-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഈ മല: അതായത്, ഗരിസീം പർവതം. (അനു. ബി10 കാണുക.) എബ്രായതിരുവെഴുത്തുകളിൽ ഈ പർവതത്തെക്കുറിച്ച് നാലിടത്ത് പറയുന്നുണ്ട്. (ആവ 11:29; 27:12; യോശ 8:33; ന്യായ 9:7) യരുശലേമിൽ ദേവാലയം പണിതതിനുള്ള മറുപടിയെന്നോണം ശമര്യക്കാർ ഗരിസീം പർവതത്തിൽ ഒരു ദേവാലയം പണികഴിപ്പിച്ചു. സാധ്യതയനുസരിച്ച് ബി.സി. നാലാം നൂറ്റാണ്ടിൽ പണിത ആ ആലയം ബി.സി. 128-ൽ ജൂതന്മാർ നശിപ്പിച്ചു. ബൈബിളിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളും, സാധ്യതയനുസരിച്ച് യോശുവയുടെ പുസ്തകവും മാത്രമാണു ശമര്യക്കാർ അംഗീകരിച്ചിരുന്നത്. പക്ഷേ അവർ അതിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയിരുന്നു. ശമര്യ പഞ്ചഗ്രന്ഥി എന്ന് അറിയപ്പെട്ടിരുന്ന ഈ പുസ്‌തകം അവർ അവരുടെ സ്വന്തം ലിപിയിലാണ് (പുരാതന എബ്രായലിപിയിൽനിന്ന് രൂപംകൊണ്ടത്.) എഴുതിയിരുന്നത്. എബ്രായബൈബിളിന്റെ മാസൊരിറ്റിക്ക് പാഠവുമായി ഇതിന് 6,000-ത്തോളം സ്ഥലങ്ങളിൽ വ്യത്യാസമുണ്ട്. ഇതിൽ മിക്കതും തീരെ നിസ്സാരമാണെങ്കിലും വളരെ പ്രധാനപ്പെട്ട ചില വ്യത്യാസങ്ങളും അവയിൽ കാണാം. മോശയുടെ നിയമം രേഖപ്പെടുത്താനുള്ള കല്ലുകൾ നാട്ടേണ്ട സ്ഥലത്തെക്കുറിച്ച് പറയുന്ന ആവ 27:4 അതിന് ഉദാഹരണമാണ്. ആ വാക്യത്തിൽ “ഏബാൽ പർവതം” എന്ന പദപ്രയോഗം ശമര്യ പഞ്ചഗ്രന്ഥിയിൽ “ഗരിസീം പർവതം” എന്നു മാറ്റിയെഴുതിയിരിക്കുന്നു. (ആവ 27:8) ദൈവത്തിന്റെ വിശുദ്ധപർവതം ഗരിസീം ആണെന്ന ശമര്യക്കാരുടെ വിശ്വാസത്തിനു പിൻബലമേകാനാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയതെന്നു വ്യക്തം.
-