഷമ ചോദിക്കുക.—മത്താ. 5:23, 24.
സന്തോഷം നിലനിറുത്താൻ
പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും സന്തോഷം നിലനിറുത്താൻ നിങ്ങൾക്ക് എങ്ങനെ കഴിയും? (9-13 ഖണ്ഡികകൾ കാണുക)
9. നിങ്ങൾ മറ്റുള്ളവരുടെ സഹായം സ്വീകരിക്കേണ്ടത് എന്തുകൊണ്ട്? (ചിത്രങ്ങളും കാണുക.)
9 മറ്റുള്ളവരുടെ സഹായം സ്വീകരിക്കുക. (ഗലാ. 6:2) ആദ്യമൊക്കെ അതിൽ നിങ്ങൾക്കു ബുദ്ധിമുട്ട് തോന്നിയേക്കാം. ഗ്രറ്റൽ എന്ന സഹോദരി പറയുന്നു: “മറ്റുള്ളവരുടെ സഹായം സ്വീകരിക്കാൻ എനിക്കു ചിലപ്പോൾ ബുദ്ധിമുട്ട് തോന്നാറുണ്ട്. ഞാൻ അവർക്ക് ഒരു ഭാരമാകുകയാണോ എന്നാണ് എന്റെ ചിന്ത. ആ ചിന്തയ്ക്കു മാറ്റം വരുത്താനും എനിക്കു മറ്റുള്ളവരുടെ സഹായം വേണമെന്നു താഴ്മയോടെ അംഗീകരിക്കാനും സമയമെടുത്തു.” നിങ്ങൾ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുമ്പോൾ കൊടുക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയാൻ നിങ്ങൾ അവർക്ക് ഒരു അവസരം കൊടുക്കുകയാണ്. (പ്രവൃ. 20:35) അതുമാത്രമല്ല മറ്റുള്ളവർക്കു നിങ്ങളോടുള്ള സ്നേഹവും കരുതലും കാണുമ്പോൾ അതു നിങ്ങൾക്കും സന്തോഷം തരും.
(9-ാം ഖണ്ഡിക കാണുക)
10. നന്ദി കാണിക്കാൻ മറക്കരുതാത്തത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
10 നന്ദി കാണിക്കുക. (കൊലോ. 3:15; 1 തെസ്സ. 5:18) മറ്റുള്ളവർ എന്തെങ്കിലും ചെയ്തുതരുമ്പോൾ നമുക്കു നന്ദി തോന്നാറുണ്ട്. എങ്കിലും ചിലപ്പോൾ അതു പ്രകടിപ്പിക്കാൻ നമ്മൾ മറന്നുപോയേക്കാം. എന്നാൽ നമ്മൾ ഒന്നു ചിരിക്കുകയും “താങ്ക്യു” പറയുകയും ഒക്കെ ചെയ്യുമ്പോൾ അവർ ചെയ്തതു നമ്മൾ വിലമതിക്കുന്നുണ്ടെന്നും അതിൽ ഒത്തിരി നന്ദിയുണ്ടെന്നും അവർക്കു മനസ്സിലാകും. ബഥേലിലെ പ്രായമുള്ളവരെ ശുശ്രൂഷിക്കുന്ന ലിയ പറയുന്നു: “ഞാൻ ശുശ്രൂഷിക്കുന്ന സഹോദരിമാരിൽ ഒരാൾ എനിക്കു നന്ദി പറഞ്ഞുകൊണ്ടുള്ള ചെറിയ കുറിപ്പുകൾ എഴുതിവെക്കാറുണ്ട്. ആ സഹോദരി ഒരുപാടൊന്നും അതിൽ എഴുതാറില്ല. എങ്കിലും സ്നേഹംനിറഞ്ഞ ആ വാക്കുകൾ വായിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാൻ ചെയ്യുന്ന കാര്യങ്ങൾ അവർ വളരെയധികം വിലമതിക്കുന്നുണ്ടെന്നു മനസ്സിലാകുമ്പോൾ ഒത്തിരി സന്തോഷം തോന്നും.”
(10-ാം ഖണ്ഡിക കാണുക)
11. നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരെ സഹായിക്കാം? (ചിത്രവും കാണുക.)
