നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
സഹോദരങ്ങളെ സഹായിക്കുകയും ഭൂമിയെ സംരക്ഷിക്കുകയും ചെയ്യുന്ന പദ്ധതികൾ
2025, ഏപ്രിൽ 1
മനുഷ്യർ ഭൂമിക്കു വരുത്തിവെച്ചിരിക്കുന്ന പ്രശ്നങ്ങൾ യഹോവ പെട്ടെന്നുതന്നെ ഇല്ലാതാക്കുമെന്നു നമുക്ക് അറിയാം. (വെളിപാട് 11:18) എങ്കിലും ഭൂമിയെ സംരക്ഷിക്കാൻവേണ്ടി നമ്മൾ നമ്മളാലാകുന്നതെല്ലാം ചെയ്യുന്നു. ഉദാഹരണത്തിന്, ആരാധനയ്ക്കുവേണ്ടി നമ്മൾ ഉപയോഗിക്കുന്ന കെട്ടിടങ്ങൾ പരിസ്ഥിതിക്കു പ്രശ്നങ്ങൾ വരാത്ത വിധത്തിലാണു ഡിസൈൻ ചെയ്തിരിക്കുന്നത്.
ഇങ്ങനെയൊക്കെ ചെയ്യുന്നതിന്റെ ലക്ഷ്യം പരിസ്ഥിതിക്കു ദോഷം ചെയ്യുന്ന കാര്യങ്ങൾ പരമാവധി കുറയ്ക്കുക എന്നതാണ്. അതിനുവേണ്ടി എന്തൊക്കെ പദ്ധതികളാണു നമ്മൾ മുന്നോട്ട് കൊണ്ടുവന്നത്? സംഭാവനകൾ ഏറ്റവും നന്നായി ഉപയോഗിക്കാൻ അത് എങ്ങനെയാണു സഹായിച്ചിരിക്കുന്നത്?
സമ്മേളനഹാളുകൾ തണുപ്പിക്കാൻ
ചുറ്റും ചുമരുകളില്ലാതെ തുറന്നുകിടക്കുന്ന രീതിയിലാണ് മൊസാമ്പിക്കിലെ മറ്റോള സമ്മേളനഹാൾ നിർമിച്ചിരുന്നത്. അതിന്റെ മേൽക്കൂര മെറ്റൽ ഷീറ്റു കൊണ്ടുള്ളതായതുകൊണ്ടുതന്നെ ആ ഹാളിന്റെ അകത്തിരിക്കുന്നവർക്കു നല്ലപോലെ ചൂട് അനുഭവപ്പെടുമായിരുന്നു. അവിടെയുള്ള ഒരു സഹോദരൻ പറഞ്ഞു: “സഹിക്കാൻ പറ്റാത്ത ചൂടായതുകൊണ്ട് ഞങ്ങളാകെ വിയർത്തൊലിക്കും. ചൂടിൽനിന്ന് ഒരു ആശ്വാസം കിട്ടാൻവേണ്ടി പരിപാടി അവസാനിക്കുമ്പോഴേക്കും സഹോദരങ്ങളെല്ലാം പുറത്തേക്ക് ഓടും.” അതുകൊണ്ട്, സഹോദരങ്ങൾക്കു നന്നായി ശ്രദ്ധിച്ചിരുന്ന് പരിപാടി കൂടാൻവേണ്ടി നമ്മൾ എന്താണു ചെയ്തത്?
ഞങ്ങൾ പരിസ്ഥിതിക്കു പ്രശ്നമുണ്ടാകാത്ത രീതിയിലുള്ള ചില കാര്യങ്ങൾ ചെയ്തു. കാറ്റുകൊണ്ട് കറങ്ങുന്ന ഫാനുകൾ പിടിപ്പിച്ചു. ഒപ്പം ചൂട് കെട്ടിടത്തിന് ഉള്ളിലേക്കു കയറുന്നതു തടയാൻവേണ്ടി ഇൻസുലേഷനും ചെയ്തു. സൂര്യനിൽനിന്നുള്ള ചൂടു കെട്ടിടത്തിന് ഉള്ളിൽ കയറുന്നതു കുറയ്ക്കാൻ ഇൻസുലേഷനും ഹാളിന്റെ ഉള്ളിൽ എപ്പോഴും ശുദ്ധവായു ഉണ്ടായിരിക്കാൻ ഫാനും സഹായിച്ചു. വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഈ ഫാൻ ഹാളിനുള്ളിൽ തങ്ങിനിൽക്കുന്ന ചൂടിനെ കാറ്റിലൂടെ പുറന്തള്ളുന്നു. ഒരു ഫാനിന് ഏകദേശം 50 ഡോളർa (ഏകദേശം 4,300 രൂപ) വില വരും.
