-
ലൂക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ശക്തി യഹോവ . . . നൽകിയിരുന്നു: ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. ഒന്നാമതായി, കിരിയോസ് എന്ന പദം ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം വ്യക്തമായി സൂചിപ്പിക്കുന്നു. ഇനി “ശക്തി,” “ബലം” എന്നെല്ലാം പരിഭാഷപ്പെടുത്താവുന്ന ഡൂനാമിസ് എന്ന ഗ്രീക്കുപദം സെപ്റ്റുവജിന്റിൽ കാണുന്നത് അതിന്റെ എബ്രായപാഠം യഹോവയുടെ ശക്തിയെക്കുറിച്ച് പറയുന്നിടത്താണ്. ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായ അക്ഷരങ്ങൾ അത്തരം സ്ഥലങ്ങളിൽ കാണാറുമുണ്ട്. (സങ്ക 21:1, 13; 93:1; 118:15) ഇനി, വ്യാകരണനിയമമനുസരിച്ച് കിരിയോസ് എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന ഗ്രീക്ക് നിശ്ചായക ഉപപദം (definite article) ലൂക്ക 5:17-ൽ കാണുന്നില്ല എന്നു പണ്ഡിതന്മാർ പറയുന്നു. അതിന്റെ അർഥം, കിരിയോസ് എന്ന പദം ഇവിടെ ഒരു വ്യക്തിനാമംപോലെയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. അവരുടെ ആ കണ്ടെത്തൽ ശ്രദ്ധേയമാണ്. കാരണം സെപ്റ്റുവജിന്റ് പരിഭാഷയുടെ കാര്യത്തിലും ഇതുപോലെതന്നെ സംഭവിച്ചിട്ടുണ്ട്. അതിന്റെ ആദ്യകാലപ്രതികളിൽ ദൈവനാമമുണ്ടായിരുന്നെങ്കിലും പിൽക്കാലപ്രതികളിൽ അതിനു പകരം കിരിയോസ് എന്ന പദം ഉപയോഗിച്ചപ്പോൾ വ്യാകരണനിയമം ആവശ്യപ്പെടുന്ന നിശ്ചായക ഉപപദം എപ്പോഴും അതോടൊപ്പം ചേർത്തിട്ടില്ല. ഇത്തരത്തിൽ കിരിയോസിനു മുമ്പ് ഒരു നിശ്ചായക ഉപപദം പ്രതീക്ഷിക്കുന്ന ഈ വാക്യത്തിലും അതു കാണുന്നില്ല എന്ന വസ്തുത സൂചിപ്പിക്കുന്നത്, കിരിയോസ് എന്ന പദത്തിന്റെ സ്ഥാനത്ത് മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്. ചുരുക്കത്തിൽ, “യഹോവയുടെ ശക്തി” എന്ന പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലവും ഗ്രീക്ക് നിശ്ചായക ഉപപദത്തിന്റെ അഭാവവും കണക്കിലെടുത്താണ് ഇവിടെ ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത്.—അനു. സി കാണുക.
-