മുമ്പ് തങ്ങളുടെ മതത്തിന്റെ ഭാഗമായിരുന്നവരോട് യഹോവയുടെ സാക്ഷികൾ എങ്ങനെയാണ് ഇടപെടുന്നത്?
ഞങ്ങൾ എല്ലാവരോടും സ്നേഹത്തോടെയും ദയയോടെയും ആദരവോടെയും ഇടപെടാനാണ് ശ്രമിക്കുന്നത്. യഹോവയുടെ സാക്ഷികളിൽ ഒരാൾ യഹോവയോടുള്ള ആരാധനയിൽ പിന്നോട്ടുപോകുകയോ നിറുത്തിക്കളയുകയോ ചെയ്താൽ ഞങ്ങൾ അവരെa കണ്ട് അവരെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പ് നൽകുകയും വീണ്ടും ദൈവത്തിലേക്ക് മടങ്ങിവരാൻ വേണ്ട സഹായം കൊടുക്കുകയും ചെയ്യും.—ലൂക്കോസ് 15:4-7.
ചില സാഹചര്യങ്ങളിൽ ഒരാളുടെ മോശമായ പ്രവൃത്തി കാരണം അദ്ദേഹത്തെ സഭയിൽനിന്നും നീക്കം ചെയ്തേക്കാം. (1 കൊരിന്ത്യർ 5:13) എന്നാൽ സഹവിശ്വാസികളോട് ഞങ്ങൾക്ക് ആഴമായ സ്നേഹമുള്ളതുകൊണ്ട് ആ വ്യക്തിയെ നീക്കം ചെയ്യുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിനുവേണ്ട സഹായം ചെയ്തുകൊടുക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഇനി നീക്കം ചെയ്താലും ബൈബിൾ പ്രോത്സാഹിപ്പിക്കുന്നതുപോലെ തുടർന്നും ആ വ്യക്തിയെ ഞങ്ങൾ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യും.—മർക്കോസ് 12:31; 1 പത്രോസ് 2:17.
ഒരു വ്യക്തിയെ സഭയിൽനിന്നും നീക്കം ചെയ്യുന്നതിന്റെ കാരണം എന്താണ്?
ഒരു ക്രിസ്ത്യാനി ഗുരുതരമായ തെറ്റ് ചെയ്യുകയും ആ കാര്യത്തിൽ മാറ്റം വരുത്താൻ വിസമ്മതിക്കുകയും ചെയ്താൽ അദ്ദേഹത്തെ സഭയിൽനിന്ന് നീക്കം ചെയ്യണമെന്ന് ബൈബിൾ വ്യക്തമായി പറയുന്നു.b (1 കൊരിന്ത്യർ 5:11-13) ഒരു വ്യക്തിയെ സഭയിൽനിന്ന് നീക്കം ചെയ്യാൻമാത്രം ഗുരുതരമായ തെറ്റുകൾ ഏതെല്ലാമാണെന്നും അതിലുണ്ട്. ഉദാഹരണത്തിന്, വ്യഭിചാരം, മുഴുക്കുടി, കൊലപാതകം, ഗാർഹികപീഡനം, മോഷണം പോലുള്ളവ.—1 കൊരിന്ത്യർ 6:9, 10; ഗലാത്യർ 5:19-21; 1 തിമൊഥെയൊസ് 1:9, 10.
