ഞാൻ ഡ്രൈവിങ് നിറുത്തണോ?
നിങ്ങൾ വർഷങ്ങളായി വണ്ടി ഓടിക്കുന്ന ഒരാളായിരിക്കാം. സ്വന്തമായി ഒരു വാഹനമുള്ളതിന്റെ സൗകര്യവും സ്വാതന്ത്ര്യവും നിങ്ങൾ ആസ്വദിക്കുന്നു. എന്നാൽ ഇപ്പോൾ കുടുംബാംഗങ്ങളും കൂട്ടുകാരും നിങ്ങളുടെ സുരക്ഷയെക്കുറിച്ച് ഓർത്ത്, വണ്ടി ഓടിക്കുന്നതു നിറുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നിങ്ങളോടു പറയുന്നു. പക്ഷേ നിങ്ങൾക്കാണെങ്കിൽ അവർ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നു മനസ്സിലാക്കാനാകുന്നുമില്ല.
നിങ്ങളുടെ സാഹചര്യം ഇതാണെങ്കിൽ വണ്ടി ഓടിക്കുന്നതു നിറുത്തണോ എന്നു തീരുമാനിക്കാൻ എന്തു സഹായിക്കും?
ചില രാജ്യങ്ങളിൽ, ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ ഡോക്ടറുടെ പരിശോധനയ്ക്കു ശേഷമേ ഒരാൾക്കു ലൈസൻസ് പുതുക്കി കിട്ടുകയുള്ളൂ. അത്തരം രാജ്യങ്ങളിൽ താമസിക്കുന്ന ക്രിസ്ത്യാനികൾ ഈ നിയമങ്ങൾ അനുസരിക്കും. (റോമ. 13:1) എന്നാൽ നിങ്ങൾ താമസിക്കുന്ന രാജ്യത്ത് ഇത്തരം നിയമങ്ങൾ ഇല്ലെങ്കിൽപ്പോലും, നിങ്ങൾക്കു തുടർന്നും സുരക്ഷിതമായി വണ്ടി ഓടിക്കാൻ പറ്റുമോ എന്നു മനസ്സിലാക്കാൻ വഴികളുണ്ട്.
നിങ്ങളുടെ ഡ്രൈവിങ് വിലയിരുത്തുക
പ്രായമായവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഐക്യനാടുകളിലെ ഒരു സംഘടന നിർദേശിക്കുന്നത്, പ്രായമായ ഒരാൾ താഴെ പറയുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കാനാണ്:
നിങ്ങൾക്കു റോഡിലെ സൈൻബോർഡുകൾ വായിക്കാനോ രാത്രിയിൽ കാണാനോ ബുദ്ധിമുട്ടുണ്ടോ?
കണ്ണാടികളിൽ നോക്കാനും ബ്ലൈൻഡ് സ്പോട്ടുകളിൽ ഉള്ളവ കാണാനും ആയി കഴുത്ത് ആവശ്യത്തിനു തിരിക്കാൻ എനിക്ക് പറ്റാതെവരുന്നുണ്ടോ?
ആക്സിലേറ്ററിൽനിന്ന് ബ്രേക്കിലേക്കു കാല് മാറ്റുന്നതുപോലെ പെട്ടെന്നു പ്രതികരിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ എനിക്ക് അതിനു പറ്റാതെവരുന്നുണ്ടോ?
മറ്റു വണ്ടിക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഞാൻ വളരെ പതുക്കെയാണോ വണ്ടി ഓടിക്കുന്നത്?
പല അപകടങ്ങളിൽനിന്നും ഞാൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നോ, അല്ലെങ്കിൽ എന്തിലെങ്കിലും ഒക്കെ ഇടിച്ച് എന്റെ വണ്ടിയിൽ ചളുക്കങ്ങളും പോറലുകളും ഉണ്ടോ?
എന്റെ ഡ്രൈവിങ് കാരണം പോലീസ് എപ്പോഴെങ്കിലും എന്റെ വണ്ടി നിറുത്തിച്ചിട്ടുണ്ടോ?
വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ എപ്പോഴെങ്കിലും ഉറങ്ങിപ്പോയിട്ടുണ്ടോ?
എന്റെ ഡ്രൈവിങിനെ ബാധിക്കുന്ന ഏതെങ്കിലും മരുന്നുകൾ ഞാൻ ഉപയോഗിക്കുന്നുണ്ടോ?
ഞാൻ വണ്ടി ഓടിക്കുന്നതിൽ ഉത്കണ്ഠയുണ്ടെന്ന് എന്റെ കുടുംബാംഗങ്ങളോ കൂട്ടുകാരോ എന്നോടു പറഞ്ഞിട്ടുണ്ടോ?