11 മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുക. നിങ്ങളുടെ സമയവും ഊർജവും മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അധികം ചിന്തിക്കില്ല. ഒരു ആഫ്രിക്കൻ പഴഞ്ചൊല്ല്, പ്രായമായവരെ ജ്ഞാനമൊഴികൾ അടങ്ങിയ അനേകം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയോടു താരതമ്യപ്പെടുത്തുന്നു. പക്ഷേ വെറുതെ അലമാരയിൽ ഇരിക്കുന്ന പുസ്തകങ്ങൾക്ക് എന്തെങ്കിലും പഠിപ്പിക്കാനോ കഥകൾ പറഞ്ഞുകൊടുക്കാനോ കഴിയില്ല. അതുപോലെ ചെറുപ്പക്കാരോടു സംസാരിക്കാൻ നിങ്ങൾ മുൻകൈയെടുക്കുന്നില്ലെങ്കിൽ അവർക്കു നിങ്ങളുടെ ജ്ഞാനത്തിൽനിന്നും അനുഭവപരിചയത്തിൽനിന്നും പഠിക്കാൻ കഴിയില്ല. അതുകൊണ്ട് അവരോടു ചോദ്യങ്ങൾ ചോദിക്കുകയും അവർ സംസാരിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട് ചെറുപ്പക്കാരെ അടുത്തറിയാൻ ശ്രമിക്കുക. യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഏറ്റവും സന്തോഷം തരുന്നതെന്നും പറയുന്നതിന്റെ കാരണം മനസ്സിലാക്കാൻ അവരെ സഹായിക്കുക. ചെറുപ്പക്കാരായ നിങ്ങളുടെ സുഹൃത്തുക്കളെ ബലപ്പെടുത്താനും ആശ്വസിപ്പിക്കാനും കഴിയുമ്പോൾ അതു നിങ്ങളെയും സന്തോഷിപ്പിക്കും.—സങ്കീ. 71:18.
(11-ാം ഖണ്ഡിക കാണുക)
12. യശയ്യ 46:4 അനുസരിച്ച് പ്രായമായവർക്കുവേണ്ടി എന്തു ചെയ്യുമെന്ന് യഹോവ ഉറപ്പു തന്നിട്ടുണ്ട്? (ചിത്രവും കാണുക.)
12 ശക്തിക്കായി യഹോവയോടു പ്രാർഥിക്കുക. ശാരീരികമായും വൈകാരികമായും നിങ്ങൾക്കു തളർച്ച തോന്നിയേക്കാം. എന്നാൽ ഓർക്കുക: യഹോവ ഒരിക്കലും “ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നില്ല.” (യശ. 40:28) തന്റെ അപാരമായ ഊർജം യഹോവ എങ്ങനെയാണ് ഉപയോഗിക്കുന്നത്? ഒരുവിധം, പ്രായമായ തന്റെ വിശ്വസ്തദാസരെ ബലപ്പെടുത്തിക്കൊണ്ടാണ്. (യശ. 40:29-31) ശരിക്കുംപറഞ്ഞാൽ അവരെ സഹായിക്കും എന്നുള്ളത് യഹോവയുടെ വാക്കാണ്. (യശയ്യ 46:4 വായിക്കുക.) ദൈവം എല്ലായ്പോഴും തന്റെ വാക്കു പാലിക്കും. (യോശു. 23:14; യശ. 55:10, 11) നിങ്ങൾ പ്രാർഥിക്കുമ്പോൾ യഹോവയുടെ സ്നേഹവും പിന്തുണയും നിങ്ങൾ വ്യക്തിപരമായി അനുഭവിച്ചറിയും. അതു നിങ്ങൾക്ക് ഒരുപാടു സന്തോഷം തരും.
(12-ാം ഖണ്ഡിക കാണുക)
13. 2 കൊരിന്ത്യർ 4:16-18 അനുസരിച്ച് നമ്മൾ എന്ത് ഓർക്കണം? (ചിത്രവും കാണുക.)
