വാരൻ റെയ്നോൾഡ്സ് | ജീവിതകഥ
ശരിയായ ജീവിതം തിരഞ്ഞെടുത്തതിൽ എനിക്കു സന്തോഷമുണ്ട്
വടക്കുപടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഒരു ഉൾനാടൻപ്രദേശം. സഹോദരങ്ങളോട് യഹോവ ഞങ്ങളെ അനുഗ്രഹിച്ച കഥകളെക്കുറിച്ചൊക്കെ പറഞ്ഞുകൊണ്ട് ഞങ്ങൾ തീ കാഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുപോലെ കഥകളൊക്കെ പറഞ്ഞ് പല രാജ്യങ്ങളിലും പല ഭാഷക്കാരോടൊപ്പം ഞാൻ ഇരുന്നിട്ടുണ്ട്. ഈ തീജ്വാലകൾക്കിടയിലൂടെ നോക്കുമ്പോൾ എന്റെ പ്രിയഭാര്യയുടെ പുഞ്ചിരി നിറഞ്ഞ മുഖം എനിക്കു കാണാം. ഞങ്ങൾക്ക് ഒരുമിച്ച് യഹോവയുടെ സേവനത്തിൽ ഒരുപാടു കാര്യങ്ങൾ ചെയ്യാൻപറ്റി. മനസ്സിൽപ്പോലും വിചാരിക്കാത്ത സ്ഥലങ്ങളിൽ യഹോവയെ സേവിക്കാനായി പോയിട്ടുണ്ട്. ചെറുപ്പകാലത്ത് എനിക്കു വേണമെങ്കിൽ വേറൊരു ജീവിതം തിരഞ്ഞെടുക്കാമായിരുന്നു. ഞാൻ അതെക്കുറിച്ച് പറയാം.
ഓസ്ട്രേലിയയിലെ ഒരു ഗ്രാമപ്രദേശത്താണു ഞാൻ ജനിച്ചത്. എന്റെ മാതാപിതാക്കൾക്കും അവരുടെ മാതാപിതാക്കൾക്കും 1950-കളിലാണ് സത്യം കിട്ടിയത്. എനിക്ക് ആറു വയസ്സുള്ളപ്പോൾത്തന്നെ ഞാൻ വയൽസേവനത്തിനു പോകുമായിരുന്നു. 13-ാം വയസ്സിൽ സ്നാനപ്പെട്ടു. സ്കൂൾ അവധിസമയത്ത് ഇടയ്ക്കൊക്കെ സഹായ മുൻനിരസേവനം ചെയ്യുമായിരുന്നു. ഞാൻ യഹോവയെ ഒരുപാടു സ്നേഹിച്ചു. എന്നും യഹോവയെ സേവിക്കാനായിരുന്നു എന്റെ ആഗ്രഹം.
എന്റെ മാതാപിതാക്കളോടും നാല് അനിയന്മാരോടും ഒപ്പം
എനിക്ക് 15 വയസ്സുള്ളപ്പോൾ സ്പോർട്സിലുള്ള എന്റെ കഴിവ് സ്കൂളിൽ പരിശീലനം തരുന്നവർ തിരിച്ചറിഞ്ഞു. അതുകൊണ്ട് അറിയപ്പെടുന്ന ഒരു റഗ്ബി ലീഗ് ടീമിന്റെ പ്രതിനിധികൾ എനിക്ക് ഒരു സ്പോർട്സ് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്തു. ഒരു റഗ്ബി താരമാകുന്നതു നല്ലതാണെന്ന് എനിക്കു തോന്നി. എന്നാൽ ഞാൻ യഹോവയ്ക്കുവേണ്ടി എന്റെ ജീവിതം സമർപ്പിച്ചിരുന്നു. അതുകൊണ്ട് എന്റെ പപ്പ എന്നോടു പറഞ്ഞു, സ്പോർട്സുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് യഹോവയ്ക്കു കൊടുത്ത വാക്കിനെക്കുറിച്ച് ചിന്തിക്കണമെന്ന്. ഞാൻ പപ്പ പറഞ്ഞതുപോലെതന്നെ ചെയ്തു. അപ്പോൾ എനിക്കു മനസ്സിലായി, യഹോവയെ സേവിക്കുന്നതും സ്പോർട്സും കൂടി ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ലെന്ന്. അതുകൊണ്ട് ഞാൻ ആ ഓഫർ വേണ്ടെന്നുവെച്ചു. മാസങ്ങൾക്കു ശേഷം കാൻബെറയിലെ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മറ്റൊരു സ്കോളർഷിപ്പ് എനിക്കു വാഗ്ദാനം ചെയ്തു. ഒരു മാരത്തോൺ ഓട്ടക്കാരനായി പരിശീലിക്കാനും കോമൺവെൽത്ത് ഗെയിംസിലോ ഒളിമ്പിക് ഗെയിംസിലോ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുക്കാനും ഉള്ള അവസരം അതിലൂടെ എനിക്കു കിട്ടുമായിരുന്നു. എന്നാൽ ഞാൻ സ്നേഹിക്കുന്ന എന്റെ ദൈവത്തിനു കൊടുത്ത വാക്കിനു ചേർച്ചയിൽ പ്രവർത്തിക്കാനായിരുന്നു അപ്പോഴും എന്റെ തീരുമാനം. അതുകൊണ്ട് “ഇല്ല” എന്നായിരുന്നു എന്റെ മറുപടി.
