-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യേശു ബഥാന്യയിൽ: മർ 14:3-9-ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നതു തെളിവനുസരിച്ച് സൂര്യാസ്‌തമയശേഷം, അതായത് നീസാൻ 9 ആരംഭിച്ചതിനു ശേഷം, ആണ്. യോഹന്നാന്റെ സുവിശേഷത്തിലെ സമാന്തരവിവരണമാണ് ഇതു സംബന്ധിച്ച സൂചന നൽകുന്നത്. യേശു ബഥാന്യയിൽ എത്തിയത് “പെസഹയ്‌ക്ക് ആറു ദിവസം മുമ്പ് ” ആണെന്ന് അവിടെ പറയുന്നു. (യോഹ 12:1) ശബത്തുദിവസമായ നീസാൻ 8 ആരംഭിക്കുന്നതിനു മുമ്പ് (അതായത് സൂര്യാസ്‌തമയത്തിനു മുമ്പ്) യേശു അവിടെ എത്തിയിരിക്കണം. ശബത്തിനു തൊട്ടടുത്ത ദിവസമായിരുന്നു ശിമോന്റെ വീട്ടിലെ ഭക്ഷണം.—യോഹ 12:1-11; അനു. എ7-ഉം ബി12-ഉം കാണുക.
കുഷ്‌ഠരോഗിയായ ശിമോൻ: ഈ ശിമോനെക്കുറിച്ച് ഇവിടെയും സമാന്തരവിവരണമായ മത്ത 26:6-ലും മാത്രമേ പറഞ്ഞിട്ടുള്ളൂ. യേശു മുമ്പ് എപ്പോഴെങ്കിലും കുഷ്‌ഠരോഗം ഭേദമാക്കിയ ഒരാളായിരുന്നിരിക്കാം ഇദ്ദേഹം.— മത്ത 8:2-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “കുഷ്‌ഠം; കുഷ്‌ഠരോഗി” എന്നതും കാണുക.
ഒരു സ്‌ത്രീ: മത്ത 26:7-ന്റെ പഠനക്കുറിപ്പു കാണുക.
വെൺകൽഭരണി: പദാവലി കാണുക.
തൈലം: അതിന്റെ തൂക്കം ഒരു റാത്തൽ ആയിരുന്നെന്നു യോഹന്നാൻ പറയുന്നു. ഇനി മർക്കോസും യോഹന്നാനും അതിന്റെ വില എടുത്തുപറഞ്ഞിട്ടുണ്ട്. അതിന് “300 ദിനാറെയിൽ കൂടുതൽ” വില വരുമായിരുന്നെന്നു നമ്മൾ അവിടെ വായിക്കുന്നു. (മർ 14:5; യോഹ 12:3-5) ഒരു സാധാരണ കൂലിപ്പണിക്കാരന്റെ ഏതാണ്ട് ഒരു വർഷത്തെ കൂലിക്കു തുല്യമായിരുന്നു ആ തുക. ഈ സുഗന്ധതൈലം ഹിമാലയസാനുക്കളിൽ കണ്ടുവരുന്ന ഒരു സുഗന്ധച്ചെടിയിൽനിന്ന് (നാർഡൊസ്റ്റാക്കിസ് ജടമാൻസി) എടുത്തിരുന്നതാണെന്നു പൊതുവേ കരുതപ്പെടുന്നു. പലപ്പോഴും ആളുകൾ ഇതിൽ മായം ചേർത്തിരുന്നു, വ്യാജോത്‌പന്നങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. പക്ഷേ ഇതു ശുദ്ധമായ തൈലം ആയിരുന്നെന്നു മർക്കോസും യോഹന്നാനും പറയുന്നു.—പദാവലിയിൽ “ജടാമാംസി തൈലം” കാണുക.
യേശുവിന്റെ തലയിൽ ഒഴിച്ചു: മത്തായിയും മർക്കോസും പറയുന്നത് ആ സ്‌ത്രീ തൈലം യേശുവിന്റെ തലയിൽ ഒഴിച്ചു എന്നാണ്. (മത്ത 26:7) വർഷങ്ങൾക്കു ശേഷം ഇതെക്കുറിച്ച് എഴുതിയ യോഹന്നാൻ, അവർ അതു യേശുവിന്റെ കാലിലും ഒഴിച്ചു എന്ന വിശദാംശവും ഉൾപ്പെടുത്തി. (യോഹ 12:3) അവർ സ്‌നേഹത്തോടെ ചെയ്‌ത ഇക്കാര്യം, തന്നെ ആലങ്കാരികാർഥത്തിൽ ശവസംസ്‌കാരത്തിന് ഒരുക്കിയെന്നു യേശു പറഞ്ഞു.—മർ 14:8-ന്റെ പഠനക്കുറിപ്പു കാണുക.
-