ആണവയുദ്ധത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
നമ്മുടെ ലോകം ഒരു ആണവയുദ്ധ ഭീഷണി നേരിട്ടുകൊണ്ടാണിരിക്കുന്നത്. ലോകശക്തികൾ തങ്ങളുടെ ആണവായുധങ്ങൾ നിലനിറുത്തുകയും വർധിപ്പിക്കുകയും ചെയ്യുന്നു. ആണവായുധങ്ങളുടെ എണ്ണം കൂടുന്തോറും ഒരു ആണവയുദ്ധം തുടങ്ങാനുള്ള സാധ്യതയും കൂടും എന്ന സ്വാഭാവികമായ ആശങ്കയിലാണ് ആളുകൾ. ഒരു രാജ്യം ഒരു ചെറിയ അണുബോംബ് വിക്ഷേപിച്ചാൽപോലും അത് ഒരു വലിയ ആണവയുദ്ധത്തിനു തിരികൊളുത്തുമെന്നും അങ്ങനെ ഭൂമി മുഴുവൻ നശിക്കുമെന്നും ഉള്ള ഭയവും ആളുകൾക്കുണ്ട്. “നമ്മൾ എപ്പോഴും ഒരു ആണവയുദ്ധത്തിന്റെ ഭീഷണിയിലാണു ജീവിക്കുന്നത്” എന്ന് ആണവശാസ്ത്രജ്ഞരുടെ പത്രിക (ഇംഗ്ലീഷ്) പറയുന്നു.
ഒരു ആണവയുദ്ധം ഉണ്ടാകാൻ സാധ്യതയുണ്ടോ? അങ്ങനെയെങ്കിൽ നമ്മുടെ ഗ്രഹം രക്ഷപ്പെടുമോ? ആണവയുദ്ധം ഉണ്ടാകുമോ എന്ന ഉത്കണ്ഠയെ നേരിടാൻ നമുക്ക് എങ്ങനെ കഴിയും? ബൈബിൾ എന്താണു പറയുന്നത്?
ഈ ലേഖനത്തിൽ
ഒരു ആണവയുദ്ധത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറയുന്നുണ്ടോ?
ഒരു ആണവയുദ്ധത്താൽ ലോകം അവസാനിക്കുമെന്ന് ബൈബിൾ പ്രവചിക്കുന്നുണ്ടോ?
യുദ്ധത്തിനുള്ള പരിഹാരത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
വെളിപാട് എന്ന ബൈബിൾപുസ്തകം ഒരു ആണവയുദ്ധത്തെക്കുറിച്ച് പറയുന്നുണ്ടോ?
ഒരു ആണവയുദ്ധത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടി പറയുന്നുണ്ടോ?
ബൈബിൾ ആണവയുദ്ധത്തെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയുന്നില്ല. എങ്കിലും ആണവയുദ്ധത്തിലേക്കു നയിക്കുന്ന ആളുകളുടെ മനോഭാവത്തെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.
ഇന്നത്തെ ലോകസംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഈ ബൈബിൾവാക്യങ്ങളെക്കുറിച്ച് ചിന്തിക്കുക:
ബൈബിൾവാക്യം: ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും അടയാളം എന്തായിരിക്കും?” യേശു പറഞ്ഞു: “ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും.”—മത്തായി 24:3, 7.
ലോകസംഭവങ്ങൾ: രാജ്യങ്ങൾ തമ്മിൽ മിക്കപ്പോഴും യുദ്ധങ്ങൾ നടക്കുന്നു. ആണവായുധങ്ങൾ കൈവശമുള്ള അല്ലെങ്കിൽ വികസിപ്പിക്കാൻ പ്രാപ്തിയുള്ള രാജ്യങ്ങൾപോലും യുദ്ധങ്ങളിൽ ഉൾപ്പെടുന്നു.
“ഈ അടുത്ത വർഷങ്ങളിൽ ലോകത്ത് അക്രമങ്ങൾ കൂടിക്കൂടി വരുകയാണ്: ഏറ്റുമുട്ടലുകളുടെ എണ്ണവും വർധിച്ചു.”—ദി ആർമ്ഡ് കോൺഫ്ലിക്ട് ലൊക്കേഷൻ ആന്റ് ഇവന്റ് ഡാറ്റാ പ്രോജക്ട്.
