-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം: പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം പെസഹയുടെ (നീസാൻ 14) പിറ്റേന്ന്, അതായത് നീസാൻ 15-നാണ് ആരംഭിച്ചിരുന്നത്. അത് ഏഴു ദിവസം നീണ്ടുനിൽക്കുമായിരുന്നു. (അനു. ബി15 കാണുക.) എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും പെസഹയ്ക്ക് ഈ ഉത്സവവുമായി അഭേദ്യമായ ഒരു ബന്ധമുണ്ടായിരുന്നതുകൊണ്ട് നീസാൻ 14 ഉൾപ്പെടെയുള്ള എട്ടു ദിവസത്തെയും ‘പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം’ എന്നു വിളിക്കാറുണ്ടായിരുന്നു. (ലൂക്ക 22:1) ഈ വാക്യത്തിലെ “ഒന്നാം ദിവസം” എന്നതിനെ “മുമ്പുള്ള ദിവസം” എന്നും ഇവിടെ പരിഭാഷപ്പെടുത്താം. [യോഹ 1:15, 30 താരതമ്യം ചെയ്യുക. അവിടെ സമാനമായ ഒരു വ്യാകരണഘടന വരുന്നിടത്ത് “ഒന്നാം” എന്നതിനുള്ള ഗ്രീക്കുപദത്തെ (പ്രൊട്ടോസ്) “മുമ്പേ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. “എനിക്കും മുമ്പേ (പ്രൊട്ടോസ്) അദ്ദേഹമുണ്ടായിരുന്നു” എന്ന് അവിടെ വായിക്കുന്നു.] അതുകൊണ്ട് മൂലഗ്രീക്കുഭാഷയും ജൂതന്മാരുടെ അക്കാലത്തെ രീതിയും കണക്കിലെടുക്കുമ്പോൾ, ശിഷ്യന്മാർ യേശുവിനോട് ആ ചോദ്യം ചോദിച്ചതു നീസാൻ 13-ാം തീയതിതന്നെയാണെന്ന് അനുമാനിക്കാം. അപ്പോൾ നീസാൻ 13-ാം തീയതി പകൽസമയത്താണു ശിഷ്യന്മാർ പെസഹയ്ക്കുവേണ്ട ഒരുക്കങ്ങൾ നടത്തിയത്. തുടർന്ന് “സന്ധ്യയായപ്പോൾ,” അതായത് നീസാൻ 14 ആരംഭിച്ചപ്പോൾ, അതിന്റെ ആചരണവും നടന്നു.—മർ 14:16, 17; പദാവലിയിൽ “പുളിപ്പില്ലാത്ത അപ്പം” കാണുക.
-