പഠനലേഖനം 46
ഗീതം 17 “എനിക്കു മനസ്സാണ്”
യേശു—സഹതാപമുള്ള ഒരു മഹാപുരോഹിതൻ
“നമ്മുടെ ബലഹീനതകളിൽ സഹതാപം തോന്നാത്ത ഒരു മഹാപുരോഹിതനല്ല . . . നമുക്കുള്ളത്.”—എബ്രാ. 4:15.
ഉദ്ദേശ്യം
യേശുവിന്റെ അനുകമ്പയും സഹതാപവും യേശുവിനെ ഒരു നല്ല മഹാപുരോഹിതനാക്കുന്നത് എങ്ങനെയാണെന്നും യേശുവിന്റെ ആ സേവനം നമുക്ക് ഇന്ന് എങ്ങനെയെല്ലാമാണു പ്രയോജനം ചെയ്യുന്നതെന്നും കാണും.
1-2. (എ) യഹോവ എന്തുകൊണ്ടാണ് തന്റെ മകനെ ഭൂമിയിലേക്ക് അയച്ചത്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും? (എബ്രായർ 5:7-9)
ഏതാണ്ട് 2000 വർഷങ്ങൾക്കു മുമ്പ് ദൈവമായ യഹോവ തന്റെ പ്രിയമകനെ ഭൂമിയിലേക്ക് അയച്ചു. എന്തിനുവേണ്ടി? മനുഷ്യരെ പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്ന് മോചിപ്പിക്കുക എന്നതും സാത്താൻ വരുത്തിവെച്ച പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്നതും അതിന്റെ ഒരു ലക്ഷ്യമായിരുന്നു. (യോഹ. 3:16; 1 യോഹ. 3:8) അതുപോലെ യേശു ഒരു മനുഷ്യനായി ഭൂമിയിൽ ജീവിക്കുന്നതുകൊണ്ട് മറ്റൊരു പ്രയോജനവും ഉണ്ടെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. അത് യേശുവിനെ കൂടുതൽ അനുകമ്പയും സഹതാപവും ഉള്ള ഒരു മഹാപുരോഹിതൻ ആക്കുമായിരുന്നു. എ.ഡി. 29-ലെ തന്റെ സ്നാനത്തിനു ശേഷം യേശു നമ്മുടെ മഹാപുരോഹിതനായി സേവിക്കാൻതുടങ്ങി.a
2 ഈ ലേഖനത്തിൽ, ഭൂമിയിൽവെച്ചുണ്ടായ അനുഭവങ്ങൾ യേശുവിനെ എങ്ങനെയാണു സഹതാപമുള്ള ഒരു മഹാപുരോഹിതനായിത്തീരാൻ കൂടുതൽ സഹായിച്ചതെന്നു നമ്മൾ കാണും. ഈയൊരു ഉത്തരവാദിത്വം ചെയ്യുന്നതിൽ യേശു ‘പൂർണനായിത്തീർന്നു’ എന്നു മനസ്സിലാക്കുന്നതു നമ്മളെ എങ്ങനെ സഹായിക്കും? അക്കാര്യം ഓർത്താൽ സ്വന്തം പാപങ്ങളും ബലഹീനതകളും കാരണം തളർന്നിരിക്കുമ്പോൾപ്പോലും പ്രാർഥനയിൽ യഹോവയോട് അടുത്ത് ചെല്ലാൻ നമുക്കു തോന്നും.—എബ്രായർ 5:7-9 വായിക്കുക.
ദൈവത്തിന്റെ പ്രിയമകൻ ഭൂമിയിലേക്കു വരുന്നു
3-4. ഭൂമിയിലേക്ക് വന്നപ്പോൾ എന്തെല്ലാം വലിയ മാറ്റങ്ങൾ യേശുവിന്റെ ജീവിതത്തിൽ ഉണ്ടായി?