സ്കൂൾപഠനം കഴിഞ്ഞ ഉടനെതന്നെ ഞാൻ മുൻനിരസേവനം ആരംഭിച്ചു. എന്റെ വലിയൊരു ലക്ഷ്യമായിരുന്നു അത്. എന്നാൽ എന്റെ കുടുംബം സാമ്പത്തികബുദ്ധിമുട്ട് നേരിട്ടപ്പോൾ ഞാൻ മുൻനിരസേവനം നിറുത്തുകയും ഒരു ഫാമിലെ ഡ്രൈവറായി മുഴുസമയം ജോലി ചെയ്യുകയും ചെയ്തു. അങ്ങനെ കൗമാരത്തിന്റെ അവസാനമായപ്പോഴേക്കും ഞാൻ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു. പക്ഷേ യഹോവയെ ആരാധിക്കുന്നത് ഒരു കടമ ചെയ്തുതീർക്കുന്നതുപോലെ യാന്ത്രികമായിത്തുടങ്ങി. ഞാൻ ആത്മീയമായി തകർന്നുപോയി. ഒരുപാടു മദ്യപിക്കുകയും അധാർമികപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ആളുകളെ ഞാൻ സുഹൃത്തുക്കളാക്കി. അത് അവരെപ്പോലെ ജീവിക്കാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെ താത്കാലിക സുഖങ്ങൾക്കുവേണ്ടി ഞാൻ യഹോവയുമായുള്ള ബന്ധം അവഗണിച്ചുകളഞ്ഞു.
എനിക്കു ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ വരുത്തണമായിരുന്നു. അതുകൊണ്ട് മോശം കൂട്ടുകാരിൽനിന്നെല്ലാം അകന്ന് ദൂരെയുള്ള മറ്റൊരു സ്ഥലത്തേക്കു ഞാൻ താമസം മാറി. ഞാൻ യഹോവയോടു കൂടുതൽ അടുത്തു. മുൻനിരസേവനം വീണ്ടും തുടങ്ങാനും ആഗ്രഹിച്ചു. പിന്നെ ഒരു നാട്ടിൻപുറത്തുകാരിയായ, നാണം കുണുങ്ങിയായ ലീൻ മക്ഷറിയെ ഞാൻ കണ്ടുമുട്ടി. അവൾ അപ്പോൾ മുൻനിരസേവനം ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾ നല്ല കൂട്ടുകാരായി. മിഷനറിസേവനംപോലുള്ള ഞങ്ങളുടെ രണ്ടുപേരുടെയും ലക്ഷ്യങ്ങളെക്കുറിച്ച് ഞങ്ങൾ തുറന്നുസംസാരിച്ചു. അങ്ങനെ 1993-ൽ ഞങ്ങൾ കല്യാണം കഴിച്ചു. യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ ജീവിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.
ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നു
ആ വർഷം ലീനിനോടൊപ്പം ഞാൻ സാധാരണ മുൻനിരസേവനം ചെയ്യാൻ തുടങ്ങി. കടങ്ങളൊന്നുമില്ലാത്ത ലളിതമായ ജീവിതം നയിക്കാൻ തീരുമാനിച്ചതുകൊണ്ട് ഒരു പഴയ കാരവൻ (ട്രെയ്ലർ) ഞങ്ങൾ വാങ്ങിച്ചു. ആറു വർഷം യഹോവയുടെ സംഘടന ഞങ്ങളോടു പറഞ്ഞ സ്ഥലങ്ങളിലെല്ലാം സേവിച്ചു. അവിടെ ഞങ്ങളുടെ ചെലവുകൾ നടക്കാൻവേണ്ടി പല ജോലികളും ചെയ്തു. ക്വീൻസ്ലാൻഡിന്റെ ഉൾപ്രദേശങ്ങളിലുള്ള വരണ്ട, വിശാലമായ സ്ഥലങ്ങളിലെ ചെറിയ സഭകളോടൊപ്പം ഞങ്ങൾ പ്രവർത്തിച്ചു. ഞങ്ങൾക്കു മിക്കപ്പോഴും ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരുന്നു താമസിക്കേണ്ടിവന്നിരുന്നത്. അവിടത്തെ കമ്മ്യൂണിറ്റി ഹാളിൽവെച്ചോ പുറത്ത് പറമ്പുകളിൽവെച്ചോ മീറ്റിങ്ങുകൾ നടത്തുമായിരുന്നു. ഞങ്ങൾ നല്ല സന്തോഷത്തിലായിരുന്നു. എങ്കിലും യഹോവയ്ക്കുവേണ്ടി കൂടുതൽ എന്തു ചെയ്യാൻ പറ്റുമെന്നു ഞങ്ങൾ ചിന്തിച്ചു. അതിനുള്ള ഉത്തരം പെട്ടെന്നുതന്നെ കിട്ടി.