13 നിങ്ങളുടെ സാഹചര്യം താത്കാലികമാണെന്ന് ഓർക്കുക. ഒരു ബുദ്ധിമുട്ട് കുറച്ച് നാളത്തേക്കേ ഉണ്ടായിരിക്കുകയുള്ളൂ എന്നു മനസ്സിൽപ്പിടിക്കുന്നെങ്കിൽ അതു സഹിച്ചുനിൽക്കാൻ എളുപ്പമായിരിക്കും. വാർധക്യവും ആരോഗ്യപ്രശ്നങ്ങളും പെട്ടെന്നുതന്നെ ഇല്ലാതാകുമെന്നു ബൈബിൾ നമുക്ക് ഉറപ്പു തന്നിട്ടുണ്ട്. (ഇയ്യോ. 33:25; യശ. 33:24) അതുകൊണ്ട് നിങ്ങളുടെ ഏറ്റവും നല്ല നാളുകൾ പിന്നിലല്ല, മുന്നിലാണ്. അവ വരാനിരിക്കുന്നതേയുള്ളൂ എന്ന് ഓർക്കുന്നതു സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. (2 കൊരിന്ത്യർ 4:16-18 വായിക്കുക.) എന്നാൽ മറ്റുള്ളവർക്ക് എങ്ങനെയെല്ലാം പ്രായമായവരെ സഹായിക്കാം?
(13-ാം ഖണ്ഡിക കാണുക)
മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാം
14. പ്രായമായവരെ സന്ദർശിക്കുകയും വിളിക്കുകയും ചെയ്യേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 പ്രായമായ സഹോദരങ്ങളെ പതിവായി ചെന്നുകാണുകയും വിളിക്കുകയും ചെയ്യുക. (എബ്രാ. 13:16) പ്രായമായവർക്ക് ഒറ്റപ്പെടൽ തോന്നാനുള്ള സാധ്യതയുണ്ട്. വീടിനുള്ളിൽത്തന്നെ കഴിയുന്ന കമി എന്ന സഹോദരൻ പറയുന്നു: “രാവിലെമുതൽ വൈകുന്നേരംവരെ ഞാൻ വീട്ടിൽത്തന്നെയായതുകൊണ്ട് ശരിക്കും ബോറടിക്കും. കൂട്ടിലടയ്ക്കപ്പെട്ട പ്രായം ചെന്ന ഒരു സിംഹത്തെപ്പോലെയാണു ഞാൻ എന്നു എനിക്കു ഇടയ്ക്ക് തോന്നാറുണ്ട്. അപ്പോൾ വല്ലാത്ത ദേഷ്യവും അസ്വസ്ഥതയും എനിക്കു തോന്നും.” പ്രായമായവരെ ചെന്നുകാണുമ്പോൾ നമ്മൾ അവരെ സ്നേഹിക്കുന്നുണ്ടെന്നും അവർ നമുക്കു വിലപ്പെട്ടവരാണെന്നും അവർക്ക് ഉറപ്പു കൊടുക്കുകയാണ്. എങ്കിലും നമ്മുടെ സഭയിലെ പ്രായമായവരെ ചെന്നുകാണണം എന്നോ അവരെ ഒന്നു വിളിക്കണം എന്നോ ചിന്തിച്ചിട്ട് അതിനു പറ്റാതെപോയ സന്ദർഭങ്ങൾ നമുക്കെല്ലാം ഉണ്ടായിട്ടുണ്ടാകും. കാരണം നമ്മളെല്ലാം തിരക്കുള്ളവരാണ്. അതുകൊണ്ട് പ്രായമായവരെ സന്ദർശിക്കുന്നതുപോലെ ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഉറപ്പുവരുത്താൻ’ എന്തു ചെയ്യാനാകും? (ഫിലി. 1:10) അവരെ ഒന്നു വിളിക്കാനോ ഒരു മെസ്സേജ് അയയ്ക്കാനോ ഓർക്കുന്നതിനു നിങ്ങളുടെ കലണ്ടറിൽ ഒരു കുറിപ്പ് എഴുതിവെക്കാനായേക്കും. ഇനി, പറ്റിയാൽ അവരെ ചെന്നുകാണാം എന്നു ചിന്തിക്കാതെ അതിന് ഒരു നിശ്ചിത സമയം തീരുമാനിക്കുക.
15. ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുമിച്ച് എന്തൊക്കെ ചെയ്യാനാകും?
