-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
സുഖാർ: ശമര്യയിലെ ഒരു നഗരം. അത് ആധുനിക നാബ്ലസിന് അടുത്തുള്ള അസ്‌കർ എന്ന ഗ്രാമമാണെന്നു പൊതുവേ കരുതിപ്പോരുന്നു. ശെഖേമിന് ഏതാണ്ട് 1 കി.മീ. വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ സ്ഥാനം യാക്കോബിന്റെ കിണറിന് 0.7 കി.മീ. വടക്കുകിഴക്കാണ്. (അനു. ബി6-ഉം ബി10-ഉം കാണുക.) സുഖാറും ശെഖേമും ഒന്നാണെന്ന ഒരു അഭിപ്രായം നിലവിലുണ്ട്. പണ്ടുള്ള ബൈബിളെഴുത്തുകാരല്ലാത്ത ചിലരുടെ എഴുത്തുകളും കോഡക്സ് സിറിയാക്ക് സൈനാറ്റിക്കസിൽ ഈ ഭാഗത്ത് “സുഖേം” എന്ന് എഴുതിയിരിക്കുന്നതും വെച്ചാണ് ചിലർ അങ്ങനെ പറയുന്നത്. എന്നാൽ കൂടുതൽ ആധികാരികതയുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ കാണുന്നതു “സുഖാർ” എന്നുതന്നെയാണ്. മാത്രമല്ല ഈ വിവരണത്തിൽ പറഞ്ഞിരിക്കുന്ന സംഭവം നടന്ന സമയത്ത് ശെഖേമിൽ (തേൽ-ബാലാത്ത) ആൾത്താമസം ഇല്ലായിരുന്നെന്നു പുരാവസ്തുശാസ്ത്രജ്ഞന്മാർ വ്യക്തമാക്കിയിട്ടുമുണ്ട്.
-