3 നമ്മളിൽ പലർക്കും ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടാകാം. കുടുംബാംഗങ്ങളെയും കൂട്ടുകാരെയും വിട്ട് ദൂരേക്കു പോകുന്നതുപോലുള്ള മാറ്റങ്ങൾ ശരിക്കും ബുദ്ധിമുട്ടു നിറഞ്ഞതാണ്. എന്നാൽ യേശുവിനുണ്ടായ അത്രയും വലിയ മാറ്റങ്ങൾ ഒരു മനുഷ്യനും നേരിട്ടിട്ടില്ല. സ്വർഗത്തിലെ ദൈവത്തിന്റെ ആത്മപുത്രന്മാരിൽ ഏറ്റവും പ്രമുഖസ്ഥാനം യേശുവിനായിരുന്നു. ഓരോ ദിവസവും യഹോവയുടെ സ്നേഹം നുകരുകയും ദൈവത്തിന്റെ “വലതുവശത്ത്” ഇരുന്ന് ദൈവത്തെ സേവിക്കുന്നതിൽ സന്തോഷിക്കുകയും ചെയ്ത ആളായിരുന്നു യേശു. (സങ്കീ. 16:11; സുഭാ. 8:30) എങ്കിലും ഫിലിപ്പിയർ 2:7 പറയുന്നതുപോലെ, “തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച്,” സ്വർഗത്തിലെ ഉന്നതമായ സ്ഥാനമെല്ലാം ഉപേക്ഷിച്ച് യേശു ഭൂമിയിൽ അപൂർണരായ മനുഷ്യരോടൊപ്പം ജീവിക്കാൻ മനസ്സ് കാണിച്ചു.
4 ഇനി യേശു ഒരു മനുഷ്യനായി ഭൂമിയിൽ ജനിച്ചതിനു ശേഷമുള്ള ആദ്യവർഷങ്ങളിലെ സംഭവങ്ങൾ നോക്കുക. ഒരു പാവപ്പെട്ട കുടുംബത്തിലാണ് യേശു ജനിച്ചത്. കുഞ്ഞു ജനിച്ച് കഴിഞ്ഞ് മറിയയും യോസേഫും അർപ്പിച്ച ബലിയിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാനാകും. (ലേവ്യ 12:8; ലൂക്കോ. 2:24) മിശിഹ ജനിച്ചെന്ന് ദുഷ്ടനായ ഹെരോദ് രാജാവ് അറിഞ്ഞപ്പോൾ അയാൾ യേശുവിനെ കൊല്ലാൻ നോക്കി. ഹെരോദിന്റെ കൈയിൽനിന്ന് രക്ഷപ്പെടാൻവേണ്ടി ആ കുടുംബത്തിനു കുറച്ച് കാലം ഈജിപ്തിൽ അഭയാർഥികളായി കഴിയേണ്ടിവന്നു. (മത്താ. 2:13, 15) സ്വർഗത്തിലേതിൽനിന്നും എത്രയോ വ്യത്യസ്തമായൊരു ജീവിതം!
5. ഭൂമിയിലായിരുന്നപ്പോൾ യേശു എന്തെല്ലാം കണ്ടു, തന്റെ ഈ അനുഭവങ്ങൾ മഹാപുരോഹിതൻ എന്ന ഉത്തരവാദിത്വത്തിനായി യേശുവിനെ ഒരുക്കിയത് എങ്ങനെയാണ്? (ചിത്രവും കാണുക.)