മറ്റോള സമ്മേളനഹാളിലെ കാറ്റുകൊണ്ട് കറങ്ങുന്ന ഫാനുകൾ
ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട് ഇപ്പോൾ സഹോദരങ്ങൾക്കു നല്ല ശുദ്ധവായു ശ്വസിച്ച് ഹാളിന് ഉള്ളിൽ ഇരിക്കാൻ പറ്റുന്നു. നല്ല വായുസഞ്ചാരം ഉള്ളതുകൊണ്ടുതന്നെ ഈർപ്പവും കുറവാണ്. ഒപ്പം ഹാളിന് ഉള്ളിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയാനും ഓക്സിജന്റെ അളവ് കൂടാനും ഇത് സഹായിച്ചിട്ടുണ്ട്. അങ്ങനെ സഹോദരങ്ങൾക്ക് ഈ ഹാളിൽ ഇരുന്നുകൊണ്ട് പരിപാടികൾ നന്നായി ശ്രദ്ധിക്കാനും ആസ്വദിക്കാനും കഴിയുന്നു. നേരത്തേ കണ്ട സഹോദരൻ പറയുന്നു: “ഇപ്പോൾ ഞങ്ങൾ പരിപാടി കഴിയുമ്പോഴേ പുറത്തേക്ക് ഓടാറില്ല. പകരം ഉച്ചഭക്ഷണത്തിന്റെ സമയത്ത് ഞങ്ങൾ ഹാളിൽത്തന്നെ ഇരുന്ന് എല്ലാവരോടും സംസാരിക്കും. ഈ പുതിയ മേൽക്കൂരയ്ക്കു കീഴിൽ ഇരിക്കുന്നതു തണൽ തരുന്ന വലിയ ഒരു മരത്തിന്റെ കീഴിൽ ഇരിക്കുന്നതുപോലെയാണ്.”
സമ്മേളനങ്ങളും കൺവെൻഷനുകളും നമ്മുടെ സഹോദരങ്ങൾ ഇപ്പോൾ കൂടുതൽ നന്നായി ആസ്വദിക്കുന്നു
സൂര്യനിൽനിന്നുള്ള ഊർജം ഉപയോഗിക്കുന്നു
ഞങ്ങൾ ആരാധനയ്ക്കായി ഉപയോഗിക്കുന്ന പല കെട്ടിടങ്ങളിലും സോളാർ പാനലുകൾ വെച്ചിട്ടുണ്ട്. ഇതു സൂര്യപ്രകാശത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഒരിക്കലും നിന്നുപോകാത്ത ഒരു ഊർജമാണിത്. അതുകൊണ്ടുതന്നെ കൽക്കരി, എണ്ണ, ഗ്യാസ് എന്നിവയിൽനിന്ന് കിട്ടുന്ന വൈദ്യുതിയിൽ ഞങ്ങൾക്ക് അധികം ആശ്രയിക്കേണ്ടിവരുന്നില്ല. ഇങ്ങനെ സൂര്യപ്രകാശത്തിൽനിന്നുള്ള ഊർജം ഉപയോഗിക്കുന്നതുകൊണ്ട് മലിനീകരണം കുറയ്ക്കാനും സംഭാവനകൾ ഏറ്റവും നന്നായി ഉപയോഗിക്കാനും ഞങ്ങൾക്ക് പറ്റുന്നു.
2023-ൽ സ്ലോവേനിയ ബ്രാഞ്ചോഫീസിൽ സോളാർ പാനലുകൾ പിടിപ്പിച്ചു. ആ കെട്ടിടം പ്രവർത്തിക്കാൻ വേണ്ട 30 ശതമാനം ഊർജം ഇതിൽനിന്ന് കിട്ടും. ഏതെങ്കിലും ഒരു സമയത്ത് ബ്രാഞ്ചിന് ആവശ്യമുള്ളതിൽക്കൂടുതൽ വൈദ്യുതി ഇത് ഉത്പാദിപ്പിക്കുകയാണെങ്കിൽ അത് പ്രാദേശിക മുനിസിപ്പാലിറ്റിക്കു കൊടുക്കും. ഇതിന് 3,60,000 ഡോളർ (ഏകദേശം 2.8 കോടി രൂപ) ചെലവഴിച്ചു. അതൊരു നഷ്ടമായി കണക്കാക്കേണ്ടതില്ല. കാരണം വൈദ്യുതി ബിൽ മുമ്പത്തെക്കാൾ കുറവാണ്. അതുകൊണ്ടുതന്നെ നാലു വർഷംകൊണ്ട് മുടക്കിയ തുക തിരിച്ചുപിടിക്കാനാകും.