ബൈബിൾവാക്യം: “അവസാനകാലത്ത് തെക്കേ രാജാവ് അവനോട് (വടക്കേ രാജാവിനോട്) ഏറ്റുമുട്ടും.”—ദാനിയേൽ 11:40.
ലോകസംഭവങ്ങൾ: ബൈബിളിൽ പ്രവചിച്ചിരിക്കുന്നതുപോലെ ശത്രുരാജ്യങ്ങളും അവരുടെ സഖ്യകക്ഷികളും ചേർന്ന് ആധിപത്യത്തിനുവേണ്ടി ഏറ്റുമുട്ടുകയോ മത്സരിക്കുകയോ ചെയ്യുന്നു. ഇന്നത്തെ ഏറ്റവും വലിയ ആണവശക്തികൾ നേരിട്ട് ഏറ്റുമുട്ടാൻ സാധ്യതയില്ലെങ്കിലും അവർ തങ്ങളുടെ ആണവായുധങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുന്നു.
“കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ രാജ്യങ്ങൾ തമ്മിൽ ഒരുപാടു വലിയ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. ഈ ഏറ്റുമുട്ടലിൽ ഉൾപ്പെടുന്ന രാജ്യങ്ങളെ ചിലപ്പോഴൊക്കെ പ്രധാനശക്തികൾ പിന്തുണയ്ക്കുന്നുമുണ്ട്.”—ഉപ്സാല കോൺഫ്ലിക്റ്റ് ഡാറ്റ പ്രോഗ്രാം.
ബൈബിൾവാക്യം: ‘അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക. കാരണം മനുഷ്യർ ഒരു കാര്യത്തോടും യോജിക്കാത്തവരും പരദൂഷണം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും ആയിരിക്കും.’—2 തിമൊഥെയൊസ് 3:1-3.
ലോകസംഭവങ്ങൾ: ഇന്നത്തെ പലരെയുംപോലെ ലോകനേതാക്കളും പല കാര്യങ്ങളോടും മിക്കപ്പോഴും യോജിക്കാത്തവരാണ്. തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ സമാധാനത്തോടെ പരിഹരിക്കുന്നതിനു പകരം ഭീഷണികളിലൂടെയും ബലപ്രയോഗത്തിലൂടെയും പരിഹരിക്കാൻ അവർ ശ്രമിച്ചേക്കാം. അത് ആണവയുദ്ധം ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയാണു ചെയ്യുന്നത്.
“സഹകരിച്ച് പ്രവർത്തിക്കാനായി പ്രായോഗികമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഏറ്റുമുട്ടലുകൾ അങ്ങേയറ്റം വഷളാകും.”—എസ്. ശരണും ജെ. ഹെർമനും, ലോക സാമ്പത്തിക ഫോറം.
ദൈവം ആണവയുദ്ധം അനുവദിക്കുമോ?
അങ്ങനെ ബൈബിൾ പറയുന്നില്ല. എന്നാൽ ‘പേടിപ്പിക്കുന്ന കാഴ്ചകൾ’ അഥവാ ഭയാനകമായ സംഭവങ്ങൾ നമ്മുടെ നാളിൽ ഉണ്ടാകുമെന്നു ബൈബിൾ പറയുന്നു. (ലൂക്കോസ് 21:11) അതിനൊരു ഉദാഹരണമാണ്, രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് അണുബോംബുകൾ വർഷിച്ചത്. ദൈവം യുദ്ധങ്ങൾ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നു ബൈബിൾ പറയുന്നുണ്ട്. അതെക്കുറിച്ച് കൂടുതൽ അറിയാൻ ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? എന്ന വീഡിയോ കാണുക.
ഭൂമി രക്ഷപ്പെടുമോ?
