-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
നിക്കോദേമൊസ്: യേശുവിന്റെ ശരീരം ശവസംസ്കാരത്തിനായി ഒരുക്കാൻ അരിമഥ്യക്കാരനായ യോസേഫിന്റെകൂടെ നിക്കോദേമൊസും ഉണ്ടായിരുന്നെന്നു രേഖപ്പെടുത്തിയിരിക്കുന്നതു യോഹന്നാൻ മാത്രമാണ്.—യോഹ 3:1-ന്റെ പഠനക്കുറിപ്പു കാണുക.
മീറ: പദാവലി കാണുക.
അകിൽ: ഈ പേരിലുള്ള മരത്തിൽനിന്ന് കിട്ടുന്ന സൗരഭ്യമുള്ള ഒരു പദാർഥത്തെ ബൈബിൾക്കാലങ്ങളിൽ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. (സങ്ക 45:8; സുഭ 7:17; ഉത്ത 4:14) എബ്രായതിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന ഈ ഉത്പന്നംതന്നെയായിരിക്കാം ഇവിടെ നിക്കോദേമൊസ് കൊണ്ടുവന്നത്. മൃതശരീരം ശവസംസ്കാരത്തിനായി ഒരുക്കുമ്പോൾ, അകിലിന്റെ പൊടി മീറയോടൊപ്പം ചേർത്ത് ഉപയോഗിക്കുമായിരുന്നു. ശവശരീരം അഴുകുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം കുറയ്ക്കാനായിരിക്കാം ഇങ്ങനെ ചെയ്തിരുന്നത്. ബൈബിളിൽ പറഞ്ഞിരിക്കുന്ന അകിൽ മരം, അക്വിലേറിയ അഗലോച്ച ആണെന്നു മിക്ക പണ്ഡിതന്മാരും കരുതുന്നു. ഈഗിൾ മരം എന്നും അറിയപ്പെടുന്ന ഈ വൃക്ഷം ഇന്നു പ്രധാനമായും കാണപ്പെടുന്നത് ഇന്ത്യയിലും സമീപപ്രദേശങ്ങളിലും ആണ്. ഇതിനു 30 മീ. (ഏ. 100 അടി) വരെ ഉയരം വരാറുണ്ട്. ഇതിന്റെ തായ്ത്തടിയുടെ അകക്കാമ്പിലും ശിഖരങ്ങളിലും ഉള്ള മരക്കറ, സുഗന്ധമുള്ള എണ്ണ എന്നിവയാണു വളരെ അമൂല്യമായ ഈ സുഗന്ധദ്രവ്യത്തിന്റെ പരിമളത്തിനു കാരണം. ഈ മരത്തടിക്ക് ഏറ്റവും പരിമളമുണ്ടാകുന്നത് അത് അഴുകുമ്പോഴാണ്. അതുകൊണ്ടുതന്നെ അതു വേഗത്തിൽ അഴുകാൻ മരത്തടി ചിലപ്പോഴൊക്കെ മണ്ണിൽ കുഴിച്ചിടാറുണ്ട്. പണ്ട് അകിലിന്റെ തടി നേർത്ത പൊടിയാക്കി “അകിൽ” എന്ന പേരിൽ വിറ്റിരുന്നു. എന്നാൽ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന “അകിൽ,” ഇന്ന് അലോ വെറാ (കറ്റാർവാഴ) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ലില്ലിവർഗത്തിൽപ്പെട്ട ഒരു ചെടിയാണെന്നു ചില പണ്ഡിതന്മാർ കരുതുന്നു. പക്ഷേ ആ ചെടി പ്രധാനമായും ഉപയോഗിക്കുന്നതു സുഗന്ധദ്രവ്യമായല്ല മറിച്ച് ആരോഗ്യപരമായ ആവശ്യങ്ങൾക്കുവേണ്ടിയാണ്.
റാത്തൽ: ഇവിടെ കാണുന്ന ലീട്രാ (ഇത് ഏകവചനത്തിലാണ്.) എന്ന ഗ്രീക്കുപദം റോമാക്കാരുടെ റാത്തലിനെയാണു (ലത്തീനിൽ, ലിബ്രാ) കുറിക്കുന്നതെന്നു പൊതുവേ കരുതപ്പെടുന്നു. ഒരു റോമൻ റാത്തൽ ഏകദേശം 327 ഗ്രാം വരും. അതുകൊണ്ട് ഇവിടെ പറഞ്ഞിരിക്കുന്ന സുഗന്ധക്കൂട്ട് ഏകദേശം 33 കി.ഗ്രാം. ഉണ്ടായിരുന്നിരിക്കണം.—അനു. ബി14 കാണുക.
സുഗന്ധക്കൂട്ട്: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “ഒരു കെട്ട്” എന്നാണു കാണുന്നത്. എന്നാൽ ആധികാരികമായ പല ആദ്യകാലകൈയെഴുത്തുപ്രതികളും “സുഗന്ധക്കൂട്ട്” എന്ന പരിഭാഷയെയാണ് അനുകൂലിക്കുന്നത്.
-