എന്നാൽ ഗുരുതരമായ ഒരു പാപം ചെയ്ത വ്യക്തിയെ പെട്ടെന്നുതന്നെ സഭയിൽനിന്ന് നീക്കം ചെയ്യില്ല. ആദ്യം സഭയിലെ മൂപ്പന്മാർc അദ്ദേഹത്തെ മാറ്റങ്ങൾ വരുത്താൻ സഹായിക്കും. (റോമർ 2:4) സൗമ്യതയോടും ദയയോടും കൂടെ അദ്ദേഹത്തിന്റെ ഹൃദയത്തിൽ എത്തിച്ചേരാൻ അവർ ശ്രമിക്കും. (ഗലാത്യർ 6:1) അങ്ങനെ ചെയ്യുന്നത് തെറ്റുകൾ തിരിച്ചറിയാനും തിരുത്താനും അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം. (2 തിമൊഥെയൊസ് 2:24-26) എന്നാൽ സഹായിക്കാൻ പല തവണ ശ്രമിച്ചിട്ടും അദ്ദേഹം ബൈബിളിന്റെ നിലവാരങ്ങൾ ലംഘിക്കുകയും മാനസാന്തരപ്പെടാതിരിക്കുകയും ചെയ്താൽ അദ്ദേഹത്തെ സഭയിൽനിന്ന് നീക്കം ചെയ്യും. ആ വ്യക്തി ഇനി ഒരു യഹോവയുടെ സാക്ഷിയായിരിക്കില്ല എന്ന് മൂപ്പന്മാർ സഭയിൽ ഒരു അറിയിപ്പ് നടത്തും.
സൗമ്യതയോടെയും ദയയോടെയും തെറ്റു ചെയ്ത വ്യക്തിയുടെ ഹൃദയത്തിലേക്ക് എത്തിച്ചേരാൻ മൂപ്പന്മാർ ശ്രമിക്കുന്നു
തെറ്റ് ചെയ്യുന്നതിൽ തുടരുന്ന ഒരു വ്യക്തിയെ നീക്കം ചെയ്യുന്നതിലൂടെ എന്തെല്ലാം പ്രയോജനങ്ങളുണ്ട്? ഒന്നാമതായി, സഭയിൽ ദൈവത്തിന്റെ ധാർമികനിലവാരങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയും. അതുപോലെ തെറ്റു ചെയ്ത വ്യക്തിയുടെ സ്വാധീനത്തിൽനിന്ന് മറ്റുള്ളവർക്ക് ഒരു സംരക്ഷണവും ആയിരിക്കും. (1 കൊരിന്ത്യർ 5:6; 15:33; 1 പത്രോസ് 1:16) ആ വ്യക്തിക്ക് തെറ്റുകൾ തിരുത്താനും വേണ്ട മാറ്റങ്ങൾ വരുത്താനും അതിലൂടെ കഴിഞ്ഞേക്കാം.—എബ്രായർ 12:11.
സഭയിൽനിന്ന് നീക്കം ചെയ്തവരോട് യഹോവയുടെ സാക്ഷികൾ എങ്ങനെയാണ് ഇടപെടുന്നത്?
ഒരു ക്രിസ്ത്യാനി സഭയിൽനിന്ന് നീക്കം ചെയ്ത ഒരാളുമായുള്ള “കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നാണു” ബൈബിൾ പറയുന്നത്. “അയാളുടെകൂടെ ഭക്ഷണം കഴിക്കാൻപോലും പാടില്ല” എന്നും പറയുന്നു. (1 കൊരിന്ത്യർ 5:11) നീക്കം ചെയ്ത ഒരാളുമായി നമ്മൾ സഹവസിക്കുന്നില്ല. എന്നിരുന്നാലും ഞങ്ങൾ അവരെ പൂർണമായി അവഗണിക്കില്ല. ഞങ്ങൾ അദ്ദേഹത്തോട് ആദരവോടെ പെരുമാറുന്നു. ഞങ്ങളുടെ മതപരമായ കൂടിവരവുകൾക്ക് അവർക്ക് എപ്പോൾ വേണമെങ്കിലും വരാം. അപ്പോൾ യഹോവയുടെ സാക്ഷികൾ അവരെ സ്വാഗതം ചെയ്തേക്കാം.d സഭയിലേക്ക് തിരിച്ചുവരാനുള്ള സഹായത്തിനായി അദ്ദേഹത്തിനു എപ്പോൾ വേണമെങ്കിലും മൂപ്പന്മാരെ സമീപിക്കാം.
