രാഷ്ട്രീയഭിന്നത—ബൈബിൾപ്രവചനത്തിന്റെ നിവൃത്തി
രാഷ്ട്രീയത്തിന്റെ പേരിൽ ഇന്ന് ആളുകൾ വിഭജിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നിയമങ്ങൾ വരുമ്പോൾ അവർ അതിനോടു വിയോജിപ്പു കാണിക്കും. അതുപോലെ രാഷ്ട്രീയകാര്യങ്ങളോടുള്ള തങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങൾ അവർ ശക്തമായ രീതിയിൽ തുറന്നുകാട്ടുകയും ചെയ്യും. ഗവൺമെന്റിലെ നിയമനിർമാതാക്കൾക്കും മറ്റ് അധികാരികൾക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും ഉള്ളത്. അതുകൊണ്ടുതന്നെ അവർക്ക് ഒരുമിച്ച് പ്രവർത്തിക്കാനോ വഴക്കം കാണിക്കാനോ കഴിയുന്നില്ല. ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ രാഷ്ട്രീയപ്രശ്നങ്ങൾക്ക് ഇടയാകുന്നതുകൊണ്ട് ഗവൺമെന്റിന് നന്നായി പ്രവർത്തിക്കാൻ കഴിയുന്നില്ല.
രാഷ്ട്രീയപ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോൾ പ്രത്യേകിച്ചും, ഐക്യനാടുകളുടെയും ബ്രിട്ടന്റെയും കാര്യത്തിൽ ഒരു പ്രത്യേകതയുണ്ട്. കാരണം ഇതുപോലുള്ള രാഷ്ട്രീയപ്രശ്നങ്ങൾ അവിടെ ഉണ്ടാകുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. ഈ പ്രശ്നങ്ങളൊക്കെ നിലവിലുള്ള സമയത്തായിരിക്കും ദൈവത്തിന്റെ ഒരു ഗവൺമെന്റ് ഭൂമിയിൽ വരുന്നതെന്നും ഭൂമിയുടെ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതെന്നും ബൈബിൾ പറയുന്നു.
രാഷ്ട്രീയഭിന്നത—“അവസാനനാളുകളിൽ”
ബൈബിളിലെ ദാനിയേൽ പുസ്തകത്തിൽ ആവേശകരമായ ഒരു പ്രവചനമുണ്ട്. ആ പ്രവചനത്തിൽ “അവസാനനാളുകളിൽ എന്തു സംഭവിക്കുമെന്ന്” ദൈവം വെളിപ്പെടുത്തി. ഭാവിയിൽ മനുഷ്യചരിത്രത്തിൽ നടക്കാനിരിക്കുന്ന വലിയൊരു സംഭവമായിരുന്നു അത്.—ദാനിയേൽ 2:28.
ബാബിലോണിലെ രാജാവിന് ഒരു സ്വപ്നത്തിലൂടെ ദൈവം ആ പ്രവചനം കാണിച്ചുകൊടുത്തു. സ്വപ്നത്തിൽ രാജാവ് ഭീമാകാരമായ ഒരു പ്രതിമയെ കണ്ടു. വ്യത്യസ്തതരം ലോഹങ്ങൾകൊണ്ടുള്ളതായിരുന്നു ആ പ്രതിമ. പിന്നീട് ആ പ്രതിമയുടെ തലമുതൽ പാദംവരെയുള്ള ഭാഗങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നു പ്രവാചകനായ ദാനിയേൽ വിശദീകരിച്ചു. ഭാവിയിൽ ശക്തരാകുന്നതും പിന്നീട് വീണുപോകുന്നതും ആയ ലോകശക്തികളെയാണ് കുറിക്കുന്നതെന്ന് ദാനിയേൽ പറഞ്ഞു.a അവസാനം ഒരു കല്ല് വന്നിടിച്ച് ആ പ്രതിമ പൂർണമായും തകർന്നു. ആ കല്ല് ഒരു രാജ്യമാണ്—ദൈവം കൊണ്ടുവരുന്ന ഒരു ഗവൺമെന്റ്.—ദാനിയേൽ 2:36-45.
