-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നാശപുത്രൻ: യൂദാസ് ഈസ്കര്യോത്തിനെയാണ് ഇവിടെ “നാശപുത്രൻ” എന്നു വിളിച്ചിരിക്കുന്നത്. ദൈവപുത്രനെ മനഃപൂർവം ഒറ്റിക്കൊടുത്തതുകൊണ്ട് യൂദാസ് നിത്യനാശത്തിന് അർഹനായി. അയാൾക്കു മേലാൽ പുനരുത്ഥാനത്തിനു യോഗ്യതയില്ല. 2തെസ്സ 2:3-ൽ ‘നിയമനിഷേധിയെക്കുറിച്ച്’ പറയുന്നിടത്തും ഇതേ പദപ്രയോഗം കാണാം. ബൈബിൾ ആദ്യം എഴുതിയ ഭാഷകളിൽ, “പുത്രൻ,” “പുത്രന്മാർ” (അഥവാ “മക്കൾ,” “സന്തതി”) എന്നീ പദപ്രയോഗങ്ങൾ, ഒരു പ്രത്യേക ജീവിതപാത തിരഞ്ഞെടുത്തവരെയോ ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ളവരെയോ കുറിക്കാൻ ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട്. അതിന് ഉദാഹരണമാണ്, ‘അത്യുന്നതന്റെ പുത്രന്മാർ,’ ‘വെളിച്ചത്തിന്റെയും പകലിന്റെയും മക്കൾ,’ “ദൈവരാജ്യത്തിന്റെ പുത്രന്മാർ,” “ദുഷ്ടന്റെ പുത്രന്മാർ,” “പിശാചിന്റെ സന്തതി,” ‘അനുസരണക്കേടിന്റെ മക്കൾ’ എന്നീ പദപ്രയോഗങ്ങൾ. (ലൂക്ക 6:35; 1തെസ്സ 5:5; മത്ത 13:38; പ്രവൃ 13:10; എഫ 2:2) സമാനമായി, ഒരു പ്രത്യേക ജീവിതപാത തിരഞ്ഞെടുത്തതുകൊണ്ടോ ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ളതുകൊണ്ടോ ഒരാൾക്കു ലഭിക്കുന്ന ന്യായവിധിയെയോ അയാൾക്കു നേരിട്ടേക്കാവുന്ന ഭവിഷ്യത്തുകളെയോ കുറിക്കാനും “പുത്രൻ” എന്ന പദത്തിനാകും. ഉദാഹരണത്തിന്, 2ശമു 12:5-ൽ “മരിക്കണം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദപ്രയോഗത്തിന്റെ അക്ഷരാർഥം “മരണപുത്രനാണ്” എന്നാണ്. ഇനി മത്ത 23:15-ന്റെ മൂലപാഠത്തിൽ, ഒരാൾ നിത്യനാശത്തിന് അർഹനാണെന്ന അർഥത്തിൽ “ഗീഹെന്നയുടെ പുത്രൻ” എന്നു പറഞ്ഞിരിക്കുന്നതായും കാണാം. യൂദാസ് ഈസ്കര്യോത്തിനെ “നാശപുത്രൻ” എന്നു വിളിച്ചപ്പോൾ യേശു ഉദ്ദേശിച്ചതും ഇതുതന്നെയായിരിക്കാം.—മത്ത 23:15-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ഗീഹെന്ന” എന്നതും കാണുക.
-