-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യേശു . . . അയാളെ തൊട്ടു: മറ്റുള്ളവർക്കു രോഗം പകരാതിരിക്കാൻ കുഷ്ഠരോഗികളെ മാറ്റിത്താമസിപ്പിക്കണമെന്നു മോശയിലൂടെ കൊടുത്ത നിയമത്തിലുണ്ടായിരുന്നു. (ലേവ 13:45, 46; സംഖ 5:1-4) എന്നാൽ ജൂതമതനേതാക്കന്മാർ കൂടുതലായ നിയമങ്ങൾ അടിച്ചേൽപ്പിച്ചു. ഉദാഹരണത്തിന്, ആളുകൾ ഒരു കുഷ്ഠരോഗിയിൽനിന്ന് കുറഞ്ഞതു നാലു മുഴം, അതായത് ഏകദേശം 1.8 മീ. (6 അടി) അകലം പാലിക്കണമായിരുന്നു. എന്നാൽ കാറ്റുള്ള ദിവസങ്ങളിൽ ദൂരപരിധി 100 മുഴം, അതായത് ഏകദേശം 45 മീ. (150 അടി) ആയിരുന്നു. ഇത്തരം നിയമങ്ങൾ കാരണം ആളുകൾ കുഷ്ഠരോഗികളോടു ദയയില്ലാതെ പെരുമാറാൻതുടങ്ങി. കുഷ്ഠരോഗികളിൽനിന്ന് ഒളിച്ചുകളഞ്ഞ ഒരു റബ്ബിയെയും കുഷ്ഠരോഗികളെ അകറ്റിനിറുത്താൻ അവരെ കല്ലുപെറുക്കി എറിഞ്ഞ മറ്റൊരു റബ്ബിയെയും അനുകൂലിച്ചാണു ജൂതപാരമ്പര്യരേഖകൾ സംസാരിക്കുന്നത്. എന്നാൽ അതിൽനിന്നും തികച്ചും വ്യത്യസ്തമായി യേശു ആ കുഷ്ഠരോഗിയുടെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞിട്ട്, മറ്റു ജൂതന്മാർക്കു ചിന്തിക്കാൻപോലും കഴിയാത്ത ഒരു കാര്യം ചെയ്തു—ആ മനുഷ്യനെ തൊട്ടു. ഒറ്റ വാക്കുകൊണ്ട് സുഖപ്പെടുത്താമായിരുന്നെങ്കിലും യേശു അയാളെ തൊട്ടാണു സുഖപ്പെടുത്തിയത്.—മത്ത 8:5-12.
എനിക്കു മനസ്സാണ്: യേശു ആ അപേക്ഷ സ്വീകരിക്കുക മാത്രമല്ല അതു സാധിച്ചുകൊടുക്കാൻ തനിക്കു ശക്തമായ ആഗ്രഹമുണ്ടെന്നു പ്രകടിപ്പിക്കുകയും ചെയ്തു. വെറുമൊരു കടമനിർവഹണം പോലെയല്ല യേശു അയാളെ സുഖപ്പെടുത്തിയതെന്ന് ഈ വാക്കുകൾ തെളിയിച്ചു.
-