5 ഭൂമിയിലായിരുന്നപ്പോൾ യേശു തന്റെ ചുറ്റുമുള്ളവർ ദുരിതങ്ങൾ അനുഭവിക്കുന്നതു കണ്ടു. പ്രിയപ്പെട്ടവർ മരിക്കുമ്പോഴുള്ള വേദന യേശു സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞു. സാധ്യതയനുസരിച്ച് വളർത്തുപിതാവായ യോസേഫ്, യേശു ഭൂമിയിലായിരിക്കുമ്പോൾ മരിച്ചിട്ടുണ്ടാകാം. ഇനി ശുശ്രൂഷയുടെ സമയത്ത് കുഷ്ഠരോഗികളെയും അന്ധരെയും തളർവാതരോഗികളെയും മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെയും യേശു നേരിട്ട് കണ്ടു. അവരോട് യേശുവിന് അനുകമ്പ തോന്നി. (മത്താ. 9:2, 6; 15:30; 20:34; മർക്കോ. 1:40, 41; ലൂക്കോ. 7:13) മനുഷ്യരുടെ ഈ കഷ്ടപ്പാടുകൾ യേശു സ്വർഗത്തിലിരുന്ന് കണ്ടിട്ടുള്ളതാണ്. എന്നാൽ ഒരു മനുഷ്യനായി ഭൂമിയിൽ വന്നപ്പോൾ ഈ പ്രശ്നങ്ങളെ പുതിയൊരു വീക്ഷണകോണിൽനിന്ന് കാണാൻ യേശുവിനു കഴിഞ്ഞു. (യശ. 53:4) മനുഷ്യരുടെ വികാരങ്ങളും വേദനകളും നിസ്സഹായതയും യേശുവിന് അപ്പോൾ പൂർണമായും മനസ്സിലാക്കാനായി. ഇനി യേശുവിനുതന്നെ സാധാരണ മനുഷ്യർക്കുണ്ടാകുന്ന മനോവേദനയും ദുഃഖവും ക്ഷീണവും ഒക്കെ അനുഭവിക്കേണ്ടിവന്നു.
ചുറ്റുമുള്ളവരുടെ വേദനകളെക്കുറിച്ചും വിഷമങ്ങളെക്കുറിച്ചും യേശു വളരെയധികം ചിന്തിച്ചു (5-ാം ഖണ്ഡിക കാണുക)
യേശു ആളുകളോടു സഹാനുഭൂതി കാണിക്കുന്നു
6. യേശുവിന്റെ സഹാനുഭൂതിയെക്കുറിച്ച് യശയ്യയുടെ പ്രവചനത്തിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്? (യശയ്യ 42:3)
6 ആളുകൾ പരുഷമായി ഇടപെട്ടിരുന്നവരോട് യേശു തന്റെ ശുശ്രൂഷയിലുടനീളം വലിയ സഹാനുഭൂതി കാണിച്ചു. അതൊരു പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു. എബ്രായതിരുവെഴുത്തുകളിൽ സമ്പന്നരും ശക്തരും ആയ ആളുകളെ ചിലപ്പോഴൊക്കെ ഫലഭൂയിഷ്ഠമായ തോട്ടത്തോടോ, ഉയരവും കരുത്തും ഉള്ള വൃക്ഷങ്ങളോടോ താരതമ്യം ചെയ്തിട്ടുണ്ട്. (സങ്കീ. 92:12; യശ. 61:3; യിരെ. 31:12) എന്നാൽ പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും ചതഞ്ഞ ഈറ്റയോടും പുകയുന്ന തിരിയോടും ആണ് താരതമ്യം ചെയ്തിരിക്കുന്നത്. ആർക്കും വലിയ ഉപയോഗമില്ലാത്ത വസ്തുക്കളാണ് അവ. (യശയ്യ 42:3 വായിക്കുക.) യേശുവിനെക്കുറിച്ച് ഒരു പ്രവചനം നടത്തിയപ്പോഴാണ് ദൈവപ്രചോദിതമായി യശയ്യ ഈ താരതമ്യം ഉപയോഗിച്ചത്. ആളുകൾ വിലയില്ലാത്തവരായി കണ്ടിരുന്ന സാധാരണക്കാരോട് യേശു സ്നേഹവും അനുകമ്പയും കാണിക്കുമെന്ന് അതിലൂടെ യശയ്യ മുൻകൂട്ടി പറയുകയായിരുന്നു.
7-8. യേശു എങ്ങനെയാണ് യശയ്യയുടെ പ്രവചനം നിറവേറ്റിയത്?