വയൽസേവനത്തിനായി ഓസ്ട്രേലിയയിലെ ഒരു ഉൾപ്രദേശത്ത് പോകുമ്പോൾ അവിടെ ഒരു പറമ്പിൽ ഇരുന്ന് മീറ്റിങ്ങ് കൂടുന്നു
മറ്റൊരു രാജ്യത്ത് മിഷനറിനിയമനം ചെയ്യാൻ സംഘടന ഞങ്ങളെ ക്ഷണിച്ചു. ഞങ്ങൾക്കു നല്ല പേടിയും ടെൻഷനും ഉണ്ടായിരുന്നു. ഈ നിയമനം ഏറ്റെടുക്കാനുള്ള യോഗ്യതയുണ്ടോ എന്നു ഞങ്ങൾ ചിന്തിച്ചു. ഗിലെയാദ് സ്കൂളിലെ പരിശീലനം കിട്ടാതെ എങ്ങനെ നല്ല മിഷനറിമാരാകാൻ കഴിയും എന്നതായിരുന്നു സംശയം. ഞങ്ങൾക്കു ശുശ്രൂഷ ഒത്തിരി ഇഷ്ടമായിരുന്നു. ഞങ്ങൾ പ്രവർത്തിച്ച സ്ഥലത്ത് ഒരുപാടു ബൈബിൾപഠനങ്ങളൊന്നും കിട്ടാത്തതുകൊണ്ട് ഞങ്ങൾ വിദഗ്ധരായ അധ്യാപകരല്ലെന്നു തോന്നി.
ഞങ്ങളുടെ ചിന്തകളെക്കുറിച്ചെല്ലാം ഒരു ബ്രാഞ്ച് കമ്മിറ്റി അംഗമായ മാക്സ് ലോയ്ഡ് സഹോദരനോടു ഞങ്ങൾ പറഞ്ഞു.a ഇതിനുള്ള യോഗ്യതയൊന്നുമില്ലെന്നു തോന്നുന്നുണ്ടെങ്കിലും യഹോവ ഏൽപ്പിച്ച ഈ നിയമനം ചെയ്യാൻ വിട്ടുകൊടുക്കുന്നെങ്കിൽ യഹോവ അനുഗ്രഹിക്കുമെന്ന് അദ്ദേഹം ഉറപ്പുതന്നു. ഒരു അപ്പൻ പ്രോത്സാഹിപ്പിക്കുന്നതുപോലെയാണ് അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്. അങ്ങനെ ശ്രീലങ്കയിലേക്കു പോകാനുള്ള ആ നിയമനം ഞങ്ങൾ സന്തോഷത്തോടെ സ്വീകരിച്ചു.
ബുദ്ധിമുട്ടുള്ള ഒരു നിയമനം
1999-ൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ഞങ്ങൾ എത്തി. ഓസ്ട്രേലിയയിലെ ശാന്തമായ ജീവിതത്തിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു ശ്രീലങ്ക. അവിടെ ഞങ്ങൾ നേരിട്ട ചില പ്രശ്നങ്ങളായിരുന്നു ആഭ്യന്തരയുദ്ധം, ദാരിദ്ര്യം, ജനത്തിരക്ക്, ഭിക്ഷക്കാർ, ബുദ്ധിമുട്ടേറിയ ഭാഷകൾ എന്നിവയെല്ലാം. പക്ഷേ വിലപ്പെട്ട പലതും ശ്രീലങ്കയിൽ ഉണ്ടായിരുന്നു, നമ്മുടെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരും യഹോവയെക്കുറിച്ച് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത താഴ്മയുള്ള അനേകം ആളുകളും.
തേയിലത്തോട്ടങ്ങളാലും മഴക്കാടുകളാലും ചുറ്റപ്പെട്ട മനോഹരമായ കാൻഡി എന്ന സ്ഥലത്തേക്കു ഞങ്ങളെ നിയമിച്ചു. നിരവധി ബുദ്ധക്ഷേത്രങ്ങൾക്കു പേരുകേട്ടതാണ് ഈ നഗരം. അവിടെയുള്ള കുറച്ചുപേർക്ക് മാത്രമേ തങ്ങളുടെ സ്നേഹവാനായ സ്രഷ്ടാവിനെക്കുറിച്ച് അറിയാമായിരുന്നുള്ളൂ. സിംഹളയും തമിഴും സംസാരിക്കുന്ന സഹോദരങ്ങളായിരുന്നു സഭയിൽ. മീറ്റിങ്ങുകൾ രണ്ടു ഭാഷകളിലും നടന്നു. സിംഹള പഠിക്കുന്നതു ബുദ്ധിമുട്ടായിരുന്നു. ഞങ്ങളുടെ തെറ്റുകൾ സഭയിലുള്ളവരെയും ബൈബിൾവിദ്യാർഥികളെയും ചിരിപ്പിച്ചെങ്കിലും ഭാഷ പഠിക്കാനുള്ള ഞങ്ങളുടെ ശ്രമത്തെ അവർ ഒരുപാടു വിലമതിച്ചു.
