Anton Petrus/Moment via Getty Images
ഉണർന്നിരിക്കുക!
ഉടനെ ഒരു ലോകമഹായുദ്ധം ഉണ്ടാകുമോ?—ബൈബിളിനു പറയാനുള്ളത്
കഴിഞ്ഞ 30 വർഷമായിട്ട്, ലോകരാജ്യങ്ങൾ തമ്മിലുള്ള ബന്ധം നല്ല രീതിയിൽ പോകുന്നെന്നും അത് കൂടുതൽ മെച്ചപ്പെടുന്നെന്നും പലരും ചിന്തിച്ചിരുന്നു. എന്നാൽ അടുത്ത കാലത്ത് നടക്കുന്ന സംഭവങ്ങൾ കാണിക്കുന്നത് ആ ഊഹം തെറ്റായിരിക്കാം എന്നാണ്.
“ലബനൻ അതിർത്തിയിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ നടക്കുന്ന പോരാട്ടം കാണുമ്പോൾ ഗസ്സ യുദ്ധം അടുത്തുള്ള മറ്റു രാജ്യങ്ങളെയും ബാധിക്കുമോ എന്ന് ആളുകൾ ഭയപ്പെടുന്നു.”—റോയ്റ്റേഴ്സ്, 2024 ജനുവരി 6.
“ഇറാൻ നിയന്ത്രിക്കുന്ന സംഘടനകൾ പല സ്ഥലങ്ങളിലും ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇറാൻ വീണ്ടും ആണവായുധങ്ങൾ നിർമിക്കുന്നു. കൂടാതെ റഷ്യയും ചൈനയും ഇപ്പോൾ ഇറാന്റെ പക്ഷം ചേർന്നിരിക്കുന്നു. ഇതെല്ലാം പാശ്ചാത്യ രാജ്യങ്ങൾക്ക് പുതിയൊരു ഭീഷണിയാണ് ഉയർത്തുന്നത്.”—ദ ന്യൂയോർക്ക് ടൈംസ്, 2024 ജനുവരി 7.
“യുക്രെയിനിന് എതിരെയുള്ള റഷ്യയുടെ കടുത്ത ആക്രമണം ഇപ്പോഴും തുടരുന്നു.”—യുഎൻ ന്യൂസ്, 2024 ജനുവരി 11.
“ചൈനയുടെ സാമ്പത്തിക-സൈനിക ശക്തിയുടെ വളർച്ചയും തായ്വാന്റെ കൂടിവരുന്ന ദേശാഭിമാനവും ചൈനയും അമേരിക്കയും തമ്മിലുള്ള ഭിന്നതയും ഒരു സംഘർഷത്തിന് എളുപ്പം വഴിതുറന്നേക്കാം.”—ദ ജപ്പാൻ ടൈംസ്, 2024 ജനുവരി 9.
ഇന്ന് ലോകത്ത് കാണുന്ന അസ്ഥിരതയെക്കുറിച്ച് ബൈബിൾ എന്തെങ്കിലും പറയുന്നുണ്ടോ? അത് ലോകമഹായുദ്ധത്തിലേക്ക് നയിക്കുമോ?
ഇന്ന് നടക്കുന്ന സംഭവങ്ങൾ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്
ഇന്ന് നടക്കുന്ന ഏതെങ്കിലും ഒരു പ്രത്യേക യുദ്ധത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടില്ല. എന്നാൽ നമ്മുടെ കാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങൾ നടക്കുമെന്നും അത് ‘ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയുമെന്നും’ ബൈബിളിൽ പറയുന്നുണ്ട്.—വെളിപാട് 6:4.
ദാനിയേലിന്റെ പുസ്തകത്തിൽ “അവസാനകാലത്ത്” ലോകശക്തികൾ ‘ഏറ്റുമുട്ടുമെന്ന്,’ അതായത് ആധിപത്യത്തിനായി പോരാടുമെന്ന് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. ആ പോരാട്ടത്തിൽ അവർ തങ്ങളുടെ ശക്തമായ സൈനികശക്തി കാണിക്കുകയും തങ്ങൾക്കുള്ള ‘നിധികൾ’ അഥവാ പണം ചെലവഴിക്കുകയും ചെയ്യും.—ദാനിയേൽ 11:40, 42, 43.
വരാനിരിക്കുന്ന ഒരു യുദ്ധം
ലോകാവസ്ഥകൾ ഭാവിയിൽ മെച്ചപ്പെടും, എന്നാൽ അതിനുമുമ്പ് കാര്യങ്ങൾ വഷളാകുന്ന ഒരു സമയമുണ്ടാകും എന്ന് ബൈബിൾ സൂചിപ്പിക്കുന്നു. യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത . . . മഹാകഷ്ടത അന്ന് ഉണ്ടാകും.” (മത്തായി 24:21) ഈ “മഹാകഷ്ടത” അർമഗെദോൻ എന്ന യുദ്ധത്തിലേക്ക് നയിക്കും. ആ യുദ്ധത്തെ ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ എന്നാണ് വിളിക്കുന്നത്.—വെളിപാട് 16:14, 16.
എന്നാൽ അർമഗെദോൻ യുദ്ധം മനുഷ്യരെ നശിപ്പിക്കുകയല്ല, അവരെ രക്ഷിക്കുകയാണ് ചെയ്യുക. മനുഷ്യഭരണം പല നാശങ്ങൾക്കും കാരണമായ അനേകം യുദ്ധങ്ങൾ വരുത്തിവെക്കുന്നു. ദൈവം അർമഗെദോൻ യുദ്ധത്തിലൂടെ മനുഷ്യഭരണം അവസാനിപ്പിക്കും. എങ്ങനെയാണ് അർമഗെദോൻ യുദ്ധം നിലനിൽക്കുന്ന സമാധാനം കൊണ്ടുവരുന്നതെന്ന് അറിയാൻ പിൻവരുന്ന ലേഖനങ്ങൾ കാണുക: