വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
ബൈബിളിന്റെ ഉത്തരം
ആളുകൾ ‘ലൈംഗിക അധാർമികതയിൽനിന്ന് അകന്നിരിക്കണമെന്നാണ്’ ദൈവം ആഗ്രഹിക്കുന്നത് എന്നു ബൈബിൾ പറയുന്നു. (1 തെസ്സലോനിക്യർ 4:3) ബൈബിൾ പറയുന്ന “ലൈംഗിക അധാർമികതയിൽ” വ്യഭിചാരം, സ്വവർഗരതി, വിവാഹിതരല്ലാത്ത സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത എന്നിവയൊക്കെ ഉൾപ്പെടുന്നു.
ഇണകൾ വിവാഹിതരാണോ അല്ലയോ എന്ന കാര്യം ദൈവത്തിനു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
തമ്മിൽ ചേരുമോ എന്ന് പരീക്ഷിക്കാൻവേണ്ടി ഒരുമിച്ച് താമസിച്ചുനോക്കുന്നത് ശരിയാണോ?
ദമ്പതികൾക്ക് എങ്ങനെ വിവാഹജീവിതം കെട്ടുറപ്പുള്ളതാക്കാം?
ഇണകൾ വിവാഹിതരാണോ അല്ലയോ എന്ന കാര്യം ദൈവത്തിനു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ദൈവമാണ് വിവാഹക്രമീകരണം ഏർപ്പെടുത്തിയത്. ആദ്യ മനുഷ്യദമ്പതികളെ വിവാഹക്രമീകരണത്തിലൂടെ യോജിപ്പിച്ചതു ദൈവമാണ്. (ഉൽപത്തി 2:22-24) വിവാഹമെന്ന ക്രമീകരണത്തിലൂടെ അല്ലാതെ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് ജീവിക്കാൻ ദൈവം ഉദ്ദേശിച്ചിട്ടില്ല.
മനുഷ്യർക്ക് ഏറ്റവും നല്ലത് എന്താണെന്ന് ദൈവത്തിന് അറിയാം. ഒരു പുരുഷനും സ്ത്രീയും ജീവിതകാലം മുഴുവൻ ഒന്നിച്ച് ജീവിക്കാനാണ് ദൈവം വിവാഹം എന്ന ക്രമീകരണം ഏർപ്പെടുത്തിയത്. അതിലൂടെ കുടുംബാംഗങ്ങൾക്കെല്ലാം പ്രയോജനം ലഭിക്കുന്നു. ഇത് മനസ്സിലാക്കാൻ ലളിതമായ ഒരു ദൃഷ്ടാന്തം നോക്കാം. ഒരു ഫർണിച്ചറിന്റെ പല ഭാഗങ്ങൾ ശരിയായി കൂട്ടിയോജിപ്പിക്കുന്നതിനുവേണ്ട നിർദേശങ്ങൾ തരാൻ, അത് നിർമിച്ചയാൾക്കു കഴിയുന്നതുപോലെ, വിജയകരമായ കുടുംബബന്ധങ്ങൾ പടുത്തുയർത്തുന്നതിനുവേണ്ട നിർദേശങ്ങൾ തരാൻ ദൈവത്തിനു കഴിയും. ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിക്കുന്നവർക്ക്, അത് എപ്പോഴും പ്രയോജനമേ ചെയ്യൂ.—യശയ്യ 48:17, 18.
ഒരു ഫർണിച്ചറിന്റെ പല ഭാഗങ്ങൾ ശരിയായി കൂട്ടിയോജിപ്പിക്കുന്നതിനുവേണ്ട നിർദേശങ്ങൾ തരാൻ, അത് നിർമിച്ചയാൾക്കു കഴിയുന്നതുപോലെ, വിജയകരമായ കുടുംബബന്ധങ്ങൾ പടുത്തുയർത്തുന്നതിനുവേണ്ട നിർദേശങ്ങൾ തരാൻ ദൈവത്തിനു കഴിയും.
വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധത്തിനു ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാകാം. ഉദാഹരണത്തിന്, ആഗ്രഹിക്കാത്ത ഗർഭധാരണം, ലൈംഗികമായി പകരുന്ന രോഗങ്ങൾ, വൈകാരിക പ്രശ്നങ്ങൾ.
പുരുഷനും സ്ത്രീക്കും ലൈംഗികബന്ധത്തിലൂടെ അടുത്ത തലമുറയ്ക്കു ജന്മം നൽകാനുള്ള കഴിവ് കൊടുത്തത് ദൈവമാണ്. ദൈവം ജീവനെ പവിത്രമായി കാണുന്നു. കുട്ടികൾക്കു ജന്മം കൊടുക്കാനുള്ള പ്രാപ്തി ഒരു അമൂല്യസമ്മാനമാണ്. നമുക്ക് ആ സമ്മാനത്തോട് വിലമതിപ്പുണ്ടെങ്കിൽ ദൈവം ഏർപ്പെടുത്തിയ വിവാഹക്രമീകരണത്തെ നമ്മൾ ആദരിക്കും. അതാണു ദൈവം ആഗ്രഹിക്കുന്നത്.—എബ്രായർ 13:4.
തമ്മിൽ ചേരുമോ എന്ന് പരീക്ഷിക്കാൻവേണ്ടി ഒരുമിച്ച് താമസിച്ചുനോക്കുന്നതു ശരിയാണോ?
വിവാഹത്തിന്റെ പ്രതിബദ്ധതയില്ലാതെ കുറച്ച് നാൾ ഒരുമിച്ച് താമസിച്ചുനോക്കിയാൽ മാത്രമേ വിവാഹം വിജയിക്കൂ എന്നു കരുതരുത്. പരസ്പരപ്രതിബദ്ധതയോടെ പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടുമ്പോഴാണ് ഇണകൾ തമ്മിലുള്ള ബന്ധം ശക്തമാകുന്നത്.a വിവാഹം ഇണകൾ തമ്മിലുള്ള പ്രതിബദ്ധതയെ അരക്കിട്ടുറപ്പിക്കുന്നു.—മത്തായി 19:6.
ദമ്പതികൾക്ക് എങ്ങനെ വിവാഹജീവിതം കെട്ടുറപ്പുള്ളതാക്കാം?
എല്ലാം തികഞ്ഞ വിവാഹബന്ധങ്ങളില്ല. എന്നാൽ ബൈബിളിലെ ഉപദേശങ്ങൾ അനുസരിച്ചാൽ ദമ്പതികൾക്കു വിവാഹജീവിതം വിജയിപ്പിക്കാം. അതിൽ ചിലത് ഇതാണ്:
ഇണയുടെ ആവശ്യങ്ങൾക്കു നിങ്ങളുടേതിനെക്കാൾ മുൻഗണന കൊടുക്കുക.—1 കൊരിന്ത്യർ 7:3-5; ഫിലിപ്പിയർ 2:3, 4.
പരസ്പരമുള്ള സ്നേഹവും ബഹുമാനവും ശക്തമാക്കുക.—എഫെസ്യർ 5:25, 33.
നിങ്ങളുടെ സംസാരം നിയന്ത്രിക്കാൻ പഠിക്കുക.—സുഭാഷിതങ്ങൾ 12:18.
ക്ഷമ കാണിക്കുക, തെറ്റുകൾ പെട്ടെന്നു ക്ഷമിക്കുക.—കൊലോസ്യർ 3:13, 14.
a 2018 ഉണരുക നമ്പർ 2-ലെ “1: പ്രതിബദ്ധത” എന്ന ലേഖനം കാണുക.