സിംഹളയിലും തമിഴിലും ഉള്ള പരിഭാഷകരുടെ സഹായത്തോടെ ശ്രീലങ്കയിൽ ഒരു പ്രസംഗം നടത്തുന്നു
എന്നാൽ ഞങ്ങൾ നേരിട്ട പ്രശ്നം ഭാഷ മാത്രമായിരുന്നില്ല. ജീവിതത്തിൽ ആദ്യമായി ഞങ്ങൾക്കു സത്യത്തിനുവേണ്ടി ക്രൂരമായ എതിർപ്പ് നേരിടേണ്ടിവന്നു. ഒരു സമയത്ത് ദേഷ്യത്തോടെ ഒരു കൂട്ടം ആളുകൾ ഞങ്ങളെ വളഞ്ഞു. ചിലർ തങ്ങളുടെ പ്രസിദ്ധീകരണങ്ങൾ കത്തിക്കുകയും മറ്റു ചിലർ എന്നെയും കൂടെയുള്ള സഹോദരനെയും അടിക്കുകയും ചവിട്ടുകയും ഒക്കെ ചെയ്തു. ആ സമയത്ത് ശാന്തരായി നിൽക്കാൻ സഹായിക്കേണമേ എന്നും മരിച്ചുപോയാൽ ഞങ്ങളെ ഓർക്കേണമേ എന്നും യഹോവയോടു പ്രാർഥിച്ചു. പെട്ടെന്നുതന്നെ അവർ പിരിഞ്ഞുപോയി. പേടിച്ചുപോയ ഞങ്ങളും ആ സ്ഥലം വിട്ടു. ഞങ്ങളെ സംരക്ഷിച്ചതിന് യഹോവയോടു നന്ദിയും പറഞ്ഞു.
അപ്പോഴേക്കും ശ്രീലങ്ക ഞങ്ങൾക്കു സ്വന്തം വീടായി മാറി. യുദ്ധത്താൽ ആ രാഷ്ട്രം വിഭജിക്കപ്പെട്ടെങ്കിലും സത്യത്തോടു താത്പര്യമുള്ള ആത്മാർഥഹൃദയരായ ആളുകളെ യഹോവ തന്റെ ഐക്യമുള്ള കുടുംബത്തിലേക്ക് എങ്ങനെയാണ് കൂട്ടിച്ചേർക്കുന്നതെന്നു ഞങ്ങൾക്കു കാണാൻ പറ്റി. ആ മനോഹരമായ ദ്വീപിന്റെ ഒരുപാടു നല്ല ഓർമകൾ ഞങ്ങൾക്കുണ്ട്. അധികാരികൾ മതനേതാക്കന്മാരുടെ സമ്മർദത്തിനു വഴങ്ങിയതുകൊണ്ട് മിക്ക മിഷനറിമാർക്കും രണ്ടു വർഷം കഴിഞ്ഞപ്പോൾ ആ രാജ്യം വിടേണ്ടിവന്നു.
എന്തു ചെയ്യണമെന്ന് ഒരു എത്തുംപിടിയും ഇല്ലാത്ത ആഴ്ചകളായിരുന്നു മുന്നിൽ. ഇനി എങ്ങോട്ടായിരിക്കും പോകേണ്ടിവരുന്നതെന്നു ഞങ്ങൾ ചിന്തിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ഭരണസംഘം ഞങ്ങളെ പാപ്പുവ ന്യൂഗിനിയിലേക്ക് നിയമിച്ചു. 2001 സെപ്റ്റംബറിൽ ഞങ്ങൾ അതിന്റെ തലസ്ഥാനമായ പോർട്ട് മോഴ്സ്ബിയിൽ എത്തി.
പാപ്പുവ ന്യൂഗിനി—വൈവിധ്യങ്ങളുടെ ഒരു നാട്
പാപ്പുവ ന്യൂഗിനി ഓസ്ട്രേലിയയുടെ അടുത്തുള്ള രാജ്യമായിരുന്നെങ്കിലും അവിടത്തെ ജീവിതവും സംസ്കാരവും ഒക്കെ വളരെ വ്യത്യസ്തമായിരുന്നു. ഞങ്ങൾക്കു വീണ്ടും ഒരുപാടു മാറ്റങ്ങൾ വരുത്തണമായിരുന്നു. 800-ലധികം ഭാഷകളുള്ള ആ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയായ ടോക് പീസിൻ ഞങ്ങൾ പഠിച്ചെടുത്തു.
പൊപ്പോൺഡേറ്റ പട്ടണത്തിൽ മൂന്നു വർഷം സേവിച്ചശേഷം ഞങ്ങളെ സർക്കിട്ട് വേലയ്ക്കു നിയമിച്ചു. യഹോവ ഈ വിധത്തിൽ ഉപയോഗിക്കുമെന്നു ഞങ്ങൾ ഒരിക്കലും കരുതിയില്ല. സഞ്ചാരമേൽവിചാരകന്മാരുടെ മാർഗനിർദേശം, പക്വത, പഠിപ്പിക്കൽപ്രാപ്തി ഇതൊക്കെ ഞാൻ ഒത്തിരി വിലമതിച്ചിരുന്നു. എങ്കിലും എനിക്ക് ഇതുപോലെയൊന്നും ചെയ്യാനുള്ള കഴിവില്ലെന്നു ഞാൻ ചിന്തിച്ചു. എന്റെ ലക്ഷ്യം എപ്പോഴും മിഷനറിസേവനം ആയിരുന്നു. ഒരു സഞ്ചാരമേൽവിചാരകനാകുക എന്നത് എന്റെ മനസ്സിൽപ്പോലും വരാത്ത കാര്യമാണ്. യഹോവ ഇങ്ങനെയൊരു പദവി തന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്.
പാപ്പുവ ന്യൂഗിനിയിലെ വെസ്റ്റ് സെപിക് പ്രദേശത്തുള്ള ഒരു ഒറ്റപ്പെട്ട ഗ്രൂപ്പിനെ സന്ദർശിക്കുന്നു
പാപ്പുവ ന്യൂഗിനിയിലെ ഒരു ഒറ്റപ്പെട്ട ഗ്രൂപ്പ് സന്ദർശിച്ചശേഷം ബ്രാഞ്ചിന് അയയ്ക്കേണ്ട റിപ്പോർട്ടുകൾ തയ്യാറാക്കുന്നു
ടൗണിലുള്ള സഭകൾ സന്ദർശിക്കുമ്പോൾ മിക്കപ്പോഴും അവിടെ വൈദ്യുതിയും വെള്ളവും ബെഡുള്ള മുറിയും ഒക്കെ താമസിക്കാൻ കിട്ടും. എന്നാൽ ഉൾപ്രദേശങ്ങളിലേക്കു പോകുമ്പോൾ അത്രയും സൗകര്യങ്ങൾ കിട്ടാറില്ല. ഞങ്ങൾ കുടിലുകളിലാണു കിടക്കുന്നത്. പുറത്ത് തീ കത്തിച്ച് പാചകം ചെയ്യും. ഇനി കുളിയാണെങ്കിൽ, പുഴകളിലും അരുവികളിലും. അവിടെ മുതലകൾ ഉണ്ടെങ്കിൽ ഒരു ബക്കറ്റിൽ വെള്ളം എടുത്തുകൊണ്ടുവന്ന് കുടിലിൽ കൊണ്ടുപോയി കുളിക്കും.
മുമ്പത്തെ നിയമനം വെച്ചുനോക്കുമ്പോൾ കൂടുതൽ ശാരീരികാധ്വാനം വേണ്ട ഒരു നിയമനമായിരുന്നു ഇത്. എന്നാൽ ‘ശക്തി സംഭരിച്ച് പുറപ്പെടുകയാണെങ്കിൽ’ യഹോവ ഞങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുമെന്നു ഞങ്ങൾക്ക് ഉറപ്പായിരുന്നു. (ന്യായാധിപന്മാർ 6:14) പല സഭകളിലും ഗ്രൂപ്പുകളിലും എത്തിപ്പെടുന്നതു വളരെ ബുദ്ധിമുട്ടായിരുന്നു. ഇടതൂർന്ന മഴക്കാടുകളും ചതുപ്പുനിലങ്ങളും കുണ്ടുംകുഴികളും നിറഞ്ഞ മലനിരകളും താണ്ടി വേണമായിരുന്നു പോകാൻ. സഹോദരങ്ങളുടെ അടുത്തേക്ക് എത്താൻ ജീപ്പിലും ബോട്ടിലും പ്ലെയിനിലും യാത്ര ചെയ്യേണ്ടിവരാറുണ്ട്. മിക്കപ്പോഴും നടന്നുപോകേണ്ടിയും വരുമായിരുന്നു.b
ശുശ്രൂഷയിലുള്ള ഏതു പ്രശ്നങ്ങളും നേരിടാൻ ലീൻ തയ്യാറായിരുന്നു
ഇൻഡൊനീഷ്യൻ അതിർത്തിയിലുള്ള ഒരു സഭ സന്ദർശിക്കുന്നതിനുവേണ്ടി 350 കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്. അതിൽ കൂടുതലും ടാർ ചെയ്യാത്ത വഴികളായിരുന്നു. ആ വഴികളിലൂടെയുള്ള യാത്രയ്ക്കിടെ 200-ലധികം തവണ അരുവികളും പുഴകളും ഒക്കെ കടക്കേണ്ടിവന്നു. ചില സ്ഥലങ്ങളിൽ മാത്രമേ പാലങ്ങൾ ഉണ്ടായിരുന്നുള്ളൂ. കുഴഞ്ഞ, കട്ടിയുള്ള മണ്ണിൽ പൂണ്ടുപോയ വണ്ടി തള്ളിക്കയറ്റുന്നതിനു ചിലപ്പോഴൊക്കെ മണിക്കൂറുകളോളം ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്. അങ്ങനെ അവസാനം സ്ഥലത്തെത്തുമ്പോഴേക്കും ചിരിച്ച മുഖവുമായി ഞങ്ങൾക്കുള്ള ഭക്ഷണവുംകൊണ്ട് സഹോദരങ്ങൾ കാത്തുനിൽക്കുന്നുണ്ടാകും.
പാപ്പുവ ന്യൂഗിനിയിലെ റോഡിലൂടെയുള്ള യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു
പലപ്പോഴും ഉയർന്ന മലകളിലേക്കു ചെറിയ പ്ലെയിനുകളിൽ പോകുമ്പോൾ പൈലറ്റിനു പ്ലെയിൻ ഇറക്കുന്നതിനുവേണ്ടി റൺവേ കണ്ടുപിടിക്കുന്നതു ബുദ്ധിമുട്ടായിരുന്നു. റൺവേ കണ്ടെത്തിക്കഴിഞ്ഞാൽ അതിൽ കുട്ടികളോ മൃഗങ്ങളോ ഉണ്ടോ എന്ന് അറിയാനായി അദ്ദേഹം റൺവേയുടെ മുകളിലൂടെ ഒന്ന് പറത്തി നോക്കും. 2,100 മീറ്ററിലധികം ഉയരമുള്ള ആ മലയുടെ മുകളിലെ ചെളിപിടിച്ച, നിരപ്പല്ലാത്ത ആ റൺവേയിലേക്കായിരിക്കും പ്ലെയിൻ ഇറക്കുന്നത്. അതുകൊണ്ട് ഞങ്ങൾ മുറുകെ പിടിച്ചിരിക്കും. ഈ ഗ്രാമങ്ങളിൽനിന്ന് പോകണമെങ്കിൽ മലയുടെ തുഞ്ചത്തുള്ള റൺവേയിലൂടെ പറന്നുയരുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.c
ചിലപ്പോഴൊക്കെ ചൂടുള്ള സമയത്ത് കുത്തനെയുള്ള മലകളിലൂടെയോ ചതുപ്പുനിലങ്ങളിലൂടെയോ നടന്നുപോകണം. ആ സമയത്ത് ഞങ്ങളുടെ ബാഗിൽ ഒരുപാടു പ്രസിദ്ധീകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും ഉണ്ടായിരിക്കും. വിശ്വസ്തരായ സഹോദരങ്ങളോടൊപ്പമുള്ള ഈ യാത്രയിൽ പരസ്പരം പ്രോത്സാഹിപ്പിക്കുന്ന ഒരുപാടു കാര്യങ്ങൾ സംസാരിക്കും. തമാശകളൊക്കെ പറഞ്ഞ് ഒത്തിരി ചിരിക്കും.
പാപ്പുവ ന്യൂഗിനിയിലെ കേരം പുഴയിലൂടെ വയൽസേവനത്തിനു പോകുന്നു
1 തെസ്സലോനിക്യർ 2:8-ലെ പൗലോസിന്റെ വികാരം ഞങ്ങൾക്കു മനസ്സിലായി. അവിടെ പൗലോസ് പറയുന്നു: “നിങ്ങളോടുള്ള വാത്സല്യം കാരണം . . . ഞങ്ങളുടെ സ്വന്തം പ്രാണൻ തരാൻപോലും ഞങ്ങൾ തീരുമാനിച്ചിരുന്നു. കാരണം നിങ്ങൾ ഞങ്ങൾക്ക് അത്രയ്ക്കു പ്രിയപ്പെട്ടവരായി മാറിയിരുന്നു.” ആ സഹോദരങ്ങൾ ഞങ്ങൾക്കുവേണ്ടി ചെയ്തതും ഇതുതന്നെയായിരുന്നു. ആയുധധാരികളായ, ക്രൂരരായ ആളുകളിൽനിന്ന് ഞങ്ങളെ രക്ഷിക്കാൻ സ്വന്തം ജീവൻ നൽകാൻപോലും അവർ തയ്യാറായിരുന്നു. ഒരിക്കൽ കത്തിയുമായി ഒരാൾ വന്ന് ലീനിനെ ഭീഷണിപ്പെടുത്തി. ഞാൻ ഗ്രാമത്തിന്റെ മറ്റൊരു ഭാഗത്തായിരുന്നതുകൊണ്ട് എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല. അപ്പോൾ ഒരു സഹോദരൻ വന്ന് ആ പ്രശ്നമുണ്ടാക്കിയ ആളുടെയും ലീനിന്റെയും ഇടയിൽ കയറിനിന്നു. ആ സമയത്ത് മറ്റുള്ളവർ ഓടിവന്ന് അയാളെ തടയാൻ ശ്രമിച്ചതുകൊണ്ട് സഹോദരനു ചെറിയ മുറിവുകളോടെയാണെങ്കിലും രക്ഷപ്പെടാൻ സാധിച്ചു. പ്രശ്നങ്ങൾ കൂടിക്കൊണ്ടിരുന്ന ആ സ്ഥലത്ത് ഓരോ ദിവസവും യഹോവ ഞങ്ങളെ സഹായിച്ചു. അതുകൊണ്ട് ഞങ്ങൾക്ക് അവിടുത്തെ സഹോദരങ്ങളെ തുടർന്നും ശക്തിപ്പെടുത്താനായി.
പാപ്പുവ ന്യൂഗിനിയിൽ ചികിത്സാ സൗകര്യങ്ങൾ കുറവായിരുന്നതുകൊണ്ടുതന്നെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതു ബുദ്ധിമുട്ടായിരുന്നു. 2010-ൽ ലീനിന് ജീവനു ഭീഷണിയാകുന്ന ഒരു ബാക്റ്റീരിയൽ ഇൻഫെക്ഷൻ പിടിപെട്ടു. അതുകൊണ്ട് പെട്ടെന്നുതന്നെ ഞങ്ങൾ ചികിത്സയ്ക്കായി ഓസ്ട്രേലിയയിലേക്കു പോയി. ഞങ്ങൾ യഹോവയിൽ ആശ്രയിച്ചുകൊണ്ട് ശാന്തരായി നിന്നു. അവസാനം ഡോക്ടർമാർ ലീനിന് പറ്റിയ ഒരു ചികിത്സ കണ്ടെത്തി, അതു ഫലിച്ചു. ഡോക്ടർമാരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നവരാണ്. ഇപ്പോൾ ദൈവം നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയാണ്.” മാസങ്ങൾക്കു ശേഷം ഞങ്ങൾ നിയമനത്തിലേക്കു തിരിച്ചുപോയി.
ഓസ്ട്രേലിയയിലും ഒരുപാടു ചെയ്യാനുണ്ടായിരുന്നു
ചികിത്സയ്ക്കുവേണ്ടി ഓരോ വർഷവും ഞങ്ങൾ ഓസ്ട്രേലിയയിലേക്ക് പോകണമായിരുന്നു. അതുകൊണ്ട് അവിടെത്തന്നെ തുടരാൻ 2012-ൽ സംഘടന ഞങ്ങളോട് ആവശ്യപ്പെട്ടു. ഇവിടെനിന്ന് മാറിയിട്ട് കുറച്ച് വർഷങ്ങൾ ആയതുകൊണ്ടുതന്നെ ശാരീരികമായി ആരോഗ്യം മെച്ചപ്പെടുന്നതിനെക്കാൾ ബുദ്ധിമുട്ടായിരുന്നു മാനസികമായി ഓസ്ട്രേലിയയുമായി പൊരുത്തപ്പെട്ടുപോകാൻ. നിയമനം ഉപേക്ഷിക്കാനും സ്നേഹമുള്ള ആ ആത്മീയകുടുംബത്തെ വിട്ടിട്ടുപോരാനും ഞങ്ങൾക്കു വിഷമമായിരുന്നു. ചെയ്തുകൊണ്ടിരുന്ന കാര്യത്തിൽ പരാജയപ്പെട്ടുപോയെന്നും യഹോവയ്ക്ക് ഞങ്ങളെക്കൊണ്ട് ഇനി വലിയ ഉപയോഗമൊന്നും ഇല്ലെന്നും ഞങ്ങൾക്കു തോന്നി. ഒരുപാട് നാളുകൾ ഇവിടെനിന്ന് മാറിനിന്നതുകൊണ്ടുതന്നെ ഓസ്ട്രേലിയയെ സ്വന്തം വീടുപോലെ കാണാൻ ഞങ്ങൾക്കു ബുദ്ധിമുട്ടു തോന്നി. ആ സമയത്ത് സഹോദരങ്ങളുടെ സഹായം ശരിക്കും ആവശ്യമായിരുന്നു.
ലീനിന്റെ ആരോഗ്യം മെച്ചപ്പെട്ടപ്പോൾ ഞങ്ങൾ ന്യൂസൗത്ത് വെയ്ൽസിലെ സിഡ്നിയ്ക്ക് തെക്കുള്ള വോല്ലോങ്കോങ്ങിൽ പ്രത്യേക മുൻനിരസേവകരായി സേവിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ ക്രിസ്തീയ ദമ്പതികൾക്കുള്ള ബൈബിൾസ്കൂളിലേക്കു ക്ഷണം കിട്ടി (ഇപ്പോഴത്തെ രാജ്യസുവിശേഷകർക്കുള്ള സ്കൂൾ). അതിനു ശേഷം ഓസ്ട്രേലേഷ്യ ബ്രാഞ്ച് ഞങ്ങളെ സർക്കിട്ട് വേലയിലേക്കു നിയമിച്ചു. കുറെ വർഷങ്ങൾ ഞങ്ങൾ തിരക്കുള്ള നഗരങ്ങളിലും മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ഗ്രാമങ്ങളിലും മരുഭൂമിയിലെ ഒറ്റപ്പെട്ട പട്ടണങ്ങളിലും ഒക്കെയുള്ള ഗ്രൂപ്പുകളും സഭകളും സന്ദർശിച്ചു. ഇപ്പോഴത്തെ ഞങ്ങളുടെ നിയമനത്തിൽ ഓസ്ട്രേലിയയിലെ വടക്കുപടിഞ്ഞാറുള്ള മരുഭൂമിപോലുള്ള സ്ഥലങ്ങളും ടിമോർ ലെസ്തെയും ഉൾപ്പെടുന്നു.
ടിമോർ ലെസ്തെയിൽ സാക്ഷീകരിക്കുന്നു
എന്നെ ഒരുപാടു പിന്തുണയ്ക്കുന്ന, നല്ല ആത്മീയലക്ഷ്യങ്ങളുള്ള ഒരു ഭാര്യയോടൊപ്പമാണു ഞാൻ പ്രവർത്തിക്കുന്നത്. യഹോവയിൽനിന്നുള്ള ഏറ്റവും വിലപ്പെട്ട ഒരു സമ്മാനമാണ് അവൾ. എത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും അസൗകര്യങ്ങളുള്ളതാണെങ്കിലും ഏതൊരു നിയമനവും ഏറ്റെടുക്കാൻ അവൾ തയ്യാറായിരുന്നു. പ്രശ്നങ്ങളിലൊക്കെ എങ്ങനെയാണു പിടിച്ചുനിൽക്കുന്നതെന്ന് അവളോടു ചോദിച്ചാൽ അവൾ ഇങ്ങനെ പറയും: “ഞാൻ എല്ലാം യഹോവയോടു പറയും.” ഇനി, അവൾ ദൈവവചനം വായിക്കുകയും എങ്ങനെ ചിന്തിക്കണം, എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ മനസ്സിലാക്കാൻ യഹോവയിലേക്കു നോക്കുകയും ചെയ്യും.
ഈ ലോകത്തിലെ ഒരു കായികതാരമാകുന്നതിനു പകരം എന്റെ ജീവിതത്തെ നയിക്കാൻ ഞാൻ യഹോവയെ അനുവദിച്ചതിൽ എനിക്ക് ഒരിക്കലും വിഷമിക്കേണ്ടിവന്നിട്ടില്ല. ഒരു നിയമനം ലഭിക്കുമ്പോൾ മനസ്സോടെ സ്വീകരിക്കുകയാണെങ്കിൽ അത് ഏറ്റവും നന്നായി ചെയ്തുതീർക്കാൻ യഹോവ പരിശീലിപ്പിക്കുമെന്ന് എനിക്ക് എന്റെ ജീവിതത്തിലൂടെ മനസ്സിലായി. പ്രശ്നങ്ങൾ നേരിടുമ്പോഴോ തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോഴോ ജ്ഞാനത്തിനും പരിശുദ്ധാത്മാവിനും ആയി ആദ്യംതന്നെ യഹോവയോടു പ്രാർഥിക്കണമെന്നു ഞാൻ പഠിച്ചു. സ്നേഹവാനായ പിതാവായ യഹോവ ഇതുവരെയുള്ള ഞങ്ങളുടെ ജീവിതം ഏറ്റവും സന്തോഷമുള്ളതും മനോഹരവും ആക്കിത്തീർത്തു. ‘മൺപാത്രങ്ങളായ’ ഞങ്ങളെ ഇനിയും യഹോവ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് അറിയാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.—2 കൊരിന്ത്യർ 4:7.
a മാക്സ് ലോയ്ഡ് സഹോദരന്റെ ജീവിതകഥ 2012 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 17-21 പേജുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
b ഞങ്ങൾ ബോട്ടിൽ പോയി സർക്കിട്ട് വേല ചെയ്ത ഒരു അനുഭവത്തെക്കുറിച്ച് വായിക്കുന്നതിനുവേണ്ടി 2011 യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം (ഇംഗ്ലീഷ്) പേജ് 129-134 കാണുക.
c 2010 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 16, 17 പേജുകളിലെ “മേഘങ്ങൾക്കിടയിലെ ഒരു പവിഴപ്പാറ” (ഇംഗ്ലീഷ്) എന്ന ലേഖനം കാണുക.