7 യശയ്യയുടെ ഈ പ്രവചനം യേശുവിൽ നിറവേറി എന്ന് കാണിച്ചുകൊണ്ട് മത്തായി ഇങ്ങനെ പറഞ്ഞു: “ചതഞ്ഞ ഈറ്റ അവൻ ഒടിച്ചുകളയില്ല, പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല.” (മത്താ. 12:20) ചതഞ്ഞ ഈറ്റപോലെ അടിച്ചമർത്തപ്പെട്ട ആളുകളും പെട്ടെന്നു കെടാൻപോകുന്ന പുകയുന്ന തിരിപോലെ പ്രതീക്ഷയറ്റ ആളുകളും യേശുവിന്റെ കാലത്ത് ഉണ്ടായിരുന്നു. യേശു പല അത്ഭുതങ്ങളും ചെയ്തത് അവർക്കുവേണ്ടിയാണ്. അങ്ങനെയുള്ള ചിലരെക്കുറിച്ച് നോക്കാം. ദേഹമാസകലം കുഷ്ഠം ബാധിച്ച ഒരാളുണ്ടായിരുന്നു. താൻ സുഖപ്പെടുമെന്നോ വീണ്ടും കുടുംബാംഗങ്ങളോടും കൂട്ടുകാരോടും ഒപ്പം ചേരുമെന്നോ അദ്ദേഹത്തിന് ഒരു പ്രതീക്ഷയും ഉണ്ടായിക്കാണില്ല. (ലൂക്കോ. 5:12, 13) കേൾക്കാനും സംസാരിക്കാനും കഴിയാത്ത മറ്റൊരാളും അന്ന് ഉണ്ടായിരുന്നു. മറ്റുള്ളവർ ചിരിച്ചുകളിച്ച് സംസാരിക്കുന്നതു കാണുമ്പോൾ അത് എന്താണെന്ന് അറിയാൻ അദ്ദേഹത്തിന് എന്തുമാത്രം ആഗ്രഹം തോന്നിക്കാണും. (മർക്കോ. 7:32, 33) ഇനിയും ഉണ്ടായിരുന്നു പ്രശ്നങ്ങൾ.
8 യേശുവിന്റെ കാലത്തെ പല ജൂതന്മാരും, ആളുകൾക്ക് അസുഖമോ വൈകല്യമോ വരുന്നത് അവരുടെയോ അവരുടെ മാതാപിതാക്കളുടെയോ പാപത്തിന്റെ ശിക്ഷയായിട്ടാണെന്ന് വിശ്വസിച്ചിരുന്നു. (യോഹ. 9:2) ഈ തെറ്റായ വിശ്വാസം വെച്ചുപുലർത്തിയിരുന്നവർ അവരോടു ദയയില്ലാതെ ഇടപെട്ടു. അത് അവരെ വല്ലാതെ തളർത്തിക്കളഞ്ഞിരുന്നു. എന്നാൽ യശയ്യയുടെ പ്രവചനത്തിന്റെ നിവൃത്തിയായി യേശു, കഷ്ടപ്പെട്ടിരുന്നവരെ സുഖപ്പെടുത്തുകയും ദൈവത്തിലുള്ള അവരുടെ പ്രതീക്ഷയ്ക്കു വീണ്ടും തിരികൊളുത്തുകയും ചെയ്തു. ഇതു നമുക്ക് എന്ത് ഉറപ്പാണു തരുന്നത്?
9. അപൂർണരായ മനുഷ്യരോടു സ്വർഗത്തിലുള്ള നമ്മുടെ മഹാപുരോഹിതൻ ശരിക്കും സഹതാപം കാണിക്കുമെന്ന് എബ്രായർ 4:15, 16 വ്യക്തമാക്കുന്നത് എങ്ങനെ?
