-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഒരുക്കനാൾ: ആഴ്ചതോറുമുള്ള ശബത്തിന്റെ തലേ ദിവസത്തെ ഇങ്ങനെയാണു വിളിച്ചിരുന്നത്. ജൂതന്മാർ ശബത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്ന ദിവസമായിരുന്നു ഇത്. (മർ 15:42-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ ഇവിടെ പെസഹയുടെ ഒരുക്കനാൾ എന്നാണു കാണുന്നത്. ഈ തിരുവെഴുത്തുഭാഗത്ത് പറഞ്ഞിരിക്കുന്ന സംഭവങ്ങൾ നടക്കുന്നത്, യേശുവിന്റെ വിചാരണയും വധവും നടന്ന നീസാൻ 14-ാം തീയതി രാവിലെയാണ്. തലേ വൈകുന്നേരംതന്നെ പെസഹാദിനം തുടങ്ങിയിരുന്നു. യേശുവും അപ്പോസ്തലന്മാരും തലേന്നു രാത്രി പെസഹ ഭക്ഷിച്ചതായി മറ്റു സുവിശേഷവിവരണങ്ങൾ വ്യക്തമാക്കുന്നുമുണ്ട്. (മത്ത 26:18-20; മർ 14:14-17; ലൂക്ക 22:15) മോശയുടെ നിയമത്തിലെ എല്ലാ ചട്ടങ്ങളും അതേപടി പാലിച്ച ക്രിസ്‌തു, നീസാൻ 14-ാം തീയതിയിലെ പെസഹയും കൃത്യമായിത്തന്നെ ആഘോഷിച്ചു. (പുറ 12:6; ലേവ 23:5) പെസഹയുടെ തൊട്ടടുത്ത ദിവസമാണ് ഏഴു ദിവസം നീളുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം തുടങ്ങുന്നത്. എന്നാൽ ആ ഉത്സവത്തിന്റെ ഒരുക്കങ്ങൾ നടത്തുന്ന ദിവസത്തിന്, പെസഹയുടെ ഒരുക്കനാൾ എന്ന പേരു വന്നത് എന്തുകൊണ്ടാണ്? ഈ രണ്ട് ആഘോഷങ്ങളും അടുത്തടുത്ത ദിവസങ്ങളിലായിരുന്നതുകൊണ്ട് പെസഹയെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തെയും ഒരുമിച്ചുചേർത്ത് ചിലപ്പോഴൊക്കെ “പെസഹ” എന്നാണു വിളിച്ചിരുന്നത്. (ലൂക്ക 22:1) ഇനി, നീസാൻ 14-ന്റെ പിറ്റേ ദിവസം ആഴ്ചയുടെ ഏതു ദിവസമായാലും ശരി, ഒരു ശബത്തായിരുന്നു. (ലേവ 23:5-7) എ.ഡി. 33-ൽ, നീസാൻ 15-ഉം പതിവു ശബത്തും ഒരേ ദിവസം വന്നതുകൊണ്ട് അത് ഒരു ‘വലിയ ശബത്ത്,’ അഥവാ ഇരട്ട ശബത്ത് ആയിരുന്നുതാനും.—യോഹ 19:31-ന്റെ പഠനക്കുറിപ്പു കാണുക.
ഏകദേശം ആറാം മണി: അതായത്, ഉച്ചയ്‌ക്ക് ഏകദേശം 12 മണി.—യോഹന്നാന്റെ വിവരണത്തിൽ ഇവിടെ ആറാം മണി എന്നാണു കാണുന്നതെങ്കിലും യേശുവിനെ സ്തംഭത്തിൽ തറച്ചത് ‘മൂന്നാം മണിക്കാണെന്നു’ മർക്കോസ് പറയുന്നു. ഈ രണ്ടു വിവരണങ്ങളും തമ്മിൽ പ്രത്യക്ഷത്തിൽ പൊരുത്തക്കേടുള്ളതായി തോന്നിയേക്കാമെങ്കിലും അതെക്കുറിച്ചുള്ള വിശദീകരണത്തിന് മർ 15:25-ന്റെ പഠനക്കുറിപ്പു കാണുക.
-