യഹോവയുടെ സാക്ഷികൾ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
ഞങ്ങളുടെ സംഘടനയുടെ മതപരമായ പ്രവർത്തനങ്ങളെയും ദുരിതാശ്വാസപ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനുവേണ്ടിയാണ് ഈ സംഭാവനകൾ ഉപയോഗിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളൊക്കെ നടത്തുന്നതിന്റെ മുഖ്യലക്ഷ്യം ക്രിസ്തുവിന്റെ ശിഷ്യരാകാൻ ആളുകളെ സഹായിക്കുക എന്നതാണ്.—മത്തായി 28:19, 20.
ആരുടെയെങ്കിലും സാമ്പത്തികനേട്ടത്തിനുവേണ്ടി ഈ സംഭാവനകൾ ഞങ്ങൾ ഉപയോഗിക്കുന്നില്ല. മൂപ്പന്മാരോ മറ്റു ശുശ്രൂഷകരോസേവനം ചെയ്യുന്നതു പ്രതിഫലം വാങ്ങിയല്ല. പണം കൈപ്പറ്റിയിട്ടല്ല യഹോവയുടെ സാക്ഷികൾ വീടുതോറും പോകുന്നത്. ഞങ്ങളുടെ ബ്രാഞ്ചോഫീസുകളിലോ ലോകാസ്ഥാനത്തോ ഉള്ള ആരും, ഭരണസംഘാംഗങ്ങൾപോലും, ശമ്പളം പറ്റിയല്ല സേവിക്കുന്നത്.
ഞങ്ങളുടെ ചില പ്രവർത്തനങ്ങൾ
പ്രസിദ്ധീകരണങ്ങൾ: ഞങ്ങൾ ഓരോ വർഷവും ലക്ഷക്കണക്കിനു ബൈബിളുകളും മറ്റു ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും പരിഭാഷചെയ്ത്, അച്ചടിച്ച്, വിതരണം ചെയ്യുന്നു. പണം ഒന്നും ഈടാക്കാതെയാണ് ഞങ്ങൾ അതു ചെയ്യുന്നത്. ഇലക്ട്രോണിക് രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നതിനായി ഞങ്ങൾ jw.org വെബ്സൈറ്റ്, JW ലൈബ്രറി ആപ്ലിക്കേഷൻ എന്നിവ ഉപയോഗിക്കുന്നു. അവയ്ക്കും ഞങ്ങൾ പണം ഈടാക്കുന്നില്ല. അതുപോലെ പണം ഉണ്ടാക്കാനായി ഞങ്ങൾ ഒരു പരസ്യവും സ്വീകരിക്കുന്നുമില്ല.
നിർമാണപ്രവർത്തനങ്ങളും കേടുപോക്കലും: ലോകമെമ്പാടുമായി ഞങ്ങൾ ലളിതമായ ആരാധനാലയങ്ങൾ പണിയുകയും കേടുപോക്കുകയും ചെയ്യുന്നു. അവിടെ ഞങ്ങൾ കൂടിവന്ന് ദൈവത്തെ ആരാധിക്കുന്നു. അതുപോലെ ഞങ്ങൾ ബ്രാഞ്ചോഫീസുകളും പരിഭാഷാകേന്ദ്രങ്ങളും പണിയുകയും കേടുപോക്കുകയും ചെയ്യുന്നു. ഈ നിർമാണവേലയിൽ അധികവും നിർവഹിക്കുന്നതു ഞങ്ങളുടെ സ്വമേധാസേവകരാണ്. അങ്ങനെ ഞങ്ങൾക്കു ചെലവുചുരുക്കാൻ കഴിയുന്നു.
മേൽനോട്ടം: ഞങ്ങളുടെ ലോകാസ്ഥാനം, ബ്രാഞ്ചോഫീസ്, പരിഭാഷാകേന്ദ്രം എന്നിവിടങ്ങളിലെയും സഞ്ചാരശുശ്രൂഷകരുടെയും പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതു ലോകവ്യാപകവേലയ്ക്കുവേണ്ടി ലഭിക്കുന്ന സംഭാവനകൾ ഉപയോഗിച്ചാണ്.
സുവിശേഷവേല: സാക്ഷികൾ സന്തോഷവാർത്ത പ്രസംഗിക്കുന്നതും മറ്റുള്ളവരെ ദൈവവചനം പഠിപ്പിക്കുന്നതും പണം കൈപ്പറ്റിയല്ല. (2 കൊരിന്ത്യർ 2:17) എന്നാൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ പരിശീലനം കിട്ടിയ ചില ശുശ്രൂഷകർ തങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും സുവിശേഷപ്രവർത്തനത്തിനുവേണ്ടി ചെലവഴിക്കുന്നു. അവരുടെ താമസസൗകര്യം, മറ്റു അടിസ്ഥാന ആവശ്യങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുവേണ്ടി ഈ സംഭാവനകൾ ഉപയോഗിക്കുന്നു.—ഫിലിപ്പിയർ 4:16, 17; 1 തിമൊഥെയൊസ് 5:17, 18.
പഠിപ്പിക്കൽ: ഞങ്ങളുടെ സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവ നടത്താനും ഈ സംഭാവനകൾ ഉപയോഗിക്കുന്നു. അതുകൂടാതെ ബൈബിൾ അടിസ്ഥാനമാക്കിയുള്ള ഓഡിയോ, വീഡിയോ പരിപാടികളും ഞങ്ങൾ പുറത്തിറക്കുന്നു. മൂപ്പന്മാരെയും മുഴുസമയ ശുശ്രൂഷകരെയും പരീശിലിപ്പിക്കുന്നതിനു ഞങ്ങൾ സ്കൂളുകൾ നടത്തുന്നു, അത് അവരുടെ ഉത്തരവാദിത്വം ഫലപ്രദമായി നിറവേറ്റാൻ അവരെ സഹായിക്കുന്നു.
ദുരിതാശ്വാസപ്രവർത്തനങ്ങൾ: പ്രകൃതിദുരന്തങ്ങൾ, മനുഷ്യർ വരുത്തിവെക്കുന്ന മറ്റു ദുരിതങ്ങൾ എന്നിവ മൂലം കഷ്ടപ്പെടുന്ന ആളുകൾക്കു ഭക്ഷണം, വെള്ളം, പാർപ്പിടം എന്നിവ ഞങ്ങൾ കൊടുക്കുന്നു. ‘സഹവിശ്വാസികൾക്കു’ മാത്രമല്ല മറ്റുള്ളവർക്കും ഇതിൽനിന്ന് പ്രയോജനം ലഭിക്കുന്നു.—ഗലാത്യർ 6:10, സത്യവേദപുസ്തകം.