‘ആത്മാവിനാലുള്ള ഐക്യം നിലനിറുത്തുക’
അപ്പോസ്തലനായ പൗലോസ് എഫെസൊസിലെ ക്രിസ്ത്യാനികൾക്ക് ഈ ഉപദേശം കൊടുത്തു: “സ്നേഹത്തോടെ എല്ലാവരുമായി ഒത്തുപോകുകയും നിങ്ങളെ ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം കാത്തുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുക.”—എഫെ. 4:2, 3.
“ഐക്യം” എന്നത് ‘ആത്മാവിനാലുള്ളതാണ്.’ എന്നുപറഞ്ഞാൽ ദൈവത്തിന്റെ ചലനാത്മകശക്തി കാരണമാണ് നമുക്കിടയിൽ ഐക്യമുള്ളത്. എന്നാൽ പൗലോസ് പറഞ്ഞതുപോലെ ഈ ഐക്യം നിലനിറുത്തേണ്ടതുണ്ട്. ആരാണ് അത് ചെയ്യേണ്ടത്? “ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ” ഓരോ ക്രിസ്ത്യാനിയും ശ്രമിക്കണം.
ദൃഷ്ടാന്തത്തിന്, ഒരു വ്യക്തി നിങ്ങൾക്കു പുതിയ ഒരു കാർ സമ്മാനമായി തരുന്നു. ആ കാർ നന്നായി പരിപാലിച്ച് കൊണ്ടുപോകേണ്ടത് ആരാണ്? അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല, അല്ലേ? നിങ്ങൾ ആ കാർ നന്നായി നോക്കാതെ അതു കേടായാൽ സമ്മാനം തന്ന ആളെ കുറ്റം പറയാൻ പറ്റുമോ? ഇല്ല.
അതുപോലെ ക്രിസ്തീയ ഐക്യം ദൈവത്തിൽനിന്നുള്ള സമ്മാനമാണെങ്കിലും അതു നിലനിറുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഒരു സഹോദരനുമായോ സഹോദരിയുമായോ നമുക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സ്വയം ചോദിക്കുക: ‘ആ പ്രശ്നം പരിഹരിച്ചുകൊണ്ട് ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ടോ?’
ഐക്യം നിലനിറുത്താൻ “ആത്മാർഥമായി ശ്രമിക്കുക”
പൗലോസ് പറഞ്ഞതുപോലെ ആത്മാവിനാലുള്ള ഐക്യം നിലനിറുത്താൻ ചിലപ്പോൾ നന്നായി ശ്രമിക്കേണ്ടിവന്നേക്കാം; പ്രത്യേകിച്ചും ഒരു സഹോദരനോ സഹോദരിയോ നമ്മളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ. ഈ സാഹചര്യത്തിൽ ഐക്യം നിലനിറുത്താൻ ആ വ്യക്തിയെ ചെന്നുകണ്ട് പ്രശ്നത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടോ? എപ്പോഴും അങ്ങനെ ചെയ്യണമെന്നില്ല. സ്വയം ചോദിക്കുക: ‘ഞാൻ അങ്ങനെ ചെയ്താൽ പ്രശ്നം പരിഹരിക്കപ്പെടുമോ, അതോ വഷളാകുമോ?’ ചിലപ്പോൾ ഏറ്റവും നല്ല തീരുമാനം അത് വിട്ടുകളയുന്നതോ ക്ഷമിക്കുന്നതോ ആയിരിക്കും.—സുഭാ. 19:11; മർക്കോ. 11:25.
സ്വയം ചോദിക്കുക: ‘ഇതൊരു വിഷയമാക്കിയാൽ പ്രശ്നം പരിഹരിക്കപ്പെടുമോ അതോ വഷളാകുമോ?’
അപ്പോസ്തലനായ പൗലോസ് എഴുതിയതുപോലെ ‘സ്നേഹത്തോടെ എല്ലാവരുമായി ഒത്തുപോകാൻ’ നമുക്കു ശ്രമിക്കാം. (എഫെ. 4:2) ഈ പദപ്രയോഗത്തെ “മറ്റുള്ളവർ എങ്ങനെയാണോ, അവരെ അങ്ങനെത്തന്നെ സ്വീകരിക്കുക” എന്നും പരിഭാഷപ്പെടുത്താമെന്ന് ഒരു പുസ്തകം പറയുന്നു. നമ്മുടെ സഹാരാധകർ നമ്മളെപ്പോലെതന്നെ പാപികളാണെന്ന് അംഗീകരിക്കുക എന്നാണ് അതിന്റെ അർഥം. നമ്മൾ എല്ലാവരും “പുതിയ വ്യക്തിത്വം” ധരിക്കാൻ ശ്രമിക്കുന്നവരാണ്. (എഫെ. 4:23, 24) പക്ഷേ ഒരു കുറവുമില്ലാതെ അതു ചെയ്യാൻ നമുക്കാർക്കും പറ്റില്ല. (റോമ. 3:23) ഈ വസ്തുത അംഗീകരിക്കുന്നെങ്കിൽ, മറ്റുള്ളവരുമായി ഒത്തുപോകാനും അവരോടു ക്ഷമിക്കാനും അങ്ങനെ ‘ആത്മാവിനാലുള്ള ഐക്യം നിലനിറുത്താനും’ നമുക്ക് എളുപ്പമായിരിക്കും.
നമുക്ക് ഒരു വ്യക്തിയുമായി പ്രശ്നമുണ്ടെങ്കിൽ അതു ക്ഷമിക്കുകയും മറക്കുകയും ചെയ്തുകൊണ്ട് “ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം” കാത്തുസൂക്ഷിക്കാനാകും. എഫെസ്യർ 4:3-ൽ “ഒന്നിച്ചുനിറുത്തുന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തെ കൊലോസ്യർ 2:19-ൽ “ഞരമ്പ്” (അതായത്, അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളഞരമ്പ്) എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എല്ലുകളെ തമ്മിൽ യോജിപ്പിച്ച് നിറുത്തുന്ന ശക്തമായ കലകളാണ് ഇവ. ഇതുപോലെ സഹോദരങ്ങൾക്കിടയിൽ പല വ്യത്യാസങ്ങളുണ്ടെങ്കിലും നമ്മളെ പരസ്പരം ചേർത്ത് നിറുത്തുന്നത് സമാധാനവും സഹോദരങ്ങളോടുള്ള സ്നേഹവും ആണ്.
അതുകൊണ്ട് ഒരു സഹവിശ്വാസി നിങ്ങളെ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ദേഷ്യം പിടിപ്പിക്കുകയോ ചെയ്യുന്നെങ്കിൽ ആ വ്യക്തിയുടെ കുറവുകളിലേക്കു നോക്കുന്നതിനു പകരം അദ്ദേഹത്തെ അനുകമ്പയോടെ കാണാൻ ശ്രമിക്കുക. (കൊലോ. 3:12) എല്ലാ മനുഷ്യരും അപൂർണരാണ്. നിങ്ങളും ചിലപ്പോഴൊക്കെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടാകും. ഇത് ഓർക്കുന്നത് ‘ആത്മാവിനാലുള്ള ഐക്യം നിലനിറുത്തുന്നതിൽ’ നിങ്ങളുടെ പങ്കു നിർവഹിക്കാൻ നിങ്ങളെ സഹായിക്കും.