ഇവയിൽ ഒന്നോ രണ്ടോ ചോദ്യങ്ങൾക്ക് നിങ്ങളുടെ ഉത്തരം ‘ഉണ്ട്’ എന്നാണെങ്കിൽ വണ്ടി ഓടിക്കുന്നതിൽ നിങ്ങൾ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിവന്നേക്കാം. ഉദാഹരണത്തിന്, നിങ്ങൾ വണ്ടി ഓടിക്കുന്നതു കുറച്ചേക്കാം, പ്രത്യേകിച്ചും രാത്രി സമയങ്ങളിൽ. നിങ്ങളുടെ ഡ്രൈവിങ് എങ്ങനെയുണ്ടെന്നു പതിവായി വിലയിരുത്തുക. ഒരു കൂട്ടുകാരനോടോ കുടുംബാംഗത്തോടോ നിങ്ങളുടെ ഡ്രൈവിങിനെക്കുറിച്ച് അഭിപ്രായം ചോദിക്കാനാകും. ഇനി ചിലപ്പോൾ കൂടുതൽ സുരക്ഷിതമായി വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്ന ക്ലാസ്സുകൾ കൂടാനുമായേക്കും. എങ്കിലും ഈ ചോദ്യങ്ങളിൽ പലതിനും നിങ്ങളുടെ ഉത്തരം ‘ഉണ്ട്’ എന്നാണെങ്കിൽ വണ്ടി ഓടിക്കുന്നതു നിറുത്തുന്നതായിരിക്കും നിങ്ങൾക്ക് ഏറ്റവും നല്ലത്.a
ബൈബിൾതത്ത്വങ്ങൾ സഹായിക്കും
വണ്ടി ഓടിക്കാനുള്ള കഴിവ് കുറഞ്ഞുകുറഞ്ഞ് വരുന്നതു നമ്മൾ ചിലപ്പോൾ തിരിച്ചറിയണമെന്നില്ല. അതുപോലെ ഡ്രൈവിങ് നിറുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതു നമ്മളെ വിഷമിപ്പിക്കുന്ന ഒരു കാര്യവുമായിരിക്കും. അതുകൊണ്ട് ഈ സാഹചര്യത്തിൽ ശരിയായി ചിന്തിക്കാനും നല്ലൊരു തീരുമാനമെടുക്കാനും സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ ഏതൊക്കെയാണ്? രണ്ടെണ്ണം നോക്കാം.
എളിമയുള്ളവരായിരിക്കുക. (സുഭാ. 11:2) പ്രായമാകുമ്പോൾ നമ്മുടെ കാഴ്ചയും കേൾവിയും പേശികളുടെ ശക്തിയും പെട്ടെന്നു പ്രതികരിക്കാനുള്ള കഴിവും ഒക്കെ കുറഞ്ഞേക്കാം. ഉദാഹരണത്തിന്, മിക്കയാളുകളും പ്രായമാകുമ്പോൾ ചില പ്രത്യേക കളികളിൽ ഏർപ്പെടുന്നതു നിറുത്തും. കാരണം, ഇനി പെട്ടെന്നു പരിക്കുകൾ ഉണ്ടായേക്കാം എന്ന് അവർ മനസ്സിലാക്കുന്നു. ഇതു ഡ്രൈവിങിന്റെ കാര്യത്തിലും സത്യമാണ്. ഒരു പ്രായമെത്തുമ്പോൾ സ്വന്തം സുരക്ഷയെ ഓർത്ത്, ഇനി വണ്ടി ഓടിക്കേണ്ടാ എന്ന് ഒരാൾ എളിമയോടെ തീരുമാനിച്ചേക്കാം. (സുഭാ. 22:3) അതുപോലെ തങ്ങളുടെ ഡ്രൈവിങിനെക്കുറിച്ച് മറ്റുള്ളവർ ഉത്കണ്ഠ പ്രകടിപ്പിക്കുമ്പോൾ എളിമയുള്ള ഒരു വ്യക്തി അതു കേൾക്കും.—2 ശമുവേൽ 21:15-17 താരതമ്യം ചെയ്യുക.
രക്തച്ചൊരിച്ചിലിന്റെ കുറ്റം ഒഴിവാക്കുക. (ആവ. 22:8) ഒരു കാർ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അത് അപകടങ്ങൾ ഉണ്ടാക്കുന്ന ഒരു ആയുധമായി മാറിയേക്കാം. വാഹനം ഓടിക്കാനുള്ള കഴിവുകൾ കുറഞ്ഞിട്ടും ഒരാൾ അതിൽ തുടരുന്നെങ്കിൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അദ്ദേഹം അപകടത്തിലാക്കുകയായിരിക്കും. ഇനി ആരുടെയെങ്കിലും മരണത്തിനു കാരണമാകുന്ന ഒരു അപകടം ഉണ്ടാകുന്നെങ്കിൽ അദ്ദേഹത്തിന്റെ മേൽ രക്തം ചൊരിഞ്ഞതിന്റെ കുറ്റവും വന്നേക്കാം.
വണ്ടി ഓടിക്കുന്നതു നിറുത്തിയാൽപ്പിന്നെ മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കില്ല എന്നൊന്നും ചിന്തിക്കേണ്ടതില്ല. യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ട്. താഴ്മയും എളിമയും പോലുള്ള നിങ്ങളുടെ ഗുണങ്ങളും മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തയും എല്ലാം ദൈവം വിലമതിക്കുന്നു. യഹോവ നിങ്ങൾക്കുവേണ്ടി കരുതും, നിങ്ങളെ ആശ്വസിപ്പിക്കും. (യശ. 46:4) യഹോവ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ല. അതുകൊണ്ട് ഡ്രൈവിങ് നിറുത്തണോ എന്ന ആലോചനയിലാണ് നിങ്ങൾ എങ്കിൽ, പ്രായോഗികമായി ചിന്തിച്ച് ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ഒരു തീരുമാനമെടുക്കാൻ സഹായിക്കണേ എന്നു ദൈവത്തോടു പ്രാർഥിക്കുക.
a കൂടുതൽ വിവരങ്ങൾക്ക് 2002 സെപ്റ്റംബർ 8 ലക്കം ഉണരുക!-യിലെ “വാഹന അപകടങ്ങൾ—നിങ്ങൾ സുരക്ഷിതനോ?” എന്ന ലേഖനം കാണുക.