-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ലോകത്തിന്റെ വെളിച്ചം: യേശു ഇവിടെ ഒരു അലങ്കാരപ്രയോഗം നടത്തുകയായിരുന്നു. താൻ വെളിച്ചമാണെന്നു യേശു പറയുന്നതു കേട്ടപ്പോൾ കൂടാരോത്സവത്തിനു സ്ത്രീകളുടെ മുറ്റത്ത് കത്തിച്ചിരുന്ന നാലു കൂറ്റൻ തണ്ടുവിളക്കുകളായിരിക്കാം കേൾവിക്കാരുടെ മനസ്സിലേക്കു വന്നത്. (യോഹ 7:2; അനു. ബി11 കാണുക.) ആ വിളക്കുകൾ വളരെ അകലേക്കുപോലും പ്രകാശം ചൊരിഞ്ഞിരുന്നു. ഇനി, “ലോകത്തിന്റെ വെളിച്ചം” എന്ന ഈ പദപ്രയോഗം യശയ്യയുടെ വാക്കുകളും നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. കാരണം, ‘കൂരിരുട്ടു നിറഞ്ഞ ദേശത്ത് താമസിക്കുന്നവർ’ “വലിയൊരു വെളിച്ചം” കാണുമെന്നും യഹോവയുടെ “ദാസൻ” എന്നു വിളിച്ചിരിക്കുന്നയാൾ ‘ജനതകൾക്കു വെളിച്ചമാകും’ എന്നും യശയ്യ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യശ 9:1, 2; 42:1, 6; 49:6) യേശു ഗിരിപ്രഭാഷണത്തിൽ തന്റെ അനുഗാമികളെ ‘ലോകത്തിന്റെ വെളിച്ചം’ എന്നു വിളിച്ചപ്പോഴും ഇതേ അലങ്കാരപ്രയോഗം ഉപയോഗിച്ചു. (മത്ത 5:14) ‘ലോകത്തിന്റെ വെളിച്ചം’ (ഇവിടെ ‘ലോകം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന കോസ്മൊസ് എന്ന ഗ്രീക്കുപദം മുഴു മനുഷ്യകുലത്തെയുമാണു കുറിക്കുന്നത്.) എന്ന പദപ്രയോഗം, മിശിഹയെ ‘ജനതകളുടെ വെളിച്ചം’ എന്നു വിളിച്ച യശയ്യയുടെ വാക്കുകളുമായി നന്നായി യോജിക്കുന്നു. വാസ്തവത്തിൽ യശ 49:6-ലെ പ്രവചനം, ക്രിസ്തുവിന്റെ എല്ലാ അനുഗാമികൾക്കുമുള്ള ഒരു കല്പനയാണെന്നും അവർ തുടർന്നും ജനതകളുടെ വെളിച്ചമായിരിക്കണമെന്നും പ്രവൃ 13:46, 47-ൽ പൗലോസും ബർന്നബാസും വ്യക്തമാക്കി. യേശുവിന്റെയും യേശുവിന്റെ അനുഗാമികളുടെയും ശുശ്രൂഷ ആളുകൾക്ക് ആത്മീയവെളിച്ചം പകരുകയും വ്യാജമതോപദേശങ്ങളുടെ അടിമത്തത്തിൽനിന്ന് അവരെ സ്വതന്ത്രരാക്കുകയും ചെയ്യുമായിരുന്നു.
-