-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഐനോൻ: ധാരാളം വെള്ളമുണ്ടായിരുന്ന ഒരു സ്ഥലമായിരുന്നു ഇത്. ശലേമിന് അടുത്തുള്ള സ്ഥലം എന്ന് ഇതിനെ വിളിച്ചിരിക്കുന്നത്, ശലേം കൂടുതൽ പ്രശസ്തമായിരുന്നതുകൊണ്ടാകാം. ഈ രണ്ടു സ്ഥലങ്ങളുടെയും കൃത്യസ്ഥാനം നമുക്ക് അറിയില്ല. എന്നാൽ ശകപ്പൊളിസിന് (ബേത്ത്-ശെയാൻ) ഏതാണ്ട് 12 കി.മീ. (ഏതാണ്ട് 8 റോമൻ മൈൽ) തെക്കായി സ്ഥിതി ചെയ്യുന്ന യോർദാൻ താഴ്വരയിലായിരുന്നു ഇവയുടെ സ്ഥാനമെന്നു യൂസേബിയസ് പറയുന്നു. ആ പ്രദേശത്തുള്ള ടെൽ റിഡ്‌ഗ (ടെൽ ഷാലേം) ആണ് ശലേം എന്നു കരുതപ്പെടുന്നു. അതിന് അടുത്തായി ധാരാളം നീരുറവകൾ കാണപ്പെടുന്നു എന്ന വസ്‌തുത, ഐനോനെക്കുറിച്ച് യൂസേബിയസ് നൽകുന്ന വിവരണവുമായി ചേരുന്നുണ്ട്. ബൈബിളിൽ ഐനോൻ, ശലേം എന്നീ രണ്ടു സ്ഥലപ്പേരുകളും ഇവിടെ മാത്രമേ കാണുന്നുള്ളൂ.
സ്നാനപ്പെടുത്തുന്നു: അഥവാ “നിമജ്ജനം ചെയ്യുന്നു.” ബാപ്റ്റിഡ്സോ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുക്കുക; ആഴ്‌ത്തുക” എന്നൊക്കെയാണ്. സ്നാനപ്പെടുന്ന ആളെ പൂർണമായി മുക്കണമെന്നാണു ബൈബിൾ സൂചിപ്പിക്കുന്നത്. ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തുവെച്ച് യോഹന്നാൻ ആളുകളെ സ്നാനപ്പെടുത്തിയത് ‘അവിടെ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ടാണ്’ എന്നു വിവരണം പറയുന്നു. (ഈ വാക്യത്തിലെ ഐനോൻ എന്നതിന്റെ പഠനക്കുറിപ്പു കാണുക.) ഫിലിപ്പോസ് എത്യോപ്യൻ ഷണ്ഡനെ സ്നാനപ്പെടുത്തിയപ്പോൾ രണ്ടുപേരും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാനിൽ ഏഴു പ്രാവശ്യം മുങ്ങി” എന്നു പറയുന്നിടത്ത് സെപ്‌റ്റുവജിന്റിൽ കാണുന്നതും ഇതേ ഗ്രീക്കുപദംതന്നെയാണ്.
-