-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അങ്ങ് എന്തിനാണ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത്?: അഥവാ “ഞങ്ങൾക്കും അങ്ങയ്ക്കും പൊതുവായിട്ട് എന്താണുള്ളത്?” ഈ ചോദ്യത്തിന്റെ പദാനുപദപരിഭാഷ, “ഞങ്ങൾക്കും അങ്ങയ്ക്കും എന്ത്” എന്നാണ്. ഈ സെമിറ്റിക്ക് ഭാഷാശൈലി എബ്രായതിരുവെഴുത്തുകളിൽ പലയിടത്തും കാണാം. (യോശ 22:24; ന്യായ 11:12; 2ശമു 16:10; 19:22; 1രാജ 17:18; 2രാജ 3:13; 2ദിന 35:21; ഹോശ 14:8) ഇതേ അർഥംവരുന്ന ഗ്രീക്കുപദപ്രയോഗം ഗ്രീക്കുതിരുവെഴുത്തുകളിലുമുണ്ട്. (മത്ത 8:29; മർ 1:24; 5:7; ലൂക്ക 4:34; 8:28; യോഹ 2:4) സന്ദർഭമനുസരിച്ച് ഈ ശൈലിയുടെ അർഥത്തിനു കുറച്ചൊക്കെ മാറ്റം വരാം. ഈ വാക്യത്തിൽ ഇത് എതിർപ്പിനെയും വിരോധത്തെയും ആണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇതിനെ, “ഞങ്ങളെ ശല്യപ്പെടുത്തരുത്!” എന്നോ “ഞങ്ങളെ വെറുതേ വിടൂ!” എന്നോ പരിഭാഷപ്പെടുത്താമെന്നു ചിലർ അഭിപ്രായപ്പെടുന്നു. മറ്റു സന്ദർഭങ്ങളിൽ ഈ പദപ്രയോഗം, കാഴ്ചപ്പാടിലോ അഭിപ്രായത്തിലോ ഉള്ള വ്യത്യാസത്തെ സൂചിപ്പിക്കാനോ നിർദേശിച്ച ഒരു കാര്യം ചെയ്യാനുള്ള വിസമ്മതത്തെ സൂചിപ്പിക്കാനോ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അത് അവശ്യം പുച്ഛമോ അഹങ്കാരമോ എതിർപ്പോ ധ്വനിപ്പിക്കണമെന്നില്ല.—യോഹ 2:4-ന്റെ പഠനക്കുറിപ്പു കാണുക.
ഞങ്ങളെ ഉപദ്രവിക്കാൻ: ഇതിനോടു ബന്ധപ്പെട്ട ഒരു ഗ്രീക്കുപദമാണു മത്ത 18:34-ൽ ‘ജയിലധികാരികൾ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘ഉപദ്രവിക്കുക’ എന്ന പദം, ലൂക്ക 8:31-ലെ സമാന്തരവിവരണത്തിൽ കാണുന്ന ‘അഗാധത്തിൽ’ അടയ്ക്കുന്നതിനെ അഥവാ തളച്ചിടുന്നതിനെ ആയിരിക്കാം കുറിക്കുന്നത്.
-