15 നിങ്ങൾ യുവപ്രായത്തിലുള്ള വ്യക്തിയാണെങ്കിൽ പ്രായമായവരോട് എന്തു സംസാരിക്കണമെന്നോ അവരുടെ കൂടെ എന്തു ചെയ്യണമെന്നോ ഒന്നും നിങ്ങൾക്ക് അറിയില്ലായിരിക്കും. പക്ഷേ അതെക്കുറിച്ച് ഒരുപാടു ചിന്തിക്കേണ്ടതില്ല. നിങ്ങൾ നല്ലൊരു കൂട്ടുകാരനോ കൂട്ടുകാരിയോ ആയിരുന്നാൽ മതിയാകും. (സുഭാ. 17:17) മീറ്റിങ്ങുകൾക്കു മുമ്പോ ശേഷമോ കുറച്ച് സമയമെടുത്ത് പ്രായമായവരോടു സംസാരിക്കുക. അവർക്ക് ഇഷ്ടമുള്ള ബൈബിൾവാക്യമോ ചെറുപ്പകാലത്തെ രസമുള്ള എന്തെങ്കിലും കഥകളോ ഒക്കെ ചോദിക്കാനാകും. ഇനി, ഒരു JW പ്രക്ഷേപണം ഒരുമിച്ചിരുന്ന് കാണാൻ നിങ്ങൾക്ക് അവരെ ക്ഷണിക്കാം. അതുപോലെ അവർക്കു സ്വന്തമായി ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ ചെയ്തുകൊടുത്തുകൊണ്ടും അവരെ സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്, അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യാനോ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യാനോ അവർക്കു സഹായം വേണ്ടിവന്നേക്കാം. ക്യാരൾ എന്ന ഒരു സഹോദരി പറയുന്നു: “നിങ്ങൾക്കു ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങൾക്കൊക്കെ പ്രായമുള്ളവരെയും ക്ഷണിക്കുക. എനിക്കു പ്രായമുണ്ടെങ്കിലും രസമുള്ള കാര്യങ്ങൾ ചെയ്യാൻ ഇപ്പോഴും ഇഷ്ടമാണ്; ഷോപ്പിങ്ങിന് പോകാനും പുറത്തുപോയി ഭക്ഷണം കഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും എല്ലാം.” മീരc സഹോദരി പറയുന്നു: “എനിക്ക് 90 വയസ്സുള്ള ഒരു കൂട്ടുകാരിയുണ്ട്. ഞങ്ങൾ തമ്മിൽ 57 വയസ്സ് പ്രായവ്യത്യാസം വരും. പക്ഷേ ഞാൻ അതു മിക്കപ്പോഴും മറന്നുപോകും. കാരണം ഞങ്ങൾ ഒരുമിച്ച് ചിരിക്കുകയും കളിക്കുകയും സിനിമ കാണുകയും ഒക്കെ ചെയ്യാറുണ്ട്. ഇനി എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ഉപദേശം ചോദിക്കുകയും ചെയ്യും.”
16. ഡോക്ടറെ കാണാൻ പ്രായമായവരുടെ കൂടെപ്പോകുന്നത് ഒരു സഹായമായിരുന്നേക്കാവുന്നത് എന്തുകൊണ്ട്?
16 ഡോക്ടറെ കാണാൻ അവരുടെ കൂടെ പോകുക. പ്രായമായവർക്കു യാത്രാസൗകര്യം ഒരുക്കിക്കൊടുക്കുന്നതോടൊപ്പം ഡോക്ടർമാരിൽനിന്നും നഴ്സുമാരിൽനിന്നും അവർക്കു നല്ല പരിചരണവും ശ്രദ്ധയും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനും നിങ്ങൾക്കു കഴിഞ്ഞേക്കും. (യശ. 1:17) ഇനി, ഡോക്ടർ പറയുന്ന കാര്യങ്ങൾ കുറിച്ചെടുത്തുകൊണ്ടും പ്രായമായവരെ നിങ്ങൾക്കു സഹായിക്കാം. പ്രായമായ രൂത്ത് സഹോദരി പറയുന്നു: “ഞാൻ ഒറ്റയ്ക്കു ഡോക്ടറെ കാണാൻ പോകുമ്പോൾ മിക്കപ്പോഴും അവർ എന്റെ പ്രശ്നങ്ങൾ അത്ര ഗൗരവമായി എടുക്കാറില്ല. ഞാൻ എന്തെങ്കിലും രോഗവിവരം പറയുമ്പോൾ ചിലപ്പോൾ ഡോക്ടർമാർ പറയും: ‘അതു നിങ്ങളുടെ വെറും തോന്നലാണ്.’ എന്നാൽ എന്റെ കൂടെ മറ്റാരെങ്കിലും ഉണ്ടെങ്കിൽ ഡോക്ടർ ഇടപെടുന്ന രീതിക്കു വലിയ വ്യത്യാസമുണ്ട്. എന്റെ കൂടെ വരാൻ സമയം മാറ്റി വെക്കുന്ന സഹോദരങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.”
