-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മൊത്തം 75 പേരുണ്ടായിരുന്നു: ഈജിപ്തിലേക്കു പോയ യാക്കോബിന്റെ കുടുംബത്തിൽ മൊത്തം 75 പേരുണ്ടായിരുന്നു എന്നു സ്തെഫാനൊസ് പറഞ്ഞെങ്കിലും സാധ്യതയനുസരിച്ച് അദ്ദേഹം അത് എബ്രായതിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചതല്ല. കാരണം, എബ്രായതിരുവെഴുത്തുകളുടെ മാസൊരിറ്റിക്ക് പാഠത്തിൽ ഈ സംഖ്യ കാണുന്നില്ല. “യാക്കോബിനോടൊപ്പം ഈജിപ്തിലേക്കു പോയ മക്കൾ ആകെ 66 പേരായിരുന്നു. ഇതിൽ യാക്കോബിന്റെ ആൺമക്കളുടെ ഭാര്യമാരെ കൂട്ടിയിട്ടില്ല” എന്നാണ് ഉൽ 46:26 പറയുന്നത്. തുടർന്ന് 27-ാം വാക്യത്തിൽ, “ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബത്തിൽ ആകെ 70 പേർ” ഉണ്ടായിരുന്നെന്നും കാണുന്നു. ഇവിടെ ആളുകളുടെ എണ്ണം കണക്കുകൂട്ടിയിരിക്കുന്നതു രണ്ടു വിധത്തിലാണ്. ആദ്യത്തെ സംഖ്യയിൽ യാക്കോബിന്റെ പിൻതലമുറക്കാർ മാത്രവും രണ്ടാമത്തേതിൽ ഈജിപ്തിലേക്കു പോയ മുഴുവൻ ആളുകളുടെ എണ്ണവും ആയിരിക്കാം ഉൾപ്പെടുത്തിയത്. ഇനി യാക്കോബിന്റെ പിൻതലമുറക്കാരുടെ സംഖ്യ “70” ആയിരുന്നെന്നാണു പുറ 1:5; ആവ 10:22 എന്നീ വാക്യങ്ങൾ പറയുന്നത്. എന്നാൽ ഇതൊന്നുമല്ലാത്ത മറ്റൊരു സംഖ്യയാണു സ്തെഫാനൊസ് പറഞ്ഞത്. സാധ്യതയനുസരിച്ച് യാക്കോബിന്റെ ബന്ധുക്കളിൽപ്പെട്ട മറ്റു ചിലരെക്കൂടി ഉൾപ്പെടുത്തിയ സംഖ്യയായിരുന്നിരിക്കാം അത്. യോസേഫിന്റെ മക്കളായ മനശ്ശെയുടെയും എഫ്രയീമിന്റെയും മക്കളെയും കൊച്ചുമക്കളെയും ഒക്കെ ആ സംഖ്യയിൽ കൂട്ടിയിരിക്കാം എന്നു ചിലർ അഭിപ്രായപ്പെടുന്നു. യാക്കോബിന്റെ പിൻതലമുറക്കാരായ അവരെക്കുറിച്ച് ഉൽ 46:20-ന്റെ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ പരാമർശമുണ്ട്. എന്നാൽ, ഉൽ 46:26-ലെ സംഖ്യയിൽ ഉൾപ്പെടുത്താത്ത യാക്കോബിന്റെ പുത്രഭാര്യമാരെയുംകൂടെ ചേർത്താണു “75” എന്നു കണക്കുകൂട്ടിയതെന്നു മറ്റു ചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും “75” എന്നതു മൊത്തത്തിലുള്ള ഒരു സംഖ്യയായിരിക്കാം. ഒന്നാം നൂറ്റാണ്ടിൽ പ്രചാരത്തിലിരുന്ന എബ്രായ തിരുവെഴുത്തുകളുടെ പകർപ്പുകളിൽ ഈ സംഖ്യ ഉണ്ടായിരുന്നിരിക്കാനും സാധ്യതയുണ്ട്. ഉദാഹരണത്തിന്, സെപ്റ്റുവജിന്റ് പരിഭാഷയിൽ ഉൽ 46:27-ലും പുറ 1:5-ലും “75” എന്ന സംഖ്യയാണുണ്ടായിരുന്നതെന്നു പല പണ്ഡിതന്മാരും വർഷങ്ങളായി അംഗീകരിക്കുന്നു. ഇനി, 20-ാം നൂറ്റാണ്ടിൽ കണ്ടെത്തിയ ചാവുകടൽ ചുരുളിന്റെ രണ്ടു ശകലങ്ങളിലും പുറ 1:5-ന്റെ എബ്രായപാഠത്തിൽ “75” എന്ന സംഖ്യയാണു കാണുന്നത്. ഈ പുരാതനരേഖകളിൽ ഏതിന്റെയെങ്കിലും ചുവടുപിടിച്ചായിരിക്കാം സ്തെഫാനൊസ് “75” എന്ന സംഖ്യ ഉപയോഗിച്ചത്. ചുരുക്കത്തിൽ, യാക്കോബിന്റെ പിൻതലമുറക്കാരുടെ എണ്ണം പല വിധത്തിൽ കണക്കുകൂട്ടാം. സ്തെഫാനൊസ് അതിൽ ഒരു സംഖ്യ ഉപയോഗിച്ചെന്നു മാത്രം.
പേരുണ്ടായിരുന്നു: അഥവാ “ദേഹികളുണ്ടായിരുന്നു.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്താറുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ജീവനുള്ള ഒരു വ്യക്തിയെ കുറിക്കുന്നു.—പദാവലിയിൽ “ദേഹി” കാണുക.
-