സ്ലോവേനിയ ബ്രാഞ്ച്
ശ്രീലങ്കൻ ബ്രാഞ്ചോഫീസിൽ 2024-ൽ സോളാർ പാനലുകളും ഒരു വലിയ ബാറ്ററിയും പിടിപ്പിച്ചു. അതിന് ഏകദേശം 30 ലക്ഷം ഡോളർ (ഏകദേശം 25 കോടി രൂപ) ചെലവഴിച്ചു. ഈ ബ്രാഞ്ചോഫീസിന് ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനം ഇതിൽനിന്ന് കിട്ടും. മൂന്നു വർഷംകൊണ്ട് ഈ പാനലുകൾ വെക്കാൻ ചെലവാക്കിയ തുക തിരിച്ചുപിടിക്കാൻ പറ്റും. അതേ വർഷംതന്നെ നെതർലൻഡ്സ് ബ്രാഞ്ചോഫീസിലും സോളാർ പാനലുകൾ പിടിപ്പിച്ചു. അതിന് 11ലക്ഷം ഡോളർ (ഏകദേശം 9 കോടി രൂപ) ചെലവ് വന്നു. ആ ബ്രാഞ്ചിനു വേണ്ട 35 ശതമാനം വൈദ്യുതിയും ഇതിൽനിന്ന് കിട്ടും. ചെലവാക്കിയ തുക ഒമ്പതു വർഷംകൊണ്ട് തിരിച്ചുപിടിക്കാനാകും.
നെതർലൻഡ്സ് ബ്രാഞ്ച്
ഇതുപോലെ മെക്സിക്കോയിലെ പല വിദൂര പരിഭാഷാകേന്ദ്രങ്ങളിലും (RTO) ഞങ്ങൾ സോളാർ പാനലുകൾ പിടിപ്പിച്ചു. ഉദാഹരണത്തിന്, ചിഹുവാഹുവായിലെ ടാരയൂമാര (സെൻട്രൽ) പരിഭാഷാകേന്ദ്രത്തിന്റെ കാര്യമെടുക്കാം. അവിടെ ശൈത്യകാലത്ത് പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെ തണുപ്പും വേനൽക്കാലത്ത് 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടും ഉണ്ടാകാറുണ്ട്. കറണ്ടുചാർജ് കൂടുതലായതുകൊണ്ട് സഹോദരങ്ങൾ ചൂടു നിലനിറുത്താൻ വേണ്ട ഉപകരണങ്ങളും ഏസി-യും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുമായിരുന്നു. ആ പരിഭാഷാകേന്ദ്രത്തിലുള്ള ജോനാഥാൻ സഹോദരൻ പറയുന്നു: “തണുപ്പുകാലത്ത് ഞങ്ങൾ പുതപ്പും നല്ല കട്ടിയുള്ള വസ്ത്രങ്ങളും ഉപയോഗിക്കും. വേനൽക്കാലത്താണെങ്കിൽ ഞങ്ങൾ ജനലുകളെല്ലാം തുറന്നിടും.”
2024-ൽ ഈ പരിഭാഷാകേന്ദ്രത്തിൽ സോളാർ പാനലുകൾ പിടിപ്പിച്ചു. അതിന് 21,480 ഡോളർ (ഏകദേശം 17 ലക്ഷം രൂപ) ചെലവഴിച്ചു. ഈ തുക അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചുപിടിക്കാനാകും. ഇപ്പോൾ നമ്മുടെ സഹോദരങ്ങൾക്ക് ഏസി-യും ചൂടു നിലനിറുത്താൻ വേണ്ട ഉപകരണങ്ങളും കൂടുതൽ ഉപയോഗിക്കാനാകുന്നു. ജോനാഥാൻ സഹോദരൻ പറയുന്നു: “ഞങ്ങൾക്ക് ഇപ്പോൾ നിയമനം നന്നായി ആസ്വദിക്കാനും കൂടുതൽ ഫലപ്രദമായി ചെയ്യാനും പറ്റുന്നു. അതുപോലെ നമ്മുടെ സംഘടന, കിട്ടുന്ന സംഭാവനകൾ ഏറ്റവും നന്നായി പ്രകൃതിക്ക് ഒരു രീതിയിലും ദോഷം ചെയ്യാത്ത വിധത്തിൽ ഉപയോഗിക്കുന്നതു കാണുമ്പോൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തോന്നുന്നു.”
ടാരയൂമാര (സെൻട്രൽ) പരിഭാഷ ടീം ഇപ്പോൾ കൂടുതൽ സുഖകരമായ ചുറ്റുപാടിൽ ഇരുന്ന് ജോലി ചെയ്യുന്നു
മഴവെള്ളം നന്നായി ഉപയോഗിക്കുന്നു
ആഫ്രിക്കയിലെ ചില രാജ്യഹാളുകളിൽ സഹോദരങ്ങൾക്ക് നല്ല വെള്ളം കിട്ടാറില്ല. അതുകൊണ്ട് സഹോദരങ്ങൾ കിലോമീറ്ററുകളോളം ചുമന്നാണ് രാജ്യഹാളിലേക്ക് വെള്ളം കൊണ്ടുവരുന്നത്. ഇനി ചില ഹാളുകളിൽ ട്രക്കിൽ വരുന്ന വെള്ളം സഹോദരങ്ങൾ കാശു കൊടുത്ത് വാങ്ങിക്കും. അത് ചെലവേറിയതാണ്. പ്രകൃതിക്ക് അത്ര നല്ലതുമല്ല.