രക്ഷപ്പെടും. മനുഷ്യൻ വീണ്ടും ആണവായുധങ്ങൾ പ്രയോഗിച്ചാലും ഭൂമി പൂർണമായി നശിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാൻ ദൈവം അനുവദിക്കില്ല. നിലനിൽപ്പിനു ഭീഷണി ആയേക്കാവുന്ന എന്തു കാര്യത്തെയും ഭൂമി അതിജീവിക്കുമെന്നും ഭൂമിയിൽ എന്നേക്കും മനുഷ്യജീവനുണ്ടായിരിക്കുമെന്നും ബൈബിൾ പറയുന്നു.
ആണവയുദ്ധത്താൽ മലിനമായ തരിശുഭൂമിയിൽ, അതിജീവിക്കാൻ പാടുപെടുന്ന ചുരുക്കം ചില മനുഷ്യർ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നു ചിലർ ചിന്തിക്കുന്നു. എങ്കിലും യുദ്ധം കാരണം ഭൂമിക്കുണ്ടാകുന്ന പ്രശ്നങ്ങളെല്ലാം മാറി ഭൂമി പഴയപടിയാകുമെന്നു ബൈബിൾ സൂചിപ്പിക്കുന്നു.
മനോഹരമായ ഭൂമിയിൽ നമ്മൾ സന്തോഷത്തോടെ ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു
നമ്മുടെ സ്രഷ്ടാവ് ഭൂമിയെ രൂപകല്പന ചെയ്തിരിക്കുന്നത് സ്വയം സുഖപ്പെടാനുള്ള അത്ഭുതകരമായ പ്രാപ്തിയോടെയാണ്. അതുപോലെ ഭൂമിയെ പഴയസ്ഥിതിയിലാക്കാൻ ദൈവം തന്റെ ശക്തി ഉപയോഗിക്കും. മനുഷ്യരുടെ മനോഹരമായ ഭവനമായി അത് എക്കാലവും നിലനിൽക്കും.—സങ്കീർത്തനം 37:11, 29; വെളിപാട് 21:5.
ആണവയുദ്ധത്തെക്കുറിച്ചുള്ള പേടി എങ്ങനെ മാറ്റാം?
ഒരു ആണവയുദ്ധത്തെയും അത് ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങളെയും കുറിച്ചുള്ള പേടി ഇന്നു പലരെയും അലട്ടുന്നുണ്ടാകാം. എന്നാൽ ബൈബിളിലെ വാഗ്ദാനങ്ങളും ഉപദേശങ്ങളും അവരുടെ പേടി കുറയ്ക്കാൻ സഹായിക്കും. എങ്ങനെ?
ഭൂമിക്കും അതിൽ താമസിക്കുന്നവർക്കും മനോഹരമായ ഒരു ഭാവിയുണ്ടെന്നു ബൈബിൾ പറയുന്നു. ഈ പ്രത്യാശയെക്കുറിച്ച് പഠിക്കുന്നത് നമ്മുടെ ജീവിതത്തിന് ‘ഒരു നങ്കൂരംപോലെയാണ്.’ അതു നമ്മുടെ ഉത്കണ്ഠ കുറയ്ക്കുന്നു. (എബ്രായർ 6:19) അതുപോലെ ഭാവിയിൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം അന്നന്നത്തെ കാര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാൻ നമ്മളെ സഹായിക്കുന്നു. യേശു പറഞ്ഞതുപോലെ “ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകൾതന്നെ ധാരാളം.”—മത്തായി 6:34.
ശരിക്കും പറഞ്ഞാൽ, നമ്മളെല്ലാം മാനസികമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതു നല്ലതാണ്. ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും മറ്റും ഉള്ള വാർത്തകളും അഭിപ്രായങ്ങളും ചർച്ചകളും കേൾക്കുന്നത് കുറച്ചുകൊണ്ട് നമുക്ക് അതു ചെയ്യാം. അതിന്റെ അർഥം നമ്മൾ യാഥാർഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ട് ജീവിക്കണമെന്നല്ല. പകരം നമുക്കു നിയന്ത്രണമില്ലാത്തതും ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തതും ആയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് തലപുകയ്ക്കാതെ മനസ്സു ശാന്തമാക്കുകയാണ് അതിലൂടെ നമ്മൾ ചെയ്യുന്നത്.