9 എബ്രായർ 4:15, 16 വായിക്കുക. യേശു എപ്പോഴും നമ്മളോടു സഹതാപത്തോടെ ഇടപെടുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. എന്താണ് അതിന്റെ അർഥം? ഇവിടെ “സഹതാപം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുവാക്കിന്റെ അർഥം മറ്റൊരാളുടെ സങ്കടവും വേദനയും തന്റേതായി കാണുക എന്നാണ്. (പൗലോസ് ഇതേ ഗ്രീക്കുവാക്ക് ഉപയോഗിച്ചിരിക്കുന്ന എബ്രായർ 10:34-ഉം കാണുക.) മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ യേശുവിനെ എത്രത്തോളം ബാധിച്ചെന്ന് യേശു ചെയ്ത അത്ഭുതങ്ങൾ തെളിയിക്കുന്നുണ്ട്. യേശു അവരെ സുഖപ്പെടുത്തിയത് ഒരു കടമയുടെ പുറത്തല്ല. യേശു അവരെക്കുറിച്ച് ശരിക്കും ചിന്തിക്കുകയും അവരെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, കുഷ്ഠരോഗിയെ സുഖപ്പെടുത്തിയപ്പോൾ യേശുവിനു വേണമെങ്കിൽ ആ അത്ഭുതം ദൂരെനിന്ന് ചെയ്യാമായിരുന്നു. എന്നാൽ വർഷങ്ങളായി ഒരു മനുഷ്യസ്പർശം ഏറ്റിരിക്കാൻ സാധ്യതയില്ലാത്ത ആ വ്യക്തിയെ ഒന്നു തൊട്ട് സുഖപ്പെടുത്താൻ യേശുവിനു തോന്നി. ഇനി, ബധിരനായ വ്യക്തിയെ യേശു പരിഗണനയോടെ ആൾക്കൂട്ടത്തിന്റെ ബഹളങ്ങൾക്കിടയിൽനിന്ന് മാറ്റിക്കൊണ്ടുപോയിട്ടാണ് സുഖപ്പെടുത്തിയത്. മറ്റൊരു സന്ദർഭത്തിൽ കണ്ണീർകൊണ്ട് യേശുവിന്റെ കാലുകൾ കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയും ചെയ്ത പശ്ചാത്തപിച്ച ഒരു സ്ത്രീയെ ഒരു പരീശൻ കുറ്റപ്പെടുത്തിയപ്പോൾ യേശു അവൾക്കുവേണ്ടി ശക്തമായി വാദിച്ചു. (മത്താ. 8:3; മർക്കോ. 7:33; ലൂക്കോ. 7:44) അസുഖമുള്ളവരെയോ ഗുരുതരമായ പാപം ചെയ്തവരെയോ യേശു ഒരിക്കലും അകറ്റി നിറുത്തിയില്ല. പകരം അവരെ തന്റെ അടുത്തേക്കു സ്വാഗതം ചെയ്യുകയും താൻ അവരെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു. യേശു നമ്മളോടും ഇതേ സഹതാപം കാണിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.
നമ്മുടെ മഹാപുരോഹിതനെ അനുകരിക്കുന്നു
10. ബധിരരെയും അന്ധരെയും സഹായിക്കാൻ നമുക്ക് ഇന്ന് എന്തെല്ലാം ഉപയോഗിക്കാം? (ചിത്രങ്ങളും കാണുക.)
10 യേശുവിന്റെ വിശ്വസ്ത അനുഗാമികൾ എന്ന നിലയിൽ നമ്മൾ യേശുവിന്റെ സ്നേഹവും സഹാനുഭൂതിയും അനുകമ്പയും അനുകരിക്കാൻ പരമാവധി ശ്രമിക്കുന്നു. (1 പത്രോ. 2:21; 3:8) നമുക്കു ബധിരരെയോ അന്ധരെയോ സുഖപ്പെടുത്താനാകില്ലെങ്കിലും അവരെ ആത്മീയമായി സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്, 100-ലധികം ആംഗ്യഭാഷകളിൽ ഇന്ന് ബൈബിൾപ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. കാഴ്ച പരിമിതിയുള്ളവരെ സഹായിക്കുന്നതിനു 60-ലധികം ഭാഷകളിൽ ബ്രെയിൽ പ്രസിദ്ധീകരണങ്ങളും 100-ലധികം ഭാഷകളിൽ നമ്മുടെ വീഡിയോകളുടെ ഓഡിയോ വിവരണങ്ങളും ലഭ്യമാക്കുന്നുണ്ട്. ബധിരർക്കും അന്ധർക്കും യഹോവയോടും യേശുവിനോടും അടുക്കാൻ കഴിയേണ്ടതിനാണു നമ്മൾ ഇതെല്ലാം ചെയ്യുന്നത്.
