-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നീ പത്രോസാണ്; ഈ പാറമേൽ: പുല്ലിംഗരൂപത്തിലുള്ള പെട്രോസ് എന്ന ഗ്രീക്കുപദത്തിന്റെ അർഥം “ഒരു പാറക്കഷണം; ഒരു കല്ല്” എന്നൊക്കെയാണ്. എന്നാൽ ഇവിടെ അത് ഒരു പേരായിട്ടാണ് (പത്രോസ്) ഉപയോഗിച്ചിരിക്കുന്നത്. യേശു ശിമോനു നൽകിയ പേരിന്റെ ഗ്രീക്കുരൂപമാണ് അത്. (യോഹ 1:42) പെട്ര എന്ന സ്ത്രീലിംഗരൂപം “പാറ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിനു മണ്ണിന് അടിയിലെ ശിലാപാളികളെയോ ചെങ്കുത്തായ ഒരു പാറയെയോ ഒരു പാറക്കെട്ടിനെയോ അർഥമാക്കാനാകും. ഇതേ ഗ്രീക്കുപദം മത്ത 7:24, 25; 27:60; ലൂക്ക 6:48; 8:6; റോമ 9:33; 1കൊ 10:4; 1പത്ര 2:8 എന്നീ വാക്യങ്ങളിലും കാണാം. യേശു തന്റെ സഭ പണിയാനിരിക്കുന്ന പാറ താനാണെന്ന ധാരണ, തെളിവനുസരിച്ച് പത്രോസിനുപോലുമില്ലായിരുന്നു. കാരണം നാളുകൾക്കു മുമ്പേ മുൻകൂട്ടിപ്പറഞ്ഞ ‘അടിസ്ഥാന മൂലക്കല്ലായി’ ദൈവം തിരഞ്ഞെടുത്തതു യേശുവിനെയാണെന്നു പത്രോസുതന്നെ 1പത്ര 2:4-8-ൽ എഴുതി. അതുപോലെ യേശുവാണ് ‘അടിസ്ഥാനവും’ ‘ആത്മീയപാറയും’ എന്നു പൗലോസ് അപ്പോസ്തലനും എഴുതി. (1കൊ 3:11; 10:4) അതുകൊണ്ട് യേശു ഇവിടെ രണ്ടു വാക്കുകളുടെ സാമ്യം പ്രയോജനപ്പെടുത്തി രസകരമായി ഒരു കാര്യം അവതരിപ്പിക്കുകയായിരുന്നിരിക്കണം. ഒരർഥത്തിൽ യേശു ഇതാണു പറഞ്ഞത്: ‘ഞാൻ പാറക്കഷണം (അഥവാ പത്രോസ്) എന്നു വിളിച്ച നിനക്ക്, ക്രിസ്തീയസഭയുടെ അടിസ്ഥാനമാകാൻപോകുന്ന “ഈ പാറ” (അഥവാ ക്രിസ്തു) ആരാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിരിക്കുന്നു.’
സഭ: എക്ലേസിയ എന്ന ഗ്രീക്കുപദം ആദ്യമായി കാണുന്നിടം. ഈ പദം എക് (“വേർതിരിക്കുക”) എന്നും കലിയോ (“വിളിക്കുക”) എന്നും ഉള്ള രണ്ടു ഗ്രീക്കുപദങ്ങളിൽനിന്ന് വന്നതാണ്. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ പ്രവർത്തനത്തിനോ വേണ്ടി വിളിച്ചുചേർത്ത ഒരു കൂട്ടം ആളുകളെയാണ് ഇത് അർഥമാക്കുന്നത്. (പദാവലി കാണുക.) ഒരു ‘ആത്മീയഭവനമായി പണിയപ്പെടുന്ന’ “ജീവനുള്ള കല്ലുകളായ” അഭിഷിക്തക്രിസ്ത്യാനികൾ ചേർന്ന് ക്രിസ്തീയസഭ രൂപംകൊള്ളുന്നതിനെക്കുറിച്ചാണു യേശു ഇവിടെ മുൻകൂട്ടിപ്പറഞ്ഞത്. (1പത്ര 2:4, 5) “സഭ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിനു തത്തുല്യമായി സെപ്റ്റുവജിന്റിലും ഈ ഗ്രീക്കുപദം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. അവിടെ അതു മിക്കപ്പോഴും ദൈവജനത്തെ മുഴുവൻ, അതായത് ആ ജനതയെ ഒന്നാകെ, കുറിക്കുന്നു. (ആവ 23:3; 31:30) പ്രവൃ 7:38-ൽ, ഈജിപ്തിൽനിന്ന് വിളിച്ചുകൊണ്ടുവന്ന ഇസ്രായേല്യരെ “സഭ” എന്നാണു വിളിച്ചിരിക്കുന്നത്. സമാനമായി ‘ഇരുളിൽനിന്ന് വിളിക്കപ്പെട്ടവരും’ ‘ലോകത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും’ ആയ ക്രിസ്ത്യാനികൾ ചേർന്ന കൂട്ടത്തെ “ദൈവസഭ” എന്നും വിളിച്ചിരിക്കുന്നു.—1പത്ര 2:9; യോഹ 15:19; 1കൊ 1:2.
ശവക്കുഴി: ഗ്രീക്കിൽ ഹേഡിസ്. അതായത് മനുഷ്യവർഗത്തിന്റെ ശവക്കുഴി. (പദാവലി കാണുക.) മരിച്ചവർ ‘മരണകവാടങ്ങളുടെയും’ (സങ്ക 107:18) ‘ശവക്കുഴിയുടെ കവാടങ്ങളുടെയും’ (യശ 38:10) ഉള്ളിലാണെന്നു ബൈബിൾ പറയുന്നു. അവർ മരണത്തിന്റെ ശക്തിക്ക് അധീനരാണെന്നാണ് അതു സൂചിപ്പിക്കുന്നത്. എന്നാൽ ശവക്കുഴിയുടെ മേൽ ജയം നേടുന്നതിനെക്കുറിച്ച് യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്. മരിച്ചവരെ സ്വതന്ത്രരാക്കാൻ പുനരുത്ഥാനസമയത്ത് ശവക്കുഴിയുടെ “കവാടങ്ങൾ” തുറക്കപ്പെടുമെന്നാണ് അതിന് അർഥം. ഈ വാഗ്ദാനം നിറവേറുമെന്നതിന് ഉറപ്പേകുന്നതായിരുന്നു യേശുവിന്റെതന്നെ പുനരുത്ഥാനം. (മത്ത 16:21) സഭ സ്ഥാപിതമായിരിക്കുന്നത് അതിലെ അംഗങ്ങളെ മരണത്തിൽനിന്ന് വിടുവിക്കാൻ കഴിവുള്ള യേശുവിന്മേലായതുകൊണ്ട് ശവക്കുഴിക്കു സഭയെ ജയിച്ചടക്കാനാകില്ല, അഥവാ അതിനെ എന്നേക്കുമായി തളച്ചിടാനാകില്ല.—പ്രവൃ 2:31; വെളി 1:18; 20:13, 14.
-