ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
“ഞാൻ മുമ്പ് ഒരു ക്രൂരനായിരുന്നു”
ജനനം: 1973
രാജ്യം: യുഗാണ്ട
ചരിത്രം: അക്രമം, അധാർമികജീവിതം, മദ്യപാനം
എന്റെ പഴയ കാലം
യുഗാണ്ടയിലെ ഗൊംബയിലാണു ഞാൻ ജനിച്ചത്. ആ നാട്ടിലെ മിക്കവരും വളരെ പാവപ്പെട്ടവരായിരുന്നു. ഞങ്ങളുടെ പട്ടണത്തിൽ വൈദ്യുതിയില്ലായിരുന്നു, അതുകൊണ്ട് രാത്രിയിൽ വെളിച്ചത്തിനായി ഞങ്ങൾ റാന്തൽ ഉപയോഗിക്കുമായിരുന്നു.
കർഷകരായ എന്റെ മാതാപിതാക്കൾ റുവാണ്ടയിൽനിന്നും യുഗാണ്ടയിലേക്കു കുടിയേറിയവരായിരുന്നു. അവർ അവിടെ കാപ്പിയും വാഴയും കൃഷി ചെയ്തിരുന്നു. വാഴപ്പഴം വാറ്റി അവർ വാറഗി എന്നൊരു ലഹരിപാനീയം ഉണ്ടാക്കുമായിരുന്നു. ആ നാട്ടിൽ അതു വളരെ പ്രസിദ്ധമാണ്. ഞങ്ങൾക്ക് അവിടെ ധാരാളം കോഴികളും പശുക്കളും ആടുകളും പന്നികളും ഉണ്ടായിരുന്നു. അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത, ഭർത്താവ് പറയുന്നതെന്തും കേട്ടനുസരിച്ച് മിണ്ടാതിരിക്കുന്ന ഒരാളായിരിക്കണം ഭാര്യ എന്നൊരു ധാരണയാണു വീട്ടുകാരും സമൂഹവും എന്നിൽ വളർത്തിയത്.
23 വയസ്സുള്ളപ്പോൾ ഞാൻ റുവാണ്ടയിലേക്കു പോയി. അവിടെയായിരുന്നപ്പോൾ ഞാൻ എന്റെ പ്രായത്തിലുള്ളവരോടൊപ്പം ഡാൻസ് ക്ലബ്ബിൽ പോകുമായിരുന്നു. ഞാൻ ഒരു ക്ലബ്ബിലെ നിത്യസന്ദർശകൻ ആയിരുന്നതുകൊണ്ട് അവിടത്തെ മാനേജ്മെന്റ് എനിക്കു സൗജന്യ പ്രവേശനം നൽകി. അടിയുംപിടിയും അക്രമവും ഒക്കെ പച്ചയായി ചിത്രീകരിക്കുന്ന സിനിമകൾ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങി. എന്റെ ചുറ്റുപാടും ഞാൻ കണ്ടിരുന്ന വിനോദങ്ങളും എന്നെ അക്രമാസക്തനും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവനും ഒരു കുടിയനും ആക്കി.
2000-ത്തിൽ ഞാൻ ചെറുപ്പക്കാരിയായ സ്കോലാസ്റ്റിക്ക് കബാഗ്വിരയോടൊപ്പം ജീവിതം തുടങ്ങി. ഞങ്ങൾക്കു മൂന്നു മക്കളുണ്ടായിരുന്നു. ഞാൻ വീട്ടിലേക്കു വരുമ്പോഴോ എന്നോട് എന്തെങ്കിലും ആവശ്യപ്പെടണമെങ്കിലോ ഭാര്യ മുട്ടുകുത്തി വണങ്ങാൻ ഞാൻ പ്രതീക്ഷിച്ചിരുന്നു, കാരണം അങ്ങനെയൊരു രീതി കണ്ടാണു ഞാൻ വളർന്നത്. മറ്റൊരു കാര്യം, എന്റെ കുടുംബത്തിന്റെ വസ്തുവകകളെല്ലാം എന്റെ ഇഷ്ടംപോലെ എന്തു വേണമെങ്കിലും ചെയ്യാമെന്ന വിചാരമായിരുന്നു എനിക്ക്. മിക്കപ്പോഴും ഞാൻ രാത്രിയിൽ പുറത്ത് പോകുമായിരുന്നു. തിരിച്ചെത്താൻ പുലർച്ചെ മൂന്നുമണിയൊക്കെ ആകും, മിക്കവാറും കുടിച്ചിട്ടായിരിക്കും വരവ്. വാതിലിൽ മുട്ടുമ്പോൾ ഭാര്യ വാതിൽ തുറക്കാൻ വൈകിയാൽ ഞാൻ നല്ല അടി കൊടുക്കുമായിരുന്നു.