സഭയിൽനിന്ന് നീക്കം ചെയ്ത വ്യക്തികൾക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ കൂടിവരവുകളിൽ പങ്കെടുക്കാം
സഭയിൽനിന്ന് നീക്കം ചെയ്യപ്പെട്ട ഒരാളുടെ ഭാര്യയും മക്കളും അപ്പോഴും യഹോവയുടെ സാക്ഷികൾതന്നെയാണെങ്കിലോ? അവർ ഒരുമിച്ച് കുടുംബമെന്ന നിലയിൽ യഹോവയെ ആരാധിക്കില്ലെങ്കിലും അവരുടെ രക്തബന്ധത്തിന് മാറ്റമൊന്നുമില്ല. അവർ ഒരേ വീട്ടിൽ താമസിക്കുന്നതുകൊണ്ടുതന്നെ ഭാര്യയും ഭർത്താവും മക്കളും എന്ന നിലയിലുള്ള സ്നേഹം സാധാരണപോലെതന്നെ ആയിരിക്കും.
സഭയിൽനിന്ന് നീക്കം ചെയ്ത ഒരു വ്യക്തിക്ക് എപ്പോൾ വേണമെങ്കിലും മൂപ്പന്മാരുടെ സഹായം ആവശ്യപ്പെടാം. അപ്പോൾ മൂപ്പന്മാർ ആ വ്യക്തിക്ക് വേണ്ട സ്നേഹപൂർവമായ തിരുവെഴുത്ത് ബുദ്ധിയുപദേശവും പശ്ചാത്തപിച്ച് തിരിച്ച് ദൈവത്തിലേക്കു വരാൻ വേണ്ട പ്രോത്സാഹനവും കൊടുക്കും. (സെഖര്യ 1:3) ആ വ്യക്തി തന്റെ തെറ്റായ പ്രവൃത്തികൾ നിറുത്തുകയും ബൈബിളിന്റെ ധാർമികനിലവാരങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ ആത്മാർഥമായ ആഗ്രഹം കാണിക്കുകയും ചെയ്യുന്നെങ്കിൽ വീണ്ടും സഭയുടെ ഭാഗമാകാൻ ആ വ്യക്തിക്കു പറ്റും. കൊരിന്ത് സഭയിൽ പാപങ്ങൾ ചെയ്തിരുന്ന ഒരു വ്യക്തി മാറ്റങ്ങൾ വരുത്തി തിരിച്ചുവന്നപ്പോൾ അവിടത്തെ ക്രിസ്ത്യാനികൾ “ദയയോടെ അയാളോടു ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും” ചെയ്തു. (2 കൊരിന്ത്യർ 2:6-8) ഇന്നും മാറ്റങ്ങൾ വരുത്തി തിരിച്ചുവരുന്ന വ്യക്തിയോടു സഭയിലുള്ളവർ അതുപോലെതന്നെ പെരുമാറുന്നു.
മുമ്പ് സഭയിൽനിന്ന് നീക്കം ചെയ്യപ്പെട്ട വ്യക്തികൾക്ക് ഇപ്പോൾ എന്താണ് തോന്നുന്നത്?
മുമ്പ് സഭയിൽനിന്ന് നീക്കം ചെയ്യുകയും പിന്നീട് ദൈവത്തിലേക്ക് തിരികെവരുകയും ചെയ്ത ചില യഹോവയുടെ സാക്ഷികളുടെ അഭിപ്രായങ്ങൾ കാണാം.
“സഭയിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചപ്പോൾ എന്നെ നീക്കം ചെയ്തതിന് ശേഷമുള്ള വർഷങ്ങളിൽ ഞാൻ ചെയ്ത എല്ലാ കാര്യങ്ങളും അറിയാൻ മൂപ്പന്മാർ ആഗ്രഹിക്കുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ അവർ എന്നോടു ഇങ്ങനെയാണ് പറഞ്ഞത്, ‘മുന്നോട്ടുള്ള കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചുപോകാനാണ് ഞങ്ങൾ അഗ്രഹിക്കുന്നത്.’ അതു കേട്ടപ്പോൾ എനിക്ക് ശരിക്കും ആശ്വാസം തോന്നി.”—മരിയ, ഐക്യനാടുകൾ.
