-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കഴുകി ശുദ്ധി വരുത്തുക: പല പുരാതന കൈയെഴുത്തുപ്രതികളും ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ബാപ്‌റ്റിഡ്‌സോ (മുക്കുക; നിമജ്ജനം ചെയ്യുക) എന്ന ഗ്രീക്കുപദമാണ്. ഈ പദമാകട്ടെ മിക്കപ്പോഴും ക്രിസ്‌തീയസ്‌നാനത്തെയാണു കുറിക്കുന്നത്. എന്നാൽ ലൂക്ക 11:38-ൽ ഇതേ പദം ജൂതസമ്പ്രദായമനുസരിച്ച് ആളുകൾ ആചാരപരമായി കുളിക്കുന്നതും കൈകാലുകൾ കഴുകുന്നതും പോലെ ആവർത്തിച്ച് ചെയ്‌തിരുന്ന വിവിധതരം നടപടികളെ കുറിക്കുന്നു. മറ്റു ചില പുരാതന കൈയെഴുത്തുപ്രതികൾ മർ 7:4-ൽ “തളിക്കുക; തളിച്ച് ശുദ്ധീകരിക്കുക” എന്നെല്ലാം അർഥമുള്ള റാൻടിഡ്‌സോ എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (എബ്ര 9:13, 19, 21, 22) കൈയെഴുത്തുപ്രതികളിൽ കാണുന്ന ഈ വ്യത്യസ്‌തപദങ്ങളിൽ ഏതെടുത്താലും ആശയം ഏതാണ്ട് ഒന്നുതന്നെയാണ്—ഏതെങ്കിലും വിധത്തിൽ ആചാരപരമായി ശുദ്ധിവരുത്താതെ മതനിഷ്‌ഠയുള്ള ജൂതന്മാർ ഭക്ഷണം കഴിച്ചിരുന്നില്ല. അക്കാലത്തെ ജൂതന്മാർ വെള്ളത്തിൽ മുങ്ങി ആചാരപരമായി ശുദ്ധിവരുത്തിയിരുന്നു എന്നതിനെ പിന്താങ്ങുന്ന തെളിവുകൾ പുരാവസ്‌തുശാസ്‌ത്രജ്ഞർ യരുശലേമിൽ കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളനുസരിച്ച് ചില കൈയെഴുത്തുപ്രതികളിൽ “മുങ്ങുക” എന്ന് അർഥമുള്ള ബാപ്‌റ്റിഡ്‌സോ എന്ന ഗ്രീക്കുക്രിയ ഇവിടെ ഉപയോഗിച്ചിരിക്കുന്നതും തെറ്റല്ല.
വെള്ളത്തിൽ മുക്കി ശുദ്ധീകരിക്കുക: അഥവാ, “സ്‌നാനപ്പെടുത്തുക.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ബാപ്‌റ്റിഡ്‌സ്‌മോസ് എന്ന ഗ്രീക്കുപദം യേശുവിന്റെ കാലത്തെ മതഭക്തരായ ചില ജൂതന്മാർ ശുദ്ധീകരണത്തിനായി ചെയ്‌തിരുന്ന ആചാരങ്ങളെ കുറിക്കുന്നു. ഭക്ഷണസമയത്ത് ഉപയോഗിച്ചിരുന്ന പാനപാത്രങ്ങളും കുടങ്ങളും ചെമ്പുപാത്രങ്ങളും അവർ ഇത്തരത്തിൽ വെള്ളത്തിൽ മുക്കിയിരുന്നു അഥവാ സ്‌നാനപ്പെടുത്തിയിരുന്നു.
-