ആ സമയത്ത് ഞാൻ ഒരു സെക്യൂരിറ്റി കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയായിരുന്നു, അവിടെ എനിക്കു നല്ല ശമ്പളവും ഉണ്ടായിരുന്നു. സ്കോലാസ്റ്റിക്ക് ഒരു പെന്തക്കോസ്ത് പള്ളിയിൽ വരാനായി എന്നോട് എപ്പോഴും പറയുമായിരുന്നു, അങ്ങനെ എനിക്ക് എന്തെങ്കിലും മാറ്റം ഉണ്ടായാലോ. പക്ഷേ എനിക്ക് അതിൽ ഒട്ടും താത്പര്യമില്ലായിരുന്നു. പിന്നീട് ഞാൻ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി. എന്റെ ക്രൂരവും അധാർമികവും ആയ സ്വഭാവം കാരണം സ്കോലാസ്റ്റിക്ക് മൂന്നു കുട്ടികളെയുംകൊണ്ട് അവളുടെ വീട്ടിലേക്കു തിരികെ പോയി.
പ്രായമുള്ള ഒരു സുഹൃത്ത് ഒരിക്കൽ എന്റെ ജീവിതരീതിയെക്കുറിച്ച് എന്നോടു സംസാരിച്ചു. സ്കോലാസ്റ്റിക്കിന്റെ അടുത്തേക്കു മടങ്ങിപ്പോകാനായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. എന്റെ പ്രിയപ്പെട്ട മക്കൾ എന്നിൽനിന്ന് അകന്ന് കഴിയേണ്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് 2005-ൽ ഞാൻ എന്റെ മദ്യപാനം നിറുത്തി, ഞാൻ അടുപ്പം പുലർത്തിയിരുന്ന സ്ത്രീയുമായുള്ള ബന്ധം അവസാനിപ്പിച്ചു, എന്നിട്ട് സ്കോലാസ്റ്റിക്കിനോടൊപ്പം താമസിക്കാൻ തുടങ്ങി. 2006-ൽ ഞങ്ങൾ വിവാഹംകഴിച്ചു. എങ്കിലും, അവളോടുള്ള എന്റെ അക്രമസ്വഭാവത്തിനും മോശം പെരുമാറ്റത്തിനും ഒന്നും ഒരു മാറ്റവും ഉണ്ടായില്ല.