നമ്മുടെ ബൈബിൾപ്രസിദ്ധീകരണങ്ങൾ 1000-ത്തിലധികം ഭാഷകളിൽ ലഭ്യമാണ്
ഇടത്: 100-ലധികം ആംഗ്യഭാഷകളിൽ
വലത്: 60-ലധികം ഭാഷകൾ ബ്രെയിൽ ലിപിയിൽ
(10-ാം ഖണ്ഡിക കാണുക)
11. എല്ലാ പശ്ചാത്തലത്തിലുമുള്ള ആളുകളോട് യേശുവിനുള്ള അനുകമ്പ, ഇന്ന് യഹോവയുടെ സംഘടന അനുകരിക്കുന്നത് എങ്ങനെയാണ്? (പ്രവൃത്തികൾ 2:5-7, 33) (ചിത്രങ്ങളും കാണുക.)
11 എല്ലാ പശ്ചാത്തലത്തിൽനിന്നും ഉള്ള ആളുകളെ സഹായിക്കാൻ യഹോവയുടെ സംഘടന ശ്രമിക്കുന്നു. പുനരുത്ഥാനപ്പെട്ട യേശു പെന്തിക്കോസ്ത് ഉത്സവത്തിന്റെ സമയത്ത് തന്റെ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവിനെ പകർന്നപ്പോൾ എന്താണു സംഭവിച്ചതെന്ന് ഓർക്കുക. അവിടെ കൂടിവന്ന എല്ലാവർക്കും “അവരുടെ ഭാഷകളിൽ” സന്തോഷവാർത്ത കേൾക്കാനായി. (പ്രവൃത്തികൾ 2:5-7, 33 വായിക്കുക.) ഇന്ന് യേശുവിന്റെ നേതൃത്വത്തിൻകീഴിൽ സംഘടന 1000-ത്തിലധികം ഭാഷകളിൽ ബൈബിൾപ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നുണ്ട്. അതിൽ ചിലതു വളരെ കുറച്ച് ആളുകൾ മാത്രം സംസാരിക്കുന്ന ഭാഷകളാണ്. ചില അമരിന്ത്യൻ ഭാഷകൾ അതിന് ഉദാഹരണമാണ്. വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും ഉള്ള വളരെ കുറച്ച് പേർ സംസാരിക്കുന്ന ഭാഷകളാണ് അവ. എന്നിട്ടും സന്തോഷവാർത്ത പരമാവധി ആളുകളിലേക്ക് എത്തുന്നതിനുവേണ്ടി അക്കൂട്ടത്തിൽപ്പെട്ട 160-ലധികം ഭാഷകളിൽ നമ്മൾ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നുണ്ട്. ഇനി 20-ലധികം റോമനി ഭാഷകളിലും നമ്മുടെ പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. ഇത്തരം ഭാഷകൾ സംസാരിക്കുന്ന ആയിരക്കണക്കിന് ആളുകൾ സത്യത്തോടു താത്പര്യം കാണിച്ചിരിക്കുന്നു.
ഇടത്: 160-ലധികം അമരിന്ത്യൻ ഭാഷകളിൽ
വലത്: 20-ലധികം റോമനി ഭാഷകളിൽ
(11-ാം ഖണ്ഡിക കാണുക)
12. ആളുകൾക്കുവേണ്ടി ഇന്ന് യഹോവയുടെ സംഘടന വേറെ എന്തെല്ലാം ചെയ്യുന്നുണ്ട്?
12 സന്തോഷവാർത്ത പരമാവധി ആളുകളെ അറിയിക്കാൻ ശ്രമിക്കുന്നതോടൊപ്പം പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവരെയും യഹോവയുടെ സംഘടന സഹായിക്കുന്നുണ്ട്. ആയിരക്കണക്കിന് സന്നദ്ധസേവകരാണ് ഈ രീതിയിൽ തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാനായി മുന്നോട്ടുവരുന്നത്. അതുപോലെ ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് ആളുകൾക്ക് ഒരുമിച്ചിരുന്ന് പഠിക്കാനായി ലളിതമായ ആരാധനാസ്ഥലങ്ങൾ ഒരുക്കാനും സംഘടന സഹായിക്കുന്നു.
നമ്മുടെ മഹാപുരോഹിതൻ നിങ്ങളെ സഹായിക്കും
13. യേശു നമ്മളെ സഹായിക്കുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്?