ആ പ്രവചനമനുസരിച്ച് ദൈവത്തിന്റെ രാജ്യം മനുഷ്യരുടെ എല്ലാ ഗവൺമെന്റുകളെയും നീക്കംചെയ്ത് ആ സ്ഥാനത്ത് വരും. “അങ്ങയുടെ രാജ്യം വരേണമേ” എന്ന് യേശു തന്റെ ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിച്ചത് ഈ രാജ്യത്തെക്കുറിച്ചാണ്.—മത്തായി 6:10.
ഈ ബൈബിൾപ്രവചനത്തിൽ എവിടെയാണ് രാഷ്ട്രീയഭിന്നതയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്? ആ പ്രതിമയുടെ പാദം “ഭാഗികമായി ഇരുമ്പുകൊണ്ടുള്ളതും ഭാഗികമായി കളിമണ്ണുകൊണ്ടുള്ളതും” ആണ് എന്നതു നിങ്ങൾ ശ്രദ്ധിച്ചോ? (ദാനിയേൽ 2:33) പ്രതിമയുടെ ബാക്കിയുള്ള ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത് ശക്തമായ ചില ലോഹങ്ങൾകൊണ്ടാണ്. എന്നാൽ പാദങ്ങൾ അതിൽനിന്ന് വ്യത്യസ്തമാണ്. ഇതു കാണിക്കുന്നത് ഈ ലോകശക്തി മറ്റു ലോകശക്തികളിൽനിന്നും വ്യത്യസ്തമാണ് എന്നാണ്. എങ്ങനെ? ദാനിയേലിന്റെ പ്രവചനം അതു വിശദീകരിക്കുന്നു:
ഈ പ്രവചനമനുസരിച്ച് പാദങ്ങൾ അർഥമാക്കുന്ന ലോകശക്തിക്കു രാഷ്ട്രീയഭിന്നത നേരിടേണ്ടിവരും. ആ ലോകശക്തിക്കു കീഴിൽ ജീവിക്കുന്ന ജനങ്ങൾതന്നെ അതിന്റെ ശക്തി ദുർബലമാക്കുന്ന കാര്യങ്ങൾ ചെയ്യും. അതുകൊണ്ട് അതിനു ശക്തമായി നിലനിൽക്കാനാകില്ല.
ദാനിയേലിന്റെ പ്രവചനം ഇന്നു നിവൃത്തിയേറുന്നു
ആ പ്രതിമയുടെ പാദങ്ങൾ അർഥമാക്കുന്നത് ഐക്യനാടുകളും ബ്രിട്ടനും ചേർന്നുള്ള ലോകശക്തിയെയാണ്. അതു ശരിയാണെന്ന് ഇന്നത്തെ സംഭവങ്ങൾ എങ്ങനെയാണു തെളിവ് നൽകുന്നത്?
ഈ പ്രതിമയുടെ പാദങ്ങൾ ‘ഭാഗികമായി ഇരുമ്പുകൊണ്ടും ഭാഗികമായി കളിമണ്ണുകൊണ്ടും’ ആണ് നിർമിച്ചിരിക്കുന്നതെന്നു നമ്മൾ കണ്ടു. അതുകൊണ്ട് അതു സ്വാഭാവികമായും ദുർബലമായിരിക്കും. (ദാനിയേൽ 2:42) ഇന്ന് അമേരിക്കയിലും ബ്രിട്ടനിലും ഉള്ള സ്വന്തം ആളുകൾതന്നെ അവരുടെ ശക്തി ദുർബലമാക്കുന്നു. ഉദാഹരണത്തിന്, രണ്ടു രാജ്യങ്ങളിലും അവരുടെ പൗരന്മാർക്കിടയിൽത്തന്നെ സംഘർഷങ്ങൾ ഉണ്ടാകുന്നു. അവിടെയുള്ള ആളുകൾ തങ്ങളുടെ സ്വന്തം അവകാശങ്ങൾക്കുവേണ്ടി അക്രമാസക്തമായി പ്രതിഷേധിക്കുന്നു. അതുപോലെ ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾക്ക് പല പ്രശ്നങ്ങളുടെ കാര്യത്തിലും ഒരു ധാരണയിലെത്താനാകുന്നില്ല. ഈ രാജ്യങ്ങളിലുള്ളവർ പരസ്പരം ഐക്യത്തിൽ അല്ലാത്തതുകൊണ്ടുതന്നെ ഗവൺമെന്റിന് അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പാക്കാൻ കഴിയുന്നില്ല.