ബൈബിൾ എന്റെ ജീവിതം മാറ്റിയ വിധം
2008-ൽ യഹോവയുടെ സാക്ഷിയായ ജോയൽ എന്റെ വീട്ടിൽ വന്നു. അദ്ദേഹം പറയുന്ന കാര്യങ്ങളൊക്കെ ഞാൻ ശ്രദ്ധിച്ചു. പിന്നെ കുറെ മാസങ്ങൾ അദ്ദേഹവും അദ്ദേഹത്തിന്റെ കൂട്ടുകാരനായ ബോണാവെഞ്ച്വറും സ്ഥിരമായി വീട്ടിൽ വരുമായിരുന്നു. ഞങ്ങൾ തമ്മിൽ ഒരുപാട് ബൈബിൾചർച്ചകൾ നടത്തി. ഞാൻ പല ചോദ്യങ്ങളും ചോദിക്കാൻ തുടങ്ങി, പ്രത്യേകിച്ച് വെളിപാട് പുസ്തകത്തിൽനിന്ന്. ശരിക്കും പറഞ്ഞാൽ, സാക്ഷികൾ പറയുന്നതു തെറ്റാണെന്നു തെളിയിക്കാനായിരുന്നു എന്റെ ശ്രമം. ഉദാഹരണത്തിന്, വെളിപാട് 7:9-ൽ പറഞ്ഞിരിക്കുന്ന “മഹാപുരുഷാരം” ഭൂമിയിലാണു ജീവിക്കുന്നതെന്നു പറയാൻ എന്ത് അടിസ്ഥാനമാണുള്ളതെന്നു ഞാൻ അവരോടു ചോദിച്ചു. കാരണം വാക്യം പറയുന്നത് അവർ ‘(ദൈവത്തിന്റെ) സിംഹാസനത്തിനും കുഞ്ഞാടായ’ യേശുക്രിസ്തുവിനും മുമ്പാകെ നിൽക്കുന്നു എന്നാണല്ലോ. എന്റെ ചോദ്യങ്ങൾക്കു ജോയൽ ശാന്തമായി മറുപടി തന്നു. ഉദാഹരണത്തിന്, ദൈവം ഭൂമിയെ തന്റെ ‘പാദപീഠം’ എന്നു വിളിക്കുന്ന യശയ്യ 66:1 ജോയൽ എനിക്കു കാണിച്ചുതന്നു. അതിൽനിന്ന് ദൈവസിംഹാസനത്തിനു മുമ്പിൽ നിൽക്കുന്ന മഹാപുരുഷാരം വാസ്തവത്തിൽ ഭൂമിയിൽത്തന്നെയാണെന്ന് എനിക്കു മനസ്സിലായി. ഇനി, നീതിമാന്മാർ എന്നേക്കും ജീവിക്കുന്നതു ഭൂമിയിലാണെന്നു വിശദീകരിക്കുന്ന സങ്കീർത്തനം 37:29-ഉം ഞാൻ വായിച്ചു.
ഒടുവിൽ ഞാൻ ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. ബോണാവെഞ്ച്വർ എന്നെയും ഭാര്യയെയും ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. ബൈബിൾ പഠിച്ചുതുടങ്ങിയപ്പോൾ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ആഗ്രഹം എനിക്ക് ഉണ്ടായി. ബഹുമാനത്തോടെ ഭാര്യയോട് ഇടപെടാൻ ഞാൻ പഠിച്ചു. ഞാൻ വീട്ടിലേക്കു വരുമ്പോഴോ എന്നോട് എന്തെങ്കിലും ആവശ്യപ്പെടണമെങ്കിലോ ഭാര്യ മുട്ടുകുത്തി വണങ്ങണമെന്നു പറയുന്നതൊക്കെ ഞാൻ നിറുത്തി. വീട്ടിലുള്ളതെല്ലാം എന്റേതാണെന്ന അവകാശവാദവും ഒഴിവാക്കി. അക്രമം നിറഞ്ഞ സിനിമകൾ കാണേണ്ടെന്നും തീരുമാനിച്ചു. ഈ മാറ്റങ്ങൾ വരുത്തുക അത്ര എളുപ്പമായിരുന്നില്ല. നല്ല താഴ്മയും ആത്മനിയന്ത്രണവും വേണമായിരുന്നു.