13 നല്ല ഇടയൻ എന്ന നിലയിൽ യേശു ഓരോ വ്യക്തിയുടെയും ആത്മീയാവശ്യങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നു. (യോഹ. 10:14; എഫെ. 4:7) ചിലപ്പോൾ ജീവിതത്തിലെ ചില സാഹചര്യങ്ങൾ കാരണം നമ്മൾ ഒരു ചതഞ്ഞ ഈറ്റയോ പുകയുന്ന തിരിയോ പോലെയാണെന്നു നമുക്കു തോന്നിയേക്കാം. ഗുരുതരമായ ഒരു രോഗമോ ചെയ്തുപോയ ഒരു തെറ്റോ സഹാരാധകരുമായുള്ള എന്തെങ്കിലും പ്രശ്നമോ നിമിത്തമായിരിക്കാം നമുക്ക് അങ്ങനെ തോന്നുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ ഇപ്പോഴുള്ള വേദനയും പ്രശ്നങ്ങളും മാത്രമായിരിക്കും നമ്മൾ കാണുക. ഭാവിപ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊന്നും നമുക്കു പറ്റുന്നുണ്ടാകില്ല. എന്നാൽ നിങ്ങൾ കടന്നുപോകുന്ന സാഹചര്യങ്ങൾ യേശു കാണുന്നുണ്ടെന്നും നിങ്ങളുടെ ഉള്ളിലെ ചിന്തകൾ മനസ്സിലാക്കുന്നുണ്ടെന്നും ഓർക്കുക. നിങ്ങളെ സഹായിക്കാൻ അനുകമ്പ യേശുവിനെ പ്രേരിപ്പിക്കും. ഉദാഹരണത്തിന്, തളർന്നിരിക്കുന്ന നിങ്ങളെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് ശക്തിപ്പെടുത്താൻ യേശുവിനാകും. (യോഹ. 16:7; തീത്തോ. 3:6) ഇനി ‘സമ്മാനങ്ങളാകുന്ന’ മൂപ്പന്മാരെയും മറ്റു സഹാരാധകരെയും ഉപയോഗിച്ചുകൊണ്ട് നിങ്ങളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും സഹായിക്കാനും യേശുവിനു കഴിയും.—എഫെ. 4:8.
14. നിരുത്സാഹം തോന്നുമ്പോൾ നമുക്ക് എന്തു ചെയ്യാനാകും?
14 നിങ്ങളുടെ ഉള്ളിലെ തീ കെടാൻപോകുന്നതായി, ആത്മബലം നഷ്ടമാകുന്നതായി തോന്നുമ്പോൾ മഹാപുരോഹിതൻ എന്ന നിലയിൽ യേശു നിങ്ങൾക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. യഹോവ യേശുവിനെ ഭൂമിയിലേക്ക് അയച്ചത്, ജീവൻ മോചനവിലയായി കൊടുക്കാൻ മാത്രമല്ല അപൂർണരായ മനുഷ്യരുടെ പ്രശ്നങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാൻവേണ്ടിയും ആണ്. പാപങ്ങളോ ബലഹീനതകളോ കാരണം നിരുത്സാഹപ്പെട്ടുപോകുമ്പോൾ നമ്മളെ സഹായിക്കാൻ യേശു ഒരുങ്ങിയിരിക്കുകയാണ്. “സഹായം ആവശ്യമുള്ള സമയത്തുതന്നെ” യേശു അതു തരും.—എബ്രാ. 4:15, 16.
15. സഭയിലേക്കു തിരിച്ചുവരാൻ ഒരു സഹോദരനെ സഹായിച്ചത് എന്താണ്?
