-
യോഹന്നാൻ 10:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 യരുശലേമിൽ അതു സമർപ്പണോത്സവത്തിന്റെ സമയമായിരുന്നു. അതൊരു തണുപ്പുകാലമായിരുന്നു.
-
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
സമർപ്പണോത്സവം: ഈ ഉത്സവത്തിന്റെ എബ്രായപേര് ഹനൂക്കാഹ് (ചനൂക്കാഹ്) എന്നാണ്. “ഉദ്ഘാടനം; സമർപ്പണം” എന്നൊക്കെയാണ് ആ പേരിന്റെ അർഥം. എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഒരു ഉത്സവമായിരുന്നു ഇത്. മകരസംക്രാന്തിയോട് അടുത്ത്, കിസ്ലേവ് മാസം 25-ാം തീയതി (ഈ വാക്യത്തിലെ തണുപ്പുകാലം എന്നതിന്റെ പഠനക്കുറിപ്പും അനു. ബി15-ഉം കാണുക.) തുടങ്ങുന്ന ഈ ഉത്സവം ബി.സി. 165-ൽ യരുശലേമിലെ ദേവാലയം പുനഃസമർപ്പണം നടത്തിയതിന്റെ ഓർമയ്ക്കു കൊണ്ടാടുന്നതായിരുന്നു. ഒരിക്കൽ, സിറിയൻ രാജാവായ അന്തിയോക്കസ് നാലാമൻ എപ്പിഫാനസ്, ജൂതന്മാരുടെ ദൈവമായ യഹോവയെ നിന്ദിക്കാനായി യഹോവയുടെ ആലയം അശുദ്ധമാക്കി. ഉദാഹരണത്തിന്, യഹോവയുടെ ആലയത്തിൽ ദിവസവും ദഹനയാഗം അർപ്പിച്ചിരുന്ന മഹായാഗപീഠത്തിനു മുകളിൽ അദ്ദേഹം മറ്റൊരു യാഗപീഠം പണിതു. ബി.സി. 168 കിസ്ലേവ് മാസം 25-ാം തീയതി യഹോവയുടെ ആലയം തീർത്തും അശുദ്ധമാക്കാൻ അന്തിയോക്കസ് ആ യാഗപീഠത്തിൽ പന്നിയെ ബലി അർപ്പിക്കുകയും അതിന്റെ ഇറച്ചി വേവിച്ച വെള്ളം ദേവാലയം മുഴുവനും തളിക്കുകയും ചെയ്തു. ദേവാലയകവാടങ്ങൾ ചുട്ടുകരിക്കുകയും പുരോഹിതന്മാർക്കുള്ള മുറികൾ ഇടിച്ചുതകർക്കുകയും ചെയ്ത അദ്ദേഹം സ്വർണയാഗപീഠവും കാഴ്ചയപ്പത്തിന്റെ മേശയും സ്വർണംകൊണ്ടുള്ള തണ്ടുവിളക്കും എടുത്തുകൊണ്ടുപോകുകയും ചെയ്തു. എന്നിട്ട് യഹോവയുടെ ആലയം ഒളിമ്പസിലെ സീയൂസ് ദേവനു സമർപ്പിച്ചു. എന്നാൽ രണ്ടു വർഷത്തിനു ശേഷം ജൂഡസ് മക്കബീസ് ആ നഗരവും ദേവാലയവും തിരിച്ചുപിടിച്ചു. തുടർന്ന് ആലയത്തിന്റെ ശുദ്ധീകരണവും നടത്തി. ഒടുവിൽ, അന്തിയോക്കസ് രാജാവ് സീയൂസ് ദേവനു മ്ലേച്ഛമായ ആ ബലി അർപ്പിച്ചിട്ട് മൂന്നു കൊല്ലം തികഞ്ഞ അതേ ദിവസം, അതായത് ബി.സി. 