ദാനിയേൽ 2-ാം അധ്യായത്തിൽ ഗവൺമെന്റുകളുടെ അവസ്ഥ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്
ദാനിയേൽ പ്രവചനത്തിലെ ചില വിശദാംശങ്ങളുടെ അർഥവും അത് ഇന്ന് എങ്ങനെയാണു നിവൃത്തിയേറുന്നതെന്നും നമുക്ക് കൂടുതലായി ചിന്തിക്കാം:
പ്രവചനം: ‘ആ രാജ്യം ഭിന്നിച്ചതായിരിക്കും. അതിനു കുറച്ചൊക്കെ ഇരുമ്പിന്റെ ഉറപ്പുണ്ടായിരിക്കും.’—ദാനിയേൽ 2:41.
അർഥം: ഐക്യനാടുകളിലും ബ്രിട്ടനിലും തങ്ങളുടെ ഗവൺമെന്റുകൾക്കുള്ളിൽത്തന്നെ രാഷ്ട്രീയഭിന്നതകൾ ഉണ്ടെങ്കിലും അവരുടെ സൈന്യം വളരെ ശക്തമാണ്. അതുകൊണ്ട് ഇരുമ്പിന്റെ ശക്തിപോലെതന്നെ അവർക്കു ലോകത്തെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാൻ കഴിയും.
നിവൃത്തി
2023-ൽ സൈനിക ആവശ്യങ്ങൾക്കുവേണ്ടി ഓരോ രാജ്യവും ചെലവഴിച്ച തുകയുടെ പട്ടിക നോക്കുമ്പോൾ, ഐക്യനാടുകളും ബ്രിട്ടനും കൂടി വലിയൊരു തുക ചെലവാക്കിയതായി കാണാം. ആ തുക ആ പട്ടികയിൽ ഈ രാജ്യങ്ങൾക്കു ശേഷം വരുന്ന 12 രാജ്യങ്ങൾ ചെലവാക്കിയ മൊത്തം തുകയെക്കാൾ വലുതായിരുന്നു.—സ്റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനം.
“ഐക്യനാടുകളും ബ്രിട്ടനും തങ്ങളുടെ രാജ്യങ്ങളെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ആയി ഒരുമിച്ച് പ്രവർത്തിക്കുന്നു. . . . മറ്റേതു രാജ്യങ്ങളെക്കാളും ശക്തമായ ബന്ധമാണ് ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ളത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയും ആശയങ്ങളും അവർ ഉപയോഗിക്കുന്നു. . . . ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നു.”—സ്ട്രാറ്റജിക് കമാൻഡ്, യു.കെ. പ്രതിരോധ മന്ത്രാലയം, 2024 ഏപ്രിൽ.
പ്രവചനം: “പാദത്തിലെ വിരലുകൾ ഭാഗികമായി ഇരുമ്പും ഭാഗികമായി കളിമണ്ണും കൊണ്ടായിരുന്നതുപോലെ രാജ്യം ഭാഗികമായി ബലമുള്ളതും ഭാഗികമായി ദുർബലവും ആയിരിക്കും.”—ദാനിയേൽ 2:42.
അർഥം: ഐക്യനാടുകൾക്കും ബ്രിട്ടനും ശക്തമായ സൈന്യമുണ്ടെങ്കിലും അവർ ആഗ്രഹിക്കുന്നതുപോലെയൊന്നും പ്രവർത്തിക്കാൻ കഴിയുന്നില്ല. കാരണം ആ ജനാധിപത്യ ഗവൺമെന്റ് പ്രവർത്തിക്കുന്ന രീതി അങ്ങനെയാണ്. വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിൽ ഈ ഗവൺമെന്റുകൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണ്.