“ഞാൻ തിരിച്ചുവന്നപ്പോൾ സഭയിൽ എല്ലാവർക്കും ഒരുപാടു സന്തോഷമായി. ഞാൻ വിലപ്പെട്ടവളാണെന്ന് എനിക്കു തോന്നി. യഹോവയും സഭയിലുള്ളവരും എന്നോടു ക്ഷമിച്ചു എന്ന് തോന്നുന്ന വിധത്തിലാണ് എന്നോടു ഇടപെട്ടത്. യഹോവയുമായുള്ള എന്റെ ബന്ധം വീണ്ടും ശക്തമാക്കാൻ മൂപ്പന്മാർ എപ്പോഴും സഹായിച്ചു. അവർ ആശ്വസിപ്പിച്ചു. യഹോവ എന്നെ സ്നേഹിക്കുന്നുണ്ടെന്നും ഞാൻ ഇപ്പോഴും യഹോവയ്ക്ക് വിലപ്പെട്ടവളാണെന്നും എനിക്ക് അപ്പോൾ തോന്നി.”—മാൽക്കം, സിയറ ലിയോൺ.
“തന്റെ ജനത്തെ സ്നേഹിക്കുന്നതുകൊണ്ട് സംഘടന എപ്പോഴും ശുദ്ധമാക്കി നിറുത്താൻ യഹോവ ആഗ്രഹിക്കുന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഇതെക്കുറിച്ചൊന്നും അറിയില്ലാത്ത ഒരു വ്യക്തിക്ക് തെറ്റ് ചെയ്ത ഒരു വ്യക്തിയെ നീക്കം ചെയ്യുന്നത് ഒരു കടുത്ത നടപടിയായി തോന്നിയേക്കാം. എന്നാൽ അത് ശരിക്കും ആവശ്യമാണ്, സ്നേഹത്തോടെയുള്ളൊരു കരുതലുമാണ്. നമ്മുടെ സ്വർഗീയപിതാവ് നമ്മളെ സ്നേഹിക്കുകയും ക്ഷമിക്കാൻ തയ്യാറാകുകയും ചെയ്യുന്നതിൽ എനിക്ക് ഒരുപാട് നന്ദിയുണ്ട്.”—സാൻഡി, ഐക്യനാടുകൾ.
a ഇവിടെ പരാമർശിച്ചിരിക്കുന്നത് പുരുഷനെക്കുറിച്ചാണെങ്കിലും ലേഖനത്തിലെ വിവരങ്ങൾ സ്ത്രീകൾക്കും ബാധകമാണ്.
b മുമ്പ് മാനസാന്തരപ്പെടാത്ത തെറ്റുകാരെ പുറത്താക്കപ്പെട്ടവർ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ബൈബിളിൽ കൊടുത്തിരിക്കുന്ന വാക്കുകൾക്കു ചേർച്ചയിൽ സഭയിൽനിന്ന് നീക്കം ചെയ്തവർ എന്നാണ് പറയുന്നത്.
c പക്വതയും അനുഭവപരിചയവും ഉള്ള പുരുഷന്മാർ സഭകളിൽ ദൈവജനത്തെ ബൈബിൾ ഉപയോഗിച്ച് പഠിപ്പിക്കുന്നു. അവർ സഭാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ഈ ഇടയന്മാരാണ് ബൈബിളിൽ പറഞ്ഞിരിക്കുന്ന മൂപ്പന്മാർ. അവർ ശമ്പളം വാങ്ങിയല്ല ഇതൊന്നും ചെയ്യുന്നത്.—1 പത്രോസ് 5:1-3.
d ചില സാഹചര്യങ്ങളിൽ ഒരു വ്യക്തി സഭ വിട്ടുപോകുക മാത്രമല്ല അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയോ സഭയിലുള്ളവരെ തെറ്റായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്തേക്കാം. അപ്പോൾ അവരെ ‘അഭിവാദനം ചെയ്യാൻ പാടില്ല’ എന്ന ബൈബിൾകല്പന ഞങ്ങൾ അനുസരിക്കുന്നു.—2 യോഹന്നാൻ 9-11.