മോശമായ വാർത്തകൾക്ക് ഇടവേള കൊടുത്തുകൊണ്ട് ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കുക.
ബൈബിൾ നല്ലൊരു ഭാവിയെക്കുറിച്ച് ഉറപ്പുള്ള ഒരു പ്രത്യാശ തരുന്നു
ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുന്നതു നിങ്ങൾക്കു പ്രത്യാശയും സന്തോഷവും മനസ്സമാധാനവും തരും.
ഒരു ആണവയുദ്ധത്താൽ ലോകം അവസാനിക്കുമെന്ന് ബൈബിൾ പ്രവചിക്കുന്നുണ്ടോ?
ഒരു ആഗോള ആണവയുദ്ധമാണ് അർമഗെദോൻ അഥവാ ലോകാവസാനം എന്നു പലരും ചിന്തിക്കുന്നു. ഇത്തരം ഒരു യുദ്ധത്തിന്റെ വിനാശകരമായ ഭവിഷ്യത്തുകളെക്കുറിച്ച് അവർ ചിന്തിച്ചുകൂട്ടുന്നുമുണ്ട്.
എന്നാൽ ബൈബിൾ “അർമഗെദോൻ” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ‘ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരും’ അഥവാ മനുഷ്യഗവൺമെന്റുകളും ദൈവവും തമ്മിലുള്ള യുദ്ധത്തെ സൂചിപ്പിക്കാനാണ്.a (വെളിപാട് 16:14, 16) ഒരു അണുബോംബ് വർഷിക്കുമ്പോൾ ആരൊക്കെയാണ് മരിച്ചുവീഴുന്നതെന്നോ ഭൂമിക്ക് എന്തെല്ലാം സംഭവിക്കുമെന്നോ മുൻകൂട്ടിപ്പറയാനാകില്ല. എന്നാൽ അതുപോലെയല്ല അർമഗെദോൻ. അർമഗെദോനിൽ ദൈവം ദുഷ്ടന്മാരെ മാത്രമേ നശിപ്പിക്കുകയുള്ളൂ. അതു ഭൂമിയിൽ യഥാർഥസമാധാനവും സുരക്ഷിതത്വവും കൊണ്ടുവരും.—സങ്കീർത്തനം 37:9, 10; യശയ്യ 32:17, 18; മത്തായി 6:10.
യുദ്ധത്തിനുള്ള പരിഹാരത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
ദൈവമായ യഹോവb യുദ്ധങ്ങൾ നിറുത്തലാക്കാനും യുദ്ധായുധങ്ങൾ നശിപ്പിക്കാനും ആയി തന്റെ അധികാരം ഉപയോഗിക്കും. ദൈവം അതു ചെയ്യുന്നത് തന്റെ രാജ്യത്തിലൂടെ അഥവാ ഭൂമിയിലെ സകലതിന്റെയും ഭരണം ഏറ്റെടുക്കുന്ന ഒരു സ്വർഗീയഗവൺമെന്റിലൂടെ ആയിരിക്കും.—ദാനിയേൽ 2:44.
സമാധാനത്തോടെയും ഐക്യത്തോടെയും എങ്ങനെ ജീവിക്കാമെന്നു ദൈവരാജ്യം ആളുകളെ പഠിപ്പിക്കും. അന്നു ഭൂമി മുഴുവൻ ഭരിക്കുന്നത് ഒരൊറ്റ ഗവൺമെന്റ് ആയതുകൊണ്ട് രാജ്യങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കില്ല. കൂടാതെ യുദ്ധം ചെയ്യാൻ ആളുകൾ പിന്നെ പരിശീലിക്കുകയുമില്ല. (മീഖ 4:1-3) അപ്പോൾ ഭൂമിയിലെ അവസ്ഥ എങ്ങനെയായിരിക്കും? “അവർ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ ഇരിക്കും; ആരും അവരെ പേടിപ്പിക്കില്ല.”—മീഖ 4:4.
a “അർമഗെദോൻ യുദ്ധം എന്താണ്?” എന്ന ലേഖനം കാണുക.
b ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.