ഒരു നല്ല ഭർത്താവാകാൻ ബൈബിൾ എന്നെ സഹായിച്ചു
ഏതാനും വർഷങ്ങൾക്കു മുമ്പ്, എന്റെ മൂത്തമകൻ ക്രിസ്റ്റ്യനെ യുഗാണ്ടയിലുള്ള ഞങ്ങളുടെ ബന്ധുക്കളോടൊപ്പം താമസിക്കാൻ വിട്ടിരുന്നു. മക്കളെ വളർത്താനുള്ള ഉത്തരവാദിത്വം എനിക്കും ഭാര്യക്കും ആണ് ദൈവം തന്നിരിക്കുന്നത് എന്ന് ആവർത്തനം 6:4-7 വായിച്ചപ്പോൾ എനിക്കു മനസ്സിലായി. ദൈവികതത്ത്വങ്ങൾ മക്കളെ പഠിപ്പിക്കുന്നതും അതിൽ ഉൾപ്പെട്ടിരുന്നു. മകനെ വീട്ടിലേക്കു തിരികെ കൊണ്ടുവന്നപ്പോൾ അവനും ഞങ്ങൾക്കും എത്ര സന്തോഷമായിരുന്നെന്നോ!
ഞങ്ങൾക്കു ലഭിച്ച പ്രയോജനങ്ങൾ
യഹോവ കരുണയുള്ള ദൈവമാണെന്നു ഞാൻ പഠിച്ചു. എന്റെ മോശമായ പെരുമാറ്റവും തെറ്റായ ചിന്താഗതിയും ദൈവം ക്ഷമിച്ചു എന്ന വിശ്വാസം ഇന്ന് എനിക്കുണ്ട്. സ്കോലാസ്റ്റിക്കും എന്നോടൊപ്പം ബൈബിൾ പഠിച്ചത് എനിക്ക് സന്തോഷം തരുന്നു. ഞങ്ങൾ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു. അങ്ങനെ 2010 ഡിസംബർ 4-ന് ഞങ്ങൾ സ്നാനമേറ്റു. ഇപ്പോൾ ഞങ്ങൾക്കു പരസ്പരവിശ്വാസമുണ്ട്. ബൈബിൾതത്ത്വങ്ങൾ ഞങ്ങളുടെ അനുദിനജീവിതത്തിൽ ബാധകമാക്കുന്നതിന്റെ പ്രയോജനങ്ങളും ഞങ്ങൾ ആസ്വദിക്കുന്നു. ജോലി കഴിഞ്ഞ് ഞാൻ നേരെ വീട്ടിലേക്കു വരുന്നതു കാണുമ്പോൾ ഭാര്യക്കു വലിയ സന്തോഷമാണ്. ഞാൻ ആദരവോടെയും മര്യാദയോടെയും അവളോട് ഇടപെടുന്നതും മദ്യപാനവും അക്രമവും എല്ലാം ഉപേക്ഷിച്ചതും അവളിൽ വലിയ മതിപ്പുണ്ടാക്കി. 2015-ൽ സഭയിലെ ഒരു മൂപ്പനായി എന്നെ നിയമിച്ചു. ഞങ്ങളുടെ അഞ്ചു മക്കളിൽ മൂന്നു പേർ സ്നാനമേറ്റു.
ഞാൻ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അവർ പറയുന്നതൊക്കെ കണ്ണുമടച്ച് വിശ്വസിക്കുകയായിരുന്നില്ല. എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം അവർ ബൈബിളിൽനിന്ന് കാണിച്ചുതന്നത് എന്നെ ശരിക്കും അതിശയിപ്പിച്ചു. സത്യദൈവത്തെ ആരാധിക്കുന്നവർ എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കണമെന്നും അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും ഞാനും സ്കോലാസ്റ്റിക്കും മനസ്സിലാക്കി. തന്റെ ആത്മീയകുടുംബത്തിന്റെ ഭാഗമായിരിക്കാൻ ദൈവം എന്നെ ആകർഷിച്ചതിൽ ഞാൻ ദൈവത്തോട് ഒരുപാടു കടപ്പെട്ടിരിക്കുന്നു. ജീവിതത്തിലേക്കു പിന്തിരിഞ്ഞ് നോക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്: ദൈവസഹായം ഉണ്ടെങ്കിൽ ആത്മാർഥതയുള്ള ഏതൊരു വ്യക്തിക്കും ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയും.