-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഞാനുണ്ടായിരുന്നു: യേശു ‘അബ്രാഹാമിനെ കണ്ടിട്ടുണ്ട്’ എന്നു പറയുന്നതു കേട്ട് ചില ജൂതന്മാർ യേശുവിനെ കല്ലെറിയാൻ തുനിഞ്ഞു. ‘50 വയസ്സുപോലുമായിട്ടില്ലാത്ത’ യേശു അബ്രാഹാമിനെ എങ്ങനെ കാണാനാണ് എന്നായിരുന്നു ആ എതിരാളികളുടെ വാദം. (യോഹ 8:57) താൻ മനുഷ്യനായി വരുന്നതിനും മുമ്പുള്ള കാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണു യേശു അതിന് ഉത്തരം കൊടുത്തത്. അബ്രാഹാം ജനിക്കുന്നതിനും മുമ്പേ ശക്തനായ ഒരു ആത്മവ്യക്തിയായി യേശു സ്വർഗത്തിലുണ്ടായിരുന്നു. എന്നാൽ യേശു ഇവിടെ, താൻ ദൈവമാണെന്നു സൂചിപ്പിക്കുകയായിരുന്നു എന്നാണു ചിലരുടെ വാദം. ഇവിടെ കാണുന്ന എഗോ എയ്മി (ചില ഭാഷകളിൽ, “ഞാൻ ആകുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) എന്ന പദപ്രയോഗത്തിനു സെപ്റ്റുവജിന്റ് പരിഭാഷയിലെ പുറ 3:14-മായി ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ ഈ രണ്ടു വാക്യങ്ങളും ഒരേ രീതിയിൽ പരിഭാഷപ്പെടുത്തണമെന്നും ആണ് അവരുടെ പക്ഷം. (യോഹ 4:26-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ എയ്മി എന്ന ഗ്രീക്കുക്രിയ സൂചിപ്പിക്കുന്ന അവസ്ഥ, “അബ്രാഹാം ജനിക്കുന്നതിനും മുമ്പേ” ഉള്ളതാണെന്നും അത് അപ്പോഴും ഉണ്ടായിരുന്നെന്നും സന്ദർഭം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ആ ക്രിയയെ “ഞാൻ ആകുന്നു” എന്നു പരിഭാഷപ്പെടുത്തുന്നതിനെക്കാൾ യോജിക്കുന്നതു “ഞാനുണ്ടായിരുന്നു” എന്നു പരിഭാഷപ്പെടുത്തുന്നതാണ്. ഇതിനെ ഇങ്ങനെ തർജമ ചെയ്യുന്നതിനോടു പല പുരാതനഭാഷാന്തരങ്ങളും ആധുനികപരിഭാഷകളും യോജിക്കുന്നുമുണ്ട്. ‘ഞാൻ ഇത്രയും കാലം നിങ്ങളുടെകൂടെ ഉണ്ടായിരുന്നിട്ടും ഫിലിപ്പോസേ, നിനക്ക് എന്നെ അറിയില്ലേ’ എന്ന യേശുവിന്റെ വാക്കുകൾ കാണുന്ന യോഹ 14:9-ലും എയ്മി എന്ന ഗ്രീക്കുക്രിയയുടെ ഇതേ രൂപമാണു കാണുന്നത്. മിക്ക ഭാഷാന്തരങ്ങളിലും ഈ ഭാഗം ഇങ്ങനെതന്നെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതു സൂചിപ്പിക്കുന്നത്, എയ്മി എന്ന പദം സന്ദർഭമനുസരിച്ച്, ‘ഉണ്ടായിരുന്നു’ എന്നു പരിഭാഷപ്പെടുത്തുന്നതിൽ വ്യാകരണപരമായി ഒരു തെറ്റുമില്ല എന്നാണ്. (വർത്തമാനകാലത്തിലുള്ള ഗ്രീക്കുക്രിയയെ ഭൂതകാലത്തിലുള്ള ക്രിയയായി പരിഭാഷപ്പെടുത്തിയിരിക്കുന്നതിന്റെ മറ്റു ചില ഉദാഹരണങ്ങൾ ലൂക്ക 2:48; യോഹ 1:9; 15:27 എന്നീ വാക്യങ്ങളിൽ കാണാം.) ഇനി, താനും പിതാവും ഒന്നാണെന്നു സൂചിപ്പിക്കാൻ യേശു ശ്രമിച്ചില്ലെന്നാണു യോഹ 8:54, 55-ൽ കാണുന്ന യേശുവിന്റെ ന്യായവാദവും തെളിയിക്കുന്നത്.
-