നിവൃത്തി
“ചില രാഷ്ട്രീയവിദഗ്ധർ പറയുന്നത്, ഐക്യനാടുകൾ ലോകത്തുള്ള മറ്റുള്ളവർക്ക് ചെയ്യാമെന്ന് അവകാശപ്പെട്ട കാര്യങ്ങൾപോലും അവർക്ക് ചെയ്യാനാകുന്നില്ല എന്നാണ്. ഉദാഹരണത്തിന്, സുരക്ഷയോടും ബിസിനെസ്സിനോടും ബന്ധപ്പെട്ട കാര്യങ്ങൾ.”—“ദി വാൾ സ്ട്രീറ്റ് ജേർണൽ.”
“മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും രാഷ്ട്രീയക്കാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതും ആയ നിരവധി പ്രശ്നങ്ങൾ ബ്രിട്ടനിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പൗരന്മാരെ സഹായിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഗവൺമെന്റ് ജീവനക്കാർക്ക് കഴിയുന്നില്ല.”—ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗവൺമെന്റ്.
പ്രവചനം: “ജനങ്ങളുമായി (രാജ്യം) ഇടകലർന്നിരിക്കും. എന്നാൽ, ഇരുമ്പു കളിമണ്ണുമായി ചേരാത്തതുപോലെ അവ തമ്മിൽ ചേരില്ല.”—ദാനിയേൽ 2:43.
അർഥം: ജനാധിപത്യ ഗവൺമെന്റുകളിൽ, രാഷ്ട്രീയക്കാരല്ലാത്ത ആളുകൾക്ക് ഗവൺമെന്റുകളിൽ സംഭവിക്കുന്ന കാര്യങ്ങളുടെമേൽ ചില നിയന്ത്രണങ്ങൾ ഉണ്ടായേക്കാം. എന്നാൽ അതിന്റെ ഫലം എപ്പോഴും അത്ര തൃപ്തികരമായിരിക്കില്ല.
നിവൃത്തി
“ഇന്ന് മിക്ക അമേരിക്കക്കാർക്കും രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയക്കാരെക്കുറിച്ചും വളരെ മോശമായ അഭിപ്രായമാണുള്ളത്.”—പ്യൂ റിസർച്ച് സെന്റർ.
“കഴിഞ്ഞ 50 വർഷത്തിനിടയിൽ ഉണ്ടായിരുന്നതിനെക്കാൾ വിശ്വാസക്കുറവാണ് ഇന്ന് ബ്രിട്ടീഷ് ജനതയ്ക്ക് അവരുടെ ഗവൺമെന്റിലും രാഷ്ട്രീയക്കാരിലും ഉള്ളത്.”—“നാഷണൽ സെന്റർ ഫോർ സോഷ്യൽ റിസർച്ച്.”
ഭാവിയിൽ എങ്ങനെയാണു ദാനിയേലിന്റെ പ്രവചനം നിവൃത്തിയേറുന്നത്?
ഐക്യനാടുകളും ബ്രിട്ടനും ഒരുമിച്ച് പ്രബലമായ ഒരു ലോകശക്തിയായി നിൽക്കുന്ന സമയത്തായിരിക്കും ദാനിയേൽ പ്രവചനമനുസരിച്ച് ദൈവത്തിന്റെ രാജ്യം എല്ലാ മനുഷ്യഗവൺമെന്റുകളെയും നീക്കം ചെയ്യുന്നത്.—ദാനിയേൽ 2:44.
ആ സമയത്തെക്കുറിച്ചുതന്നെ പറയുന്ന വെളിപാട് പുസ്തകത്തിലെ പ്രവചനത്തിൽ ‘ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാർ’ ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധമായ’ അർമഗെദോൻ യുദ്ധത്തിനായി യഹോവയ്ക്ക്b എതിരെ ഒരുമിച്ചുകൂടുമെന്ന് പറയുന്നു. (വെളിപാട് 16:14, 16; 19:19-21) ഈ യുദ്ധത്തിൽ എല്ലാ മനുഷ്യഗവൺമെന്റുകളെയും യഹോവ നശിപ്പിക്കും. അങ്ങനെ ദാനിയേൽ പ്രവചനത്തിൽ കണ്ട ആ പ്രതിമ അർഥമാക്കുന്ന എല്ലാ ലോകശക്തികളും ഇല്ലാതാകും.