17. പ്രായമായവരോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടാനാകുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്?
17 ശുശ്രൂഷയിൽ അവരോടൊപ്പം പ്രവർത്തിക്കുക. പ്രായമായ ചിലർക്കു വീടുതോറും പോയി സാക്ഷീകരിക്കാൻ ആരോഗ്യമുണ്ടാകണമെന്നില്ല. അവരെ നിങ്ങൾക്ക് എങ്ങനെയെല്ലാം സഹായിക്കാം? പ്രായമായ ഒരു സഹോദരിയെ കാർട്ട് സാക്ഷീകരണത്തിന് കൂടെ കൂട്ടാനാകുമോ? ചിലപ്പോൾ ഒരു കസേരയൊക്കെ ഇട്ടുകൊടുത്ത് കാർട്ടിന് അടുത്തിരിക്കാൻ ആ സഹോദരിയെ നിങ്ങൾക്കു സഹായിക്കാനാകും. ഇനി, പ്രായമുള്ള ഒരു സഹോദരനെ ബൈബിൾപഠനത്തിനു കൂടെ കൂട്ടാൻ കഴിയുമോ? ആ സഹോദരന്റെ വീട്ടിൽവെച്ച് ആ ബൈബിൾപഠനം നടത്താൻ നിങ്ങൾക്കാകുമോ? അതുപോലെ മൂപ്പന്മാർക്കു ചില വയൽസേവനയോഗങ്ങൾ പ്രായമുള്ളവരുടെ വീട്ടിൽവെച്ച് നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാനാകും. അതാകുമ്പോൾ അവർക്കു ശുശ്രൂഷയിൽ പങ്കെടുക്കാൻ കൂടുതൽ എളുപ്പമായിരിക്കും. പ്രായമായവരെ ബഹുമാനിക്കുന്നതിനായി നമ്മൾ ചെയ്യുന്ന ഓരോ ശ്രമവും വളരെ മൂല്യമുള്ളതാണ്.—സുഭാ. 3:27; റോമ. 12:10.
18. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
18 പ്രായമായവരെ യഹോവ വളരെയധികം സ്നേഹിക്കുന്നെന്നും വിലപ്പെട്ടവരായി കാണുന്നെന്നും ഈ ലേഖനത്തിൽ നമ്മൾ പഠിച്ചു. സഭയിലുള്ള നമ്മളെല്ലാവരും അവരെ അങ്ങനെതന്നെയാണ് കാണുന്നത്. പ്രായമായവരുടെ ജീവിതം അത്ര എളുപ്പമുള്ള ഒന്നല്ല. എങ്കിലും യഹോവയുടെ സഹായത്താൽ നിങ്ങൾക്കു സന്തോഷമുള്ളവരായിരിക്കാൻ കഴിയും. (സങ്കീ. 37:25) നിങ്ങളുടെ ഏറ്റവും നല്ല നാളുകൾ പിന്നിലല്ല, അതു വരാനിരിക്കുന്നേയുള്ളൂ എന്ന് ഓർക്കുന്നത് എത്ര പ്രോത്സാഹനം തരുന്ന കാര്യമാണ്! എന്നാൽ പ്രായമുള്ള ഒരു കുടുംബാംഗത്തെയോ ഒരു കുട്ടിയെയോ രോഗിയായ ഒരു സുഹൃത്തിനെയോ പരിചരിക്കുന്നവരുടെ കാര്യമോ? സന്തോഷത്തോടെയിരിക്കാൻ അവരെ എന്തു സഹായിക്കും? അതിന്റെ ഉത്തരം അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.
ഗീതം 30 എന്റെ പിതാവ്, എന്റെ ദൈവവും സ്നേഹിതനും
a പ്രായമായവരേ—നിങ്ങൾക്കു പലതും ചെയ്യാനാകും എന്ന വീഡിയോ jw.org-ലോ JW ലൈബ്രറിയിലോ കാണുക.
b പദപ്രയോഗത്തിന്റെ വിശദീകരണം: സന്തോഷം എന്ന ഗുണം ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു വശമാണ്. (ഗലാ. 5:22) യഹോവയുമായുള്ള അടുത്ത ബന്ധമാണ് യഥാർഥസന്തോഷത്തിന്റെ അടിസ്ഥാനം.
c പേരിനു മാറ്റംവരുത്തിയിരിക്കുന്നു.