165 കിസ്ലേവ് 25-ന് ആലയത്തിന്റെ പുനഃസമർപ്പണം നടന്നു. യഹോവയ്ക്കു ദിവസേന അർപ്പിക്കേണ്ടിയിരുന്ന ദഹനയാഗങ്ങൾ അങ്ങനെ അവിടെ വീണ്ടും അർപ്പിക്കാൻതുടങ്ങി. ജൂഡസ് മക്കബീസിനു വിജയം നൽകിയതും ദേവാലയത്തിലെ കാര്യങ്ങളെല്ലാം പഴയപടിയാക്കാൻ അദ്ദേഹത്തെ നയിച്ചതും യഹോവയാണെന്നു ദൈവപ്രചോദിതമായ തിരുവെഴുത്തുകളിൽ ഒരിടത്തും നേരിട്ട് പറഞ്ഞിട്ടില്ല. എന്നാൽ തന്റെ ആരാധനയുമായി ബന്ധപ്പെട്ട് താൻ മനസ്സിൽക്കണ്ട ചില കാര്യങ്ങൾ നടപ്പിലാക്കാൻ യഹോവ മുമ്പ് മറ്റു ജനതകളിൽപ്പെട്ടവരെപ്പോലും ഉപയോഗിച്ചിട്ടുണ്ടെന്ന് ഓർക്കുക. പേർഷ്യയിലെ കോരെശ് അതിന് ഉദാഹരണമാണ്. (യശ 45:1) ആ സ്ഥിതിക്ക്, തന്റെ ഇഷ്ടം നടപ്പാക്കാൻ തന്റെ സമർപ്പിതജനതയിലെ ഒരു അംഗത്തെത്തന്നെ യഹോവ ഉപയോഗിച്ചിരിക്കാം എന്നു നിഗമനം ചെയ്യുന്നതിൽ തെറ്റില്ല. മിശിഹയെക്കുറിച്ചും മിശിഹയുടെ ശുശ്രൂഷ, ബലി എന്നിവയെക്കുറിച്ചും ഉള്ള പ്രവചനങ്ങൾ നിറവേറണമെങ്കിൽ മിശിഹ വരുമ്പോൾ ദേവാലയവും അതിലെ ആരാധനയും നിലവിലുണ്ടായിരിക്കണം എന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ മിശിഹ തന്റെ ജീവൻ എല്ലാ മനുഷ്യർക്കുംവേണ്ടി മഹത്ത്വമേറിയ ഒരു ബലിയായി അർപ്പിക്കുന്ന സമയംവരെ ലേവ്യപുരോഹിതന്മാർ മൃഗബലികൾ അർപ്പിക്കേണ്ടതുമുണ്ടായിരുന്നു. (ദാനി 9:27; യോഹ 2:17; എബ്ര 9:11-14) സമർപ്പണോത്സവം ആചരിക്കാൻ ക്രിസ്തുവിന്റെ അനുഗാമികളോടു കല്പിച്ചിരുന്നില്ല. (കൊലോ 2:16, 17) എന്നാൽ ഈ ഉത്സവം ആചരിക്കുന്നതിനെ ക്രിസ്തുവോ ശിഷ്യന്മാരോ കുറ്റം വിധിച്ചതായും എവിടെയും കാണുന്നില്ല.
തണുപ്പുകാലം: എ.ഡി. 32-ലെ തണുപ്പുകാലമാണ് ഇത്. അതായത്, യേശുവിന്റെ ശുശ്രൂഷക്കാലത്തെ അവസാനത്തെ തണുപ്പുകാലം. സമർപ്പണോത്സവം നടക്കുന്നത് ഒൻപതാം മാസമായ കിസ്ലേവിലാണ് (നവംബർ/ഡിസംബർ). എ.ഡി. 32-ൽ, ഉത്സവത്തിന്റെ ആദ്യദിവസമായ കിസ്ലേവ് 25 വന്നതു ഡിസംബറിന്റെ മധ്യഭാഗത്തായിരുന്നു. (അനു. ബി15 കാണുക.) തണുപ്പുകാലത്താണ് ഈ ഉത്സവം നടക്കുന്നതെന്നു ജൂതന്മാർക്കു പൊതുവേ അറിയാവുന്ന കാര്യമാണ്. എന്നിട്ടും അതു തണുപ്പുകാലമാണെന്ന് എടുത്തുപറഞ്ഞിരിക്കുന്നത്, യേശു പഠിപ്പിക്കാനായി ‘ശലോമോന്റെ മണ്ഡപം’ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കാനായിരിക്കാം. (യോഹ 10:23) അവിടെവെച്ച് പഠിപ്പിച്ചാൽ തണുപ്പുകാലത്തെ ശക്തമായ കിഴക്കൻ കാറ്റിൽനിന്ന് സംരക്ഷണം ലഭിക്കുമായിരുന്നു.—അനു. ബി11 കാണുക.
-