കൂടുതൽ അറിയാൻ “അർമഗെദോൻ യുദ്ധം എന്താണ്?” എന്ന ലേഖനം കാണുക.
രാഷ്ട്രീയഭിന്നതകളെക്കുറിച്ചുള്ള ദാനിയേലിന്റെ പ്രവചനത്തിൽനിന്ന് നമുക്കുള്ള പ്രയോജനം
അമേരിക്കയിലും ബ്രിട്ടനിലും ഉള്ള രാഷ്ട്രീയഭിന്നതകളെക്കുറിച്ച് ബൈബിൾ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞിരുന്നു. അതെക്കുറിച്ച് പഠിക്കുന്നത് ഇന്നു നടക്കുന്ന സംഭവങ്ങളെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടോടെ കാണാൻ നമ്മളെ സഹായിക്കും.
ലോകത്തിലെ രാഷ്ട്രീയകാര്യങ്ങളിൽ തന്റെ അനുഗാമികൾ നിഷ്പക്ഷരായിരിക്കണമെന്ന് യേശു ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്നു നമുക്ക് മനസ്സിലാകും. (യോഹന്നാൻ 17:16) ദൈവം തന്റെ രാജ്യത്തിനുവേണ്ടി തിരഞ്ഞെടുത്ത ഭരണാധികാരിയായ യേശു എന്തുകൊണ്ടാണ് “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്നു പറഞ്ഞതെന്നും നമുക്ക് മനസ്സിലാകും. —യോഹന്നാൻ 18:36.
ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ ദൈവരാജ്യം ഉടൻതന്നെ എല്ലാ പ്രശ്നങ്ങളും മാറ്റുമെന്നും മനുഷ്യർക്ക് അത്ഭുതകരമായ അനുഗ്രഹങ്ങൾ കൊണ്ടുവരുമെന്നും നമുക്ക് ഉറപ്പുണ്ടാകും.—വെളിപാട് 21:3, 4.
ഭാവിയിലേക്ക് നോക്കുമ്പോൾ ആത്മവിശ്വാസം തോന്നും. ഇന്നുള്ള രാജ്യങ്ങൾ ഈ ഭൂമിയെ നശിപ്പിക്കുമോ എന്ന ഉത്കണ്ഠയും മാറും.—സങ്കീർത്തനം 37:11, 29.
ദാനിയേൽ പ്രവചനത്തിൽ കാണുന്നതുപോലെ പ്രതിമയുടെ പാദം അർഥമാക്കുന്ന ഐക്യനാടുകളും ബ്രിട്ടനും ചേർന്നുള്ള സഖ്യമായിരിക്കും മനുഷ്യവർഗത്തെ ഭരിക്കുന്ന അവസാനത്തെ ലോകശക്തി. അതിനുശേഷം വരാൻപോകുന്നത് സ്വർഗത്തിൽനിന്ന് ഭരിക്കുന്ന പൂർണമായ ഒരു ഗവൺമെന്റ് ആയിരിക്കും, ദൈവത്തിന്റെ രാജ്യം!
ദൈവരാജ്യം മനുഷ്യർക്കുവേണ്ടി എന്താണ് ചെയ്യാൻപോകുന്നത് എന്ന് മനസ്സിലാക്കുന്നതിനുവേണ്ടി എന്താണ് ദൈവരാജ്യം? എന്ന വീഡിയോ കാണുക.
a “ഏതൊക്കെ ലോകശക്തികളെക്കുറിച്ചാണ് ദാനിയേലിന്റെ പ്രവചനം പറയുന്നത്?” എന്ന ചതുരം കാണുക.
b ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?” എന്ന ലേഖനം കാണുക.