15 യഹോവയുടെ ആട്ടിൻകൂട്ടത്തിൽനിന്ന് അകന്നുപോയവരെ കണ്ടെത്താനും സഹായിക്കാനും ഉള്ള തന്റെ ജനത്തിന്റെ ശ്രമങ്ങളെ യേശു വഴിനയിക്കുന്നു. (മത്താ. 18:12, 13) സ്റ്റെഫാനോയുടെb അനുഭവം നോക്കുക. തന്നെ സഭയിൽനിന്ന് നീക്കം ചെയ്ത് 12 വർഷത്തിനു ശേഷം അദ്ദേഹം ഒരു മീറ്റിങ്ങിനു വരാൻ തീരുമാനിച്ചു. സഹോദരൻ പറയുന്നു: “എനിക്ക് ആകപ്പാടെ ചമ്മൽ തോന്നി. പക്ഷേ വീണ്ടും യഹോവയുടെ സ്നേഹമുള്ള കുടുംബത്തിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചു. എന്നെ കണ്ട മൂപ്പന്മാർ എന്നെ സ്നേഹത്തോടെ സ്വാഗതം ചെയ്തു. യഹോവയെ വിട്ടുപോയതിന്റെ കുറ്റബോധം കാരണം, എല്ലാം അങ്ങ് നിറുത്തിയാലോ എന്നു ചിലപ്പോൾ എനിക്കു തോന്നിയിട്ടുണ്ട്. എന്നാൽ ഞാൻ മടുത്ത് പിന്മാറരുത് എന്നാണ് യഹോവയും യേശുവും ആഗ്രഹിക്കുന്നതെന്നു മൂപ്പന്മാർ ഓർമിപ്പിച്ചു. എന്നെ പുനഃസ്ഥിതീകരിച്ചപ്പോൾ മുഴുസഭയും എന്നെയും എന്റെ കുടുംബത്തെയും സ്നേഹത്തോടെ ചേർത്തുനിറുത്തി. പിന്നീട് എന്റെ ഭാര്യയും ഒരു ബൈബിൾപഠനം സ്വീകരിച്ചു. ഇന്ന് ഞങ്ങൾ ഒരു കുടുംബമായി യഹോവയെ സേവിക്കുന്നു.” പശ്ചാത്തപിക്കുന്നവരെ സഭയിലേക്കു തിരിച്ചുകൊണ്ടുവരാൻ നമ്മൾ എല്ലാവരും ശ്രമിക്കുന്നതു കാണുമ്പോൾ നമ്മുടെ സ്നേഹനിധിയായ മഹാപുരോഹിതൻ എത്രയധികം സന്തോഷിക്കുന്നുണ്ടാകും!
16. ഇത്രയധികം സഹതാപമുള്ള ഒരു മഹാപുരോഹിതനെ കിട്ടിയതിൽ നിങ്ങൾക്കു നന്ദിയുള്ളത് എന്തുകൊണ്ട്?
16 ഭൂമിയിലായിരുന്നപ്പോൾ എണ്ണമറ്റ ആളുകൾക്കു യേശു ആവശ്യമുള്ള സമയത്തുതന്നെ സഹായം കൊടുത്തു. ഇന്നു നമ്മളെയും യേശു അങ്ങനെതന്നെ സഹായിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. ഇനി പെട്ടെന്നുതന്നെ വരാനിരിക്കുന്ന പുതിയ ഭൂമിയിൽ അനുസരണമുള്ള മനുഷ്യരെ പാപത്തിന്റെയും അപൂർണതയുടെയും എല്ലാ പ്രശ്നങ്ങളിൽനിന്നും പൂർണമായും പുറത്തുകടക്കാൻ യേശു സഹായിക്കും. നമ്മളോടുള്ള വലിയ സ്നേഹവും കരുണയും കാരണം യഹോവ തന്റെ മകനെ സഹതാപമുള്ള ഒരു മഹാപുരോഹിതനായി തന്നിരിക്കുന്നതിൽ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല!
ഗീതം 13 നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്തു
a ഒരു ജൂത മഹാപുരോഹിതനു പകരം യേശു മഹാപുരോഹിതനായി സ്ഥാനമേറ്റതിനെക്കുറിച്ച് കൂടുതലായി അറിയാൻ 2023 ഒക്ടോബർ ലക്കം വീക്ഷാഗോപുരത്തിലെ “ആത്മീയാലയത്തിൽ യഹോവയെ ആരാധിക്കാനുള്ള അവസരത്തെ വിലയേറിയതായി കാണുക” എന്ന ലേഖനത്തിന്റെ പേ. 26, ഖ. 7-9 കാണുക.
b പേരിനു മാറ്റംവരുത്തിയിരിക്കുന്നു.