-
യോഹന്നാൻ 4:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 സ്ത്രീ യേശുവിനോടു പറഞ്ഞു: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹ വരുമെന്ന് എനിക്ക് അറിയാം. ക്രിസ്തു വരുമ്പോൾ ഞങ്ങൾക്ക് എല്ലാം വ്യക്തമാക്കിത്തരും.”
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മിശിഹ: മെശിയാസ് എന്ന ഗ്രീക്കുപദം (മാഷിയാക് എന്ന എബ്രായപദത്തിന്റെ ലിപ്യന്തരണം.) ഗ്രീക്കു തിരുവെഴുത്തുകളിൽ രണ്ടു പ്രാവശ്യമേ കാണുന്നുള്ളൂ. (ഇവിടെയും യോഹ 1:41-ലും.) മാഷിയാക് എന്ന സ്ഥാനപ്പേര് വന്നിരിക്കുന്നതു മാഷഹ് എന്ന എബ്രായക്രിയയിൽനിന്നാണ്. ഈ ക്രിയാപദത്തിന്റെ അർഥം “(ഒരു ദ്രാവകം) പുരട്ടുക അല്ലെങ്കിൽ തേക്കുക,” “അഭിഷേകം ചെയ്യുക” എന്നൊക്കെയാണ്. (പുറ 29:2, 7) ബൈബിൾക്കാലങ്ങളിൽ പുരോഹിതന്മാരെയും ഭരണാധികാരികളെയും പ്രവാചകന്മാരെയും ഒക്കെ ആചാരപരമായി തൈലംകൊണ്ട് അഭിഷേകം ചെയ്യുന്ന രീതിയുണ്ടായിരുന്നു. (ലേവ 4:3; 1ശമു 16:3, 12, 13; 1രാജ 19:16) “മിശിഹ” എന്നതിനു തത്തുല്യമായ ക്രിസ്തു (ഗ്രീക്കിൽ, ക്രിസ്തോസ്) എന്ന സ്ഥാനപ്പേര് ഗ്രീക്കുതിരുവെഴുത്തുകളിൽ 500-ലേറെ പ്രാവശ്യം കാണാം. ഈ രണ്ടു വാക്കുകളുടെയും അർഥം “അഭിഷിക്തൻ” എന്നാണ്.—മത്ത 1:1-ന്റെ പഠനക്കുറിപ്പു കാണുക.
മിശിഹ വരുമെന്ന് എനിക്ക് അറിയാം: ഇന്ന് പഞ്ചഗ്രന്ഥികൾ എന്ന് അറിയപ്പെടുന്ന, മോശയുടെ അഞ്ച് പുസ്തകങ്ങളും സാധ്യതയനുസരിച്ച് യോശുവയുടെ പുസ്തകവും മാത്രമേ ശമര്യക്കാർ അംഗീകരിച്ചിരുന്നുള്ളൂ. എബ്രായതിരുവെഴുത്തുകളിലെ ബാക്കി പുസ്തകങ്ങളെല്ലാം അവർ തള്ളിക്കളഞ്ഞു. എങ്കിലും ശമര്യക്കാർ മോശയുടെ പുസ്തകങ്ങൾ അംഗീകരിച്ചിരുന്നതുകൊണ്ട് മോശയെക്കാൾ വലിയ പ്രവാചകനായ മിശിഹയുടെ വരവിനുവേണ്ടി അവർ കാത്തിരുന്നു.—ആവ 18:18, 19.
-