-
യോഹന്നാൻ 6:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 ആ സമയത്താണു തിബെര്യാസിൽനിന്നുള്ള വള്ളങ്ങൾ എത്തുന്നത്. കർത്താവ് ദൈവത്തോടു നന്ദി പറഞ്ഞ് അവർക്ക് അപ്പം കൊടുത്ത സ്ഥലത്തിന് അടുത്ത് ആ വള്ളങ്ങൾ വന്നടുത്തു.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
തിബെര്യാസ്: ഗലീലക്കടലിന്റെ പടിഞ്ഞാറേ തീരത്തുള്ള ഒരു നഗരം. കഫർന്നഹൂമിന് ഏതാണ്ട് 15 കി.മീ. തെക്കായി സ്ഥിതി ചെയ്യുന്ന ഈ നഗരം, പുരാതനകാലത്തെ വളരെ പ്രശസ്തമായ ചില ചൂടു നീരുറവകളുടെ തൊട്ടുവടക്കാണ്. ഏതാണ്ട് എ.ഡി. 18-നും 26-നും ഇടയ്ക്ക് ഹെരോദ് അന്തിപ്പാസ് പണിത ഈ നഗരത്തെ അദ്ദേഹം തന്റെ പുതിയ തലസ്ഥാനവും താമസസ്ഥലവും ആക്കി. അന്നത്തെ റോമൻ ചക്രവർത്തിയായ തിബെര്യൊസ് സീസറിന്റെ ബഹുമാനാർഥമാണ് അദ്ദേഹം നഗരത്തിന് ഈ പേര് നൽകിയത്. അതിന്റെ പേര് ഇന്നും തിബെര്യാസ് (എബ്രായയിൽ, തെവെര്യ) എന്നുതന്നെയാണ്. ഇത് ആ പ്രദേശത്തെ ഏറ്റവും വലിയ നഗരമായിരുന്നെങ്കിലും തിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളൂ. യേശു തിബെര്യാസിൽ പോയതായി തിരുവെഴുത്തുകളിൽ എവിടെയും കാണുന്നില്ല. അതു പ്രധാനമായും വിദേശികളുടെ നിയന്ത്രണത്തിലായിരുന്നു എന്നതാകാം അതിന്റെ കാരണം. (മത്ത 10:5-7 താരതമ്യം ചെയ്യുക.) ജോസീഫസ് പറയുന്നതനുസരിച്ച്, തിബെര്യാസ് നഗരം പണിതിരുന്നതു മുമ്പ് ശവക്കല്ലറകൾ ധാരാളമുണ്ടായിരുന്ന ഒരിടത്താണ്. അതുകൊണ്ടുതന്നെ ജൂതന്മാർക്കു പൊതുവേ അവിടെ പോയി താമസിക്കാൻ മടിയായിരുന്നു. (സംഖ 19:11-14) എ.ഡി. രണ്ടാം നൂറ്റാണ്ടിലെ ജൂതവിപ്ലവത്തിനു ശേഷം, ഈ നഗരത്തെ ശുദ്ധിയുള്ളതായി പ്രഖ്യാപിച്ചു. പിന്നീടു ജൂതന്മാരുടെ ഒരു പ്രമുഖ വിദ്യാഭ്യാസകേന്ദ്രമായി മാറിയ ഈ നഗരത്തിലാണു പിൽക്കാലത്ത് സൻഹെദ്രിനും സ്ഥിതി ചെയ്തിരുന്നത്. മിഷ്നായും പാലസ്തീനിയൻ (യരുശലേം) താൽമൂദും അതുപോലെ എബ്രായതിരുവെഴുത്തുകൾ പരിഭാഷ ചെയ്യാൻ ഉപയോഗിച്ച മാസൊരിറ്റിക്ക് പാഠങ്ങളും സമാഹരിച്ച് ചിട്ടപ്പെടുത്തിയതും ഇവിടെവെച്ചാണ്.—അനു. ബി10 കാണുക.
-