സഹോദരങ്ങൾക്ക് വെള്ളം ലഭ്യമാക്കാൻവേണ്ടി ആഫ്രിക്കയിലെ പല രാജ്യഹാളുകളിലും വലിയ ടാങ്കും മേൽക്കൂരയിൽനിന്ന് മഴവെള്ളം ടാങ്കിലേക്ക് എത്തിക്കാൻവേണ്ടി പാത്തികളും പിടിപ്പിച്ചു. എല്ലാം പിടിപ്പിക്കുന്നതിനു മുമ്പ് സഹോദരങ്ങൾ ഓരോ സ്ഥലത്തെയും കാലാവസ്ഥയെക്കുറിച്ച് നന്നായി പഠിച്ചു. ഏറ്റവും നല്ല രീതിയിൽ വെള്ളം ശേഖരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ ഇതു സഹായിച്ചു. ഒരു രാജ്യഹാളിൽ ഇതെല്ലാം ചെയ്യുന്നതിന് 600 ഡോളർ മുതൽ 3,000 ഡോളർ വരെ (ഏകദേശം 52,000 മുതൽ 2,60,000 രൂപ വരെ) ചെലവ് വരും. എങ്കിലും ഈ സംവിധാനം ഉള്ളതുകൊണ്ട് രാജ്യഹാളുകൾക്ക് ഒരുപാടു ചെലവ് കുറവുണ്ട്. കാരണം സഹോദരങ്ങൾക്ക് ഇപ്പോൾ കാശു കൊടുത്ത് വെള്ളം വാങ്ങിക്കേണ്ടിവരുന്നില്ല.
സൗത്ത് ആഫ്രിക്കയിലെ ഒരു ടൗണിലുള്ള രാജ്യഹാളിൽ വെള്ളം ശേഖരിച്ചുവെക്കുന്ന ടാങ്ക്
മഴവെള്ളം ശേഖരിച്ചുവെക്കുന്നത് നമ്മുടെ സഹോദരങ്ങൾക്ക് ഒരുപാട് പ്രയോജനം ചെയ്തിട്ടുണ്ട്. മൊസാമ്പിക്കിലെ നോയിമിയ സഹോദരി പറയുന്നു: “മുമ്പ് രാജ്യഹാളിലേക്കു വെള്ളം കൊണ്ടുവരണമെങ്കിൽ ഞങ്ങൾ ഒരുപാടു ദൂരം യാത്ര ചെയ്യണമായിരുന്നു. രാജ്യഹാളിലേക്ക് എത്തുമ്പോഴേക്കും ഞങ്ങൾ ക്ഷീണിച്ച് തളരും. പിന്നെ വെള്ളം കുറവായിരുന്നതുകൊണ്ടുതന്നെ നല്ല ശുചിത്വം പാലിക്കാനും പാടായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും കൈ കഴുകാൻ ആവശ്യത്തിനു വെള്ളമുണ്ട്. അതുപോലെ രാജ്യഹാളിലേക്ക് എത്തുമ്പോൾ ഞങ്ങൾക്ക് ഒരു ക്ഷീണവുമില്ല. നന്നായി മീറ്റിങ്ങുകൾ ആസ്വദിക്കാൻ പറ്റുന്നു. ഒരുപാടു ഒരുപാട് നന്ദി!”
ശേഖരിച്ചുവെച്ച മഴവെള്ളം സൗത്ത് ആഫ്രിക്കയിലുള്ള ഒരു സഹോദരിയും മകനും ഉപയോഗിക്കുന്നു
ഈ കാര്യങ്ങളൊക്കെ ചെയ്യുന്നതിനുവേണ്ടിയുള്ള പണം സംഘടന എവിടെനിന്നാണു കണ്ടെത്തുന്നത്? donate.jw.org-ൽ വിശദീകരിച്ചിരിക്കുന്ന ചില വഴികളിലൂടെ ലോകവ്യാപകവേലയ്ക്കുവേണ്ടി നമ്മൾ ഓരോരുത്തരും കൊടുക്കുന്ന സംഭാവനകളിലൂടെയാണ് ഇതു നടക്കുന്നത്. നിങ്ങളുടെ ഉദാരമായ സംഭാവനകൾക്ക് ഒരുപാടു നന്ദി!
a ഈ ലേഖനത്തിലെ ഡോളർ യു. എസ്. ഡോളറാണ്.